ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

22 August 2016

ജാഗ്രത് സ്വപ്ന സുഷുപ്തി അവസ്താത്രയങ്ങൾ

ജാഗ്രത് സ്വപ്ന സുഷുപ്തി അവസ്താത്രയങ്ങൾ

ബോധത്തിന്റെ ഏറ്റവും ഉന്നതമായ പ്രാകട്യത്തെ പുണരുവാനെന്ന നിലയ്ക്ക്‌ മനുഷ്യനെ നിരീക്ഷണവിഷയമാക്കിയ ഋഷികള്‍ അവന്റെ വിജ്ഞാനഗുണവിശേഷങ്ങളെയും അവന്‍ സാധാരണമായി അനുഭവിച്ചുവരുന്ന ബോധതലത്തിന്റെ വിവിധ പതനങ്ങളേയും അപഗ്രഥനാത്മകമായി പരീക്ഷിച്ചുനോക്കി. മനുഷ്യന്റെ ബോധാവസ്ഥകളെ ക്രമമായും പൂര്‍ണമായും നിരീക്ഷിച്ച്‌ അവര്‍ അവനെ മൂന്നാക്കി തരംതിരിച്ചു. അതാണ്‌ ജാഗ്രത്‌-സ്വപ്ന-സുഷുപ്ത്യവസ്ഥകള്‍.

ജാഗ്രത്തിൽ അനുഭവിച്ച എല്ലാം സ്വപ്നത്തിൽ നഷ്ടമാകുന്നു. സ്വപ്നത്തിൽ അനുഭവിച്ചതെല്ലാം സുഷുപ്തിയിൽ നഷ്ടമാകുന്നു. സുഷുപ്തിയിൽ ഞാൻ പോലുമില്ല, സുഖാനുഭവം മാത്രം. ഇവിടെ എല്ലാ സങ്കല്പ്പങ്ങളും ലയിച്ച് പോകുന്നു. സുഷുപ്തിയിൽ എല്ലാ സംസാര ക്ലേശങ്ങളും അസ്തമിക്കുന്നു. എല്ലാ ഭേദങ്ങളും അവസാനിക്കുന്നു. വേദാന്തം പറയുന്നു 'ബ്രാഹ്മണൻ ബ്രാഹ്മണനല്ലാതാകുന്നു, ചണ്ടാലൻ, ചണ്ടാലനല്ലാതാകുന്നു, അച്ഛൻ അച്ഛനല്ലാതാകുന്നു, മകൻ മകനല്ലാതാകുന്നു, ദു:ഖിയും സുഖിയായി തീരുന്നു.

സുഷുപ്തി ബ്രഹ്മാനുഭവത്തിന്റെ അടുത്ത് എത്തിയപോലെയാണ്. ബ്രഹ്മാനുഭവത്തിൽ പൂർണ ആനന്ദം ഒരു മറയും കൂടാതെ അനുഭവപ്പെടുന്നു. സുഷുപ്തിയിൽ സങ്കൽപ്പങ്ങൾ ലയിച്ചു ഒരു മറയായി നിന്ന് അനുഭവത്തെ മൂടിനിൽക്കുന്നു. അത്ര മാത്രമേ ഉള്ളു വ്യത്യാസം.

പൂർണ ആനന്ദാനുഭവത്തിൽ എല്ലാ ഭേദ ചിന്തകളും വിട്ടകലുന്നു എല്ലാ ഭേദ ചിന്തകളും വിട്ടകന്നാൽ പൂർണ ആനന്ദാനുഭവം. പലതുണ്ടെന്നുള്ള ചിന്തയാണ് ആനന്ദാനുഭവത്തെ മറക്കുന്നത്. അപ്പോൾ എന്താ വേണ്ടത്. ഇവിടെ അല്പ്പം പോലും പലതില്ല, ഒരേ ഒരഖണ്ഡ ബോധ സത്യം മാത്രമേ ഉള്ളു എന്ന് വിചാരം ചെയ്ത് ഉറപ്പിക്കു. അവിടെ മാത്രമേ മോക്ഷം സാധ്യമാകൂ. സംസാര ദുഃഖം അന്നേ മാറി കിട്ടു.

