ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

8 March 2018

സംസ്കൃതം – ഭാരതീയ വിജ്ഞാനത്തിന്‍റെ താക്കോല്‍

സംസ്കൃതം – ഭാരതീയ വിജ്ഞാനത്തിന്‍റെ താക്കോല്‍

വിജ്ഞാനത്തിന്‍റെ പ്രകാശത്താല്‍ ഉന്നതസ്ഥാനം അലങ്കരിക്കുന്ന ദേശമാണ്‌ ഭാരതം. വിജ്ഞാനത്തിന്‍റെ ആര്‍ജ്ജനത്തിലും പ്രദാനത്തിലും ഭാരതീയര്‍ ആനന്ദം അനുഭവിക്കുന്നു. ആ പൈതൃകസമ്പത്ത് ഭാരതീയര്‍ക്കു മാത്രമുള്ളതല്ല, ലോകത്തെ സകല ജീവജാലങ്ങള്‍ക്കും ഉപയോഗപെടുന്നതിനു വേണ്ടിയാണ് നമ്മുടെ ആചാര്യന്മാര്‍ അവ നല്‍കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഭാരതത്തെ ലോകഗുരുവിന്‍റെ സ്ഥാനത്ത് വിദേശിയര്‍ കാണുന്നു. ആ പൈതൃകവിജ്ഞാന സമ്പത്തിലേക്കുള്ള താക്കോലാണ് സംസ്കൃതം. ഭാരതീയഭാഷകളുടെ അമ്മ എന്ന സ്ഥാനത്തോടൊപ്പം സാംസ്കാരിക ഭാഷയായും സംസ്കൃതം നിലകൊള്ളുന്നു. സംസ്കൃതത്തില്‍ എന്താണുഉള്ളത് എന്ന അല്‍പ്പബുദ്ധികളുടെ ചോദ്യത്തിനുത്തരമായി സംസ്കൃതത്തില്‍ എന്താണ് ഇല്ലാത്തത് എന്ന മറുചോദ്യം ചോദിക്കുവാന്‍ നമ്മുക്ക് സാധിക്കണം.

സംസ്കൃത വാങ്ങ്മയത്തെ രണ്ടായി നമുക്ക് കാണാം – ആദ്ധ്യാത്മികമെന്നും ഭൌതികമെന്നും. ആദ്ധ്യാത്മികമെന്നാല്‍ കേവലം ഈശ്വരസ്തുതി മാത്രമല്ല ശാസ്ത്രിയ വിഷയങ്ങളും ഉള്‍പ്പെടുന്നു.

വേദങ്ങള്‍, വേദാംഗങ്ങള്‍, ഉപവേദങ്ങള്‍, പുരാണങ്ങള്‍, ഇതിഹാസങ്ങള്‍, ധര്‍മ്മശാസ്ത്രങ്ങള്‍, ദര്‍ശനങ്ങള്‍ ഇവയെല്ലാം ആദ്ധ്യാത്മിക സാഹിത്യ ശബ്ദങ്ങളില്‍പ്പെടുത്താം. ഭൌതികത്തില്‍ സാഹിത്യം, സാമൂഹികം, വിജ്ഞാനം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളെ കാണാം. ഭൌതിക വിജ്ഞാന വിഭാഗത്തില്‍ ഗണിതം, ഭൌമശാസ്ത്രം, രസായനശാസ്ത്രം, ജീവശാസ്ത്രം, ജ്യോതിശാസ്ത്രം തുടങ്ങിയവ ഉള്‍പെടുന്നു. സാമൂഹികത്തില്‍ അര്‍ഥശാസ്ത്രം, രാജ്യശാസ്ത്രം, തുടങ്ങിയവയും ഉള്‍പ്പെടുന്നു. മറ്റനേകം എണ്ണിയാല്‍ത്തീരാത്ത വിജ്ഞാനഗ്രന്ഥങ്ങളും നമ്മുക്ക് സ്വന്തമായുണ്ട്. ഭാഷാശാസ്ത്രം മുതല്‍ വ്യോമശാസ്ത്രം വരെ, നിരീശ്വരവാദം മുതല്‍ അദ്വൈതം വരെ, ഭൌതികവും ആത്മീയവുമായ അനേകം വിജ്ഞാനശാഖകള്‍ ഈ ഭാഷയിലൂടെ വളര്‍ന്നുവന്നിട്ടുണ്ട്. ആയുര്‍വേദം, വാനശാസ്ത്രം, രസതന്ത്രം, കൃഷിശാസ്ത്രം, തുടങ്ങി മാനവജീവിതവുമായി ബന്ധപെട്ട വിഷയങ്ങളിലെല്ലാം അത്ഭുതകരമായ വിജ്ഞാനസരസുകള്‍ സംസ്കൃതഭാഷയില്‍ കാണാവുന്നതാണ്. ലോകത്തിലെ പൌരാണിക വിജ്ഞാനത്തിന്‍റെ 75 ശതമാനത്തോളം സംസ്കൃതഭാഷയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഭാരതീയവിജ്ഞാനം വളര്‍ന്നു വികസിച്ചത് ഈ ഭാഷയിലാണ്. താളിയോല ഗ്രന്ഥങ്ങള്‍ ഇവക്കു നിദര്‍ശനങ്ങളാണ്. സംസ്കൃത ഭാഷയുടെ വൈശിഷ്ട്യം ഇതിന്‍റെ വ്യാകരണമാണ്. ഓരോരോ അക്ഷരത്തിന്റെ ഉച്ചാരണത്തിലും വ്യക്തമായ നിയമവും സ്പഷ്ടതയും ഉണ്ട്. ഇതിന്‍റെ ഉച്ചാരണ മഹത്വമായിരിക്കാം മന്ത്രങ്ങള്‍ രൂപപെടുത്താന്‍ കാരണം. ഇങ്ങനെ ചിട്ടപെടുത്തിയ ശബ്ദങ്ങള്‍ മനസിനെയും ബുദ്ധിയും ശക്തിപ്പെടുത്തുന്നു എന്ന് ആധുനിക വൈജ്ഞാനികര്‍ പരീഷണ നിരീഷണങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട് .

