ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 August 2016

ദേവതയുടെ ആയുധങ്ങൾ

ദേവതയുടെ ആയുധങ്ങൾ

ഭൈരവന്റെ ആയുധമാണ് ത്രിശൂലം. ഭയങ്കരമായ രവം ഉണ്ടാക്കുന്നവനാണ് ഭൈരവൻ. വേദത്തിൽ രുദ്രൻ എന്നാണ്.

ത്രിശൂലത്തിന് മൂന്നു മുനകളാണുള്ളത്. ഈ ത്രിശൂലം ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി എന്നിവയാണ്.

ജീവിതത്തിൽ വിജയം കൈവരിക്കാൻ അസാമാന്യമായ ഇച്ഛാശക്തി ആവശ്യമാണ്. ചെറിയ പ്രശ്നങ്ങൾ വരുമ്പോൾ അതിനെ നേരിടാൻ കഴിയാതെ ആത്മഹത്യയ്ക്കു ശ്രമിക്കുകയാണ് ഭൂരിഭാഗം പേരും ചെയ്യുന്നത്. എന്നാൽ ഇച്ഛാശക്തിയുള്ളയാളുകൾക്ക് അതിനെ തരണം ചെയ്യാൻ എളുപ്പത്തിൽ സാധിക്കും. നാം എല്ലാവരും ജീവിതത്തെ ആഘോഷമാക്കി മാറ്റാൻ  ആഗ്രഹിക്കുന്നവരാണ്. അതിന് അനിതരസാധാരണമായ ഇച്ഛാശക്തി ആവശ്യമാണ്. കുലദേവതയുടെ കൈകളിലിരിക്കുന്ന ത്രിശൂലത്തിലെ ഒന്നാമത്തെ മുന ഇച്ഛാശക്തിയാണ്. രണ്ടാമത്തെ മുന ക്രിയാശക്തിയാണ്. മൂന്നാമത്തെ ജ്ഞാനശക്തി. ഒരിക്കലും നമുക്ക് ക്രിയാത്മകമായി ഒന്നും ചെയ്യാൻ സാധ്യമല്ല.സക്രിയനാവാനാണ് നിഷ്ക്രിയനാവാനല്ല കുലദേവത ഉപദേശിക്കുന്നത്.

ഇതേപോലെ ഭഗവതിയുടെ കൈവശമുള്ള മറ്റൊരു ആയുധമാണ് വാൾ. പല ക്ഷേത്രങ്ങളിലും വാൾ കാണാൻ സാധിക്കും. വാൾ എഴുന്നെള്ളിക്കുന്ന പതിവും ക്ഷേത്രങ്ങളുണ്ട്. എന്താണ് ഈ വാൾ കൊണ്ട് ഉദ്ദേശിക്കുന്നത്.

സാധാരണഗതിയിൽ ഇന്ന് പലർക്കുമില്ലാത്ത ഒന്നാണ് ആത്മധൈര്യം. തനിക്ക് ഇന്നകാര്യം സാധിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം ഇല്ലാത്തതിനാൽ നൂറു കണക്കിനാളുകളാണ് ആത്മഹത്യ ചെയ്യുന്നത്. ജീവിച്ചിരിക്കെ ആത്മാവിന്റെ ദുഃഖവും ആത്മാവിനെ ഹത്യ (കൊല്ലുക) ചെയ്യുന്നതിന് തുല്യമാണ്.

ആത്മവിശ്വാസമില്ല എന്നതിനർത്ഥം ജീവിത യാഥാർത്ഥ്യങ്ങളെ നേരിടാനുള്ള ഭയം അവർക്കുണ്ട് എന്നതാണ്. ഈ അറിവില്ലായ്മയെ നശിപ്പിക്കുന്നതിനും ജീവിതപാതയിൽ നേരിടുന്ന വെല്ലുവിളികളെ ഇല്ലാതാകുന്നതിന്റെയും പ്രതീകമാണ് വാൾ.