ജനകനോട്  മാർക്കൻഡെയ മഹര്ഷി പറഞ്ഞത്, സ്വപ്നത്തിലെ പരാജിതനും ദുഖിതനുമായ ജനകന്റെ ലോകം സത്യമല്ല അതുപോലെതന്നെ ജാഗ്രദാവസ്ഥയിൽ ഇപ്പോൾ സിംഹാസനത്തിൽ ഇരിക്കുന്ന ജനകനും സത്യമല്ല, പിന്നെയോ നീ (ഞാൻ) മാത്രമാണ് സത്യം എന്നാണ്. ഒറ്റ നോട്ടത്തിൽ അത് നമ്മുടെ സാമാന്യ യുക്തിക്ക് ചേര്ന്നതല്ല എന്ന് നമുക്ക് തോന്നാം. നമ്മുടെ കുടുംബവും, മക്കളും അടങ്ങുന്ന ഈ ലോകം, ശാസ്ത്രവും സാങ്കേതിക വിദ്യകളും എല്ലാം നാം അനുഭവിക്കുന്ന, വിശപ്പും ദാഹവും നാം യാധാര്ത്യമായി അനുഭവിക്കുന്ന ഈ ജീവിതം, ജനനവും മരണവും, സന്തോഷവും സങ്കടവും എല്ലാം ഇടകലര്ന്ന ഈ ലോകം എങ്ങനെ സത്യമാല്ലാതാവും?

അപ്പോൾ മറിച്ചൊരു ചോദ്യം ചോദിക്കാം, സ്വപ്നത്തിലും നിങ്ങൾ കണ്ടതെല്ലാം ഇതുപോലെത്തന്നെ നിങ്ങള്ക്ക് അനുഭവവേദ്യമായിരുന്നില്ലേ? ആ സമയത്ത് നിങ്ങള്ക്ക് അതിൽ എന്തെങ്കിലും സംശയം ഉണ്ടായിരുന്നോ? നിങ്ങൾ സ്വപ്നം കാണുകയാണ് എന്ന് നിങ്ങള്ക്ക് അറിയില്ലായിരുന്നല്ലോ?

അതിനും നമുക്ക് ഉത്തരം ഉണ്ട്. ജാഗ്രദാവസ്ഥയിൽ, എനിക്ക് ഇന്നലെ കണ്ട സ്വപ്നം ഓര്മ്മയുണ്ടല്ലോ, എന്നാൽ സ്വപ്നത്തിലെ എനിക്ക് ജാഗ്രദാവസ്തയിലെ കാര്യങ്ങൾ ഒന്നും ഓര്മ്മ ഇല്ലായിരുന്നു. അപ്പോൾ എന്റെ യഥാര്ഥ അവസ്ഥ ഈ ജാഗ്രദ് ആണെന്നും മറ്റേ അവസ്ഥ, അതായത് സ്വപ്നാവസ്ഥ, ഇതിന്റെ ഒരു അവസ്ഥാന്തരം മാത്രമാണെന്നും പറയാൻ കഴിയില്ലേ?
വേദാന്തം ഒരു തര്ക്ക ശാസ്ത്രമല്ല. നിന്റെ (എന്റെ) അനുഭവത്തിലൂടെ ഈ മഹാപ്രപഞ്ചത്തിന്റെ ആത്യന്തികമായ അര്ഥം എന്ത് എന്നുള്ള അന്വേഷണമാണ്, അതുമായി താതാമ്യം പ്രാപിക്കലാണ്, അതായി മാറലാണ്.

അങ്ങനെ, അനുഭവത്തിന്റെ തലത്തിൽ നിന്നുകൊണ്ട് മാൻഡൂഖ്യം ബോധത്തിന്റെ വിവിധ തലങ്ങളെ പരിശോധിക്കുന്നു. 

'അവസ്ഥാത്രയങ്ങൾ' എന്നാണ് അവ അറിയപ്പെടുന്നത്. ജാഗ്രത് (Walker) സ്വപ്ന (Dreamer) സുഷുപ്തി (Deep Sleep‌) ഇവയാണ് ആ മൂന്നു തലങ്ങൾ.

