ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

22 August 2016

മഹാവിഷ്ണു

മഹാവിഷ്ണു

ദേശകാല പരിധികളില്ലാതെ എല്ലാറ്റിലും വ്യാപിക്കുന്ന പരമചൈതന്യത്തെയാണ് വിഷ്ണു എന്ന് പറയുന്നത്. സത്താമാത്രവും സർവ്വത്രവ്യാപ്തവും ഇന്നപ്രകാരത്തിലുള്ളതെന്ന് നിർവചിക്കാൻ കഴിയാത്തതും അപരിച്ഛിന്നവുമായ ബ്രഹ്മം തന്നെയാകുന്നു വിഷ്ണു സ്വരൂപം. വിഷ്ണു ഭഗവാന്റെ ചൈതന്യം ഒന്നുകൊണ്ടു മാത്രമാണ് എല്ലാ ജഗത്തും ഉണ്ടാവുന്നതും, നിലനിൽക്കുന്നതും ലയിക്കുന്നതുമെല്ലാം. സത്താ മാത്രനായ വിഷ്ണുഭഗവാനിൽ നിന്നും വേറിട്ടു നിൽക്കുന്നതാണ് ഈ ജഗത്തെന്ന് തോന്നാമെങ്കിലും ജഗത്തിന്റെ എല്ലാ വശങ്ങളും വിഷ്ണുചൈതന്യത്താൽ മാത്രം നിരയപ്പെട്ടതാണ്. അതുകൊണ്ടാണ് ഭഗവാന് വാസുദേവൻ എന്ന നാമമുണ്ടാവാനുള്ള കാരണം. ചരാചരാത്മകമായ ജഗത്തുമുഴുവൻ ആരിൽ നിൽക്കുന്നുവോ, ആർ എല്ലാറ്റിന്റെയും നിയന്താവായിട്ടിരിക്കുന്നുവോ അദ്ദേഹമെന്നർത്ഥത്തിലാണ് വാസുദേവശബ്ദം പറയപ്പെട്ടിരിക്കുന്നത്.

മഹാഭാരതം ശാന്തി പർവ്വത്തിൽ ഭഗവാൻ അർജ്ജുനനോട് പറഞ്ഞത് “ഹേ…പാർത്ഥാ! ഭൂമിയും ആകാശവും എന്നാൽ വ്യാപ്തമാണ്. എന്റെ അനന്തമായ വ്യാപ്തിയാൽ ഞാൻ വിഷ്ണു എന്ന് പറയപ്പെടുന്നു”.

ഈ പ്രപഞ്ചത്തിൽ കാണാവുന്നതും കേൾക്കാവുന്നതുമായി എന്തെല്ലാം ഉണ്ടോ അതിന്റെ ഉള്ളിലും പുറത്തും ഭഗവാൻ മഹാവിഷ്ണു വ്യാപിച്ചിരിക്കുന്നു എന്നാണ് ബൃഹത്തരായണോപനിഷിത്ത് പറഞ്ഞിരിക്കുന്നത്.

ഈ മഹാത്മാവിന്റെ ശക്തിവിശ്വം മുഴുവൻ പ്രവേശിച്ചിട്ടുള്ളതുകൊണ്ട് അദ്ദേഹത്തെ വിഷ്ണു എന്ന് വിളിക്കുന്നു എന്നാണ് വിഷ്ണു പുരാണം പറയുന്നത്. സംഭവിച്ചു കഴിഞ്ഞതും സംഭവിക്കാനുള്ളതും സംഭവിച്ചുകൊണ്ടിരിക്കുന്നതിനും പ്രഭുവായിട്ടുള്ളവനാരോ അവനാണ് വിഷ്ണു ഭഗവാൻ! ദേശകാലാവസ്ഥകളിൽ  വ്യാപിച്ചിരിക്കുന്നവനാണ് മഹാവിഷ്ണു! സർവൈശ്വര്യ പരിപൂർണ്ണനുമാണ് ശ്രീഹരി!

സ്വർണ്ണത്തിന് അഗ്നിയും രശ്മികൾക്ക് ആദിത്യനും എപ്രകാരം പതിയായിരിക്കുന്നുവോ അതുപോലെ സർവ്വലോകങ്ങൾക്കും പതിയായിരിക്കുന്നവനാണ് ശ്രീ ആദിനാരായാണനായ വിഷ്ണുഭഗവാൻ! ചരാചരാത്മകമായ ജഗത്തൊട്ടാകെ തന്നെ വിഷ്ണുമയമാക്കി തീർത്തവനും സർവ്വചരാചരങ്ങളിലും വിദ്യാവിദ്യാ സ്വരൂപേണയും കാര്യകാരണസ്വരൂപേണയും വർത്തിക്കുന്ന പരമപുരുഷനാണ് വിഷ്ണുഭഗവാൻ!

