ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

3 August 2016

ഗജേന്ദ്രമോക്ഷം

ഗജേന്ദ്രമോക്ഷം

ത്രികൂടപര്‍വ്വതത്തില്‍ അനേകം ജീവജാലങ്ങള്‍, അനേകം ജന്തുക്കള്‍, സുഖമായി വസിക്കുന്നു.  അവിടെ ഒരു ആനക്കൂട്ടം. ആ ആനക്കൂട്ടത്തിന്‌ ഒരു നേതാവ്‍, ഒരു ലീഡര്‍ ഉണ്ട്‍, പേര്‌ ഗജേന്ദ്രന്‍. സാധാരണ സിംഹത്തിനാണ്‌ വനരാജന്‍, മ്ര്‌ഗരാജന്‍ എന്നൊക്കെ പറയാറ്‍. ഇവിടെ ആനക്കൂട്ടത്തിന്റെ നേതാവിനാണ്‌ ആ കാട്ടിലെ ലീഡര്‍ എന്ന അര്‍ത്ഥത്തില്‍ ഗജേന്ദ്രന്‍ എന്ന പേര്‌ കിട്ടിയിട്ടുള്ളത്‍. 

*വാരണയൂഥപത്‍* - വാരണം എന്നാല്‍ ആന. വാരണം എന്നാല്‍ വിഘ്നം, തടസ്സം എന്നും അര്‍ഥമുണ്ട്‍. ഇവിടെ ഗജം എന്നര്‍ഥം. വാരണയൂഥമെന്നാല്‍ ആനക്കൂട്ടം. അതിന്റെ പതി, നായകന്‍ എന്ന്‍ വാരണയൂഥപത്‍ എന്ന വാക്കിനര്‍ഥം. 

എന്താ തനിക്ക്‍ അവിടേയ്ക്കൊക്കെ ഒന്ന്‍ വന്നുകൂടേ എന്ന്‍ തിരുമനസ്സ്‍ ഒരിക്കല്‍ നമ്പ്യാരോട്‍ ചോദിച്ചപ്പൊ, നമ്പ്യാര്‌ കൊടുത്ത മറുപടി ഇങ്ങനെയായിരുന്നു.

വാരണമുണ്ടങ്ങയ്ക്കകത്ത്‍ കേറാന്‍
വാരണമുണ്ടടിയനകത്ത്‍ കേറാന്‍

അതുമാത്രമല്ല -

അരിയുണ്ടശിക്കാനങ്ങയ്ക്കനവധി
അരിയുണ്ടടിയനവിടേക്കുഗമിക്കാന്‍

അങ്ങയ്ക്ക്‍ അകത്തുകേറാന്‍ വാരണമുണ്ട്‍, ആനയുണ്ട്‍. എന്നാല്‍ അതുപോലെയല്ല എന്റെ കാര്യം. എനിക്ക്‍ അകത്തു കയറാന്‍ വാരണമുണ്ട്‍, വിഘ്നമുണ്ട്‍, വിലക്കുണ്ട്‍. 

അങ്ങക്ക്‍ അശിക്കാന്‍, ഭക്ഷിക്കാന്‍ ധാരാളം അരിയുണ്ട്‍, അങ്ങയെ കാണാന്‍ വരാന്‍ എനിക്ക്‍ കുറെ അരിയുണ്ട്‍, അരി-ശത്രു- ശത്രുക്കളുമുണ്ട്‍, എന്ന്‍ കവിയുടെ മറുപടിയും വന്നു. വാരണങ്ങളൊക്കെ നീക്കി പ്രതിമാസം ഒരു അലവന്‍സ്‍ തിരുമനസ്സ്‍ തീര്‍പ്പാക്കി എന്നൊക്കെ കഥകളുണ്ട്‍.  വാരണശബ്ദം വന്നപ്പൊ സൂചിപ്പിച്ചതാണ്‌ ഇത്‌. അല്ലാതെ സാംഗത്യമൊന്നുമില്ല.

ആ ഗജേന്ദ്രന്‍ ആനക്കൂട്ടത്തെയും കൂട്ടി, പിടിയാനകളുടെയും മറ്റ്‍ കൊമ്പനാനകളുടെയും കൂടേ കാട്ടിലൂടെ, അവിടെയുള്ള വമ്പന്‍ മരങ്ങളെയും വള്ളിപ്പടര്‍പ്പുകളെയും കൂര്‍ത്തുമൂര്‍ത്ത മുള്ളുകളുള്ള മരങ്ങളെയും എല്ലാം കുത്തിമറിച്ചിട്ട്‍ കാട്‍ മുഴുവനും ഇളക്കിമറിച്ച്‍ കാടിനെ മുഴുവനും നാടാക്കി മാറ്റി നശിപ്പിച്ചുകൊണ്ട്‍, ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍, അടിച്ച്‍പൊളിച്ച്‍, അങ്ങനെ ജീവിച്ചുവന്നു.

മറ്റ്‍ ജീവികളൊക്കെ അവിടുന്ന്‍ പലായനം ചെയ്ത്‍ മറ്റൊരു സ്ഥലത്തേയ്ക്ക്‍ അഭയാര്‍ത്ഥികളായി പോയി. 

ചേന്നായ്‍ക്കള്‍ കാട്ടുപന്നികള്‍ കാട്ടുപോത്തുകള്‍ മൂരികള്‍ മുള്ളമ്പന്നികള്‍ മാനുകള്‍ മുയലുകള്‍ കുരങ്ങുകള്‍ തുടങ്ങി എല്ലാ ജീവികളും, അയ്യയ്യോ, ഈ ഗജേന്ദ്രനെക്കൊണ്ടും ആനക്കൂട്ടത്തെക്കൊണ്ടും ഈ കാട്ടില്‍ ജീവിയ്ക്കാന്‍ പറ്റാതായല്ലോ എന്ന്‍ ദു:ഖിച്ച്‍ അവരൊക്കെ ആനക്കൂട്ടത്തിന്റെ ദ്ര്‌ഷ്ടിപതിയ്ക്കാത്ത ദൂരത്തേയ്ക്ക്‍ പോയി. 

ആ കാട്ടിലുള്ള പാമ്പുകളും പക്ഷികളുംകൂടി വാരണയൂഥത്തെ പേടിച്ച്‍ നാടുവിട്ടു എന്ന്‍ ഭാഗവതകാരന്‍ പറയുന്നു.  

നല്ല ഗൗരവമുള്ള ക്ര്‌ഷ്ണസര്‍പ്പങ്ങള്‍ - മൂര്‍ഖന്‍പാമ്പുകള്‍പോലും ഭയാദ്‍ ദ്രവന്തി - ഭയത്താല്‍ ആര്‍ദ്രഭാവരായി, അവിടുന്ന്‍ സ്ഥലം വിട്ടു. 

ധരണി ധരിപ്പാനെളുതല്ലാഞ്ഞിട്ടുരഗാധിപതി വലഞ്ഞീടുന്നു എന്ന കവിവാക്യം ശ്രദ്ധേയം.

സര്‍പ്പാണാമസ്മി വാസുകിം - സര്‍പ്പങ്ങളില്‍ ഞാന്‍ വാസുകിതന്നെയാണെന്ന്‍ വിഭൂതിയോഗത്തില്‍ ഭഗവാന്‍ പറയുന്ന അത്തരം -മഹോരഗാശ്ച അപി - മഹാ ഉരഗങ്ങള്‍ പോലും അവിടുന്ന്‍ പോയി എന്ന്‍ സാരം.

