ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

9 August 2016

കൊണാർക്ക്‌ സൂര്യ ക്ഷേത്രം

കൊണാർക്ക്‌ സൂര്യ ക്ഷേത്രം

കൊണാർക്ക്‌ സൂര്യ ക്ഷേത്രത്തെക്കുറിച്ച് രവീന്ദ്രനാഥ ടാഗോർ പറഞ്ഞത് ഇപ്രകാരമാണ് :
" ഇവിടെ കല്ലുകളുടെ ഭാഷ മനുഷ്യന്റെ ഭാഷയെ നിർവീര്യമാക്കുന്നു"
പതിമൂന്നാം നൂറ്റാണ്ടിൽ നിർമ്മിക്കപെട്ട ഒരു ഹൈന്ദവ ക്ഷേത്രമാണ് കൊണാർക്ക്‌.
സൂര്യദേവൻ ആരാധനാ മൂർത്തിയായ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഒറിസ്സാ സംസ്ഥാനത്തിലെ പുരി ജില്ലയിലാണ്.
ക്രിസ്തുവിനു ശേഷം 1236 നും 1264 നും ഇടയിൽ ജീവിച്ചിരുന്ന നരസിംഹദേവൻ ഒന്നാമൻ എന്ന ഗാംഗേയ രാജാവാണ് ഇത് പണി കഴിപ്പിച്ചത്.
എൻ.ഡി.ടി.വിയുടെ ഒരു സർവേ പ്രകാരം ഈ ക്ഷേത്രം ഇന്ത്യയിലെ സപ്താത്ഭുതങ്ങളിൽ ഒന്നായി പരിഗണിക്കപ്പെട്ടു.
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഈ ക്ഷേത്രം സ്ഥാനം പിടിച്ചിട്ടുണ്ട്.

കൊണാർക്ക് എന്ന പദത്തിന് സൂര്യന്റെ ദിക്ക് എന്ന് അർഥം കൽപ്പിക്കാം. കോൺ എന്ന വാക്കിനു മൂല, ദിക്ക്, എന്നൊക്കെയാണ് അർത്ഥം. അർക്കൻ എന്നാൽ സൂര്യൻ. അതിനാൽ കിഴക്ക് ഉദിച്ച സൂര്യന്റെ ക്ഷേത്രം എന്ന അർഥത്തിൽ ഈ വാക്ക് ക്ഷേത്രത്തിനു പേരായി നൽകപ്പെട്ടു. മാത്രമല്ല ക്ഷേത്രം സ്ഥിതി ചെയ്യുന്നത് പഴയ ഗംഗാ രാജ്യത്തിന്റെയും ഭാരതത്തിന്റെയും കിഴക്കു ഭാഗത്താണ്. വിദേശീയർ ഈ ക്ഷേത്രത്തെ ബ്ലാക്ക് പഗോഡ എന്നു വിളിക്കുന്നു.