കാലദേശങ്ങളിൽ നിന്നും നാമരൂപങ്ങളിൽ നിന്നും ഗുണധർമ്മങ്ങളിൽ നിന്നും അതീതനും കേവലസ്വരൂപിയുമായ ശ്രീവാസുദേവനാകുന്നു പരമബ്രഹ്മം. അവ്യക്തമായ കാരണപ്രപഞ്ചത്തിനും വ്യക്തമായ കാര്യപ്രപഞ്ചത്തിനും മൂലസ്വരൂപം അല്ലെങ്കിൽ ആദികാരണമായിട്ടിരിക്കുന്നത് ഭഗവാൻ മാഹാവിഷ്ണു എന്ന പരബ്രഹ്മമാകുന്നു. നിർഗുണബ്രഹ്മമാണ് ഭഗവാന്റെ പരമമായ സ്വരൂപം. പുരുഷൻ, പ്രകൃതി അല്ലെങ്കിൽ പ്രധാനം, കാലം തുടങ്ങിയ അവ്യക്തങ്ങളായ ജഗത്കാരണ ശക്തികളെല്ലാം പരബ്രഹ്മസ്വരൂപിയായ ഭഗവാൻ മഹാവിഷ്ണുവിന്റെ രൂപഭേദങ്ങൾ മാത്രമാണ്. നാം കാണുന്ന ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതി സംഹാരാദികളാകുന്ന ലീലക്കുള്ള ഉപാദികളാണ് അവയെല്ലാം.

സത്വമൂർത്തിയും ഹിരണ്യഗർഭനുമായ ശ്രീമഹാവിഷ്ണു ദശാവതാരങ്ങൾ സ്വീകരിച്ചിട്ടുണ്ട്. സർവ്വാധാരനും സർവ്വസ്വരൂപിയുമാണ് വിഷ്ണു ഭഗവാൻ! സർവ്വത്ര വ്യാപ്തനും സർവ്വന്തര്യാമിയുമായ വിഷ്ണുഭഗവാൻ ചിലനേരങ്ങളിൽ കേവലം ലീലാമാത്രമായി ഓരോ സ്വരൂപത്തിലവതരിക്കും.

ആയിരം കോടി സൂര്യന്മാർ ഒന്നിച്ച് ഉദിച്ചാലെന്ന പോലെ ഉജ്ജ്വലമായ തേജോ പ്രസരം കൊണ്ട് ആകാശമണ്ഡലത്തെ മുഴുവൻ പ്രകാശമാനമാക്കിയും ശംഖ് ചക്രാദി ആയുധങ്ങൾ ധരിച്ചും പീതാംബരം, ഹാരം, വനമാല തുടങ്ങിയ എല്ലാ വൈഷ്ണവ ചിഹ്നങ്ങളേയും പ്രകാശിപ്പിച്ചുകൊണ്ടും സർവ്വാലങ്കാര ഭൂഷിതനായി, സർവ്വാംഗ സുന്ദരനായി ദിവ്യമായൊരു പ്രഭാമണ്ഡപത്തിന്റെ മദ്ധ്യത്തിൽ നിന്നു കൊണ്ട് മംഗളമൂർത്തിയായ ശ്രീനാരായണൻ ഭക്തകോടികളുടെ മനതാരിൽ കുടികൊള്ളുന്നു. കരുണാനിധിയും അന്തരാമിയും വൈകുണ്ഠനാഥനും പരമപുരുഷനും യജ്ഞസ്വരൂപനും ജഗന്നിയന്താവും മംഗളമൂർത്തിയായും ആദിമധ്യാവസാനങ്ങളോ, ഉൽപ്പത്തി സ്ഥിതിലയങ്ങളോ, ക്ഷയവൃദ്ധികളോ ഇല്ലാത്തവനും ഈ ജഗത്തിന് കാരണവും നിയന്താവുമാണ് ഭഗവാൻ മഹാവിഷ്ണു.