ഇവിടെ ഞാനും എന്റെ കുടുംബവും എന്റെ അണികളും മാത്രമേ ജീവിയ്ക്കാന്‍ പാടൂ. എന്റെ കൂടെ കൂടാത്ത ആരെയും ഇവിടെ ജീവിയ്ക്കാന്‍ അനുവദിയ്ക്കില്ലാ. എനിയ്ക്ക്‍ എതിര്‌ പറയുന്ന ഒരാളും ഇവിടെ ഉണ്ടാവരുത്‍. ഒരു ഓലപാമ്പുംകൂടി എന്റെ പ്രദേശത്ത്‍ തലപൊക്കരുത്‍. ഒരു കയ്യുപോലും എനിക്കെതിരെ ഉയര്‍ന്നാല്‍ ആ കൈവെട്ടും. അത്‍ ആരുതന്നെയായാലും വേണ്ടില്ല. എനിയ്ക്കെതിരെ എന്തെങ്കിലും പറഞ്ഞാല്‍ അവനെ ഒറ്റ വെട്ടിന്‌ പണി കഴിയ്ക്കും. വേണ്ടിവന്നാല്‍ പതിനൊന്നോ ഇരുപത്തൊന്നോ അമ്പത്തൊന്നോ വരെ വെട്ടാനും ഞാന്‍ മടിയ്ക്കില്ല. എന്റെ ശക്തി, എന്റെ ബലം, എന്റെ കൂടെയുള്ള കൊമ്പന്മാര്‍, വമ്പന്മാര്‍, അവരൊക്കെ എന്നെപ്പോലെത്തന്നെ ബലവാന്മാരാണ്‌. എന്റെ കൂടെയുള്ള പിടിയാനകള്‍ അത്ഭുതകരമായ ശക്തിയുള്ളവരാണ്‌.  ഈ കാട്ടില്‍,  ഈ നാട്ടില്‍, ഗജേന്ദ്രനെന്ന്‍ ഒരു പുതിയ പട്ടം ചാര്‍ത്തിയ ഞാനും എന്റെ കൂട്ടക്കാരും മാത്രമേ പാടുള്ളു എന്ന്‍ ഉദ്‍ഘോഷിച്ചും ആക്രോശിച്ചുംകൊണ്ട്‍ ആ ഗജേന്ദ്രന്‍ മദോന്മത്തനായി ജീവിച്ചു. 

അങ്ങനെ അഹങ്കരിച്ച്‍, തന്റെ ശരീരബലവും ബുദ്ധിബലവും സംഘബലവും എല്ലാംകൊണ്ട്‍ അഹങ്കാരം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ച്‍ നാട്ടിലുടനീളം വീമ്പ്‍ കാണിച്ച്‍ നടക്കുകയാണ്‌ ആ ഗജേന്ദ്രന്‍. അങ്ങനെ നടക്കുമ്പോള്‍ ഒരു ദിവസം വെയിലിന്റെ ചൂട്‌ സഹിയ്ക്കാതെ ഗജേന്ദ്രന്‌ വല്ലാത്ത  ക്ഷീണംതോന്നി.

ശരീരത്തില്‍നിന്ന്‍ -മദച്യുത്‍- മദജലം ഒരുപാട്‌ പൊട്ടി ഒഴുകി.  ഗജേന്ദ്രനെ സ്വൈരംകെടുത്താനെന്നപോലെ ആ മദജലത്തിന്റെ ഗന്ധംകാരണം കുറെ വണ്ടുകളും ഒപ്പം കൂടി.

നേതാവിന്‌ വല്ലാത്ത ക്ഷീണം. കയ്യിലുള്ള സമ്പാദ്യമൊക്കെ കുറഞ്ഞു കുറഞ്ഞുവന്നു. കൂടെയുള്ളവരെയൊക്കെ തീറ്റിപ്പോറ്റണ്ടേ. അവര്‍ക്കൊക്കെ എന്നും പണം വേണം. പണത്തിന്റെ ആര്‍ത്തി അവര്‍ക്കും മൂത്ത്‍മൂത്ത്‍ വന്നു. പലതും പറഞ്ഞ്‍ വേണ്ടിയും വെറുതെയുമൊക്കെ പണം പിടുങ്ങാന്‍ തുടങ്ങി. വീട്ടുകാരും ബന്ധുക്കളുമൊക്കെ പലവശത്തുനിന്നും നല്ല വലി വലിക്കാന്‍ തുടങ്ങി. എന്നാലും അവരെയൊക്കെ സഹായിച്ചുകൊണ്ടിരുന്നു. ലീഡര്‌ ഒന്നും പുറത്തേക്ക്‍ കാണിച്ചില്ല, ഒന്നും പറഞ്ഞതുമില്ല. പറഞ്ഞാല്‍ അതിന്റെ ഫലം വിപരീതമായാലോ എന്ന ഒരു ഭയം. മറ്റുള്ള ജീവികളൊക്കെ ഓടിപ്പോയതുപോലെ ഇവരും എങ്ങോട്ടെങ്കിലും പോയാലോ, വേറെ ആരെയെങ്കിലും നേതാവാക്കിയാലോ എന്ന ഭയം. മറ്റുള്ളവരെയൊക്കെ ഒന്നിപ്പിച്ച്‍ തന്നെ ഒറ്റപ്പെടുത്തിയാലോ എന്ന ഭയം. അഭിമാനക്ഷതം വരുമോ എന്ന ഭയം.  ഭോഗേ രോഗഭയം കുലേ ച്യുതിഭയം വിത്തേ ന്ര്‌പാലാത്‍ ഭയം - അങ്ങനെ പലവിധം ഭയം.

മറ്റുള്ള എല്ലാ ജന്തുക്കളെയും ഭയപ്പെടുത്തി, തന്റെ നാടിനെ മുഴുവനും നശിപ്പിച്ച്‍, എല്ലാത്തിനെയും ഭയപ്പെടുത്തി, ആനക്കൂട്ടത്തോടുകൂടി ആ ഗജേന്ദ്രന്‍ ഉന്മത്തനായി രസിച്ച്‍ ഉല്ലസിച്ച്‍ നടക്കുമ്പൊ സൂര്യന്റെ സഹിയ്ക്കവയ്യാത്ത ചൂടുകൊണ്ട്‍ വല്ലാതെ ക്ഷീണിച്ച്‍ അടുത്തുകണ്ട ഒരു തടാകത്തില്‍, അത്‍ എത്ര ആഴമുണ്ട്‍, അതില്‍ എന്തെങ്കിലും അപായം പതിയിരിക്കുന്നുണ്ടോ, എന്നൊന്നും നോക്കാതെ, കൂട്ടത്തോടെ, അതിലേക്ക്‍ ഇറങ്ങി.  

തടാകത്തില്‍ ഇറങ്ങി.  ഹായ്‌ !!  എന്ത്‍ നല്ല ജലം !  എന്തൊരു ശീതളിമ. നല്ല തണുത്ത വെള്ളം.  ഹായ്‍ !! എത്ര താമരകളാണ്‌ വിരിഞ്ഞ്‍ നില്‍ക്കണത്, എന്ത്‍ ഭംഗിയാണ്‌ കാണാന്‍, എന്നൊക്കെ തോന്നി.  കുറെ വെള്ളം കുടിച്ചു. ക്ഷീണമൊക്കെ പോയി. തുമ്പിയില്‍ വെള്ളം നിറച്ച്‍ പിടിയാനകളുടെ ദേഹത്ത്‍ ഒഴിച്ചു. അവരുമായി ഏറെനേരം ക്രീഡകളില്‍ ഏര്‍പ്പെട്ടു. 