ഈ ക്ഷേത്രം നിർമിച്ചിരിക്കുന്നത് ഒരു രഥത്തിന്റെ മാതൃകയിലാണ്. ഏഴു കുതിരകൾ ഈ രഥം വലിക്കുന്നു. ക്ഷേത്രത്തിന്റെ ദ്വാര പാലകരായി രണ്ടു സിംഹങ്ങളെ കാണാം. പ്രധാന ക്ഷേത്രത്തിനു മുന്നിലായി സ്ഥിതി ചെയ്യുന്ന മണ്ഡപം നടന മന്ദിരം എന്നറിയപ്പെടുന്നു. ഇവിടെ പണ്ട് സൂര്യനോടുള്ള ആരാധന എന്ന നിലയിൽ കലാരൂപങ്ങൾ സംഘടിപ്പിച്ചിരുന്നു. രഥത്തിന്റെ ഇരു വശങ്ങളിലും പന്ത്രണ്ടു ചക്രങ്ങൾ വീതമുണ്ട്. വളരെ അത്ഭുതാവഹമായ ഒരു വസ്തുത, ഈ ചക്രങ്ങളുടെ നിലത്തു വീഴുന്ന നിഴൽ നോക്കി സമയം കൃത്യമായി തിട്ടപ്പെടുത്താൻ സാധിച്ചിരുന്നു എന്നുള്ളതാണ്. എല്ലാ ചക്രങ്ങളും ഇപ്രകാരമുള്ള സൂര്യഘടികാരങ്ങളാണ്. ഭാരതീയ ശില്പകലയുടെ മകുടോദാഹരണമാണ് ഈ ക്ഷേത്രം. ഇത് നിർമിച്ചിരിക്കുന്ന ഓരോ കല്പ്പാളികളിലും അത് കാണാൻ കഴിയും. ക്ഷേത്രത്തിലെ ചുമർ ശില്പങ്ങളിൽ ദേവീ ദേവന്മാരുടെ രൂപങ്ങൾ, പുരാണ കഥാപാത്രങ്ങൾ, ഗന്ധർവന്മാർ, യക്ഷികൾ, പുരാണ കഥാ സന്ദർഭങ്ങൾ, നൃത്തം ചെയ്യുന്ന അപ്സരസുകൾ എന്നിവ കാണാൻ കഴിയും. പ്രധാന ക്ഷേത്രത്തിന്റെ ചുറ്റിലുമായി അടി ഭാഗത്ത് രണ്ടായിരത്തോളം ആനകളുടെ ശില്പങ്ങൾ ഉണ്ട് .

229 അടി ഉയരമുണ്ടായിരുന്നു പ്രധാന ക്ഷേത്രത്തിന്. ഇതിനു മൂന്നു ഭാഗങ്ങളുണ്ട്. സൂര്യ ദേവന്റെ പൂജാ വിഗ്രഹം പ്രതിഷ്ഠിച്ചിരുന്ന ശ്രീകോവിൽ അഥവാ ഗർഭഗൃഹം, ക്ഷേത്രസോപാനം, ജഗന്മോഹൻ മണ്ഡപം എന്നിവയാണവ. ആയിരത്തി ഇരുനൂറോളം പേർ പന്ത്രണ്ടു വർഷത്തോളം സമയമെടുത്താണ് ഈ ക്ഷേത്രം നിർമിച്ചത്. രാജ നരസിംഹദേവൻ തന്റെ രാജ്യത്തിൻറെ പന്ത്രണ്ടു വർഷക്കാലത്തെ വരുമാനം ഇതിനായി ചെലവഴിച്ചു. കിഴക്ക് ദർശനമായാണ്‌ ക്ഷേത്രം നില നിൽക്കുന്നത്. ഉദയ സൂര്യന്റെ പ്രകാശ രശ്മികൾ പ്രധാന വിഗ്രഹത്തിന്റെ മൂർധാവിൽ പതിക്കുന്ന രീതിയിലായിരുന്നു ഇതിന്റെ നിർമ്മാണം. സൂര്യദേവന്റെ മൂന്നു ഭാവങ്ങൾ (ഉദയം, മധ്യാഹ്നം, അസ്തമയം) എന്നിവ പ്രധാന ക്ഷേത്രത്തിന്റെ മൂന്നു ഭാഗങ്ങളിലായി നിർമിച്ചിരിക്കുന്നു.കല്ലുകൾ തമ്മിൽ യോജിപ്പിക്കാൻ സിമന്റോ കുമ്മായമോ ഉപയോഗിച്ചിട്ടില്ല എന്നതും ഒരു വസ്തുതയാണ്. ഓരോ കല്ലും പ്രത്യേക രീതിയിൽ കൂട്ടിയിണക്കിയാണ് ഇത് നിർമിച്ചിരിക്കുന്നത്.