ഈ ജഗത്തിന്റെ മുഴുവൻ ശക്തിയും ചൈതന്യവും സത്തയുമാണ് ഭഗവാൻ മഹാവിഷ്ണു! കൗസ്തുഭ രത്നവും ശ്രീവത്സവും മാറിലാണിഞ്ഞ് കൈകളിൽ ഗദയും പാഞ്ചജന്യവും, ശാർങ്ഗചാപവും സുദർശനചക്രവും ഏന്തികാഴ്ച നൽകുന്നു ഭഗവാൻ!

ദൈവികതയുടെ രൂപം സർവ്വവ്യാപിയായ ഭഗവാൻ മഹാവിഷ്ണുവാകുന്നു. ശംഖ് ചക്രഗദാധാരിയായ മഹാപ്രഭുവിന്റെ ശംഖ് ആദിശബ്ദത്തിന്റെ അഥവാ വാക്കിന്റെയും ഗദശക്തിയുടേയും പ്രതാപത്തിന്റെയും പ്രതീകമാകുന്നു. സാളഗ്രാമം ഭഗവാൻ മഹാവിഷ്ണുവിന്റെ പ്രതീകമാണ്. പരമകല്യാണ മൂർത്തിയായ ഭഗവാൻ മഹാവിഷ്ണുവിൽ പ്രേമ ഭക്തി വളർന്നവൻ അമൃതസാഗരത്തിൽ നീന്തിക്കുളിക്കുന്നവനാണ്. അവന് ചളിക്കുണ്ടിലെ ദുർഗന്ധജലമാകുന്ന വിഷയഭോഗങ്ങളിൽ എങ്ങിനെ ഇച്ഛയുണ്ടാകുംഎന്നാണ് ശുകമഹർഷി ഭാഗവതത്തിൽ പറഞ്ഞിരിക്കുന്നത്. ഈശ്വരാനുഗ്രഹം സ്വീകരിക്കേണ്ടവർ മാത്രമല്ല നമ്മൾ. അതിന് അവകാശമുള്ളവരുമാണ്. ഭക്തിയാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഭഗവാനിലേക്ക് അടുക്കുവാനുള്ളശ്രേഷ്ഠമായ, ശരിയായ പാത ഭക്തി ഒന്നുമാത്രം.

ശ്രീവിഷ്ണു ഭഗവാനിൽ നിന്ന്
അന്യനായിട്ടൊരു ഈശ്വരനില്ല. ആശ്രിതവത്സലനായ ഭഗവാൻ ശ്രീനാരായണൻ തന്റെ പാദദാസരായ ഭക്തരെ സദാ എല്ലാ ദുഃഖങ്ങളിൽ നിന്നും കരകയറ്റി വിടും. ഭഗവാൻ മഹാവിഷ്ണുധർമ്മ സംസ്ഥാപനത്തിനും ഭക്തരക്ഷക്കും വേണ്ടി കാലാകാലങ്ങളിൽ അവതാര രൂപം പുൽകാറുണ്ട്. കാര്യകാരണസ്വരൂപവും സാധന സാധ്യസ്വരൂപവുമായ ഈ ജഗത്ത് മുഴുവൻ വിഷ്ണുമയമാണ്. ഈ ജഗത്തിന്റെ ഊടും പാവും വിഷ്ണു ചൈതന്യം ഒന്നുമാത്രം.

ഞൊറിവച്ച പട്ടുടയാടയണിഞ്ഞ് ചുണ്ടിൽ തത്തികളിക്കുന്ന മന്ദഹാസവും പേറി, മൌലിയിൽ പീലി ചാർത്തി, രത്നങ്ങൾ പതിച്ച കനക കിരീടമണിഞ്ഞ്, കൈകാലുകളിൽ സ്വർണ്ണ വളകളും തളകളുമണിഞ്ഞ്, നെറ്റിത്തടത്തിൽ ഗോരോചനകുറിയിട്ട്, അഞ്ജന കണ്ണെഴുതി, വനമാല, രത്നമാല, കൗസ്തുഭമാല, തുളസിമാല തുടങ്ങിയ ഹാരങ്ങളുമണിഞ്ഞ്, ശംഖ് ചക്രഗദാപങ്കജ പ്രശോഭിതമായകരപങ്കേരുഹങ്ങളും, കൊണ്ടൽ കാർവർണ്ണനുമായി ഭഗവാൻ മഹാവിഷ്ണുവിന്റെ ദിവ്യചൈതന്യഭാസിതമായ രൂപസൗഭാഗ്യം മനസ്സിൽ പതിയുമ്പോൾ ഏതു വിഷ്ണുഭക്തനാണ് രോമാഞ്ചകുഞ്ചുകിതനാകാത്തത്.

H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E

No comments:

Post a Comment