ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

6 January 2021

കോഹിനൂർ അഥവാ പ്രകാശ ഗോപുരം

കോഹിനൂർ അഥവാ പ്രകാശ ഗോപുരം

അല്പം പഴക്കമുള്ള ഒരു കഥയാണ്. ആന്ധ്രപ്രദേശിലെ ഗോൽക്കൊണ്ട എന്ന സ്ഥലത്തു ഒരു രത്ന ഖനിയുണ്ടായിരുന്നു. കൃഷ്ണാനദിയുടെ ബേസിൻ ആയ ആ പ്രദേശത്തിന് കൊല്ലൂർ എന്നാണ് പേര്. കൊല്ലൂർ ഖനി എന്നപേരിലാണ് പ്രശസ്തി. ഇന്ത്യൻ ഉപ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ രത്നഖനിയായിരുന്നു.  ഗോൽക്കൊണ്ട രത്നങ്ങൾ എന്നപേരിൽ പ്രശസ്തമായിരുന്നു ഇവിടുത്തെ രത്നങ്ങൾ.

തെലുങ്കുഭാഷ സംസാരിക്കുന്ന പ്രദേശങ്ങൾ
അടക്കിവാണിരുന്ന കാകതീയ വംശത്തിന്റെ അധീനതയിലായിരുന്നു ഗോൽക്കൊണ്ടയും കൊല്ലൂരുമെല്ലാം. കാകതീയരുടെ കുലദേവതയായിരുന്നു വാറങ്കൽലെ ഭദ്രകാളി. കാകതീയർക്കും മുൻപ് ചാലൂക്യ രാജാവായ പുലികേശി രണ്ടാമനാണ് ആ ഭദ്രകാളി ക്ഷേത്രം പണികഴിപ്പിച്ചത്. അവരുടെ ഭരണശേഷമാണ് കാകതീയർ ഇന്നത്തെ വാറങ്കൽ ആസ്ഥാനമായി ഭരണം തുടങ്ങിയത്.

കുലദേവതയായ ഭദ്രകാളിയുടെ ഇടതുകണ്ണിന്റെ സ്ഥാനത്തു, അന്നോളം ഗോൽക്കൊണ്ട ഖനിയിൽനിന്നും കിട്ടിയ ഏറ്റവും വലിയ രത്നം പിടിപ്പിച്ചു. രത്നംകൊണ്ടുള്ള ഇടതുകണ്ണുള്ള ഭദ്രകാളി, കാകതീയരുടെ ശക്തിയായിരുന്നു. പിൽക്കാലത്തു ഡൽഹി സുൽത്താന്മാർ കാകതീയരെ കീഴടക്കി. പ്രതാപരൂദ്രൻ എന്ന രാജാവിനെ കീഴടക്കി രാജ്യം കൊള്ളയടിച്ചു. ക്ഷേത്രം തകർത്ത അവർ ഭദ്രകാളിയുടെ കണ്ണായ രത്നം അപഹരിച്ചു.

ഡൽഹിയിലെ ഭരണം മാറുന്നതിനനുസരിച്ചു രത്നം കൈമാറി. ലോധി വംശത്തിന്റെ കയ്യിലെത്തിയ രത്നം മുഗൾ വംശക്കാരനായ ബാബറിന്റെ കൈവശം എത്തി. അവിടെനിന്നും അത് പരമ്പരയാ കൈമാറി ഷാജഹാനിലും പുത്രനായ ഔരംഗസേബിലും വന്നെത്തി. ഔറംഗസീബ് ആ രത്നം ലാഹോറിലേക്ക് കൊണ്ടുപോയി. ലാഹോറിലെ ബാദ്ഷാഹി മസ്ജിദിലായിരുന്നു ഔറംഗസീബ് ആ രത്നം സൂക്ഷിച്ചത്. 1739 ഇൽ ഇറാനിയൻ ഭരണാധികാരിയായ നാദിർഷാ ലാഹോർ കീഴടക്കി, ആ രത്നം സ്വന്തമാക്കി. വലുപ്പമേറിയതും വിശിഷ്ടവുമായ ആ രത്നം കണ്ട നാദിർഷാ കണ്ണുതള്ളി അറിയാതെ പറഞ്ഞുപോയത്രെ - കോ - ഹെ  - നൂർ (പ്രകാശ ഗോപുരം ..) അങ്ങനെ ആദ്യമായി ആ രത്നത്തിന് പെരുകിട്ടി - കോഹിനൂർ.