ഈ മൂന്നു അവസ്ഥകളിലും 'ഞാൻ' ഉണ്ടെന്നുള്ളതിൽ തര്ക്കമില്ലല്ലോ. ഈ വസ്തകളെ ഒന്ന് താരതമ്യം ചെയ്യ്തു നോക്കുകയാണെങ്കിൽ, ജാഗ്രദാവസ്ഥയിൽ നമുക്ക് വസ്തു ബോധം ഉണ്ട്, നമ്മളിലും നമുക്ക് വെളിയിലും ഉള്ള വസ്തുക്കൾ നമുക്ക് അനുഭവ വേദ്യമാണ്.  സ്വപ്നാവസ്തയിലും ഇത് അങ്ങനെ തന്നെയുണ്ട്‌ പക്ഷെ ഒന്നും നമുക്ക് വെളിയിൽ അല്ല, എല്ലാം നമ്മുടെ ഉള്ളിലാണ് നടക്കുന്നത്. ആ ദ്ര്ശ്യങ്ങൾ എല്ലാം നമുക്ക് മാത്രം കാണാവുന്നതാണ്. ഒരു മുറിക്കുള്ളിലേക്ക് ഒരു ടോർച്ച് അടിച്ചു നോക്കുന്നതുപോലെ, നമ്മുടെ ഉള്ളിൽ മാത്രം പ്രകാശിക്കുന്നു. സ്വയം പ്രകാശിക്കുന്ന ഒരു മിന്നാമ്മിന്നിയെപോലെ, അതുകൊണ്ട് ഇതിനെ തൈജസം എന്നുകൂടെ പറയുന്നു. (തൈജസം എന്നാൽ മിന്നാമ്മിന്നി എന്നാണ് അര്ഥം). മൂന്നാമത്തെ അവസ്ഥയായ സുഷുപ്ത്തിയിൽ, ഉള്ളിലും വെളിയിലും നമുക്ക് വസ്തു ബോധം ഇല്ല. പക്ഷെ 'ഞാൻ' അവിടെ ഇല്ലാതാവുന്നില്ല, അതുകൊണ്ടാണല്ലോ തുടർന്ന് വരുന്ന ജാഗ്രദാവസ്ഥയിൽ ഈ സുഷുപ്തിയിൽനിന്നും ലഭിച്ച ശാന്തിയും സമാധാനവും നമുക്ക് ഓര്മ്മ വരുന്നത്. ഈ അവസ്ഥയിൽ വസ്തുനിഷ്ട്ടം ആത്മനിഷ്ട്ടം എന്നീ രണ്ടവസ്തകളും പരസ്പ്പരം ലയിച്ചു ചേർന്ന്, തത്കാലത്തേക്ക്, കാരണരൂപമായ, ‘പാരമാര്ധിക’ അവസ്ഥയിലേക്ക് എത്തുന്നു. അതിനെ നമുക്ക് 'സ്വയം പ്രകാശിതമല്ലാത്ത ബോധം' എന്ന് വിളിക്കാം. ഒരുവിധത്തിലുള്ള ആഗ്രഹമോ, ദുഖമോ, സന്തോഷമോ ഈ അവസ്ഥയിൽ ഇല്ല, അതുകൊണ്ട് അത് സമാധിക്ക് തുല്യമായി കണക്കാക്കാം.
മുന്പറഞ്ഞ അവസ്താത്രയങ്ങൾക്കും അപ്പുറം, നാലാമതൊരു അവസ്ഥയും കൂടി ഉണ്ടെന്നു വേദാന്തം പഠിപ്പിക്കുന്നു. ‘തുര്യം’ എന്നാണു ഈ അവസ്ഥയെ പറയുന്നത്. ‘തുര്യം’ എന്നാൽ നാലാമത്തെ എന്ന് മാത്രമേ അർധമുള്ളു. അത് നിർവികൽപ്പ സമാധി ആണ്. 'നാലാമത്തെ' അവസ്ഥ എന്ന് പറയുമ്പോൾ മറ്റു മൂന്നു അവസ്തയുംപോലെ നാലാമത്തെ വേറൊരു അവസ്ഥ എന്ന് മനസ്സിലാക്കാൻ പാടില്ല. അത് മറ്റു മൂന്നവസ്തകളെയും പൊതിഞ്ഞു നിക്കുന്ന ഒറ്റ അവസ്ഥയാണ്, Comprehensive Whole എന്നൊക്കെ പറയുന്നതുപോലെ. മറ്റൊരു രീതിയിൽ പറഞ്ഞാൽ, നാം ഒരു രൂപയെടുത്താൽ കാൽ രൂപ എന്ന് ആദ്യത്തെ നാലിലൊന്നിനെ വിളിക്കാം, രണ്ടാമത്തെ നാലിലൊന്ന് ആകുമ്പോൾ അത് അര രൂപയാണ്, മൂന്നാമത്തെ നാലിലൊന്ന് മുക്കാലും നാലാമത്തെ നാലിലൊന്നാവുമ്പൊൽ അത് ഒരു രൂപയാണ്, അങ്ങനെ.

വേദാന്ത പ്രകാരം ഈ മൂന്നവസ്ഥകളും മാറ്റത്തിന് വിധേയമാണ്. ഒന്നില്നിന്നും മറ്റെതിലെക്കും അതില്നിന്നും അടുത്തതിലേക്കും, എന്നിങ്ങനെ. ബോധത്തിന്റെ ഈ മാറ്റം അറിയുവാൻ മാറ്റമില്ലാത്ത ഒന്നിന് മാത്രമേ കഴിയു. അതിനു മാത്രമേ ഒരു സാക്ഷി ആവാൻ കഴിയു. അതാണ്‌ പരമമായ പൊരുൾ, 'ഞാൻ'. അത് (ഞാൻ) അറിയപ്പെടാവുന്നതല്ല, അറിയുന്നതാണ്. അതാണു 'ശുദ്ധ ബോധം' (pure consciousness).

