ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

7 January 2021

കരുമാടിയിലെ ചലിക്കുന്ന കൽവിളക്ക്

കരുമാടിയിലെ ചലിക്കുന്ന കൽവിളക്ക്

ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ കരുമാടി ഗ്രാമത്തിലാണ് " ചലിക്കുന്ന കൽവിളക്ക് " സ്ഥിതി ചെയ്യുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള ശങ്കരനാരായണ മൂർത്തി ക്ഷേത്രം. അമ്പലപ്പുഴ ക്ഷേത്രത്തേക്കാളും പഴക്കം അവകാശപ്പെടുന്ന ഈ ക്ഷേത്രത്തിന്റെ തിരുമുൻപിൽ സ്ഥിതിചെയ്യുന്ന ചലിക്കുന്ന കൽവിളക്ക് ഭക്തർക്ക് അത്ഭുത കാഴ്ചയാണ്..!

ഈ കൽവിളക്ക് സ്വയം തിരിഞ്ഞ് പിറകിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. ചരിത്ര ഗവേഷകർ ഇത് സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. ഏതാണ്ട് ഇരുപതു വർഷം കൊണ്ട് ഈ കൽവിളക്ക് ഒന്നര മീറ്ററോളം സ്ഥാനം മാറിയെന്നു നാട്ടുകാർ പറയുന്നു.

നൂറ്റാണ്ടുകൾക്കു മുമ്പ് ഇത് ശിവവൈഷ്ണവ ക്ഷേത്രം ആയിരുന്നു. ഇന്ന് വൈഷ്ണവ ആരാധനയാണ് പ്രാധാന്യം. അക്കാലത്ത് വിദേശ ആക്രമണം ഉണ്ടായപ്പോൾ കൊള്ളയ ടിക്കപ്പെടാതെയിരിക്കാനായി ഇവിടുത്തെ സ്വർണക്കൊടിമരം ഈ കൽവിളക്ക് ഇരുന്ന സ്ഥാനത്ത് കുഴിച്ചിട്ടുവെന്നും ആരുടേയും ശ്രദ്ധയിൽപ്പെടാതിരിക്കാനായി ആ ഭാഗത്ത് കൽവിളക്ക് സ്ഥാപിച്ചുവെന്നും വിശ്വസിക്കുന്നു. ദേവപ്രശ്നം വച്ചപ്പോൾ ഈ കൽവിളക്ക് സ്ഥാനം മാറി തൊട്ടടുത്ത യക്ഷിയമ്പലത്തിനു സമീപം എത്തുമെന്നും അപ്പോൾ സ്വർണക്കൊടി മരം ഉയർന്നു വരുമെന്നും പ്രവചിച്ചത്രെ.

അത്ഭുതത്തിന്റെ പിന്നിലെ ഐതീഹ്യം എന്തുതന്നെയായാലും വിളക്ക് ചലിക്കുന്നു എന്നതിന് ഇവിടെ രണ്ടു പക്ഷമില്ല. ഈ ക്ഷേത്രത്തോട് ചേർന്ന് തന്നെയാണ് ചരിത്ര പ്രസിദ്ധമായ കരുമാടിക്കുട്ടൻ. തോട്ടുവക്കത്ത് ധ്യാനനിമഗ്നനായി ഇരിക്കുന്ന പ്രതിമയാണ് കരുമാടിക്കുട്ടൻ. ബുദ്ധപ്രതിമയാണെന്ന് ചില ചരിത്രകാരന്മാർ പറയുന്നു.

ശ്രീമൂലവാസം എന്ന പഴയകാല ബുദ്ധമത കേന്ദ്രം അമ്പലപ്പുഴയ്ക്ക് തെക്കുമാറിയുള്ള പുറക്കാടായിരുന്നത്രേ. അങ്ങനെയായിരിക്കണം നൂറ്റാണ്ടുകൾ പഴക്കമുള്ള ബുദ്ധവിഗ്രഹം ഇവിടെ വന്നത്.എന്നാൽ ഈ കരുമാടിക്കുട്ടൻ  സാക്ഷാൽ കൃഷ്ണഭഗവാനാണെന്നാണ് ഭക്തരുടെ വിശ്വാസം.

No comments:

Post a Comment