ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

8 January 2021

അഗ്നികണ്ഠാകർണ്ണൻ

അഗ്നികണ്ഠാകർണ്ണൻ

ഭൈരവാദി മന്ത്രമൂര്ത്തികൾ എന്നു അറിയപ്പെടുന്ന ദേവതാ സങ്കൽപങ്ങളിൽ പ്രധാനിയാണ്‌ ശിവചൈതന്യമായ അഗ്നികണ്ഠാകർണ്ണൻ അഥവാ കണ്ഠാകർണ്ണൻ. ശ്രീ ഭദ്രകാളിക്ക് അഗ്നികണ്ഠാകർണ്ണൻ സഹോദര സ്ഥാനീയനാണ്.

ദാരികാസുര നിഗ്രഹകാരിയായ ഭദ്രകാളി, ദാരികപത്നിയായ മനോധരിയാൽ വസൂരി ബാധിതയാവുകയും, ഭഗവതിയുടെ ദുർവിന്യോഗത്തിൽ രോഷാകുലനായ പരമശിവൻ കണ്ഠാകർണ്ണനെ സൃഷ്ടിച്ചു. ശിവന്റെ കണ്ഠത്തിൽ പിറവിയെടുത്ത് കർണത്തിലൂടെ പുറത്തു വന്ന രൂപമായ കണ്ഠാകർണ്ണനെ ഭദ്രകാളിയുടെ വസൂരിമാറ്റാനായി നിയോഗിക്കുകയും ചെയ്തു. കണ്ഠാകർണ്ണൻ വസൂരി ബാധിതയായ ഭദ്രകാളിയുടെ കാൽപാദം മുതൽ കഴുത്തു വരെയുള്ള വസൂരിക്കുരുക്കൾ നക്കിത്തുടച്ചില്ലാതാക്കി. അതിനുശേഷം ശിവൻ ബലവും വീര്യവുമുള്ള തന്റെ മകനോട് ഭൂമിയിലേക്ക് (ഇടവിലോത്തേക്ക്) വാഴാൻ നിർദ്ദേശിച്ചു.
കണ്ടാൽ അരിപ്പവും, കുളിർപ്പവും ധൂമവും ധുളിർപ്പവും ഒന്നുമില്ലാത്ത താനെങ്ങനെ ഭൂമിയിൽ ചെല്ലുമെന്നു ചോദിച്ചപ്പോൾ പരമശിവൻ മൂഴയ്ക്ക് (അളവ്) കനകപ്പൊടിയും (മഞ്ഞൾപ്പൊടി) ആഴയ്ക് (അളവ്) കുരുമുളകുപൊടിയും പ്രസാദമായി കൊടുത്തു. ഇതിൽ തൃപ്തമാകാത്ത കണ്ഠാകർണ്ണന് വായിൽ അഗ്നിയും തലയിൽ നെരിപ്പോടും രണ്ടായിരം കൈകളും മൂവായിരം തൃക്കണ്ണും മൂവരക്കോടി രോമദ്വാരവും ഇടത്തേകയ്യിൽ പന്തവും മണിയും വലത്തേകയ്യിൽ ചൂട്ടും ചൂരക്കോലും തിരുനീരും പൊക്കണവും, അരയിൽ 16 പന്തവും 101 കോൽത്തിരിയും സപ്തമാതൃക്കളേയും 1001 കുരിപ്പും കൊടുത്തു.
ദൈവപ്രഭാവം ലഭിച്ച് ഭൂമിയിലെത്തിയ കണ്ഠാകർണ്ണനെ അന്ന് കാശിരാജ്യം ഭരിച്ച രാജാവ് കാണുകയും ഗൗനിക്കാതിരിക്കുകയും ചെയ്തതിന്റെ ഫലമായി രാജാവിന് വസൂരിപിടിക്കുകയും ചെയ്തു. പ്രശ്നം വെച്ചുനോക്കിയപ്പോൾ കണ്ഠാകർണ്ണന്റെ കോപമാണ് രോഗഹേതു എന്നു മനസ്സിലാക്കുകയും പരിഹാരമാർഗ്ഗമായി കാശിരാജാവിന്റെ മേൽനോട്ടത്തിൽ ക്ഷേത്രം നിർമിച്ച് അതിൽ കണ്ഠാകർണ്ണനെ കുടിയിരുത്തുകയും ചെയ്തു. അതിനു ശേഷം വടക്കൻ ദേശത്തു വന്ന് പല സ്ഥലത്തും സ്ഥാനമുറപ്പിച്ച അദ്ദേഹത്തിന് കോലവും കോഴിയും കുരുതിയും തിറയും പൂജയും കലശവും തർപ്പണവും നൽകി തൃപ്തിപ്പെടുത്തിപ്പോരുന്നു ഭൂമിയിലെത്തിയ കണ്ഠാകർണ്ണനെ ഭഗവതീ ക്ഷേത്രങ്ങളിലും, കളരിപരമ്പര ദൈവങ്ങൾക്കൊപ്പവും, തറവാടുകളിൽ ഉപാസനാ മൂർത്തിയായും പ്രത്യേക താന്ത്രിക അനുഷ്ഠാനങ്ങളോടെ തെയ്യക്കൊലമായി കെട്ടിയാടിച്ചു വരുന്നു

No comments:

Post a Comment