ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

22 March 2021

മായി അമ്മ

മായി അമ്മ

1970 കളിൽ കന്യാകുമാരിയിൽ പ്രത്യക്ഷമായ ഒരു സ്ത്രീ രൂപം. ഊരേതെന്നറിയില്ല, ശരീരപ്രകൃതം വച്ച് ഭാരതത്തിന്റെ വടക്കു കിഴക്കൻ പ്രദേശങ്ങളിലോ നേപ്പാളിലോ ആണ് സ്വദേശമെന്നേ കരുതാനാകൂ. ശരീരത്തിൽ സ്ഥാനം തെറ്റി കിടക്കുന്ന ഉടയാട പലപ്പോഴും നിലത്തു വീഴും. പക്ഷേ അവർക്ക് അതിലൊന്നും ശ്രദ്ധയില്ല. അധികമൊന്നും സാംസാരിക്കാറില്ല. മാനസിക നില തെറ്റിപ്പോയതിനാൽ അലഞ്ഞു തിരിയാൻ വിധിക്കപ്പെട്ട ഒരു സ്ത്രീ എന്നേ കണ്ടവരൊക്കെ കരുതിയിരുന്നുള്ളൂ. അസാധാരണ പ്രകൃതമായതുകൊണ്ടു അവർ ഉണ്ടോ ഉറങ്ങിയോ എന്ന് ആരും അന്വേഷിച്ചതുമില്ല.
                     
ആ രൂപം കന്യാകുമാരി കടൽക്കരയിൽ അങ്ങനെ നടന്നു. തിളവെയിലിലും കടലിലിൽ ഉയർന്നു കാണുന്ന പാറകളിൽ നിവർന്നു ശയിച്ചു. കടലലകൾ അവരെ ശല്യം ചെയ്തിരുന്നില്ല. കടലിൽ ഇറങ്ങി കൈക്കുമ്പിൾ നീട്ടുമ്പോൾ കരഗതമാകുന്ന ഞണ്ടും മീനും കരയിൽ കിടക്കുന്ന കുപ്പ കൂട്ടിയിട്ടു കത്തിച്ചു ചുട്ടെടുത്തു വല്ലപ്പോഴും ഭക്ഷണമാക്കി. അവരോടൊപ്പം സദാ ചുറ്റിപ്പറ്റി നായ്ക്കൂട്ടങ്ങൾ ഉണ്ടാകും. അവർ അവറ്റകളെ  എടുത്തോമനിച്ചു കൊണ്ടിരിക്കും. ചിലപ്പോഴൊക്കെ മത്സ്യ ബന്ധന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന പ്രദേശത്തേക്ക് പോയി അവിടത്തെ അമ്മമാരെ സഹായിക്കും. അവിടത്തെ സ്നേഹനിധിയായ അമ്മമാർ ആഹാരം വച്ചു നീട്ടിയാൽ അവയൊക്കെ തന്റെ നായ്ക്കൾക്കു നൽകാൻ ആവശ്യപ്പെടും.
           
