ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 January 2021

നാരങ്ങ വിളക്ക്

നാരങ്ങ വിളക്ക്

രാഹുദോഷത്തിൻറെ പരിഹാരത്തിനായി ദേവീക്ഷേത്രങ്ങളിൽ നടത്താറുള്ള വഴിപാടാണ് നാരങ്ങാവിളക്ക്. രാഹു നവഗ്രഹങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും കേവലം തമോഗ്രഹമാണ്. രാഹു ലോകത്തിന് അനിഷ്ടകാരിയാണ്.രാഹുവിന്റെ ദശയിലും മറ്റ് ദശകളിൽ രാഹുവിന്റെ അപഹാരം ഉണ്ടാകുമ്പോൾ അനിഷ്ടകാര്യങ്ങൾ സംഭവിക്കും. ഓരോദിവസവും രാഹുവിന്റെ നിഴലാട്ടം ഉണ്ടാകുന്ന സമയത്തെ അനിഷ്ടസംഭവങ്ങൾ പരിഹരിക്കാനാണ് രാഹുകാലത്ത് നാരങ്ങാ വിളക്ക് കത്തിച്ച് ദേവിയെ ഭജിക്കുന്നത്.

ദുർഗ്ഗാ പൂജനത : പ്രസന്ന ഹൃദയ : എന്നാണ് നവഗ്രഹ മംഗളാഷ്ടകത്തിൽ രാഹുവിനെപറ്റി പറയുന്നത്. രാഹുദോഷ പരിഹാരത്തിന് ദേവീ പൂജ ഉത്തമം എന്നാണിതിന്റെ അർത്ഥം. രാശിചക്രത്തിൽ രാഹുവിന് സ്വന്തമായ ക്ഷേത്രമില്ല. ദേവിയുടെ പ്രാതിനിധ്യം വഹിക്കുന്ന ശുക്രന്റെ സ്വക്ഷേത്രമായ ഇടവത്തിലാണ് രാഹുവിന് സ്ഥാനമുള്ളത്. അതായത് ദേവിയുടെ സ്വക്ഷേത്രമായ രാശിയിൽ ആശ്രിതനായി സ്ഥിതി ചെയ്യുന്നവനാണ് രാഹു. അതുകൊണ്ടുതന്നെ ദേവിയുടെ സ്വക്ഷേത്രമായ രാശിയിൽ സ്ഥിതിചെയ്യുന്ന രാഹുദോഷപരിഹാരത്തിന് ദേവിയെ ആരാധിക്കുക തന്നെ വേണം.

അമ്ലഗുണ പ്രദാനമായ നാരങ്ങ ചിരാതിന്റെ രൂപത്തിലാക്കി അതിലേക്ക് നെയ്യോ എണ്ണയോ ഒഴിച്ചാണ് നാരങ്ങാ വിളക്ക് കത്തിക്കുന്നത്.അത്യധികം അമ്ലഗുണമുള്ള നാരങ്ങയുടെ തൊലിയിൽ എണ്ണയോ നെയ്യോ ചേരുമ്പോൾ അതിന്റെ ഫലം തീവ്രമാകും. ശക്തിസ്വരൂപിണിയായ ദേവിയെ പ്രീതിപ്പെടുത്താൻ ചെയ്യുന്ന രാജസപൂജയുടെ ഭാഗമായാണ് നാരങ്ങാവിളക്ക് കത്തിക്കുന്നത്. ലഘുവായ ഒരു ഹോമത്തിൻെറ ഫലമാണ് നാരങ്ങാ വിളക്ക് കത്തിക്കുന്നതിലൂടെ ഭക്തർക്ക് ലഭിക്കുന്നത്. അഗ്നിഭഗവാനെ സാക്ഷിനിർത്തി മന്ത്രോചാരണത്തോടെ ദേവിയെ സ്തുതിച്ചാൽ രാഹുദോഷം അകന്നുപോകുമെന്നാണ് വിശ്വാസം. ചൊവ്വാ വെള്ളി ദിവസങ്ങളിൽ ദേവീ സ്തുതികളോടെ രാഹുകാല നാരങ്ങാവിളക്ക് കൊളുത്തുന്നതാണ് ഫലപ്രദം.

യാ ദേവീ സർവ്വഭൂതേഷു
ശക്തിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമ :

No comments:

Post a Comment