ക്ഷേത്ര നിർമ്മാണത്തിൽ പ്രധാന ആശാരി വിദ്വാൻ ബിസു മഹാറാണ ആയിരുന്നു. ക്ഷേത്രത്തിന്റെ മുകളിൽ പ്രതിഷ്ഠിക്കാനായി മാറ്റി വച്ചിരുന്ന ശില അവിടെ പ്രതിഷ്ഠിച്ചതുമായി ബന്ധപ്പെട്ടു കൊണാർക്ക്‌ നിവാസികൾക്കിടയിൽ ഒരു കഥ പറഞ്ഞു കേൾക്കുന്നുണ്ട്. അതിപ്രകാരമാണ്‌: ക്ഷേത്രത്തിന് മുകളിൽ ശില ഉറപ്പിക്കാനായി ഒരുപാട് പ്രയത്നിച്ചിട്ടും അത് നടന്നില്ല. ആ സമയത്ത് പ്രധാന ആശാരി ആയിരുന്ന ബിസു മഹാരാണയുടെ പന്ത്രണ്ടു വയസ്സുള്ള മകൻ ധർമപാദർ അവിടെയെത്തി. എന്നിട്ട് ഒരു ബുദ്ധി പ്രയോഗിച്ച് ശില യഥാ സ്ഥാനത്ത് ഉറപ്പിച്ചു. പക്ഷേ ഈ കർമത്തിന് ശേഷം ധർമപാദർ ആത്മഹത്യ ചെയ്യുകയാണുണ്ടായത്. ക്ഷേത്രത്തെ രക്ഷിക്കാൻ ധർമപാദർ ജീവൻ വെടിയുകയായിരുന്നു എന്ന് വിശ്വസിക്കപെടുന്നു. കൊണാർക്കിന്റെ പരിസരങ്ങളിൽ കാണാത്ത പ്രത്യേക തരം കല്ലുകൾ ഉപയോഗിച്ചാണു ക്ഷേത്രം നിർമിച്ചിരിക്കുന്നത്.പക്ഷേ സമുദ്രത്തിൽ നിന്നും വീശുന്ന ഉപ്പു കാറ്റ് ഈ ശിലാ സൗധത്തെ കാർന്നു തിന്നുന്നു.

കൊണാർക്ക്‌ ക്ഷേത്രത്തിന്റെ ഒരു നല്ല ഭാഗവും നശിച്ചു കഴിഞ്ഞു. പ്രധാന ശ്രീകോവിൽ ഇപ്പോൾ നിലവിലില്ല. ഇത് 1837 ൽ തകർന്നു വീണതായി അനുമാനിക്കപ്പെടുന്നു. ഇവിടെ നിന്നും കിട്ടിയ പലതരത്തിലുള്ള വിഗ്രഹങ്ങൾ, ജ്യാമിതീയ രൂപങ്ങൾ, എന്നിവ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ഒരു മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു. നാശത്തിന്റെ വക്കിലായ ഈ ക്ഷേത്രം ഇടിഞ്ഞു വീഴാതിരിക്കാനായി ഉൾഭാഗം കല്ലും മണ്ണും നിറച്ച് അടച്ചിരിക്കുകയാണ്. കൂടാതെ ക്ഷേത്രം ഇപ്പോൾ ഇരുമ്പ് പൈപ്പുകളാൽ താങ്ങി നിർത്തിയിരിക്കുന്നു.പ്രധാന ക്ഷേത്രത്തിന് ചുറ്റും ഇരുപത്തി രണ്ട് ഉപക്ഷേത്രങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ വൈഷ്ണവ ക്ഷേത്രവും മായാ ദേവീ ക്ഷേത്രവും മാത്രമേ അവശേഷിക്കുന്നുള്ളൂ . നടന മണ്ഡപം, ഭോഗ മണ്ഡപം, ജഗന്മോഹൻ മണ്ഡപം എന്നിവ ഇപ്പോഴും നില നിൽക്കുന്നു. ഇപ്പോൾ കാണപ്പെടുന്ന വലിയ സമുച്ചയമാണു ജഗന്മോഹൻ മണ്ഡപം. ചില ചരിത്രകാരന്മാർ ക്ഷേത്രത്തിന്റെ പതനത്തെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ് : ഇത് പണി കഴിപ്പിച്ച നരസിംഹദേവൻ ഒന്നാമൻ രാജാവിന്റെ അകാലത്തിലുള്ള മരണം കാരണം ക്ഷേത്ര നിർമ്മാണം പാതി വഴിയിൽ മുടങ്ങി. ഏറെ നാൾ ഇങ്ങനെ പണികളൊന്നും നടക്കതെയായപ്പോൾ ക്ഷേത്രം തകർന്നു വീണു. പക്ഷേ ഈ വാദത്തിനു ചരിത്രപരമായി തെളിവുകളൊന്നുമില്ല. പുരി ജഗന്നാഥ ക്ഷേത്രത്തിൽ നിന്നും കണ്ടെടുത്ത ഒരു ഫലകത്തിൽ നരസിംഹദേവൻ ഒന്നാമൻ എ.ഡി 1282 വരെ ഭരണം നടത്തി എന്ന് കാണുന്നു. പല ചരിത്രകാരന്മാരും പറയുന്നത് ക്ഷേത്ര നിർമ്മാണം എ. ഡി 1253 ഇൽ തുടങ്ങി എ ഡി 1260 ഇൽ അവസാനിച്ചു എന്നാണ്.