അങ്ങനെയാണ്‌ ജീവിതം. ആദ്യമാദ്യം നല്ല സുഖമാണെന്നൊക്കെ തോന്നും. ശരീരത്തിന്‌,  കുളിര്‍മ തോന്നും. സ്പര്‍ശനസുഖത്താല്‍ ശീതളിമ തോന്നും. വിരിഞ്ഞു നില്‍ക്കുന്ന താമരപ്പൂക്കളെ കണ്ട കണ്ണുപോലെ, സൗന്ദര്യം കാണുമ്പൊ ദര്‍ശനേന്ദ്രിയത്തിന്‌ നല്ല സുഖമൊക്കെ തോന്നും. തടാകത്തിലെ താമരപ്പൂക്കളെ വിരിയിച്ച അതേ സൂര്യന്റെ ചൂടുകൊണ്ടുതന്നെയാണ്‌ താനും ക്ഷീണിച്ചത്‍ എന്ന്‍ അറിഞ്ഞില്ല. കാണാനുള്ള കഴിവ്‌ കണ്ണിന്റെയല്ല, ഹ്ര്‌ദയാകാശത്തിലെ സൂര്യന്റെ കഴിവാണെന്ന്‍ അറിഞ്ഞില്ല. പിടിയാനകളില്‍ നിന്ന്‍ കിട്ടുന്ന സ്പര്‍ശനസുഖം തന്റെതന്നെ ആത്മാവില്‍ നിന്നാണ്‌ വരുന്നത്‍ എന്ന്‍ അറിഞ്ഞില്ല.  തടാകത്തിന്റെ പകുതിയിലേറെ ചെളിയാണ്‌. വെള്ളം കുറച്ചേ ഉള്ളു. മറ്റുള്ള ജന്തുക്കളെ ആകര്‍ഷിയ്ക്കാനാണ്‌ നല്ല തെളിഞ്ഞ വെള്ളവും നിറയെ താമരപ്പൂക്കളും വിരിയിച്ചിട്ടുള്ളത്‍ എന്ന്‍ അറിഞ്ഞില്ല. അതാണ്‌ മായ.

ഒരു ഗ്രഹസ്ഥന്റെ അത്യന്തം ദു:ഖപൂരിതമായ ഒരു ചിത്രമാണ്‌, ഒരു വീഡിയോയാണ്‌, ഭാഗവതകാരന്‍ ഇവിടെ നമുക്ക്‍ കാണിച്ചുതരുന്നത്‍. 

തന്റെ വീട്ടുകാരിലൊക്കെ താന്‍ കരുണ കാണിയ്ക്കുകയാണ്‌, അവരെയൊക്കെ സ്നേഹിക്കുകയാണ്‌ താന്‍ ചെയ്യുന്നത്‍, തന്റെ ധര്‍മ്മം നിറവേറ്റുകയാണ്‌ ചെയ്യുന്നത്‍ എന്നൊക്കെ പറഞ്ഞ്‍ ജീവിക്കുന്ന ഗ്രഹസ്ഥന്‍ താനൊരു ഭയങ്കര ചളിക്കുണ്ടിലാണ്‌ വീണിരിക്കുന്നത്‍ എന്നും അതിലുള്ള അപായങ്ങളെയൊന്നും അറിയാതെയും അതില്‍ രമിയ്ക്കുന്നു.  ബാഹ്യമായി കുറച്ച്‍ സുഖാനുഭവങ്ങളൊക്കെ ഇടയ്ക്കിടയ്ക്ക്‍ കിട്ടുന്നുണ്ട്‍, എന്നാല്‍ ആന്തരികമായി എന്നും ഭയത്തിലാണ്‌.

*ഭോഗേ രോഗഭയം കുലേ ച്യുതിഭയം...*

തടാകത്തില്‍ കളിച്ച്‍ രസിച്ചുകൊണ്ടിരിക്കുമ്പളാണ്‌ കാലില്‍ എന്തോ ഒന്ന്‍ കടിച്ചപോലെ തോന്നിയത്‍. 

അവിടെ ആ സമയത്ത്‍ ആ ഗ്രജേന്ദ്രന്റെ കാലില്‍ ദേഷ്യത്തോടെ, ഒരു മുതല പിടികൂടി. ഹേ രാജാവേ... കശ്ചിത്‍.. എവിടുന്നാണ്‌ അത്‍ വന്നത്‍ എന്ന്‍ അറിയില്ല.

മുതല തടാകത്തില്‍ ജീവിക്കുന്നതാണ്‌. അതാണ്‌ അതിന്റെ വാസസ്ഥാനം. എവിടുന്ന്‍ വന്നു, എന്താ വരാന്‍ കാരണം എന്നൊക്കെ ചിന്തിക്കുന്നതുതന്നെ പരമ വിഢിത്തമാണ്‌ എന്ന്‍ ഭാഗവതകാരന്‍ പറയുന്നു. ഒരാള്‌ മരിച്ചു എന്ന്‍ കേട്ടാല്‍, അല്ലാ, എന്താ മരിയ്ക്കാന്‍ കാരണം..? എന്ന്‍ അന്വേഷിയ്ക്കും.  മരിയ്ക്കാന്‍ കാരണം വേണോ. കാരണമില്ലെങ്കില്‍ എന്താ മരിയ്ക്കില്ലേ. കാരണമില്ലാതെ ആരും മരിയ്ക്കുന്നില്ലേ.. ജനിക്കുമ്പൊത്തന്നെ മരണവും കൂടെ ജനിക്കുന്നു. ജനിച്ചാല്‍ മരിക്കും. ഒരിയ്ക്കല്‍ ഒരാള്‍ ചോദിച്ചു, എന്തേ അദ്ദേഹം മരിയ്ക്കാന്‍ കാരണം.  വളരെ സരളമായ ഭാഷയില്‍ ഉത്തരം പറഞ്ഞു, ജനിച്ചതുകൊണ്ട്‍, എന്ന്‍. അല്ലാതെ എന്താ പറയുക. 

തന്റെ കാലില്‍ പിടികൂടിയത്‍ എന്താണെന്ന്‍ മറ്റേ കാലുകൊണ്ട്‍ തടവി നോക്കിയപ്പൊ  ഓ !  അതൊരു മുതലയാണെന്ന്‍ മനസ്സിലായി.  ഗജേന്ദ്രന്‍ ഒന്ന്‍ ഞെട്ടി, ഒന്ന്‍ നടുങ്ങി. 

ഒന്ന്‍ നടുങ്ങി എങ്കിലും പുറത്ത്‍ കാണിച്ചില്ല. തന്റെ അഭിമാനം പോവില്ലേ. പിന്നെ, ഇവരൊക്കെ തന്റെ കൂടെ ഉണ്ടല്ലോ എന്ന വിശ്വാസവും. ഗജേന്ദ്രന്റെ മുഖം വല്ലാതെ ചുളിഞ്ഞു. നല്ല വേദന അനുഭവപ്പെട്ടു. കാലൊന്ന്‍ കുടഞ്ഞ്‍ നോക്കി, പറ്റ്‍ണില്ല. ഒന്ന്‍ വലിച്ചുനോക്കി, പറ്റ്‍ണില്ല.   സുഖമായി ഇരിക്കുമ്പോള്‍ പെട്ടെന്ന്‍ നെഞ്ചിലൊരു വേദന. ഒന്ന്‍ നടുങ്ങിയോ !! ഒരു ഞെട്ടല്‍... ഉണ്ടായോ.. 

തങ്ങളുടെ നേതാവിന്റെ, ദു:ഖം- കണ്ടപ്പൊ, പിടിയാനകള്‍ ചോദിച്ചു, ഹായ്‍ നേതാവേ, എന്താ പ്രശ്നം, എന്ത്‌ പറ്റി.. !!  
ഒരു കൂട്ടത്തിന്റെ നേതാവ്‍...  ഇത്‍ ഗജേന്ദ്രനാണോ, അതോ നാം ഓരോരുത്തരുമാണോ.. !!

ഗജേന്ദ്രന്‍ പറഞ്ഞു, ഏയ്‍ - അതൊന്നൂല്ല്യ, ഒരു ചെറിയൊരു മുതല, വളരെ നിസ്സാരം. ഞാന്‍ നോക്കിക്കോളാം.  കുടഞ്ഞുനോക്കി, വലിച്ചുനോക്കി, പറ്റ്‍ണില്ല. ഭയങ്കര വേദന. മുതല കടി മുറുക്കി. തന്റെ കൂര്‍ത്ത അമ്പുപോലുള്ള പല്ലുകള്‍ ഗജേന്ദ്രന്റെ കാലിലേക്ക്‍ താഴ്‍ത്തി. വല്ലാത്ത വേദന, അനങ്ങാന്‍ പറ്റുന്നില്ല. 