പ്രാചീന വിജ്ഞാന സംഗ്രഹമായ താളിയോലഗ്രന്ഥങ്ങളില്‍ ഭൂരിഭാഗവും സംസ്കൃത ഭാഷയിലാണ് രചിക്കപ്പെട്ടിട്ടുള്ളത്. കംപ്യൂട്ടറില്‍ ഉപയോഗിക്കാവുന്ന സ്വാഭാവിക ഭാഷകളില്‍ പ്രഥമ സ്ഥാനം സംസ്കൃതത്തിനാണ് ലഭിച്ചിട്ടുള്ളത്. പൌരസ്ത്യശാസ്ത്രം, പ്രാചീന ഭാരതീയ വിജ്ഞാനം, യോഗ, ആയുര്‍വേദം, മനശാസ്ത്രം, തത്വശാസ്ത്രം, ഭാരതീയ മാനേജ്മെന്‍റ്, എന്നിവയില്‍ വിശേഷ ഗവേഷണങ്ങള്‍ ഭാരതത്തിലും വിദേശങ്ങളിലും ഗൌരവമായി നടന്നുവരുന്നുണ്ട് . ഇതിന്റെയെല്ലാം ഫലമായി ഐഐടി തുടങ്ങിയ ടെക്നിക്കല്‍ പഠനകേന്ദ്രങ്ങളിലും ഐഐഎം തുടങ്ങിയ മാനേജ്‌മെന്‍റ് പഠനകേന്ദ്രങ്ങളിലും സംസ്കൃത പഠനം തുടങ്ങിയിരിക്കുന്നു . ഇന്ന് അമൃത സര്‍വകലാശാലയിലെ സ്വദേശിയരും വിദേശിയരുമായ വിദ്യാര്‍ഥികള്‍ സംസ്കൃതം പഠിക്കുന്നു. 15 സര്‍വകലാശാലകള്‍ സംസ്കൃത ഭാഷയ്ക്ക്‌ മാത്രമായി ഭാതത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജര്‍മനിയിലും ഒരു സംസ്കൃത സര്‍വകലാശാല നിലവിലുണ്ട് . ലണ്ടനിലെ സെന്‍ട് ജയിംസ് സ്കൂളുകളില്‍ സംസ്കൃത പഠനം നിര്‍ബന്ധമാണ്‌. പല വിദേശ സര്‍വകലാശാലകളിലും സംസ്കൃതം ഒരു ഭാഷയായോ ഭാരതീയ വിജ്ഞാനമായോ പഠിപ്പിച്ചുവരുന്നു.

മുന്‍ വിവരിച്ച സര്‍വകലാശാലകളിലും സ്കൂളുകളിലുമായി 3 കോടിയിലധികം വിദ്യാര്‍ഥികള്‍ സംസ്കൃതം പഠിച്ചു വരുന്നു. ഭാരതത്തിലെ നിരവധി കോളേജുകളില്‍ സംസ്കൃതം പഠിപ്പിക്കുന്നുണ്ട്. സംസ്കൃതം സംസാരിക്കുന്ന ആറു ഗ്രാമങ്ങള്‍, സംസ്കൃതം സംസാരിക്കുന്ന പതിനായിരത്തോളം വീടുകള്‍ ഇങ്ങനെ സജീവ സംസ്കൃത സാന്നിധ്യം വളര്‍ന്നു വരുന്നു. നമ്മുടെ എക്സല്‍ കോളേജിലും സംസ്കൃതം ഐശ്ചികവിഷയമായി എടുത്ത് പഠിക്കുന്ന കുട്ടികളുണ്ട്. അവര്‍ക്കായി ഭാഷാ പരിചയ ക്ലാസുകളും ആധുനിക സാങ്കേതിക വിദ്യയിലൂടെയുള്ള പഠനാവസരങ്ങളും നല്‍കിവരുന്നു. പഠനത്തോടൊപ്പം യുവജനോത്സവ വേദികളിലും സംസ്കൃത സാഹിത്യ മത്സരങ്ങളിലും അവര്‍ മുന്നിട്ടു നില്‍ക്കുന്നു അതില്‍ നമ്മുക്കഭിമാനിക്കാം.

ഭാരതത്തിന്‍റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞു: “ഭാരതത്തിലെ ഏറ്റവും വലിയ നിധി എന്താണെന്നും അതിന്റെ ഏറ്റവും ഉത്തമമായ പൈതൃകം എന്താണെന്നും ആരെങ്കിലും ചോദിക്കുകയാണെങ്കില്‍ ഒരു മടിയും കൂടാതെ അത് സംസ്കൃത ഭാഷയും അതിലടങ്ങിയിരിക്കുന്ന എല്ലാമെല്ലാമാണെന്നും ഞാന്‍ പറയും. അത് അത്ഭുതകരമായ ഒന്നാണ്, ഇവിടുത്തെ ജനങ്ങളുടെ ജീവിതത്തെ ഇത് സ്വാധീനിക്കുകയും പോഷിപ്പിക്കുകയും ചെയ്യുന്നിടത്തോളം കാലം ഭാരതത്തിലെ മൂല വിജ്ഞാന പാരമ്പര്യം തുടരുക തന്നെ ചെയ്യും”.

No comments:

Post a Comment