ക്ഷേത്ര ശ്രീകോവിലിനു മുകളിൽ സ്ഥിതി ചെയ്തിരുന്ന ഒരു കല്ലിന് കാന്തിക ശക്തിയുണ്ടായിരുന്നതായി ചിലർ വാദിക്കുന്നു. ഈ കല്ല് വായുവിൽ ഉയർന്നു എങ്ങും തൊടാതെ നിൽക്കുകയായിരുന്നു എന്നും പറയപ്പെടുന്നു. ഈ കാന്തിക ശക്തിയുടെ ബലത്തിന്റെ അടിസ്ഥാനത്തിലായിരുന്നുവത്രേ ക്ഷേത്രം നിർമിച്ചത് . കൊണാർക്ക്‌ ക്ഷേത്രത്തിന് മുന്നിലുള്ള സമുദ്രത്തിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്കും മറ്റും ഇതുമൂലം അനേകം അപകടങ്ങൾ ഉണ്ടായി. ദിശ കാണിക്കാനായി കപ്പലുകളിൽ സൂക്ഷിക്കാറുള്ള കോമ്പസ്സുകൾ ഈ കാന്തിക പ്രഭാവം മൂലം തെറ്റായി ദിശ കാണിച്ചു. ക്ഷേത്രത്തിലെ ഈ കല്ലാണ് തങ്ങളുടെ കപ്പലുകളുടെ ദിശ തെറ്റാൻ കാരണമെന്ന് മനസ്സിലാക്കിയ പോർച്ചുഗീസുകാർ ക്ഷേത്രത്തിന് മുകളിൽ കയറി ഈ കല്ലെടുത്ത്‌ മാറ്റുകയും തന്മൂലം പരസ്പരം കാന്തികമായി ബന്ധപെട്ടു കിടന്ന കല്ലുകൾക്ക് സ്ഥാന ഭ്രംശം സംഭവിക്കുകയും ചെയ്തു. കാന്തിക മണ്ഡലം തകർന്നതോടെ ക്ഷേത്രം ക്രമേണ നശിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു. എന്നാൽ ഇങ്ങനെയൊരു കാന്തിക മണ്ഡലം ഉണ്ടായിരുന്നതിന് ശാസ്ത്രീയമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
എന്തായാലും കപ്പലുകളുടെ സഞ്ചാരദിശയുമായി ബന്ധപ്പെട്ടുള്ള എന്തോ ചില ശാസ്ത്രീയ വിദ്യകൾ ക്ഷേത്രസമുച്ചയത്തിലുണ്ടായിരുന്നു എന്ന് വ്യക്തമാണ്.