മറ്റൊന്ന് തോൽപരിചയാണ്. ദൈനംദിനം  നേരിടുന്ന നിരവധി പ്രശ്നങ്ങൾക്ക് മുമ്പിൽ തകർന്നു വീഴാനുള്ളതല്ല ജീവിതം. അവയെ പ്രതിരോധിക്കാനുള്ള ശേഷി നമുക്കാവശ്യമാണ്. ആ പ്രതിരോധത്തിനുള്ള ആയുധമാണ് തോൽപരിച. പ്രതിസന്ധികളെ പ്രതിരോധിക്കുന്നതിന് തോൽപരിചയും അവയെ ഇല്ലാതാക്കുന്നതിന് വാളും ഉപയോഗിക്കുന്നു.

ചുരുക്കിപ്പറഞ്ഞാൽ ജീവിതവിജയത്തിന്റെ പ്രതീകമാണ് ഈ ദേവതയുടെ ആയുധങ്ങൾ. ഇച്ഛാശക്തിയും, ജ്ഞാനശക്തിയും, ക്രിയാശക്തിയും പ്രദാനം ചെയ്യുന്ന ത്രിശൂലം, വിജ്ഞാനത്തെ പകർന്നു നിൽക്കുന്ന കപാലം, ജ്ഞാനത്തിന്റെ പ്രതീകമായ സോമം, അവയെ ഇല്ലാതാക്കാനുതകുന്ന വാൾ ഇതാണ് കുലദേവതയായ ഭദ്രകാളിയുടെ ആയുധങ്ങൾ.

കുലദേവത എന്ന വാക്കുണ്ടായത് കൗളം എന്നതിൽ നിന്നാണ്. ശിവനും പാർവ്വതിയും അഭിന്നമായി നിൽക്കുന്ന അവസ്ഥയാണ് കൗളം. ഇങ്ങനെ ജീവിതത്തിൽ അവനവന്റെ ഉള്ളിലുള്ള നൈസർഗികമായ വിചാരധാരകളെ ഉണർത്തി ജീവിതവിജയം നേടാനുള്ള ആഹ്വാനമാണ് കുലദേവത.

കുലദേവത   -    പെറ്റമ്മ

ഗ്രാമദേവത  -    ചിറ്റമ്മ

പരദേവത     -    മറ്റു അമ്മമാർ

ഇവിടെ എല്ലാവർക്കും എല്ലാ സൗഭാഗ്യങ്ങളും ഉണ്ടെങ്കിലും ഇല്ലാതെ പോകുന്ന ഒരു സാധനം ഉണ്ട് അതാണ് മനഃസമാധാനം. ഈ മനഃസമാധാനം കിട്ടാത്തത് കുലദേവ പ്രീതിയില്ലാത്തതിനാലാണ്. ഇനി ഒരു പക്ഷേ കുലദേവത ആരെന്ന് അറിയില്ലെങ്കിൽ വിഷമിക്കേണ്ട ശിവപാർവ്വതിയെ കുലദൈവമായി സങ്കല്പിച്ചാൽ മതി. കാരണം എല്ലാ നദിയും അവസാനം പോയി ചേരുന്നത് കടലിൽ എന്നപോലെ എല്ലാ പ്രാർത്ഥനയും പോയി ചേരുന്നത് അമ്മയപ്പനിൽ തന്നെ. കുലദൈവപ്രീതി ഇല്ലെങ്കിൽ നമ്മൾ ജീവിതത്തിൽ അനാഥരെപോലെ തോന്നും എന്തു സുഖങ്ങൾ ഉണ്ടെങ്കിലും.

ജീവിതത്തിൽ വൻ വിജയം നേടാനാണ് ഓരോരുത്തരും പരിശ്രമിക്കുന്നത്‌. ശക്തിയില്ലാതെ അധഃപതിക്കാൻ ആരും ആഗ്രഹിക്കുന്നില്ല. ഈശ്വരീയമാണ് ഇച്ഛാശക്തിയും ക്രിയാശക്തിയും ജ്ഞാനശക്തിയും.

ഓം ശിവശക്തിയേ നമഃ

ലോകാ സമസ്താ സുഖിനോ ഭവന്തു

H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E

No comments:

Post a Comment