ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

12 January 2021

അപൂർവ്വ ആചാരങ്ങളുള്ള കേരളത്തിലെ ക്ഷേത്രങ്ങൾ

അപൂർവ്വ ആചാരങ്ങളുള്ള കേരളത്തിലെ ക്ഷേത്രങ്ങൾ
 
ക്ഷേത്രകഥകൾക്ക് ഒരു പഞ്ഞവുമില്ലാത്ത നാടാണ് നമ്മുടേത്. കഥകൾക്ക് ഒക്കെ എവിടെയൊക്കയേ ഒരു സാദൃശ്യം പലപ്പോഴും തോന്നുന്നത് സ്വാഭാവീകമാണ്. എന്നാൽ ഇതുവരെയും കേട്ട കഥകളിൽ നിന്നും വ്യത്യസ്തമായി ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും തീർത്തും വ്യത്യസ്തമായ ഒരു അന്തരീക്ഷം പുലർത്തുന്ന കുറച്ച് ക്ഷേത്രങ്ങൾകൂടി നമ്മുടെ നാട്ടിലുണ്ട്. ശ്രീകോവിലോ സോപാനമോ ഇല്ലാത്ത ക്ഷേത്രം മുതൽ തടാകത്തിനു നടുവിൽ നിൽക്കുന്ന ക്ഷേത്രം വരെ ഇവിടെ കാണാൻ സാധിക്കും.
അപൂർവ്വ ആചാരങ്ങൾക്കു പേരുകേട്ട കേരളത്തിലെ കുറച്ചു ക്ഷേത്രങ്ങളെ പരിചയപ്പെടാം..

വള്ളിപ്പടർപ്പിനുള്ളിലെ മൂകാംബിക

ദക്ഷിണ മൂകാംബിക എന്ന പേരിൽ ഏറെ പ്രശസ്തമാണ് കോട്ടയം പനച്ചിക്കാട് സ്ഥിതി ചെയ്യുന്ന മഹാവിഷ്ണു-സരസ്വതി ക്ഷേത്രം. മഹാവിഷ്ണുവാണ് പ്രധാന പ്രതിഷ്ഠയെങ്കിലും സരസ്വതി ക്ഷേത്രം എന്ന പേരിലാണ് ഇവിടം കൂടുതലായി അറിയപ്പെടുന്നത്. സാധാരണ ക്ഷേത്ര മാതൃകകൾ പോലെ ശ്രീ കോവിലെ സോപാനമോ ഇവിടെ കാണാൻ സാധിക്കില്ല എന്നതാണ് ഇവിടുത്തെ പ്രത്യേകത. മഹാവിഷ്ണുവിനെ പ്രതിഷ്ടിച്ചിരിക്കുന്ന ക്ഷേത്രത്തിന്റെ തെക്ക് വശത്തായുള്ള ചെറിയ കുളത്തിന്റെ കരയിലാണ് സരസ്വതി ദേവിയെ പ്രതിഷ്ടിച്ചിരിക്കുന്നത്. ഈ കുളവും അതിനു ചുറ്റുമുള്ള വള്ളിപടര്‍പ്പും മാത്രമാണ് ഇവിടെയുള്ളത്. മൂലവിഗ്രഹം കുടികൊള്ളുന്നത് ഈ വള്ളിപടര്‍പ്പിലാണെങ്കിലും പൂജകളും മറ്റു കര്‍മ്മങ്ങളും നടത്തുന്നത് ഈ വിഗ്രഹത്തിന് എതിരെ സ്ഥാപിച്ചിട്ടുള്ള പ്രതി വിഗ്രഹത്തിലാണ്.
സരസ്വതിയുടെ മൂലവിഗ്രഹത്തെ പൊതിഞ്ഞു നിൽക്കുന്ന വള്ളിപ്പടർപ്പ് ലോകത്തിൽ തന്നെ മറ്റൊരിടത്തും കാണാത്ത സരസ്വതി ലത എന്ന ചെടിയാണ് എന്നാണ് വിശ്വാസം.
വിദ്യാരംഭത്തിനു പേരുകേട്ട ക്ഷേത്രമായതിനാൽ ജാതിമതഭേദമന്യേ ഇവിടെ ധാരാളം ആളുകൾ എത്താറുണ്ട്. എല്ലാ ദിവസവും വിദ്യാരംഭം നടത്തുന്ന അപൂർവ്വ ക്ഷേത്രം കൂടിയാണിത്.