പടിഞ്ഞാറൻ മനശാസ്ത്രഞ്ഞരായ ഫ്രോയിഡ്, യുങ്ങ് തുടങ്ങിയവർ, എന്ന് വേണ്ട അറിസ്ടിട്ടിൽ പോലും സുഷുപ്തിയുടെ പ്രാധാന്യത്തെ, ജാഗ്രദാവസ്തയുടെ വിഷമതികളിൽനിന്നും നമുക്ക് പരിപൂർണ വിശ്രമത്തിന്റെ ഒരു ഉപാധി എന്ന് മാത്രമേ കണ്ടിട്ടുള്ളു. എന്നാൽ ഉപനിഷദ് ദ്രുഷ്ട്ടക്കളായ മുനിമാര് അതിനെ പ്രപഞ്ച കാരണരൂപമായ ശുദ്ധ ബോധത്തിന്റെ പടിവാതിൽ ആയി ആണു കണ്ടത്. അവിടെയാണ് അതിന്റെ പ്രധാന വൈരുധ്യവും. മറ്റുള്ളവർ സുഷുപ്ത്തിയെ ഒരു അബോധാവസ്തയായി കണ്ടപ്പോൾ, ഭാരതീയ ഋഷികൾ അതിനെ ബോധത്തിന്റെ മൂലക്കല്ലായി കണ്ടു. സുഷുപ്തിയിൽ ‘ഞാൻ’ (ബോധം) 'പ്രഗ്ഞ്ഞ' യുടെ രൂപത്തിൽ സ്ഥൂലവും സൂക്ഷമവുമായ പരിധികൾ ഒന്നുമില്ലാതെ ‘ആനന്ദ’ (Bliss) രൂപത്തിൽ നിലനിക്കുന്നു. അപ്പോൾ പിന്നെ ജാഗ്രത്-സ്വപ്ന-സുഷുപ്തി അവസ്ഥകൾക്ക് ‘തുര്യ’ വുമായി എന്താണ് അടിസ്ഥാന വ്യത്യാസം എന്ന ചോദ്യം ഉയരാം. അതിനുത്തരം ഈ മൂന്നവസ്തയിലും അജ്ഞാനം നിലനിക്കുന്നു എന്നതാണ്. എന്താണ് ആ അജ്ഞാനം? ഈ അവസ്ഥകൾ ഒന്നും ‘ഞാനാണ് അത്’ എന്ന് അറിയുന്നില്ല, അതാണ്‌ അജ്ഞാനം. 
                        
നാമെല്ലാം ദിവസവും അനുഭവിക്കുന്ന ഗാഡനിദ്ര എന്ന അവസ്ഥയ്ക്കും അപ്പുറം കടന്നാൽ കാരണരൂപമായ കേവല ബോധത്തിൽ എത്തിച്ചേരാം, അവിടെ നമ്മുടെ അജ്ഞാനം നീങ്ങിക്കിട്ടും, എങ്ങിനെയെന്നാൽ മങ്ങിയ വെളിച്ചത്തിൽ കിടക്കുന്ന കയറുകണ്ട്, അത് പാമ്പ്‌ ആണെന്ന് തെറ്റിദ്ധരിച്ചു നാം പിന്മാറുന്നു. നല്ല വെളിച്ചത്തിൽ അത് കയറു മാത്രമാണെന്നും അതിൽ പാമ്പ്‌ എന്ന ഇല്ലാത്തതിനെ ആരോപിക്കപ്പെട്ടതായിരുന്നു എന്നും നമുക്ക് മനസ്സിലാവുന്നതുപോലെ. അപ്പോൾ അത് നാം തന്നെയെന്നു നമുക്ക് മനസ്സിലാവും എന്നാണു ഉപനിഷത്തുക്കൾ അവകാശപ്പെടുന്നത്.

മതപരമായ പ്രസ്താവങ്ങൾ പോലെയുള്ള വെറും അവകാശ വാദങ്ങൾ അല്ല ഇവ, അവിടെ എത്തിച്ചേരാനുള്ള പടിപടിയയുള്ള വഴി പതഞ്‌ജലി തന്റെ യോഗസൂത്രതിലൂടെ പറഞ്ഞു തരുന്നുമുണ്ട്. ആർക്കുവെണമെങ്കിലും അത് പരീക്ഷിച്ചു തെറ്റോ ശരിയോ എന്ന് തീര്ച്ചപ്പെടുത്താവുന്നതുമാണ്‌. 

കടപ്പാട് ; ജിനേഷ് പാലക്കല്‍
Head admin (ഹൈന്ദവവിശേഷം ,തത്ത്വമസി ,ഗുരുകുലം )

🗣🕉🕉🕉
H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚

No comments:

Post a Comment