ക്ഷേത്ര നിർമ്മാണത്തിന്റെ ആദ്യ സൂത്ര ധാരൻ ശിവേയി സാമന്തരായർ എന്നയാളായിരുന്നു. ഒരിക്കൽ, ക്ഷേത്ര നിർമ്മാണം നേരത്തെ തീരുമാനിച്ച സമയത്തിനും മുന്പ് തീർക്കണമെന്ന് രാജാവ്‌ ഉത്തരവിട്ടു. അല്ലെങ്കിൽ മരണമായിരുന്നു ശിക്ഷ. എന്നാൽ തന്നെകൊണ്ട് അതിനു കഴിയില്ല എന്ന് സാമന്തരായർ രാജാവിനെ അറിയിച്ചതു പ്രകാരം രാജാവ്‌ ബിസു മഹാറാണയെ ക്ഷേത്ര നിർമ്മാണ ചുമതല ഏൽപ്പിക്കുകയായിരുന്നു. തന്റെ മകനായിരുന്ന ധർമപാദരുടെ സഹായത്തോടെ ക്ഷേത്ര നിർമ്മാണം പൂർത്തീകരിക്കാൻ ബിസു മഹാരണയ്ക്ക് കഴിഞ്ഞു. എന്നാൽ ക്ഷേത്രത്തിനു ധാരാളം പാകപ്പിഴകൾ ‍ ഉണ്ടായിരുന്നു. ഇത് ക്ഷേത്രത്തിന്റെ നാശത്തിനു കാരണമായി എന്നും ഒരു വാദമുണ്ട്.

ക്ഷേത്രത്തിന്റെ പതനവുമായി ബന്ധപെട്ട് ഏറ്റവും വിശ്വസനീയമായ കഥ ബംഗാൾ സുൽത്താൻ ആയിരുന്ന സുലൈമാൻ ഖാൻ ഖരാനിയുടെ മന്ത്രി കാലാപഹദ്ദുമായി ബന്ധപെട്ട് കിടക്കുന്നു ഒരു ഹിന്ദു ആയിരുന്ന ഇദ്ദേഹം മതം മാറി മുസ്ലിം ആകുകയായിരുന്നു. പുരി ജഗന്നാഥ ക്ഷേത്രത്തിൽ നിന്നും ലഭിച്ച ചില രേഖകൾ പ്രകാരം എ ഡി 1568 ഇൽ ഇദ്ദേഹം കൊണാർക്ക് ഉൾപ്പെടെ ഒറീസ്സയിലെ പല ക്ഷേത്രങ്ങളും നശിപ്പിച്ചു. ഈ സംഭവത്തിന്‌ ശേഷം ഒറീസ്സ മുസ്ലിം ഭരണത്തിന് കീഴിലായി. ഈ കാല ഘട്ടങ്ങളിൽ പലരും ക്ഷേത്രം ആക്രമിച്ചതായി തെളിവുകളുണ്ട്. വൈദേശിക ആക്രമണങ്ങളെ ഭയന്ന പുരിയിലെ പാണ്ഡ വംശജർ സൂര്യ വിഗ്രഹം കൊണാർക്ക് ക്ഷേത്രത്തിൽ നിന്നും മാറ്റി മണ്ണിൽ കുഴിച്ചിട്ടു. വർഷങ്ങൾക്കു ശേഷം വിഗ്രഹം കുഴിച്ചെടുത്ത് പുരി ജഗന്നാഥ ക്ഷേത്രത്തിനുള്ളിലെ ഇന്ദ്ര ക്ഷേത്രത്തിൽ സ്ഥാപിച്ചു. ഈ വിഗ്രഹം ഇപ്പോഴും പുരി ക്ഷേത്രത്തിൽ കാണാനാവും. എന്നാൽ ചില ചരിത്രകാരന്മാർ പറയുന്നത് വിഗ്രഹം കുഴിച്ചിട്ടതല്ലാതെ പുറത്തെടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല എന്നാണ് . അവരുടെ അഭിപ്രായത്തിൽ സുന്ദരവും ആകർഷകവുമായ സൂര്യ വിഗ്രഹം ഇപ്പോഴും കൊണാർക്കിന്റെ പരിസരത്തെവിടെയോ മണ്ണിൽ പൂണ്ടു കിടക്കുന്നുണ്ട്. ചിലരുടെ അഭിപ്രായത്തിൽ ഡൽഹിയിലെ നാഷണൽ മ്യൂസിയത്തിൽ കാണുന്ന സൂര്യ വിഗ്രഹം കൊണാർക്കിലെ സൂര്യ വിഗ്രഹമാണ്‌. ഇതു കൂടാതെ ഭൂകമ്പം, പണ്ടെങ്ങൊ ഉണ്ടായ ഒരു ചുഴലിക്കാറ്റ്, ക്ഷേത്ര നിർമ്മാണത്തിലെ പാകപ്പിഴകൾ എന്നിവയും ക്ഷേത്രത്തിന്റെ തകർച്ചക്കുള്ള കാരണങ്ങളായി ചൂണ്ടി കാണിക്കപ്പെടുന്നു.

