ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

12 January 2021

മഡിസ്ഥല എങ്ങനെ മഡിയൻ കൂലോം ക്ഷേത്രമായി?

മഡിസ്ഥല എങ്ങനെ മഡിയൻ കൂലോം ക്ഷേത്രമായി?

കാഞ്ഞങ്ങാട്ടുനിന്ന് ഏകദേശം നാലുകിലോമീറ്റർ ദൂരമേയുള്ളൂ ക്ഷേത്രത്തിലേക്ക്. കാഞ്ഞങ്ങാട്ടുനിന്ന് ബേക്കൽ കോട്ടയിലേക്ക് പോകുന്ന റോഡിലൂടെ ചെല്ലുമ്പോൾ മഡിയൻ ജങ്ഷൻ കാണാം. അവിടെനിന്ന് അരകിലോമീറ്ററാണ് ക്ഷേത്രത്തിലേക്കുള്ളത്. പടിപ്പുര കടന്നാൽ വിശാലമായ ക്ഷേത്രവളപ്പ്. ചരിത്രവും വിശ്വാസവും ഇടകലർന്ന ഭൂമിക.

ഉത്തരമലബാറിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ് മഡിയൻകൂലോം ക്ഷേത്രം. 1100 വർഷത്തിന്റെ പഴക്കം ലിഖിതങ്ങളിൽനിന്ന് വായിച്ചെടുത്തിട്ടുണ്ട്. പൂജകളിൽ വലിയ പ്രത്യേകത കാണാം. മൂന്നുനേരം പൂജയുണ്ട്. രാവിലെയും വൈകീട്ടും പൂജ മണിയാണി സമുദായക്കാരാണ് ചെയ്യുക. ഉച്ചയ്ക്ക് ബ്രാഹ്മണർക്കാണ് ഇതിനുള്ള അവകാശം.

അള്ളട സ്വരൂപത്തിലെ അള്ളർ കോനാതിരിയുടെ ഭരണകേന്ദ്രവും ഉപാസനാശ്രീലകവുമാണ് മഡിയൻ കോവിലകം. അവരുടെ ഉപാസനാമൂർത്തിയായ കാളരാത്രിയമ്മയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ക്ഷേത്രപാലകനും നടയിൽ ഭഗവതിയുമാണ് പ്രധാന ഉപദൈവങ്ങൾ. തണ്ണീരമൃത് നെയ്യപ്പമാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട്. കലശമഹോത്സവവും പാട്ടുത്സവവും പ്രധാന ഉത്സവങ്ങളാണ്. ഇവ ദേശത്തിന്റെ ഉത്സവങ്ങളായിട്ടാണ് ആഘോഷിക്കാറുള്ളത്.
പാട്ടുത്സവ സമയത്ത് പ്രദേശത്തെ എല്ലാ സമുദായങ്ങളുടെയും തെയ്യങ്ങളും ക്ഷേത്രസ്ഥാനികരും വലിയ ആഘോഷത്തോടെ മഡിയൻകൂലോം ക്ഷേത്രത്തിലേക്ക് എഴുന്നള്ളും.

ധനുമാസത്തിലെ 27, 28, 29, 30 തീയതികളാണ് പാട്ടുത്സവം നടക്കാറുള്ളത്. കലശ മഹോത്സവത്തിന് കള്ള് നിറച്ച കലശങ്ങളാണുണ്ടാകുക. മീനും ഇറച്ചിയുമായൊക്കെ വ്യത്യസ്ത സമുദായക്കാരെത്തും. ധാരാളം തെയ്യങ്ങളെ ഒന്നിച്ചു കാണാനുള്ള അവസരം കൂടിയാണിത്. ഇടവമാസത്തിലാണ് കലശ മഹോത്സവമുണ്ടാകുക.

ചിറക്കൽ കോലത്തിരിയുടെയും സാമൂതിരിയുടെ അനന്തരവളായിരുന്ന ഭാഗീരഥിത്തമ്പുരാട്ടിയുടെയും പുത്രനായ കേരളവർമ രാജയ്ക്കുവേണ്ടി അള്ളടദേശം പിടിച്ചെടുക്കാൻ ഒരു സൈന്യം രൂപവത്കരിച്ചു. സാമൂതിരിയുടെയും കോലത്തിരിയുടെയും സംയുക്ത സൈന്യത്തിന്റെ പടനായകൻ ക്ഷേത്രപാലകനായിരുന്നുവെന്നാണ് ഐതിഹ്യം. ഒരു വർഷത്തോളം യുദ്ധം ചെയ്തിട്ടും അള്ളടദേശം പിടിക്കാൻ ക്ഷേത്രപാലകന് കഴിഞ്ഞില്ല. അവസാനം തന്ത്രത്തിലൂടെ അള്ളർ കോനാതിരിയെ വധിച്ച് കോട്ടയും കോവിലകവും ക്ഷേത്രപാലകൻ പിടിച്ചെടുക്കുകയായിരുന്നു.