പിടിയാനകള്‍ ചോദിച്ചു, ഞങ്ങള്‍ സഹായിയ്ക്കണോ നേതാവേ..?  ആ..ങ്‍ഹാ... അത്രയൊക്കൊന്നും തോന്ന്‍ണില്ല. ന്നാലും വലിയ്ക്കാന്‍ ചെറുതായിട്ടൊന്ന്‍ സഹായിച്ചാല്‍.....!! നന്നായിരുന്നു. അങ്ങനെ ഓരോ പിടിയാനകള്‍ ഒറ്റയ്ക്കൊറ്റയ്ക്കും എല്ലാവരും ഒന്നിച്ചും പിടിച്ചുവലിച്ചു. ഊഹും... ഒരു കാര്യോല്ല്യ, ഒരനക്കം വേണ്ടേ... ഫലം നാസ്തി.   അപ്പോഴേയ്ക്കും ഗജേന്ദ്രന്റെ മറ്റേ കാലുകളും ചെളിയില്‍ താണുപോകാന്‍ തുടങ്ങി. ഇനി നിന്നുകൊണ്ട്‍ കാല്‌ വലിയ്ക്കാനും പറ്റാത്ത നിലയായി. വലിച്ചാല്‍ വീണ്ടും ചെളിയില്‍ കൂടുതല്‍കൂടുതല്‍ ആണ്ടുപോകും. ഈ നക്രം അത്ര മോശക്കാരനല്ലാ എന്ന്‍ ഗജേന്ദ്രന്‌ തോന്നി.  കൊമ്പനാനകള്‍ എല്ലാവരും സഹായത്തിനെത്തി. അവരും ഓരോന്നായി ഗജേന്ദ്രനെ വലിച്ചുനോക്കി. ഒറ്റക്കെട്ടായും വലിച്ചുനോക്കി. അനങ്ങുന്ന്‍പോലുമില്ല. അപ്പഴയ്ക്കും നേതാവിന്റെ വീര്യശൗര്യാദികളൊക്കെ ക്ഷയിയ്ക്കാന്‍ തുടങ്ങി. 

വീട്ടില്‍, കുടുംബത്തില്‍, സമൂഹത്തില്‍, സുഹ്ര്‌ദ്‍വലയത്തില്‍ ഒക്കെ, സുഖമായി കഴിയുന്നു എന്നാണ്‌ ധരിച്ചിരിക്കുന്നത്‍. ഒന്ന്‍ നടക്കാന്‍ പോയതാ ഒരു കുന്നിന്‍ മുകളിലേക്ക്‍ -  ചെറിയ ഒരു കല്ല്‍ കാലില്‍ കൊണ്ട്‍, തട്ടിത്തടഞ്ഞ്‍ താഴേയ്ക്ക്‍ വീണു. അഗാധമായ കുണ്ട്‍. ഉരുണ്ട്‍ വീഴുമ്പൊ ഒരു വള്ളിയില്‍ പിടികിട്ടി, അതില്‍ പിടിച്ച്‍ തൂങ്ങി നിന്നു. ഹാവൂ.. ചെറിയൊരു ആശ്വാസം. തൂങ്ങി നിന്നുകൊണ്ട്‍ മുകളിലേയ്ക്കൊന്ന്‍ നോക്കി. അപ്പളാ കണ്ടത്‍ താന്‍ പിടിച്ച വള്ളി, മുകളില്‍ ഒരു എലി കരണ്ടുകൊണ്ടിരിക്കുന്നു. കുന്നിന്‍ മുകളില്‍ ഒരു സിഹം അയാളെ തുറിച്ചുനോക്കി നില്‍ക്കുന്നു. അപ്പോഴാണ്‌ തൊട്ടടുത്ത മറ്റൊരു വള്ളിയിലൂടെ ഓരോ തുള്ളി തേന്‌ ഇറ്റിറ്റ്‍ വീഴുന്നത്‍ കണ്ടത്‍.  നാവ്‌ നീട്ടി ആ തേന്‍ കുടിയ്ക്കാന്‍ നോക്കി.  പാമ്പിന്റെ വായില്‍ ഇരിയ്ക്കുന്ന തവള മുന്നിലൂടെ പറന്നുപോകുന്ന ഈച്ചയെ പിടിയ്ക്കാന്‍ നോക്കുന്നു. പാമ്പ്‍ എപ്പഴാണ്‌ തവളയെ മുഴുവനായും അകത്താക്കുക എന്ന്‍ അറിയില്ല. അപ്പോഴാണ്‌ ഈച്ചയെ പിടിയ്ക്കാന്‍ നോക്കണത്‍.. പിടിച്ചിരിക്കുന്ന വള്ളി മുകളില്‍ എലി കരണ്ടുകൊണ്ടിരിക്കുന്നു, ഏത്‍ നിമിഷവും പൊട്ടിവീഴും, താഴെയാണെങ്കിലോ അഗാധമായ കുണ്ടാണ്‌.. 

ഞങ്ങള്‍ക്ക്‍ ഒട്ടും സമയമേ ഇല്ല. സത്‍സംഗത്തില്‍ പങ്കെടുക്കണമെന്നൊക്കെ ഉണ്ട്‍. പക്ഷെ ജോലിയ്ക്ക്‍ പോണ്ടേ, വീടുണ്ട്‍, ഭാര്യയുണ്ട്‍, കുട്ടികളുണ്ട്‍, കുട്ടികളുടെ പഠിപ്പ്‍, പണം സമ്പാദിയ്ക്കണം, കൊടുക്കാനും വാങ്ങാനും എന്തൊക്കെയാണ്‌, നൂറുകൂട്ടം പണികളുണ്ട്‍..  ഒരു മിനിറ്റ്‌ ഒഴിവില്ല.  പിന്നെ നാമം ജപിയ്ക്കാനും കീര്‍ത്തിയ്ക്കാനും സ്തുതിയ്ക്കാനും ഭാഗവതം വായിയ്ക്കാനും ഒക്കെ എവിടെ സമയം.    ആ... അതോ?  അവടെ സപ്താഹം നടക്കുന്നുണ്ട്‍ എന്നൊക്കെ കേട്ടു. വളരെ നന്നായി കഥകള്‍ പറയുന്നുണ്ടത്രെ !! നോക്കാം, സമയം കിട്ടുമ്പൊ ഒന്ന്‍ പോയിട്ട്‍ വരണം..  ഒരു ചൊറിച്ചില്‍ വന്നാല്‍ ഒന്ന്‍ മാന്തിയാല്‍ ഒരു സുഖം. അതേപോലെയാണ്‌ ഇതിനെയൊക്കെ കാണുന്നത്‍ ജനങ്ങള്‍. ഒരു നേരമ്പോക്ക്‍ പോലെ - ജസ്റ്റ്‍ ഒരു എന്റര്‍ട്ടൈന്‍മെന്റ്‍ പോലെ. ആര്‍ക്കും സീരിയസ്സായി തോന്ന്‍ണില്ല. നമുക്കൊക്കെ എന്റര്‍ട്ടൈന്‍മെന്റിനും ഉച്ചയ്ക്ക്‍ ശാപ്പാട്‍ കഴിയ്ക്കാനും ഒക്കെ വേണ്ടിയിട്ടാണോ ഈ ഭാഗവതമൊക്കെ എഴുതിയിട്ടുള്ളത്‍, അതോ സപ്താഹക്കാര്‍ക്ക്‍ പിഴപ്പിന്‌ വേണ്ടിയിട്ടാണോ.   

