ലങ്കയും പുഷ്പകവും രാവണന് ലഭിച്ചത് എങ്ങനെ?
ബ്രഹ്മപുത്രനായ പുലസ്ത്യന്‍ തപസ്സു ചെയ്യാന്‍ മേരു പര്‍വതത്തിലെത്തി. അവിടെ തൃണബിന്ദു മഹര്‍ഷിയുടെ ആശ്രമത്തില്‍ കഴിയുമ്പോള്‍ പെണ്‍കുട്ടികളുടെ ആട്ടവും പാട്ടും കൊണ്ട് സഹിക്കവയ്യാതെ പുലസ്ത്യമഹര്‍ഷി ''ആരാണോ ഈ ആശ്രമത്തില്‍ വന്ന് എന്റെ തപസ്സുണര്‍ത്തുന്നത് അവള്‍ ഗര്‍ഭിണിയായിത്തീരട്ടെ'' എന്നു ശപിച്ചു.
ഇതറിയാതെ തൃണബിന്ദു മഹര്‍ഷിയുടെ പുത്രി ഇഡവിഡ അവിടെ വരുകയും ഗര്‍ഭിണിയാവുകയും ചെയ്തു. പിന്നീട് തൃണബിന്ദു മഹര്‍ഷി അവളെ പുലസ്ത്യന് വിവാഹം ചെയ്തു കൊടുത്തു. അവര്‍ക്ക് ജനിച്ച കുട്ടിയാണ് വിശ്രവസ്സു മഹര്‍ഷി.
ഭരദ്വാജ മഹര്‍ഷി വിശ്രവസ്സിന്റെ വൈഭവം കണ്ടറിഞ്ഞ് തന്റെ മകളെ വിശ്രവസ്സിന് വിവാഹം ചെയ്തു കൊടുത്തു. അവളില്‍, ബ്രഹ്മാവിന്റെ വരദാനത്താല്‍ ധനാധ്യക്ഷനായിത്തീര്‍ന്ന വൈശ്രവണന്‍ എന്നൊരു പുത്രനുണ്ടായി. വിശ്രവസ്സിന്റെ പുത്രനായിരുന്നു കുബേരനെന്ന വൈശ്രവണന്‍.
ആരാലും ആക്രമിക്കപ്പെടാന്‍ സാധ്യമല്ലാത്ത വാസസ്ഥാനം ആവശ്യപ്പെട്ട വൈശ്രവണന് ബ്രഹ്മാവിന്റെ അനുഗ്രഹത്താല്‍ ലങ്ക ലഭിച്ചു. വിഷ്ണുഭഗവാനെ ഭയന്ന് രസാതലത്തിലേക്ക് പോയ അസുരന്മാരുടേതായിരുന്നു ആ ലങ്ക!
ഒരിക്കല്‍ അസുരരാജാവായ സുമാലി, രാക്ഷസന്മാര്‍ക്ക് ജയിക്കാനുള്ള ഉപായമെന്തെന്ന് ചിന്തിച്ചിരിക്കുമ്പോള്‍ ഒരു വൈശ്രവണന്‍ തന്റെ പുഷ്പക വിമാനത്തില്‍ പോകുന്നതുകണ്ടു. തന്റെ പുത്രിയായ കൈകസിയോട്, വിശ്രവസ്സിന്റെ അടുക്കല്‍ ചെന്ന് തനിക്ക് പുത്രന്മാരെ നല്‍കാന്‍ സുമാലി ഉപദേശിച്ചു.
അതിന്‍പ്രകാരം, കൈകസി വിശ്രവസ്സിന്റെ അടുക്കല്‍ ചെല്ലുമ്പോള്‍ അദ്ദേഹം വേദാധ്യയനം ചെയ്യുകയായിരുന്നു. അപ്പോള്‍ സന്ധ്യാസമയവുമായിരുന്നു. ആ സമയത്ത്, ഈശ്വരഭജനം ചെയ്യുന്നതിന് പകരം പുത്രോല്‍പ്പാദനത്തിന് ആഗ്രഹിച്ചതിനാല്‍ കൈകസിക്ക് വിശ്രവസ്സില്‍ ജനിച്ച രാവണനും കുംഭകര്‍ണനും രാക്ഷസരായിത്തീര്‍ന്നു. വിശ്രവസ്സിന്റെ വേദാധ്യയനം കേള്‍ക്കമൂലം വിഭീഷണനെന്ന പരമഭക്തനും സാത്വികനുമായ മറ്റൊരു പുത്രനും കൈകസിയില്‍ ജനിച്ചു. വിഭീഷണന്‍ മിതാഹാരിയും സ്വാധ്യായശീലനും നിത്യകര്‍മപരായണനുമായിരുന്നു.