ഓച്ചിറ പരബ്രഹ്മ ക്ഷേത്രം

അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴും ഓംകാരമൂര്‍ത്തി ഓച്ചിറയില്‍' എന്നാണല്ലോ ഗാനം... ദക്ഷിണ കാശിയെന്ന് അറിയപ്പെടുന്ന ഓച്ചിര പരബ്രഹ്മ ക്ഷേത്രത്തിൽ ശ്രീകോവിലോ പ്രതിഷ്ഠയോ പൂജയോ ഇല്ല . കിഴക്കേ ഗോപുരകവാടം മുതല്‍ 36ഏക്കറില്‍ രണ്ട് ആല്‍ത്തറയും ഏതാനും ചില കാവുകളും അടങ്ങുന്നതാണ് ഇവിടുത്തെ ക്ഷേത്രസങ്കല്‍പം. വേലുത്തമ്പിദളവ പണികഴിപ്പിച്ച ആല്‍ത്തറയാണ് ഇന്ന് ഇവിടെ കാണുന്നത്. ഈ ആല്‍മരത്തറകളില്‍ പരബ്രഹ്മചൈതന്യം കുടി കൊള്ളുന്നതായാണ് സങ്കല്‍പം. കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രം പണികഴിപ്പിച്ച ദളവ ഓച്ചിറയിലും ക്ഷേത്രം പണികഴിപ്പിക്കാന്‍ ഒരുങ്ങി എന്നാല്‍ ദേവ പ്രശ്‌നത്തില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നത് ദേവന് ഇഷ്ടമല്ലെന്ന് മനസിലായതിനാല്‍ ആല്‍ത്തറ മാത്രം പണികഴിപ്പിച്ചു എന്നാണ് ചരിത്രം.
കേരളത്തിലെ മറ്റ്‌ ക്ഷേത്രങ്ങളില്‍ നിന്നും തികച്ചും ഒറ്റപ്പെട്ടു നില്‍ക്കുന്നതാണ് ഓച്ചിറ പരബ്രഹ്മക്ഷേത്രം. അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴുകയാണ് ഓച്ചിറയില്‍ ഓംകാരമൂര്‍ത്തിയായ പരബ്രഹ്മം. എന്നാല്‍ ഗണപതിക്കാവ് ഒണ്ടിക്കാവ് , മഹാലക്ഷ്മിക്കാവ്, അയ്യപ്പ ക്ഷേത്രം, കല്‍‌ച്ചിറ, കിഴക്കു പടിഞ്ഞാറെ നടകള്‍ എന്നിവ ക്ഷേത്രങ്ങളായുണ്ട്. ഓംകാര മൂര്‍ത്തിക്കു മാത്രമാണ് ക്ഷേത്രം ഇല്ലാത്തത്.

കോഴികളെ പറപ്പിക്കുന്ന കാർത്യായനി ക്ഷേത്രം

കോഴികളെ പറപ്പിക്കുന്ന ആചാരമുള്ള അപൂർവ്വമായ ക്ഷേത്രമാണ് ആലപ്പുഴ ചേർത്തലയിലെ കാർത്യയനി ക്ഷേത്രം. ഭക്തർ പറപ്പിച്ച നൂറുകണക്കിന് കോഴികളെ ക്ഷേത്രത്തിന്റെ മതിൽക്കെട്ടിനുള്ളിൽ കാണാൻ സാധിക്കും. ക്ഷേത്രത്തിൽ ഉത്സവം തുടങ്ങി ദിവസങ്ങൾക്കു ശേഷം മാത്രം കൊടിയേറ്റം നടക്കുന്നു എന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്. തറനിരപ്പിൽ നിന്നും നാലടിയോളം താഴെയാണ് ദുർഗ്ഗാ ദേവിയുടെ സൗമ്യഭാവമായ കാർത്യാനയി ദേവിയുടെ പ്രതിഷ്ഠയെ കാണാൻ സാധിക്കുക. ക്ഷേത്രത്തിലെ മറ്റൊരു പ്രധാന വഴിപാടാണ് തടിവഴിപാട്. അരിപ്പൊടി, തേൻ, പഴം, മുന്തിരിങ്ങ, കൽക്കണ്ടം, ചുക്കുപൊടി, ഏലക്കാപൊടി, ജീരകപ്പൊടി എന്നിവ ചേർത്താണ് ഇത് നിർമ്മിക്കുന്നത്. കുഴൽരൂപത്തിൽ ചുരുട്ടിയെടുത്ത പാളയിൽ ഈ മിശ്രിതം നിറയ്ക്കുന്നു. തുടർന്ന് മണ്ണിൽ കുഴിച്ചിട്ട് മീതെ തീയിട്ട് ചുട്ടെടുക്കുകയാണ്. രോഗം മാറാനായി ഇത് സേവിക്കാനെത്തുന്ന ധാരാളം ആളുകൾ ഉണ്ട്.