വന്ന കാര്യം മറന്ന്‌ മറ്റ്‍ പല കളികളും കളിയ്ക്കുന്നവനെയാണ്‌ ക്ര്‌പണന്‍ എന്ന്‍ പറയുന്നത്‍.  പല ന്യായീകരണങ്ങളും പറഞ്ഞ്‍ ഒഴിയുന്നു. ഇപ്പൊ സമയമില്ല.  ഞങ്ങള്‍ക്ക്‍ സീരിയസ്‍ ആയിട്ടുതന്നെ, വേണമെന്നൊക്കെ ഉണ്ട്‍, കുടുംബമുണ്ട്‍, കുട്ടികളുണ്ട്‍, അവരുടെ പഠിപ്പിന്റെ കാര്യമൊക്കെ നോക്കണം, ശ്ശോ എന്തൊരു തലവേദനയാണെന്നോ അതൊക്കപ്പാതെ ചിന്തിയ്ക്കുമ്പോ... !!  ഇതൊക്കെ വളരെ നല്ല ഒരു എക്സ്‍ക്യൂസ്‍ ആണെന്നാണ്‌ കരുതുന്നത്‍. തന്റെ ധര്‍മ്മം നിറവേറ്റുകയാണ്‌ എന്നാണ്‌ പുറമേയ്ക്ക്‍ തോന്നിപ്പിയ്ക്കുന്നതും പറയുന്നതും.  സ്വയം വിഢിവേഷം കെട്ടുകയാണെന്ന്‍ അറിയുന്നില്ല.  ആ തൂങ്ങിനില്‍ക്കുന്ന വള്ളി എപ്പളാണ്‌ പൊട്ടിവീഴുക എന്ന്‍ അറിയില്ല. താഴേയ്ക്ക്‍ എപ്പൊ വേണെങ്കിലും വിഴാം. ഇതിനെയാണ്‌ മഠയന്റെ ധൈര്യം എന്ന്‍ മഹാത്മാക്കള്‍ പറയുന്നത്‍.  അതുകൊണ്ട്‍ ഇപ്പൊത്തന്നെ, ഈ നിമിഷംതന്നെ ആ ജഗദീശ്വരനെ വിളിയ്ക്കുക, ശരണം പ്രാപിയ്ക്കുക.  

പിടിയാനകളും കൊമ്പനാനകളും എല്ലാംകൂടി പിടിച്ചുവലിച്ചിട്ടും ഗജേന്ദ്രന്റെ കാല്‌ അനങ്ങിയില്ല.  മുതലയുമായി കുറെ പൊരുതിനോക്കി. കൂടുതല്‍ കൂടുതല്‍ ആഴത്തിലേക്ക്‍ പോയി, വേദന കൂടിക്കൂടി വന്നു. അതിശക്തനായ ഒരു മുതലയുടെ രൂപത്തില്‍, ഒരു നക്രത്തിന്റെ രൂപത്തില്‍, സാക്ഷാത്‍ കാലന്‍തന്നെ, നക്രരൂപത്തില്‍ തന്റെതന്നെ കര്‍മ്മഫലങ്ങള്‍ വന്നതാണോ എന്ന്‍ ഗജേന്ദ്രന്‍ ഭയന്നു. എല്ലാവരും കൂടി ശ്രമിച്ചിട്ടും ഒന്നും നടന്നില്ല. തന്റെ ആതുരത, വേദന പങ്കുവെയ്ക്കാന്‍, ആരും ഇല്ലെന്ന്‍ മനസ്സിലായി. ആരെയും ആശ്രയിക്കാന്‍ പറ്റില്ല എന്ന്‍ പരിപൂര്‍ണ്ണമായി ബോധ്യപ്പെട്ടു.    എല്ലാവരെയും പിടികൂടുന്ന മുതലയാണ്‌, കാലമാകുന്ന മുതല.  വീട്ടുകാരും കുടുംബക്കാരും ബന്ധുക്കളും നാട്ടുകാരുമൊക്കെ വളരെ ആത്മാര്‍ത്ഥമായിത്തന്നെ അവര്‍ക്കൊക്കെ സഹായിയ്ക്കണമെന്നുണ്ട്‍. പണം ധാരാളമുണ്ട്‍. പക്ഷെ അതൊന്നും തന്റെ വേദന മാറ്റുന്നില്ല. തന്റെ വേദന ആരെങ്കിലും ഏറ്റെടുക്കുമോ, അതിന്‌ സാധ്യമാണോ, അതൊക്കെ താന്‍തന്നെ അനുഭവിയ്ക്കണ്ടേ..   വേറെ വഴിയൊന്നുമില്ലല്ലൊ. 

കാട്ടിലും മലയിലുമൊക്കെ തോന്നിയത്‍പോലെ സഞ്ചരിച്ചും തോന്നിയതൊക്കെ തിന്നും കുടിച്ചും ജീവിച്ചതുകൊണ്ടാണ്‌, ഉത്തമമായ ആഹാരവിഹാരാദികള്‍ ഇല്ലാത്തതുകൊണ്ടാണ്‌ ഗജേന്ദ്രന്‍ തളര്‍ന്നത്‍ എന്ന്‍ ശ്രീശുകബ്രഹ്മര്‍ഷി പറയുന്നു.

തതോ ഗജേന്ദ്രസ്യ മനോബലൗജസാം

കാലേന ദീര്‍ഘേണ മഹാനഭൂത്‍ വ്യയ

ആഹാരം ശരീരത്തിന്‌ ശക്തിയും ബലവും ഉണ്ടാകാനാണെന്ന്‍ ധരിച്ച്‍ തോന്നിയതൊക്കെ തോന്നുമ്പോഴൊക്കെ തിന്നും. അത്‍ -മനോബലൗജസാം കാലേനവ്യയ - മനോബലവും ഓജസ്സുമൊക്കെ കാലാന്തരത്തില്‍ ക്ഷയിപ്പിയ്ക്കുന്നു എന്ന്‍ ഋഷി വചനം. ആഹാരത്തില്‍ നിന്നാണ്‌ മനസ്സ്‍ ഉണ്ടാകുന്നത്‍. അന്നാത്‍ മന: എന്ന്‍ ശ്രുതി. മനോബലമാണ്‌ ശരീരബലത്തേക്കാള്‍ ശ്രേഷ്ഠം. മനോബലം പ്രദാനം ചെയ്യുന്ന ആ ഓജസ്സിനെ വ്ര്‌ഥാ ക്ഷയിപ്പിയ്ക്കരുത്‌. വീര്യസംരക്ഷണത്തിന്റെ പ്രാധാന്യവും ഋഷി ഇവിടെ വ്യക്തമാക്കുന്നു.     യുക്താഹാര വിഹാരസ്യ - എന്ന്‍ ഭഗവാന്‍ ഗീതയിലും പറയുന്നു.

വേദന വന്നാല്‍ ആര്‌ അനുഭവിക്കണം. ശരീരത്തിന്റെ വേദന ഭാര്യയോ മക്കളോ ബന്ധുക്കളോ മറ്റാരെങ്കിലുമോ കുറെശ്ശെ കുറെശ്ശെ അനുഭവിയ്ക്കുമോ.  മനസ്സിനൊരു വേദന വന്നാല്‍ അത്‍ മറ്റ്‍ ആരെങ്കിലും അനുഭവിയ്ക്കുമോ.. 

ആനക്കൂട്ടം ഒന്നിച്ച്‍ പിടിച്ച്‍ വലിച്ചിട്ടും മുതലയുടെ കടിയില്‍നിന്ന്‍ ഗജേന്ദ്രനെ രക്ഷിയ്ക്കാന്‍ പറ്റിയില്ല. കുറെ കഴിഞ്ഞപ്പൊ എല്ലാ ആനകളും കാട്ടിലേക്ക്‍ കയറിപ്പോയി. ഗജേന്ദ്രന്‍ ഒറ്റപ്പെട്ടു. അവന്റെ ബലമെല്ലാം ക്ഷയിച്ചു, ശക്തിയെല്ലാം ചോര്‍ന്നു.  എന്റെ ശരീരബലത്തെയാണല്ലോ ഞാന്‍ ആശ്രയിച്ചത്‍, എന്റെ പണത്തിനെയാണല്ലൊ ഞാന്‍ ആശ്രയിച്ചത്‍, എന്റെ അണികളെയാണല്ലൊ ഞാന്‍ ആശ്രയിച്ചത്‍, ഈ കൊമ്പന്മാരെയും വമ്പന്മാരെയുമൊക്കെയാണല്ലോ ഞാന്‍ ആശ്രയിച്ചത്‍ എന്ന്‍ വിചാരിച്ചപ്പോള്‍ ഗജേന്ദ്രന്‌ അവരോടൊക്കെ എന്തെന്നില്ലാത്തൊരു വെറുപ്പ്‍ തോന്നി, വിരാഗത കൈവന്നു. 