പത്തുകഴുത്തും മഹാദംഷ്ട്രയും ചെഞ്ചുണ്ടും വന്‍മുഖവും ഇരുപത് കൈകളും ഉളളവനായ ദശഗ്രീവന്‍ (പത്തുതലയോടുകൂടിയവന്‍) അവന്‍ അന്യരെ കരയിക്കുന്നവനാകയാല്‍ രാവണനെന്ന് ശ്രീപരമേശ്വരന്‍ അവന് പേരും നല്‍കി.
കുംഭകര്‍ണന്‍ വലിയ കാതുള്ളവന്‍ എന്നര്‍ത്ഥം അവന്റെ ആകൃതിയേക്കാള്‍ വലിയ ആകൃതി മറ്റാര്‍ക്കുമില്ല. അസുരന്റെ ലക്ഷണം നീണ്ട പല്ലുകള്‍, വലിയ കാതുകള്‍, തുറിച്ച കണ്ണുകള്‍ (അതായത് ഇന്ദ്രിയങ്ങളെ പുറത്തേക്കിടുന്നവന്‍) സുമാലി, തന്റെ മകള്‍ കൈകസിയുടെ പുത്രനായ രാവണന്റെ അച്ഛന്‍ വിശ്രവസ്സിന്റെ പുത്രനും തന്മൂലം തന്റെ ജ്യേഷ്ഠനുമായ വൈശ്രവണന്റെ വൈഭവങ്ങള്‍ പറഞ്ഞ് അസൂയ വര്‍ധിപ്പിച്ചു.
വൈശ്രവണന്റെ ലങ്കാരാജ്യവും പുഷ്പകവിമാനവും കണ്ടും മുത്തച്ഛന്‍ സുമാലിയുടെയും അമ്മ കൈകസിയുടെയും വാക്കുകള്‍ കേട്ടും രാവണനില്‍ വൈശ്രവണനോട് അസൂയയും ക്രോധവും വര്‍ധിച്ചു.
എങ്ങനെയാണ് വൈശ്രവണനേക്കാള്‍ വലിയവനാകേണ്ടതെന്ന രാവണന്റെ ചോദ്യത്തിന് ബ്രഹ്മാവാണ് വൈശ്രവണന്റെ ഈ ഐശ്വര്യത്തിന് കാരണമെന്നറിഞ്ഞു. അങ്ങനെ രാവണനും സഹോദരന്മാരും ബ്രഹ്മാവിനെ തപസ്സു ചെയ്തു.
രാവണന്‍ പിന്നീട് വൈശ്രവണനോട്, യുദ്ധം ചെയ്യാന്‍ ചെന്നു. അതുകണ്ട് ഭയന്ന വൈശ്രവണന്‍ തന്റെ പിതാവായ വിശ്രവസ്സ് മഹര്‍ഷിയോട് എന്തു ചെയ്യണമെന്ന് ചോദിച്ചു. മഹര്‍ഷിയാകട്ടെ ''സ്വന്തം സഹോദരന് അവയാണ് (ലങ്കയും പുഷ്പകവിമാനവും) ആവശ്യമെങ്കില്‍ അവനവ വിട്ടുകൊടുക്കുക. സഹോദരര്‍ ഒരിക്കലും വഴക്കു കൂടരുത്. അതാണ് സഹോദരധര്‍മം'' എന്നുപറഞ്ഞു.
അതുകേട്ട വൈശ്രവണന്‍ ലങ്കയും പുഷ്പകവിമാനവും രാവണന് വിട്ടുകൊടുത്തു.
No comments:
Post a Comment