പാമ്പുമേക്കാട്ട് മന

കേരളത്തിലെ പ്രസിദ്ധമായ സർപ്പാരാധന കേന്ദ്രങ്ങളിലൊന്നാണ് തൃശൂരിൽ വടമ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന പാമ്പുമേക്കാട് മന.
ദാരിദ്രം ഉണ്ടായിരുന്ന കാലത്ത് മേക്കാട് മനയിലെ കാരണവർ കൊടുങ്ങല്ലൂർ തിരുവഞ്ചിക്കുളം ക്ഷേത്രത്തിൽ ഭജനയ്ക്കായി പോയി. 12 വർഷത്തെ ഭജനയ്ക്കു ശേഷം കുളിക്കാനായി ക്ഷേത്രക്കുളത്തിൽ ചെന്നപ്പോൾ ഒരു ദിവ്യപുരുഷൻ നിൽക്കുന്നത് കണ്ടു. തന്നോടൊപ്പം മനയിലേക്ക് വരണം എന്ന് നമ്പൂതിരിപ്പാട് അവരോട് ആവശ്യപ്പെടുകയും വാസുകി കൂടെ എത്തുകയും ചെയ്തു എന്നാണ് വിശ്വാസം. സര്‍പ്പക്കാവ് ആവാഹിച്ച് മാറ്റുന്നതിനുള്ള അധികാരം പൂര്‍വ്വീകമായി പാമ്പു മേക്കാട്ട് നമ്പൂതിരിമാര്‍ക്ക് മാത്രമാണ് ഉണ്ടായിരുന്നത്. മനയിലെത്തുന്ന നാഗങ്ങളെ ഒരു കാരണവശാലും ഉപദ്രവിക്കരുതെന്നും, പറമ്പ് കിളയ്ക്കുകയോ ഉഴുതുമറിക്കുകയോ ചെയ്യരുതെന്നും, പറമ്പിന്റെ ഒത്തനടുവിലുള്ള എട്ടുകെട്ടിലെ അടുക്കളയിലല്ലാതെ മറ്റൊരിടത്തും തീ കത്തിക്കരുതെന്നും മറ്റുമുള്ള നിര്‍ദേശങ്ങളാണ് ഇവിടെ ഉള്ളത്.

തൃക്കാക്കര ക്ഷേത്രം

കേരളത്തിലെ ഏക വാമനക്ഷേത്രം എന്നറിയപ്പെടുന്ന ക്ഷേത്രമാണ് എറണാകുളം ജില്ലയിലെ തൃക്കാക്കര ക്ഷേത്രം. മഹാവിഷ്ണുവിനെയാണ് ഇവിടെ വാമന രൂപത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. മഹാബലിയ്ക്ക് മൂന്നടി മണ്ണ് ദാനം ചെയ്ത ശേഷം അദ്ദേഹത്തെ അനുഗ്രഹിക്കുന്ന രൂപത്തിലാണ് വാമനനെ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. വാമനഭാവമാണെങ്കിലും വിഗ്രഹം ചതുർബാഹുവായ വിഷ്ണുവിന്റേതാണ്. ഇവിടത്തെ പ്രധാന ഉത്സവം ഓണം ആണ്. മഹാബലിയുടെ ആസ്ഥാനവും ഇവിടെ ആയിരുന്നു എന്നും വിശ്വാസമുണ്ട്.

No comments:

Post a Comment