ശിവം എന്നുപറഞ്ഞാല്‍ എല്ലാ ചലനങ്ങള്‍ക്കും അപ്പുറത്ത് അനന്തമായി വ്യാപിച്ചു നില്‍ക്കുന്ന സത്യവസ്തു ഏതോ അതിന്റെ പേരാണ് ശിവം. ഈ കാണുന്ന ബ്രഹ്മാണ്ഡമായി പരിണമിച്ചതും അതുതന്നെയാണ്.ചലനമില്ലാതെ എന്നും അതുതന്നെയായി സ്ഥിതിചെയ്യുന്ന ആനന്ദസ്വരൂപമാണ് അത്. ബ്രഹ്മംഎന്ന് വിളിക്കുന്നതും അതിനെത്തന്നെയാണ്. യാതൊരു ചലനങ്ങളും സ്പര്‍ശിക്കാതെ നില്‍ക്കുന്ന ഈ ശിവത്തില്‍ സൃഷ്ടിക്ക് വേണ്ടിയുള്ള ആദ്യ ചലനങ്ങള്‍ ആവിര്‍ഭവിക്കുന്നു. ആ സാന്നിദ്ധ്യത്തെയാണ് ആദിമ ഇച്ഛയായി ആദിശക്തി, ആദിശക്തിയായി ശാസ്ത്രങ്ങള്‍ ഉദ്ഘോഷിക്കുന്നത്. അപ്പോള്‍ നിത്യസത്യമായി ചലനമില്ലാതെ നിലകൊള്ളുന്ന ആ പ്രതിഭാസത്തില്‍നിന്ന് ആദിമ ഇച്ഛയുടെ ചലനങ്ങള്‍ പ്രത്യക്ഷപ്പെടുന്നതോടെ സൃഷ്ടി ആരംഭിക്കുകയായി. അതാണ്, ശിവശക്തികളുടെ സംഗമത്തില്‍നിന്നാണ് സൃഷ്ടി ഉണ്ടാകുന്നതെന്ന് പറയുന്നത്. ശക്തി ശിവനില്‍ ലയിച്ചിരിക്കുമ്പോള്‍ പ്രപഞ്ചമില്ല, സൃഷ്ടിയും ഇല്ല. ശക്തിയില്ലെങ്കില്‍ ശിവന് ഇളക്കമില്ല. കാരണം ഇളകണമെങ്കില്‍ ശക്തി വേണമല്ലോ. നമ്മുടെ ശരീരം ചലിക്കുന്നു. മനസ്സ് ചലിക്കുന്നു. ഈ ചലനങ്ങക്ക് നിദാനം ആ ശക്തി തന്നെയാണ്. നമ്മളെ പ്രവര്‍ത്തിപ്പിക്കുന്ന ആ ശക്തി എല്ലാറ്റിനും സാക്ഷിയായി നില്‍ക്കുന്ന നിശ്ചലാവസ്ഥയാകുന്ന ശിവത്തില്‍ ലയിച്ചാല്‍ പിന്നെ സൃഷ്ടിയില്ല, പ്രപഞ്ചവും ഇല്ല. എല്ലാ ചലനങ്ങളും ഒതുങ്ങി അസ്തമിച്ച് നില്‍ക്കുന്ന അവസ്ഥതന്നെയാണ് സമാധി. ചലിക്കുന്നതെല്ലാം ആപേക്ഷികമാണ് എന്ന് പറഞ്ഞാല്‍ അതിന് മാറ്റമുണ്ട്. ചലനമില്ലാത്തത് നിത്യസത്യമായ അനന്തതമാത്രം. ചലനങ്ങളില്‍നിന്നും ചലനമില്ലാത്ത അവസ്ഥയെ പ്രാപിക്കുമ്പോള്‍ നമുക്ക് നേടേണ്ടതെല്ലാം അവിടെനിന്നും സിദ്ധിക്കുന്നു. നാം പരമമായ ജ്ഞാനം നേടിയവരായിത്തീരുന്നു. അപ്പോള്‍ ജീവിത ചലനങ്ങളിലൂടെ പ്രപഞ്ച ചലനങ്ങളിലൂടെ എങ്ങോട്ട് യാത്ര ചെയ്യുന്നു? ചലനമില്ലാത്ത ശിവത്തിലേക്ക്. ശിവത്തെ അറിഞ്ഞവന്‍ ജ്ഞാനിയായി. അതോടെ നമ്മുടെ ജീവിതം മറ്റൊന്നായിത്തീരുന്നു. പിന്നീട് ഭയമില്ല, മനസ്സിന്റെ വ്യാമോഹങ്ങളില്ല. ഇന്ദ്രിയസുഖങ്ങള്‍ക്ക് പുറകില്‍ നെട്ടോട്ടമില്ല. എല്ലാം അതിന്റെ പരിപൂര്‍ണതയില്‍ പരിലസിക്കുന്നു. ആത്മനിര്‍വൃതിയുടേയും നിത്യതൃപ്തിയുടേയും ഭൂമിയില്‍ നമ്മുടെ ആത്മാവ് വിലയം പ്രാപിച്ച് പരമമായ ശാന്തി കൈവരിക്കുന്നു. ശിവത്തെ അറിഞ്ഞ് തിരിച്ചു വരുന്നതോടെ നമ്മുടെ ജീവിതത്തിലെ എല്ലാ തലങ്ങളിലും എല്ലാ ചലനങ്ങളിലും പുതിയൊരു വസന്തം വിരിയുകയായി. നമ്മുടെ ജീവിതം ദിവ്യമായ ഒരു സംഗീതമായി ഒഴുകാന്‍ തുടങ്ങുകയായി. മനുഷ്യശരീരമാകുന്ന കൊച്ചു പേടകത്തില്‍ ഈ ബ്രഹ്മാണ്ഡത്തെത്തന്നെ ഒതുക്കിവെച്ച മഹാത്ഭുതം നാം സ്വയം അനുഭവിക്കുന്നു. നമ്മുടെ ശാസ്ത്രങ്ങളും ആചാര്യവചനങ്ങളും ഈ അവസ്ഥയെ പ്രാപിക്കാനുള്ള ചൂണ്ടു പലകകളാണ്.
H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚
No comments:
Post a Comment