ഖുർദ രാജാക്കന്മാരും മറ്റും കൊണാർക്ക്‌ ക്ഷേത്രത്തിൽ നിന്നും അനേകം വിഗ്രഹങ്ങളും ശിലകളും കടത്തികൊണ്ടു പോയിട്ടുണ്ട്. ചില രേഖകൾ പ്രകാരം, പുരി ജഗന്നാഥ ക്ഷേത്രത്തിലെ ചില ഭാഗങ്ങൾ നിർമിച്ചിരിക്കുന്നത് കൊണാർക്കിൽ നിന്നും കൊണ്ടുവന്ന ശിലകൾ ഉപയോഗിച്ചാണ്. ഇത് കൂടാതെ മനോഹരങ്ങളായിരുന്ന അനേകം ശില്പങ്ങളും ഒറിസയിലെ പല ഭാഗങ്ങളിലേക്കും മാറ്റപെട്ടു. ജഗന്മോഹൻ മണ്ഡപത്തിന് മുന്നിലായി പതിനെട്ട് അടിയോളം മുകളിൽ ഏകദേശം ഇരുപത്തിയേഴ് ടണ്ണോളം ഭാരവും ആറ് മീറ്റർ നീളവും ഒന്നര മീറ്ററോളം ഉയരവും ഉണ്ടായിരുന്ന നവഗ്രഹ ശില അതി സുന്ദരമായ ഒരു സൃഷ്ടിയായിരുന്നു. ഇതിൽ നവഗ്രഹങ്ങളുടെ രൂപങ്ങൾ വിവിധ ഭാവങ്ങളിൽ കൊത്തി വച്ചിരുന്നു. രണ്ടു നൂറ്റാണ്ടുകൾക്കു മുമ്പ് ബംഗാൾ സർക്കാർ ഈ ശിലയെ കൽക്കട്ടയിലേക്ക് മാറ്റാൻ ഒരു ശ്രമം നടത്തി. എന്നാൽ ഇതത്ര എളുപ്പമല്ലെന്ന് മനസ്സിലാക്കിയപ്പോൾ ഈ ശില രണ്ടായി പകുത്തു. പക്ഷേ എന്നിട്ടും ഇത് മാറ്റാൻ അവർക്ക് സാധിച്ചില്ല. പിന്നീട് ക്ഷേത്രത്തിൽ നിന്നും അര കിലോമീറ്റർ അകലെവരെ നീക്കാൻ സാധിച്ചു. ഇവിടെ ഈ ശില ഏകദേശം അറുപത് വർഷത്തോളം അനാഥമായി കിടന്നു. ഈയടുത്ത കാലത്ത് സർക്കാർ ഇതെടുത്ത് കൊണാർക്ക്‌ ക്ഷേത്രത്തിന്റെ വെളിയിലായി തെക്ക് കിഴക്ക് ഭാഗത്ത് സ്ഥാപിക്കാൻ ഉത്തരവിട്ടു. ഇപ്പോൾ ഇതിവിടെ കാണാവുന്നതാണ്. എ. ഡി 1779 ൽ മറാത്ത ഭരണ കാലത്ത് കൊണാർക്ക്‌ ക്ഷേത്രത്തിന്റെ മുന്നിലുണ്ടായിരുന്ന അരുണ സ്തൂപം അവിടെ നിന്നും മാറ്റി പുരി ക്ഷേത്രത്തിന്റെ മുന്നിൽ സ്ഥാപിച്ചു. ഇപ്പോഴും ഈ സ്തൂപം അവിടെ കാണാനാകും. ഈ സംഭവങ്ങൾക്ക് ശേഷം സൂര്യാരാധന ഇവിടെ പൂർണമായും നിലച്ചു. ആരും ഇവിടം സന്ദർശിക്കാതായി. ഏറെ നാളുകൾക്കു ശേഷം ഇവിടം പൂർണമായും വിസ്മരിക്കപ്പെടുകയും ഈ പ്രദേശം മരുഭൂമി സമാനമാവുകയും ചെയ്തു. അനേക വർഷങ്ങളോളം ഈ നില തുടർന്നു. ഇവയെല്ലാം കൊണാർക്ക് ക്ഷേത്രത്തിനെ നാമാവശേഷമാക്കി. ഇവിടം മുഴുവൻ കാട് പിടിച്ചു കിടന്നു. കാലക്രമേണ വന്യ ജീവികളുടെ വിഹാര കേന്ദ്രമായി ഇവിടം മാറി. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ കൊണാർക്ക്‌ ക്ഷേത്രം അതിന്റെ എല്ലാ മാഹാത്മ്യങ്ങളും നശിച്ച് ഒരു അസ്ഥി പഞ്ചരം പോലെ നില കൊണ്ടു. പകൽ സമയങ്ങളിൽ പോലും ഇവിടം സന്ദർശിക്കാൻ പരിസരവാസികൾ ഭയപ്പെട്ടു.

