കറുപ്പസ്വാമിയും കറുപ്പായി അമ്മയും
അയ്യപ്പന്റെ പരിവാര മൂർത്തിയാണ് കറുപ്പസ്വാമി. പതിനെട്ടാംപടിയുടെ വലതു വശത്താണ് കറുപ്പസ്വാമി, കറുപ്പായി അമ്മ എന്നിവരുടെ പ്രതിഷ്ഠകൾ. കറുപ്പസ്വാമിയുടെ ഭാര്യയാണ് കറുപ്പായി അമ്മ. അച്ചൻകോവിൽ ശാസ്താ ക്ഷേത്രത്തിൽ അവിടുത്തെ പരിവാര മൂർത്തിയായ കറുപ്പസ്വാമിയുടെ മഹത്വത്തെക്കുറിച്ച് നിരവധി ഉദാഹരണങ്ങൾ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ പറയുന്നുണ്ട്.
അച്ചൻകോവിൽ ക്ഷേത്രം, അച്ഛൻ കോവിൽ മലയുടെ കിഴക്ക് വടക്കേ കോണിലുള്ള താഴ്വരയിലാണ്. ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിൽ നിന്ന് ഏകദേശം കാൽ നാഴിക ദൂരെ കിഴക്കായി ഒരു കോവിലിൽ കറുപ്പസ്വാമി എന്നും അതിന്റെ ഇടതുവശത്ത് കറുപ്പായി അമ്മ എന്നും രണ്ടു മൂർത്തികൾ പടിഞ്ഞാറോട്ട് ദർശനമായി നിൽക്കുന്നുണ്ട്.
അയ്യപ്പന്റെ പരിവാര മൂർത്തികളിൽ പ്രധാനിയാണ് കറുപ്പസ്വാമി. കറുപ്പ സ്വാമിക്ക് നടത്തുന്ന പ്രധാന വഴിപാട് കറുപ്പനൂട്ടാണ് ഏറ്റവും ചെലവേറിയ ഒരു വഴിപാടാണിത്.
ശബരിമലയിൽ കറുപ്പസ്വാമിയും, കറുപ്പായി അമ്മയ്ക്കും കർപ്പൂരം മുന്തിരിങ്ങാപ്പഴം എന്നിവ വഴിപാടായി നൽകുന്നു. അയ്യപ്പന്റെ ഈ പരിവാര മൂർത്തികൾക്ക് കാണിക്ക ഇട്ടു വേണം പതിനെട്ടാം പടി ചവിട്ടാൻ എന്നാൽ, തീർത്ഥാടനകാലത്ത് ഭക്തർക്ക് പതിനെട്ടാംപടിയുടെ ഇടതുഭാഗത്തുള്ള വലിയ കടുത്തസ്വാമിയേയോ വലതുഭാഗത്തുള്ള കറുപ്പസ്വാമി, കറുപ്പായി അമ്മ എന്നിവരെയോ ദർശിക്കുവാൻ സൗകര്യം കിട്ടാറില്ല.
No comments:
Post a Comment