നാദിർഷാ 1747 ഇൽ കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ സൈന്യാധിപന്മാരിൽ ഒരാളായ അഹമ്മദ് ഷാ ദുറാനി കോഹിനൂർ രത്നം തന്റെ സ്വദേശമായ അഫ്‌ഗാനിസ്ഥാനിലേക്ക് കൊണ്ടുപോയി. പിന്നീടത് ദുറാനി വംശത്തിന്റെ കയ്യിലായി. 1830 ഇൽ ഷുജാ ഷാ ദുറാനി എന്ന രാജാവ് ഭരണത്തിൽനിന്നും പുറത്താക്കപ്പെട്ടു അദ്ദേഹം ഒടുവിൽ ലാഹോറിൽ എത്തി. അന്ന് ലാഹോർ ഭരിച്ചിരുന്ന മഹാരാജ രഞ്ജിത്‌സിംഗ് ഷുജ യിൽനിന്നും കോഹിനൂർ കരസ്ഥമാക്കി, ഷൂജയെ തടവിലിട്ടു.

രഞ്ജിത്ത് സിംഗ് കോഹിനൂർ തന്റെ തലപ്പാവിൽ പിടിപ്പിച്ചു ആനപ്പുറത്തുകയറി നാടുകാണാൻ ഇറങ്ങും, അങ്ങനെയാണ് എല്ലാവരും ആ രത്നം കാണുന്നത്. ദസറക്കും ദീപാവലിക്കും അദ്ദേഹം കോഹിനൂർ കയ്യിലണിയുമായിരുന്നു. 1839 ഇൽ രഞ്ജിത്ത് സിംഗ് രോഗശയ്യയിലായി. മരണത്തിനുമുന്പ് കോഹിനൂർ രത്നം പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിനു നൽകുവാൻ അദ്ദേഹം ഉത്തരവിട്ടെങ്കിലും ഖജാന അധികാരി ബേലി രാം അതിനു തയ്യാറായില്ല. രഞ്ജിത്ത് സിങിന്റെ മരണശേഷം പ്രധാനമന്ത്രി ധിയാൻ സിംഗ് കോഹിനൂർ ലാഹോറിന് പുറത്തേക്കു കൊണ്ടുപോകരുത് എന്ന് ഉത്തരവിട്ടു. അദ്ദേഹം ലാഹോറിന്റെ ഭരണം പിടിച്ചടത്തു. തുടർന്ന് പല ഭരണമാറ്റങ്ങളും നടന്നു. ഒടുവിൽ രഞ്ജിത്ത് സിങിന്റെ ഒടുവിലത്തെ പുത്രൻ അഞ്ചുവസ്സുകാരൻ  ദുലീപ് സിംഗ് രാജാവായി. അദ്ദേഹത്തിന്റെ കയ്യിൽ അലങ്കാരമായി കോഹിനൂർ. 1846 ഇൽ ഒന്നാം സിഖ് - ആംഗ്ലോ യുദ്ധം നടന്നു. ലാഹോർ ഉടമ്പടി പ്രകാരം കോഹിനൂർ രത്നം ബ്രിട്ടീഷ് രാഞ്ജിക്കു നൽകപ്പെട്ടു.

പിന്നീട് കോഹിനൂർ ബ്രിട്ടീഷ് കിരീടത്തിനു അലങ്കാരമായി.

കോഹിനൂർ രത്നം ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത് ടവർ ഓഫ് ലണ്ടൻ എന്ന പേരിൽ അറിയപ്പെടുന്ന, ബ്രിട്ടീഷ് രാഞ്ജിയുടെ കൊട്ടാരത്തിൽ. ഈ രത്നം തങ്ങളുടെയാണ് എന്ന് പാകിസ്ഥാൻകാരും, അഫ്‌ഗാനിസ്ഥാൻകാരും , ഇറാൻകാരും അവകാശപ്പെടുന്നു. ഇതൊക്കെ രത്നം സഞ്ചരിച്ച വഴികൾ തന്നെ സംശയമില്ല.

പക്ഷെ അത് കാകതീയരുടെ കുലദേവതയുടെ കണ്ണാണ്.

കാകതീയരുടെ കുലദേവതയായ ഭദ്രകാളിയുടെ ഇടതുകണ്ണ് ഇപ്പോഴുമിരിക്കുന്നത് ലണ്ടനിൽ. അതതിന്റെ ശരിയായ സ്ഥാനത്തുതന്നെ എത്തുമെന്ന് കരുതാമോ? 0.00001 % പോലും സാധ്യതയില്ല. എന്നാലും ഭഗവതിയുടെ ഇച്ഛയെന്തെന്നു ആർക്കറിയാം ?

No comments:

Post a Comment