എന്റേതാണെന്ന്‍ ഞാന്‍ കരുതിയിരുന്നവരെല്ലാം എന്നെ വിട്ടുപോയല്ലൊ, ഞാന്‍ ആശ്രയിച്ചവരൊക്കെ എന്നെ വിട്ടുപോയല്ലൊ.  എന്റെ എക്കൗണ്ടില്‍ എത്ര കോടികളുണ്ട്‍, അതിനെയാണല്ലോ ഞാന്‍ ആശ്രയിച്ചത്‍. അതൊക്കെ ഒന്നിനും കൊള്ളിയ്ക്കാത്തതായി പോയല്ലൊ. തുച്ഛമായ ഒരു മുതലയുടെ പിടിയില്‍നിന്ന്‍, കാലമാകുന്ന മുതലയുടെ കടിയില്‍നിന്ന്‍, എന്നെ രക്ഷിയ്ക്കാന്‍ ഇതൊന്നും പര്യാപ്തമായില്ലല്ലോ.  രാവും പകലും ഞാന്‍ ആര്‍ക്കുവേണ്ടിയാണോ കഷ്ടപ്പെട്ടത്‍, ആര്‍ക്കുവേണ്ടിയാണോ അധ്വാനിച്ചത്‍, അവരെല്ലാവരും എന്നെ വിട്ടുപോയി. ഭാര്യയും മക്കളും അടക്കം ഇപ്പൊ എന്നെ തള്ളിയിരിക്കുന്നു. എന്റെ എഞ്ചിനീയറിങ്ങ്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റും മറ്റ്‍ പലപല പ്രമാണപത്രങ്ങളും എല്ലാം ഒന്നിനും കൊള്ളാത്തതാണെന്ന്‍ ഇപ്പൊ മനസ്സിലായി.   ഡോക്‌ടറോട്‍ പറഞ്ഞു, എത്ര പണം വേണമെങ്കിലും തരാം, എന്റെ വേദനയൊന്ന്‍ ഭേദമാക്കിത്തരണം. ഡോക്‍ടര്‍ പറഞ്ഞു ;  കഴിവിന്റെ പരമാവധി ഞാന്‍ ശ്രമിയ്ക്കുന്നുണ്ട്‍, പണമൊക്കെ ഞാന്‍ വാങ്ങിച്ചുകൊള്ളാം - ആ ഒരു ഉപകാരം ചെയ്തുതരാം, പക്ഷെ വേദനയുടെ കാര്യത്തില്‍, എന്താ രോഗം എന്നുതന്നെ പിടിയ്ക്കാന്‍ പറ്റ്‍ണില്ല, അതുകൊണ്ട്‍ ഒന്നും പറയാന്‍ പറ്റില്ല.  ഡോക്‍ടര്‍ പറഞ്ഞു, എല്ലാ വൈദ്യന്മാരുടെയും വൈദ്യനായി, എല്ലാ ഡോക്‍ടര്‍മാരുടെയും ഡോക്‍ടറായി ഒരാളുണ്ട്‍, അദ്ദേഹത്തോട്‍ പറഞ്ഞാമതി. ആത്മാര്‍ത്ഥതയോടെ പറയണമെന്ന്‍ മാത്രം. ഹേ ഡോക്‍ടര്‍ !! അതാരാണ്‌, അദ്ദേഹത്തെ ഒന്ന്‍ വിളിയ്ക്കൂ, വേഗം വരാന്‍ പറയൂ, എത്ര പണമാണെങ്കിലും കൊടുക്കാം.  ഡോക്‍ടര്‍ പറഞ്ഞു, അദ്ദേഹത്തെ നിങ്ങള്‍തന്നെ വിളിയ്ക്കണം, അദ്ദേഹത്തെ ഈശ്വരന്‍ എന്ന്‍ പറയും.  എല്ലാ ആശ്രയങ്ങളും അറ്റുപോയപ്പളാണ്‌ ഈശ്വരനെ ഓര്‍മ്മ വന്നത്‍..

ആന ആരെ ആശ്രയിയ്ക്കും. ആന ഏത്‍ ഈശ്വരനെ ആശ്രയിയ്ക്കും. ഏത്‍ ശക്തിയെ വിളിയ്ക്കും. ഏതിനെയെങ്കിലും വിളിയ്ക്കണമെങ്കില്‍ അതിന്റെ പേരോ നാളോ ഒക്കെ അറിയണ്ടേ. ആന വിചാരിച്ചു, ആന പ്രാര്‍ത്ഥിച്ചു, ഹേ ജഗദീശ്വരാ, അങ്ങ്‍ ആരാണെന്ന്‍ എനിയ്ക്കറിയില്ല, അങ്ങയുടെ ശക്തി എന്താണെന്ന്‍ എനിയ്ക്കറിയില്ല, അങ്ങയുടെ രൂപം എന്താണെന്ന്‍ എനിയ്ക്കറിയില്ല. 

*യാദ്ര്‌ശാസി മഹാദേവോ, താദ്ര്‌ശായി നമോ നമ:*

ഈ പ്രപഞ്ചത്തില്‍ ഒന്നിനെയും, ആരെയും ആശ്രയിയ്ക്കാന്‍ കൊള്ളില്ലാ എന്ന്‍ ഇപ്പൊ എനിയ്ക്ക്‍ ബോധ്യമായിരിയ്ക്കുന്നു. അങ്ങ്‍ എവിടെയായാലും വേണ്ടില്ല, ഏത്‍ രൂപത്തിലായാലും വേണ്ടില്ല, ഏത്‍ ഭാവത്തിലായാലും വേണ്ടില്ല, ഞാന്‍ അങ്ങയെ ശരണം പ്രാപിയ്ക്കുന്നു, എന്റെ എല്ലാമെല്ലാം, എന്നെത്തന്നെയും ഞാന്‍ അങ്ങേയ്ക്കായി ഇതാ സമര്‍പ്പിയ്ക്കുന്നു.. അങ്ങ്‍ എവിടെയുണ്ടോ, അങ്ങ്‍ എങ്ങിനെയുണ്ടോ, അങ്ങനത്തെ അങ്ങയ്ക്കായിക്കൊണ്ട്‍ നമസ്കാരം. 

ഹേ ജഗദീശ്വരാ !!
മുതലയാകുന്ന പാശാത്താല്‍ ബന്ധിയ്ക്കപ്പെട്ടിരിയ്ക്കുന്ന ഞാന്‍ സകല ചരാചരങ്ങള്‍ക്കും ആശ്രയമായിരിയ്ക്കുന്ന ആ പരമേശ്വരനെ ശരണം പ്രാപിയ്ക്കുന്നു. 

ഈ ലോകംതന്നെ ആരെ ആശ്രയിച്ചും ഭയപ്പെട്ടും മരിയാദയെ അതിക്രമിയ്ക്കാതിരിയ്ക്കുന്നുവോ ആ ദേവനെത്തന്നെ ഞാന്‍ ശരണം പ്രാപിയ്ക്കുന്നു.  ഗജേന്ദ്രന്‍ പരിപൂര്‍ണ്ണമായി പ്രപത്തി ചെയ്തപ്പോള്‍, തന്റെ പൂര്‍വ്വജന്മത്തിന്റെ സ്മരണകള്‍ ഉണര്‍ന്നു. തന്റെ വിചാരശക്തിയാല്‍ മനസ്സിനെ മറ്റ്‍ വിഷയങ്ങളില്‍നിന്ന്‍ പിന്‍വലിച്ചിട്ട്‍ ഹ്ര്‌ദയത്തില്‍ ഉറപ്പിച്ച്‍ മുന്‍ജന്മത്തില്‍ നിരന്തരം അഭ്യസിച്ചിരുന്ന പരമമന്ത്രസ്വരൂപമായ സ്തോത്രംകൊണ്ട്‌ ഭഗവാനെ സ്തുതിയ്ക്കാന്‍ തുടങ്ങി.  