ഒരുനാൾ കന്യാകുമാരിയിലെ സഞ്ചാരികളുടെ വാഹനത്തിന്റെ ചക്രങ്ങൾക്കിടയിൽ ഒരു നായ അകപ്പെട്ടു. നായയുടെ വയർ പിളർന്ന് കുടലടക്കം ആന്തരിക അവയവങ്ങൾ പലതും പുറത്തുവന്നു. ചത്തോ നേരിയ ജീവന്റെ കണിക ബാക്കി ഉണ്ടായിരുന്നോ എന്നറിയില്ല. ഒരു നായ വണ്ടിയുടെ ചക്രത്തിനിടയിൽ പെടുന്നത് പുതിയ സംഭവമൊന്നുമല്ലല്ലോ?  കണ്ടവരിൽ ചിലർ കഷ്ടമായിപോയെന്നു പറഞ്ഞു കടന്നു പോയി. മറ്റു ചിലർ അറപ്പോടെയും. മറ്റുള്ളവർ പ്രാകൃതയെന്നു കരുതിയിരുന്ന ആ സ്ത്രീ രൂപം അവിടേക്കു വന്ന് നായയെ വാരിയെടുത്തു തന്റെ മടിയിൽ കിടത്തി. പുറത്തു ചാടിയ കുടലും മറ്റും നായയുടെ വയറിനുള്ളിൽ തിരുകി വച്ച് പിളർന്ന വയർ ഒരു വയ്ക്കോൽ തുണ്ടെടുത്തു കെട്ടിവച്ചു. കണ്ടു നിന്നവർ പറഞ്ഞു " ചത്ത നായ്ക്ക് വൈത്യം പാക്കുറേ...  പൈത്യം "....  അധികനേരം കഴിഞ്ഞില്ല നായ ചാടി എഴുന്നേറ്റു തലയൊന്നു കുടഞ്ഞു. ആ സ്ത്രീയെ അനുഗമിച്ചു. എല്ലാവരും വിസ്മയിച്ചു. തങ്ങൾ " പൈത്യം " എന്ന് കരുതി  ആക്ഷേപിച്ചിരുന്നവർ ഒരു സാധാരണ സ്ത്രീ അല്ല, മനോ നില തെറ്റിയവരല്ല,.....  തങ്ങളുടെ ബോധ്യത്തിനും അപ്പുറത്താണ് ആ   വ്യക്തിത്വം. ആ സംഭവത്തിന്‌ ശേഷം എല്ലാവരും അവരെ അമ്മ എന്നു വിളിച്ചു. മായാതീത ആയ അമ്മയായി, മായി അമ്മയായി ആ സ്ത്രീ രൂപം അഭിസംബോധന ചെയ്യപ്പെട്ടു. മായി അമ്മ കടലിലും കരയിലുമായി പതിവുപോലെ കഴിഞ്ഞു. നായ്ക്കൂട്ടങ്ങൾ മാത്രം എപ്പോഴും അവരെ ചുറ്റി നടന്നു. നായ്ക്കൾക്കു ആഹാരം കൊടുക്കേണ്ടപ്പോൾ പാതകളുടെ വക്കത്തു  ഏതെങ്കിലും കടയിൽ കയറി അമ്മ ഇഷ്ടാനുസരണം ആഹാരമെടുത്തു നൽകും. കടയുടമ ഭക്തിയോടെ അഞ്ജലീ ബദ്ധനായി നിൽക്കും. മായി അമ്മ തന്റെ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിക്കണമെന്നു ആഗ്രഹിക്കുന്നവരായിരുന്നു ഓരോ വ്യാപാരികളും. മായി അമ്മ കടയിൽ കയറിയാൽ അന്നേ ദിവസം നല്ല കച്ചവടം നടക്കുമെന്ന വിശ്വാസം അവർക്കിടയിൽ രൂഢമൂലമായിരുന്നു. ഇങ്ങനെ ലൗകീകമായ ആഗ്രഹങ്ങളുമായി മായി അമ്മയെ സന്ദർശിക്കുന്നവരോടൊപ്പം സത്യാന്വേഷികളായ വ്യക്തികളും ആ പാദങ്ങൾ പൂകിയിരുന്നു. ശ്രീ. എം ' ഗുരു സമക്ഷം' എന്ന തന്റെ ആത്മകഥയിൽ മായി അമ്മയെ സന്ദർശിച്ചപ്പോൾ ഉണ്ടായ അനുഭവം വിവരിച്ചിട്ടുണ്ട്. നക്സലൈറ്റ് ആയിരുന്ന ഫിലിപ്പ് എം പ്രസാദിന് ആദ്യത്തെ ആത്മീയമായ ഉണർവ്വ് ഉണ്ടായതു മായി അമ്മയിൽ നിന്നുമാണെന്നു അദ്ദേഹം പറഞ്ഞിട്ടുണ്ട്. കേരളത്തിന്റെ വാനമ്പാടി k s ചിത്രയുടെ അമ്മ കുട്ടിയായിരുന്ന ചിത്രയെ കയ്യിലെടുത്തുകൊണ്ടു മായി അമ്മയെ സന്ദർശിച്ചിട്ടുണ്ട്. കുട്ടിയെ കണ്ടപ്പോൾ മായി അമ്മ ' ഗീത് കി റാണി ' എന്ന് പറഞ്ഞുവത്രേ.   'മായി അമ്മ ' എന്ന പേരിൽ കവി മധുസൂദനൻ നായർ ഒരു കവിത എഴുതിയിട്ടുണ്ട്.
                 
1986 ൽ മായി അമ്മ തന്റെ പ്രിയ ഭക്തനായിരുന്ന രാജേന്ദ്രന്റെ കുടുംബത്തോടൊപ്പം സേലത്തേക്കു പോയി. സേലത്തു നിന്നും ഏർകാട് പോകും വഴിയിൽ ചിന്നക്കൊല്ലപെട്ടി എന്ന ഗ്രാമത്തിൽ രാജേന്ദ്രന്റെ കുടുംബത്തോടൊപ്പമാണ് മായി അമ്മ കഴിഞ്ഞത്. ഇശൈ ജ്ഞാനി ഇളയരാജ അവിടെ മായി അമ്മയെ പലപ്പോഴും സന്ദർശിക്കാറുണ്ടായിരുന്നു. 1992ൽ അമ്മ അവിടെ മഹാ സമാധി പ്രാപിച്ചു.
            
തിരുവണ്ണാമലയിൽ ഉണ്ടായിരുന്ന യോഗി രാം സൂരത് കുമാർ മായി അമ്മയുടെ മാഹാത്മ്യം തന്റെ അരികിൽ വരുന്ന ഭക്തന്മാരെ ധരിപ്പിക്കാറുണ്ടായിരുന്നു. പലരേയും കന്യാകുമാരിയിൽ മായി അമ്മയെ കാണുവാൻ പറഞ്ഞയക്കാറുമുണ്ടായിരുന്നു. മായി അമ്മ എത്രകാലം ഭൂമിയിൽ സശരീരയായിരുന്നു എന്നതിനെ കുറിച്ച് ആർക്കും അറിയില്ല. അവരുടെ പ്രായത്തെ കുറിച്ച് ആർക്കും തിട്ടമുണ്ടായിരുന്നില്ല. ആസ്സാമിലെ കാമരൂപമാണ് അമ്മയുടെ സ്വന്തം ദേശമെന്നാണ് പലരും കരുതുന്നത്. കാമാഖ്യ ദേവിയുടെ അവതാരമായും അമ്മയെ കണ്ടിരുന്നു. "കാലദേശാവധിഭ്യാം നിർമുക്തം " - അങ്ങനെയുള്ള മായി അമ്മയുടെ ഊരും പേരും പ്രായവും അന്വേഷിച്ചു ചെന്നിട്ട് എന്തു കാര്യം. ചിന്നക്കൊല്ലപ്പെട്ടിയിൽ സമാധി മന്ദിരമുണ്ട്. ഇപ്പോഴും ധാരാളം ഭക്തർ അവിടം സന്ദർശിക്കുന്നു.

No comments:

Post a Comment