വാത്സ്യായന മഹർഷിയുടെ കാമ ശാസ്ത്രത്തിൽ പ്രതിപാദിക്കുന്ന ലൈംഗിക ചേഷ്ടകൾ ഇവിടെ ശില്പങ്ങളായി കാണാൻ കഴിയും. അംഗ ലാവണ്യം തെറ്റാതെ വളരെ സൂക്ഷ്മതയോടെ ആണ് ഓരോ ശില്പവും നിർമിച്ചിരിക്കുന്നത്. മനുഷ്യർ മാത്രമല്ല മൃഗങ്ങൾ പരസ്പരവും മൃഗങ്ങളും മനുഷ്യരും തമ്മിലുള്ളതുമായ ലൈംഗിക പ്രവൃത്തികളും ഇവിടെ ശില്പ രൂപത്തിൽ പ്രത്യക്ഷപെട്ടിരിക്കുന്നു. ബഹുസ്ത്രീ, ബഹുപുരുഷ എന്നിവ അതിൽ ചിലതാണ്.

പിന്നീട് പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടങ്ങളിൽ ഗവണ്മെന്റ് ഈ സ്ഥലം ഏറ്റെടുക്കുകയും സംരക്ഷണ പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തു. ഇന്ന് സംസ്ഥാന കേന്ദ്ര ഗവണ്മെന്റുകൾ കൊണാർക്ക്‌ ക്ഷേത്രത്തിന്റെ സംരക്ഷണത്തിൽ അതീവ ശ്രദ്ധ ചെലുത്തുന്നു. ഇന്ന് ഇന്ത്യക്ക് അകത്തും പുറത്തുമുള്ള ഒരുപാട് സന്ദർശകരെ ഈ ക്ഷേത്രം ആകർഷിക്കുന്നു. ക്ഷേത്രത്തിൽ ആരാധന അനുവദിക്കണം എന്ന ആവശ്യം ഒറീസ്സയിലെ വിവിധ ഹിന്ദു സംഘടനകൾ ഉന്നയിച്ചു എങ്കിലും സർക്കാർ അത് തള്ളി കളയുകയാണു ചെയ്തത്.

No comments:

Post a Comment