എലി കരണ്ടുകൊണ്ടിരിയ്ക്കുന്ന ആ വള്ളി എപ്പൊ പൊട്ടി ഞാന്‍ താഴെ വിഴും എന്നറിയില്ല. ഏറ്റവും വിശാലമായ ഈ സംസാരസാഗരത്തിലെ കരാളകാലമായ ആ നക്രം, 

ഹേ ജഗദീശ്വരാ അതിനെ ഇല്ലായ്മ ചെയ്ത്‍ എന്റെ വിഗ്രഹത്തിനെ, എന്റെ ശരീരത്തിനെ, എന്നെ രക്ഷിയ്ക്കണേ -

ഹേ ഭഗവന്‍ ഞാന്‍ ഇതാ എന്റെ സകല ധര്‍മ്മങ്ങളും നിന്റെ പാദങ്ങളില്‍ നിരുപാധികമായി - അണ്‍കണ്ടീഷണലി- സമര്‍പ്പിയ്ക്കുന്നു.  
സര്‍വ്വധര്‍മ്മാന്‍ പരിത്യജ്യ മാമേകം ശരണം വ്രജ - എന്ന ഗീതാവചനം പലര്‍ക്കും അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം മനസ്സിലാകുന്നേ ഇല്ല.  എന്താ ഭഗവാന്‍ എല്ലാ ധര്‍മ്മവും ഉപേക്ഷിയ്ക്കാന്‍ പറയണത്‍..  ധര്‍മ്മമൊക്കെ പരിത്യജിച്ചാല്‍ പിന്നെ ഈ ജഗത്‍ തന്നെ ഉണ്ടോ, അത്‍ സര്‍വ്വവിനാശത്തിനാവില്ലേ... എന്ന പമ്പരവിഢിത്തം ചോദിക്കും.  അതിന്റെ ശരിയായ അര്‍ത്ഥം ഗജേന്ദ്രസ്തുതിയില്‍ നിന്ന്‍ തെളിയും. ആരെ ഭയന്നിട്ടാണോ സൂര്യചന്ദ്രനക്ഷത്രവായു ആദികളൊക്കെ ക്ര്‌ത്യമായി അവരുടെ ധര്‍മ്മം നിര്‍വഹിയ്ക്കുന്നത്‍, ഈ പ്രപഞ്ചത്തിനുതന്നെ കാരണഭൂതമായിട്ടുള്ളത്‍, ഇതിനെത്തന്നെ നിര്‍മ്മിച്ചിട്ടുള്ളത്‍ ആരാണോ, ആ ജഗത്‍പിതാവിന്റെതാണ്‌ ആ ധര്‍മ്മം. അതൊക്കെ അദ്ദേഹത്തിന്‌ വിട്ടുകൊടുക്കുക. അദ്ദേഹത്തിന്റെ കാര്യം അദ്ദേഹം നോക്കിക്കോളും. ആ പരമേശ്വരന്റെ ആദേശത്തെ അംഗീകരിച്ച്‍കൊണ്ട്‍ ജീവിച്ചാമതി. ഈശ്വരനെ ആശ്രയിയ്ക്കുക. ലോകത്തെ വ്യവഹരിയ്ക്കുക. പ്രപഞ്ചദ്രവ്യങ്ങള്‍ വ്യവഹരിയ്ക്കാനും പ്രപഞ്ചകാരകന്‍ ആശ്രയിയ്ക്കാനും ഉള്ളതാണ്‌. ഈശ്വരനെ വ്യവഹരിച്ച്‍ പ്രപഞ്ചത്തെ ആശ്രയിയ്ക്കുന്നതാണ്‌ അധര്‍മ്മം. 

ആശ്രയം ഭദ്രം ഈക്ഷയത  - ആശ്രയിയ്ക്കാന്‍ കൊള്ളാത്ത വസ്തുക്കളെ ത്യജിയ്ക്കുമ്പോള്‍ ആശ്രയഭദ്രമായതിനെ, ആശ്രയിയ്ക്കാന്‍ കൊള്ളുന്നതിനെ ദര്‍ശിയ്ക്കാന്‍ പറ്റും, ശാശ്വതമായതിനെ കാണും, എന്ന്‍ ഋഷിവചനം.  ഭഗവാന്‍ മാത്രമേ ആശ്രയയോഗ്യമായിട്ടുള്ളു എന്ന്‍ അറിഞ്ഞ്‍, അല്ലാത്തതിനെയൊക്കെ വിട്ട്‍, ഭഗവാനെ ആശ്രയിയ്ക്കുക, അപ്പൊ -  സര്‍വ്വ പാപേഭ്യോ മോക്ഷയിഷ്യാമി മാ ശുച - പരിപൂര്‍ണ്ണ ആധാരം കിട്ടും, പരിപൂര്‍ണ്ണ ആശ്രയത്വം കിട്ടും. ഈശ്വരനെ ആശ്രയിയ്ക്കുക, ലോകത്തെ വ്യവഹരിയ്ക്കുക, പണത്തിനെ വ്യവഹരിയ്ക്കുക, ആശ്രയിയ്ക്കാതിരിയ്ക്കുക, അത്‍ അസത്ത്‍ആണ്‌.  അസത്ത്‍ ആയിട്ടുള്ളതൊക്കെ ചതിയ്ക്കും. സ്വന്തം ശരീരവും മനസ്സും അഭിമാനവും പഠിപ്പും പത്രാസും സര്‍ട്ടിഫിക്കറ്റുകളും ഒക്കെ ചതിയ്ക്കും. അതെല്ലാം വിട്ടുപോകും. ആത്മാവല്ലാത്ത സകല ധര്‍മ്മങ്ങളെയും വിട്ട്‍ സ്വ-ആത്മാവിന്‌ ശരണാഗതി ചെയ്യൂ - എന്നാണ്‌ സര്‍വ്വധര്‍മ്മാന്‍ പരിത്യജ്ജ്യ മാമേകം ശരണം വ്രജ എന്നതിന്റെ അര്‍ഥം.  

ഗജേന്ദ്രനില്‍ തന്റെ പൂര്‍വ്വജന്മ സ്മരണ ഉണര്‍ന്നതോടെ ശംഖ്‍ചക്രഗദാധാരിയായ ഗരുഡാരൂഢനായ ശ്രീഹരിയുടെ രൂപം മനസ്സില്‍ തെളിഞ്ഞു. ഔപനിഷദീയ ശബ്ദങ്ങളാല്‍ ഗജേന്ദ്രന്‍ ശ്രീഹരിയെ സ്തുതിച്ചു...

തടാകത്തില്‍ വിരിഞ്ഞു നില്‍ക്കുന്ന താമരപ്പൂക്കള്‍ പറിച്ച്‍ ജഗത്തിന്റെ സ്രഷ്ടാവും സകലതിനും കാരണഭൂതനുമായ പരമേശ്വരന്‌ അര്‍ച്ചിച്ചുകൊണ്ട്‍ ഗജേന്ദ്രന്‍ സുതിച്ചു -

ആ ഭഗവാന്‍ ദേവനോ അസുരനോ മനുഷ്യനോ തിര്യക്കോ സ്ത്രീയോ പുരുഷനോ നപുംസകമോ ഏതെങ്കിലും വിധത്തിലുള്ള വല്ല പ്രാണിയോ ത്രിഗുണങ്ങള്‍ ഉള്ളതോ ഇല്ലാത്തതോ വല്ല കര്‍മ്മത്താലും ഉണ്ടാക്കപ്പെട്ടതോ സ്ഥൂലമോ സുക്ഷ്മമോ എന്ത്‍തന്നെ ആവട്ടെ....

ഇതൊന്നുമല്ലെങ്കില്‍ വേണ്ട, ഇതിനെയൊക്കെ നിഷേധിച്ചതിനുശേഷവും എല്ലാമെല്ലാമായി, പരിപൂര്‍ണ്ണമായി ഏതൊന്ന്‍ ശേഷിയ്ക്കുന്നുവോ, അതിനായിക്കൊണ്ട്‍ എന്റെ നമസ്കാരം. 
*ഓം പൂര്‍ണ്ണമദം പൂര്‍ണ്ണമിദം* *പൂര്‍ണ്ണാത്‍പൂര്‍ണ്ണമുദച്യതേ,* *പൂര്‍ണ്ണസ്യപൂര്‍ണ്ണമാദായ* *പൂര്‍ണ്ണമേവാവശിഷ്യതേ...*

എന്ന ഉപനിഷദ്‍വചനം ഗജേന്ദ്രന്‍ സ്മരിക്കുന്നു.

