ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

11 January 2021

ശ്രീരംഗക്ഷേത്ര വിസ്മയം

ശ്രീരംഗക്ഷേത്ര വിസ്മയം

ലോകത്തിലെ ഏറ്റവും വലിയ വിഷ്ണുക്ഷേത്രം. തമിഴ്‌നാട്ടിൽ തിരുച്ചിയിൽ സ്ഥിതിചെയ്യുന്നു. ശ്രീരംഗനാഥൻ എന്നുപറഞ്ഞാൽ നമുക്കെല്ലാം മനസ്സിലാകും. ഈ സ്വാമി ഒരു മുസ്ലിം വനിതയെ വിവാഹംകഴിച്ചു എന്നും അവർക്കു ക്ഷേത്രത്തിനുള്ളിൽ തന്നെ ഒരു പ്രത്യേക സന്നിധി ഉണ്ട് എന്നും എത്രപേർക്കറിയാം. ആ സ്വാമിക്ക് എന്നും വെണ്ണ തേച്ച ചപ്പാത്തി നൈവേദ്യവുമുണ്ട് ഇവിടെ ഈ ദേവിയുടെ വക. ആ ദേവിയുടെ പേരാണ് ബീബീനാച്ചിയാർ.

ദക്ഷിണ ഭാരതത്തിലേക്ക് മുഗൾ പടയോട്ടം നടക്കുന്ന കാലം. ശ്രീരംഗക്ഷേത്രവും അവർ കൊള്ളയടിച്ചു. ക്ഷേത്രത്തിലെ അമുല്യമായ പലതിന്റെയും കൂടെ അവിടുത്തെ ഉത്സവവിഗ്രഹവും അവർ കൊണ്ടുപോയി. പടയോട്ടമെല്ലാം കഴിഞ്ഞു തിരിച്ചു ചെന്ന സേനാപതി ഈ വിഗ്രഹത്തിൽ പ്രത്യേക കൗതുകം തോന്നിയതിനാൽ അത് തന്റെ മകൾക്കു ഒരു കളിപ്പാവയായി സമ്മാനിച്ചു. അന്നുമുതൽ എല്ലാ പെൺകുട്ടികളെയും പോലെ ഈ കുട്ടിയും ഭഗവാന് കണ്ണെഴുതിക്കും, പൊട്ടുതൊടുവിക്കും. നന്നായി അലങ്കരിച്ചു എല്ലാവരെയും കാണിക്കും. ചോറൂട്ടും. കുളിപ്പിക്കും. പക്ഷെ ഇതൊക്കെ ഒരു മഹാക്ഷേത്രത്തിൽ വേദമന്ത്രങ്ങളുടെ അകമ്പടിയോടെ പ്രാണപ്രതിഷ്ഠ ചെയ്ത് ഷോഡശ പൂജാവിധികളാൽ പൂജിക്കപ്പെട്ടിരുന്ന ഒരു വിഗ്രഹമായിരുന്നു എന്ന് ആ പാവം കുട്ടിയോ അവളുടെ അജ്ഞനായ പിതാവോ മനസ്സിലാക്കിയിരുന്നില്ല. ആരംഭത്തിൽ ഗോപികളും കണ്ണനെ യശോദാ പുത്രനായി മാത്രമേ കണ്ടിരുന്നുള്ളൂ. അങ്ങനെ അവളുടെ സേവകൾ സ്വീകരിച്ചു ഒരു മുസ്ലിം ഗൃഹത്തിൽ വാണരുളുന്ന ഭഗവാന് ഒരു ഗോപിക കൂടിയായി. ഇനി നമുക്ക് ശ്രീ രംഗത്തേക്കു തിരിച്ചുവരാം. ഇവിടെ നാശനഷ്ടങ്ങളുടെ കണക്കെടുക്കുന്ന കൂട്ടത്തിൽ ഭഗവാന്റെ ഉത്സവ വിഗ്രഹവും നഷ്ടപ്പെട്ടുവെന്ന് മനസ്സിലാക്കിയ ക്ഷേത്രാധികാരികൾ യഥാവിധി പുതിയൊരു വിഗ്രഹം തീർത്തു പൂജകളാരംഭിച്ചു.

വർഷങ്ങൾ കുറെ കടന്നുപോയി.
ഈ കാലത്താണ് മഹാനായ ശ്രീവൈഷ്ണവാചാര്യൻ രാമാനുജൻ ശ്രീരംഗത്തെത്തുന്നത്. ഇവിടെവച്ചു ശ്രീരാമാനുജന് സ്വപ്നത്തിൽ ഭഗവദ്ദർശനമുണ്ടാവുകയും നഷ്ടപ്പെട്ടുപോയ തന്റെ ഉത്സവ വിഗ്രഹം ഉത്തരേന്ത്യയിൽ ഒരു മുസ്ലിം പ്രഭുകുടുംബത്തിലിരിക്കുന്നുണ്ടെന്നും അതെടുത്തുകൊണ്ടുവരാൻ സമയമായി എന്നും അറിയിച്ചു. ഇതനുസരിച്ചു ശ്രീരാമാനുജനും ഏതാനും സഹായികളും അങ്ങോട്ടേക്ക് യാത്രയായി. ഭഗവദാജ്ഞയായതിനാൽ അവർ കൃത്യസ്ഥലത്തുതന്നെ എത്തി ആ പ്രഭുകുടുംബം കണ്ടെത്തി നമ്മുടെ പഴയ സേനനായകനെ മുഖംകാണിച്ചു തങ്ങളുടെ ആഗമനോദ്ദേശ്യം അറിയിച്ചു. ഇതുകേട്ട് പൊട്ടിചിരിച്ച അദ്ദേഹം ഒരു ലോഹവിഗ്രഹത്തിനുവേണ്ടി ഇത്രയും ദൂരം കഷ്ടപ്പെട്ട് ജീവൻപോലും പണയംവച്ചു ഇവിടെയെത്തിയ നിങ്ങൾ ഭ്രാന്തന്മാരാണെന്നും അതൊരു ലോഹവിഗ്രഹം മാത്രമാണെന്നും അതിനെ ഈശ്വരനെന്നു വിശ്വസിക്കുന്ന നിങ്ങളൊക്കെ വെറും മൂഡന്മാരാണെന്നും പരിഹസിച്ചു.