അതോടെ വലിയൊരു ദേശത്തിന്റെ അധിപനായി ക്ഷേത്രപാലകനായി ക്ഷേത്രപാലകൻ മാറി. എല്ലാ തെയ്യങ്ങൾക്കും തെയ്യമായി ക്ഷേത്രപാലകൻ. പിന്നീട് പ്രദേശത്തെ പ്രഭുക്കൻമാരുടെയും പ്രാദേശിക ക്ഷേത്രങ്ങളുടെയും മേൽക്കോയ്മ ക്ഷേത്രപാലകനായി.

അതിയമാനെല്ലൂരെന്ന സ്ഥലത്തിന്റെ പേര് ലോപിച്ച് അതിയാലൂരായി. ഇതാണ് പിന്നീട് മഡിയൻ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. ഈ പേരുമാറ്റത്തെക്കുറിച്ച് പലവിധം കഥകളുണ്ട്. ഇക്കേരി രാജവംശത്തിന് കീഴിലായിരുന്നു ഈ പ്രദേശം ഒരുപാട് കാലമുണ്ടായിരുന്നത്. പുകയില, വാഴ എന്നിവ വളരുന്ന നല്ല ഫലഭൂയിഷ്ഠമായ ഈ പ്രദേശം ആ അർഥത്തിൽ കന്നഡ ഭാഷയിൽ മഡിസ്ഥല എന്ന് വിളിച്ചുതുടങ്ങി.

അതു പിന്നീട് മഡിയൻ എന്നായിമാറിയെന്നാണ് ചരിത്രവുമായി ചേർത്തുവെച്ചുള്ള കഥ. വടക്കോട്ടെഴുന്നള്ളിയിരുന്ന ക്ഷേത്രപാലകൻ ക്ഷേത്രത്തിലെ കാളരാത്രിയമ്മയുടെ നിവേദ്യമായ തണ്ണീരമൃത് നെയ്യപ്പത്തിന്റെ ഗന്ധത്തിൽ ആകൃഷ്ടനായി അവിടെത്തന്നെ നിലയുറപ്പിച്ചു. ഇനി യാത്രയ്ക്കില്ലെന്ന് പറഞ്ഞ് മടിച്ചുനിന്ന ക്ഷേത്രപാലകനെ മടിയനെന്ന് വിളിച്ചെന്നും പിന്നീട് ഈ നാട് മഡിയൻ എന്നറിയപ്പെട്ടുവെന്നുമാണ് മറ്റൊരു കഥ. തപസനുഷ്ഠിച്ച ക്ഷേത്രപാലകനെ അനുഗ്രഹിക്കാൻ മടിയിൽ കുട്ടിയെ ഇരുത്തിയ രൂപത്തിൽ ദേവി പ്രത്യക്ഷപ്പെട്ടുവെന്നും അതുകൊണ്ട് മടിയനെന്നും പിന്നീട് മഡിയനെന്നും പേരു വന്നുവെന്നാണ് മറ്റൊരു ഐതിഹ്യം.

കാര്യമായി ശ്രദ്ധകിട്ടാതെ നശിച്ചുപോകുകയാണ് മഡിയൻകൂലോമിലെ ചുവർചിത്രങ്ങളും ദാരുശിൽപങ്ങളും. പടിഞ്ഞാറേ ഗോപുരം, മണ്ഡപം, കുളമണ്ഡപം എന്നിവിടങ്ങളിലാണ് ശിൽപങ്ങൾ കൊത്തിവെച്ചിട്ടുള്ളത്. തിടപ്പള്ളിയ്ക്ക് സമീപത്തെ മണ്ഡപത്തിൽ രാമായണം, മഹാഭാരതം എന്നീ ഇതിഹാസങ്ങളിലെ പ്രധാന ഭാഗങ്ങൾ കൊത്തിവെച്ചിട്ടുണ്ട്. കുളമണ്ഡപത്തിൽ വിവിധ രാശികൾ, ഗ്രഹങ്ങൾ എന്നിവയാണുള്ളത്.
പടിഞ്ഞാറേ ഗോപുരത്തിൽ മനുഷ്യജീവിതത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളും രതിക്രീഡകളുമെല്ലാം കൊത്തിവെച്ചിട്ടുണ്ട്. മഡിയൻകൂലോമിലെ ശിൽപങ്ങളെക്കുറിച്ച് കാര്യമായ പഠനങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ല. ചിത്രങ്ങളും കൊത്തുപണികളും ഇപ്പോൾ നശിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തിന് ഭംഗി നൽകാനായിട്ടായിരിക്കണം വെള്ളിനിറത്തിലുള്ള പെയിന്റ് അടിച്ചിട്ടുണ്ട്. എന്നാൽ ചിത്രങ്ങളുടെ ഭംഗി ഇതോടെ നശിക്കുകയാണുണ്ടായത്.

No comments:

Post a Comment