ആ പരമേശ്വരന്റെ അമിതപ്രഭാവത്തിനെ സ്തുതിപൂര്‍വ്വം നമസ്കരിയ്ക്കുന്നു...

അത്യന്തം ബലമുള ത്രിഗുണാത്മികയായ മായയാല്‍ പീഡിതരാകുന്ന ജീവാത്മാക്കളില്‍ കരുണ കാണിയ്ക്കുന്ന ആ ഭഗവാനെ നമസ്കരിച്ചു, തന്റെ സകലതും ആ ശക്തിയ്ക്കുമുന്നില്‍ സമര്‍പ്പിച്ചു.  സര്‍വ്വധര്‍മ്മാന്‍ പരിത്യജ്ജ്യ....

ഈശ്വരന്റെ നിര്‍ഗ്ഗുണരൂപത്തെയും, സഗുണരൂപത്തെയും മറ്റ്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അതിനെയും ഗജേന്ദ്രന്‍ സ്തുതിക്കുന്നു. 

ഗജേന്ദ്രന്റെ ആര്‍ത്തനാദം കേട്ട ശ്രീഹരി അനന്തശയനത്തില്‍നിന്ന്‍ എണീറ്റു, ഗരുഡന്‍ സ്വയം വാഹനമായി വന്നു നിന്നു. ശംഖ്‌ ചക്രം ഗദ തുടങ്ങിയ ഭൂഷണാദികളെല്ലാം സ്വയം ഓടിവന്ന്‍ ഭഗവാന്റെ കൈകളില്‍ ഇരുന്നു. വൈകുണ്ഠത്തില്‍നിന്ന്‍ ഭഗവാന്‍ ഓടിയത്രെ. കാലില്‍ മെതിയടി ധരിക്കാനുംകൂടി മറന്നുവത്രെ !! ആര്‍ത്തനായ തന്റെ ഭക്തന്റെ രോദനം ആര്‍ത്തത്രാണപരായണനായ ഭഗവാന്‌ സഹിക്കാന്‍ പറ്റില്ലല്ലൊ. 

പെട്ടെന്ന്‍ ഗരുഡവാഹനനായി ശംഖചക്രഗദാപത്മങ്ങളേന്തി പീതാംബരധാരിയായി -

തത്രാഖിലാമരമയോ ഹരിരാവിരാസീത്‍ -  ശ്രീഹരി ഗജേന്ദ്രനുമുന്നില്‍ പ്രകടമായി.

ശ്രീഹരിയെ കണ്ടമാത്രയില്‍ത്തന്നെ തടാകത്തില്‍നിന്ന്‍ താമരപ്പൂക്കള്‍ പറിച്ച്‍ ഗജേന്ദ്രന്‍ ഭഗവാന്‌ സമര്‍പ്പിച്ചുകൊണ്ട്‍ -

ഗഹനങ്ങളായ മാധുര്യമൂറുന്ന ശബ്ദങ്ങളാല്‍ വീണ്ടും വീണ്ടും ഗജേന്ദ്രന്‍ ശ്രീഹരിയെ സ്തുതിച്ചു . ഭാഗവതത്തില്‍ അത്യന്തം ഹ്ര്‌ദയസ്പര്‍ശിയായ ഒരു സ്തുതിയാണ്‌ ഗജേന്ദ്രസ്തുതി. 

ശ്രീഹരി തന്റെ വരദഹസ്തങ്ങളാല്‍ ഗജേന്ദ്രനെ വലിച്ചുകയറ്റി, കൂടെ മുതലയും വന്നു. തന്റെ സുദര്‍ശനചക്രത്താല്‍ മുതലയ്ക്ക്‍ ആദ്യം മോക്ഷം കൊടുത്തു.  ഭഗവാനെ സ്തുതിച്ചത്‍ ഗജേന്ദ്രനാണ്‌, മോക്ഷം കിട്ടിയത്‍ മുതലയ്ക്കും.  ഗജേന്ദ്രന്‍ ചോദിച്ചു, ഭഗവാനേ ഇതെവിടുത്തെ ന്യായമാണ്‌, എന്ന്‍. അപ്പൊ ഭഗവാന്‍ പറഞ്ഞു, എന്റെ ഭക്തനായ നിന്റെ കാല്‌ പിടിച്ചത്‍ അവനാണ്‌.  ഭക്തന്റെ പാദസേവ ചെയ്യുന്നവന്‍ ഭക്തനേക്കാള്‍ മുന്നിലാണ്‌, മുക്തിയുടെ കാര്യത്തില്‍ അവന്റെ നമ്പര്‍ ആദ്യം വരും.

എന്റെ ദാസന്റെ ദാസനാണ്‌ എനിയ്ക്ക്‍ അത്യന്തം പ്രിയപ്പെട്ടവന്‍, എന്റെ ഭക്തന്റെ ദാസന്റെ മഹത്വം വര്‍ണ്ണിയ്ക്കാന്‍ എനിയ്ക്കുതന്നെ സാധ്യമല്ല എന്ന്‍ ഭഗവാന്‍ പറഞ്ഞു. 

ഗജേന്ദ്രനെ വലിച്ചു കയറ്റിയപ്പോള്‍ ശ്രീഹരിയുടെ കരസ്പര്‍ശത്താല്‍തന്നെ ഗജേന്ദ്രന്റെ എല്ലാ പാപങ്ങളും അറ്റുപോയി എന്ന്‍ പറയുന്നു..

അജ്ഞാനമാകുന്ന സകല ബന്ധനങ്ങളില്‍നിന്നും ഗജേന്ദ്രന്‍ മുക്തനായി, എന്ന്‍ മാത്രമല്ല
ഗജേന്ദ്രന്‍ പീതാംബരധാരിയും നാലു കൈകളോടുകൂടിയവനും ആയ ശ്രീഹരിയുടെ രൂപംപൂണ്ടു എന്ന്‍ ശ്രീശുകബ്രഹ്മര്‍ഷി പറയുന്നു. സാലോക്യം സാമീപ്യം സാരൂപ്യം എന്നിങ്ങനെ മൂന്നുവിധത്തില്‍ ആണ്‌ മുക്തി എന്ന്‍ പറയുന്നു. ഗജേന്ദ്രനു ശ്രീഹരി സ്വന്തം രൂപംതന്നെ കൊടുത്തു, തന്നെത്തന്നെ കൊടുത്തു. ഇതാണ്‌  സാരൂപ്യമുക്തി

അഗസ്ത്യമഹര്‍ഷിയുടെ ശാപത്താല്‍ ഹുഹു എന്ന ഗന്ധര്‍വ്വന്‍ ആനയായിത്തീര്‍ന്ന ആ ഗജേന്ദ്രന്‍ തന്റെ സര്‍വ്വപാപങ്ങളില്‍നിന്നും മോചിതനായി, സാരൂപ്യമുക്തി പ്രാപിച്ച്‍ ചതുര്‍ബാഹുവും പീതാംബരധാരിയുമായ ഒരു ഗന്ധര്‍വ്വനായി ശ്രീഹരിയെ വീണ്ടും വീണ്ടും പ്രണമിച്ചിട്ട്‍ ഗന്ധര്‍വ്വലോകത്തേയ്ക്ക്‍ പോയി.

അത്യന്തം ഹ്ര്‌ദയസ്പര്‍ശിയാണ്‌ ഭാഗവതത്തിലെ ഓരോ കഥകളും. ഇതിന്റെയൊക്കെ ശ്രവണങ്ങളും പഠനങ്ങളും എല്ലാമെല്ലാം നമ്മുടെ മനസ്സിനെ പവിത്രീകരിക്കും, ഈശ്വരോന്മുഖമാക്കിത്തീര്‍ക്കുന്നു. 

ശുഭം.

No comments:

Post a Comment