എന്നിരുന്നാലും നിങ്ങൾ ഇത്രയും കഷ്ടപ്പട്ടതുകൊണ്ടു താൻ ഒരു കാര്യം ചെയ്യാമെന്നും ആ വിഗ്രഹം എടുത്തു ആ സഭാമധ്യത്തിൽ ഒരു പീഠത്തിന്മേൽ വയ്ക്കാമെന്നും രാമാനുജൻ ആ വിഗ്രഹത്തെ പേരുചൊല്ലി വിളിക്കണമെന്നും ആ വിഗ്രഹം തനിയെ ഇറങ്ങിവന്നാൽ നിങ്ങൾക്കുകൊണ്ടുപോകാമെന്നും നിർദേശിച്ചു. രാമാനുജൻ അതുസമ്മതിച്ചു. ഇതനുസരിച്ചു വിഗ്രഹത്തെ ഒരു പീഠത്തിൽ വച്ചശേഷം രാമാനുജനോട് വിളിക്കാൻ ആവശ്യപ്പെടുകയും അദ്ദേഹം 'സെൽവപ്പിള്ളൈ വാ'.... എന്നുവിളിക്കുകയും എല്ലാവരെയും അദ്‌ഭുതപരതന്ത്രരാക്കിക്കൊണ്ടു ആ വിഗ്രഹം പീഠത്തിൽ നിന്നിറങ്ങി നടന്നു രാമാനുജന്റെമടിയിൽകയറി ഇരിക്കുകയും ചെയ്തു. അദ്‌ഭുതപരതന്ത്രനായ ആ മുസ്ലിം സേനാപതി ഭയഭക്തിബഹുമാനങ്ങളോടെ ആ വിഗ്രഹത്തെ രാമാനുജന് സമർപ്പിക്കുകയും അവർ അതുമായി തിരിച്ചുപോരികയും ചെയ്തു. ഇതറിഞ്ഞ അദ്ദേഹത്തിന്റെ മകൾ ദുഖഃപരവശയായി. കുട്ടിക്കാലത്തു താൻ കളിയായി പൂജിച്ചിരുന്ന ആ വിഗ്രഹമാണ് ഇന്ന് അവളുടെ സർവസ്വവും. ഇതറിഞ്ഞ അവൾ അച്ഛനോടും സേനകളോടും കൂടി അവരെ പിന്തുടരുകയും മാർഗ്ഗമധ്യേ വിരഹതാപം സഹിക്കവയ്യാതെ അവൾ ശരീരം വെടിയുകയും ചെയ്തു. ഇതിനകം ശ്രീരംഗത്തെത്തിയ രാമാനുജൻ പഴയ ഉത്സവരെ യഥാവിധി പുനഃപ്രതിഷ്ഠിച്ചു. ഇപ്പോഴും ശ്രീരംഗത്തു രണ്ടു ഉത്സവ വിഗ്രഹങ്ങൾ കാണാം. വീണ്ടും അവിടത്തെ തന്ത്രിക്കു സ്വപ്നത്തിൽ ഭഗവാൻ ഈ മുസ്ലിംകന്യകയുടെ വൃത്താന്തങ്ങൾ അറിയിക്കുകയും ദേവീഭാവംപൂണ്ടിരിക്കുന്ന അവൾക്കു താൻ ലക്ഷ്മിസ്ഥാനം നല്കിയിരിക്കുന്നു എന്നും അവൾക്കു പ്രത്യേകമായി ഒരു ക്ഷേത്രം പണികഴിപ്പിച്ചു അവളെ ബിബീനാച്ചിയാർ എന്നപേരിൽ അവിടെ പ്രതിഷ്ഠിക്കണമെന്നും കല്പിച്ചു. ഇതിനകം മകളെനഷ്ടപ്പെട്ട ദുഖത്തോടെ അവിടെയെത്തിയ പടനായകൻ ഈ വൃത്താന്തങ്ങളൊക്കെ അവിടെയുള്ളവർ ധരിപ്പിക്കുകയും അവിടെയുള്ളവർ തിരിച്ചു സ്വപ്നവൃത്താന്തം അദ്ദേഹത്തെ ധരിപ്പിക്കുകയും ചെയ്തു.ഇതാണ് ആ മഹാഭക്തയുടെ കഥ.

തിരുപ്പതി ക്ഷേത്രത്തിലും രംഗനാഥ മണ്ഡപത്തിൽ ബീബീനാച്ചിയാരെ രംഗനാഥ സ്വാമിയോടൊപ്പം നമുക്ക് കാണാം.

No comments:

Post a Comment