ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

13 February 2020

ഭദ്രകാളി ഉപാസന

ഭദ്രകാളി ഉപാസന 

ഭാരതത്തിൽ പൊതുവെ എല്ലായിടത്തും എല്ലാ ജനവിഭാഗങ്ങളിലും സാർവത്രികമായി പ്രചാരം നേടിയ ഒരു സാധനാമാർഗമാണ് കാളിപൂജ. സംപ്രദായവ്യത്യാസങ്ങൾ എന്ത് തന്നെയുണ്ടായിരുന്നാലും ശരി. മിക്ക പുരാണങ്ങളിലും കാളിയെകുറിച്ച് പരാമർശം ഉള്ളതായി കാണാം. മഹാകവി കാളിദാസൻ കാളിയുടെ വരപ്രസാദത്തിനാൽ വിശ്വവിഖ്യാതി നേടിയതായി ഐതിഹ്യമുണ്ടല്ലോ. ശ്രീ രാമകൃഷ്ണ പരമഹംസരും കാളിയുടെ ഉപസകനായിരുന്നെന്ന് കാണാം. ശ്രീ നാരായണഗുരുദേവനും കാളിനാടകം, ഭദ്രകാള്യഷ്ടകം എന്നീ കവിതകൾ സ്വാനുഭവഗീതങ്ങളായി എഴുതിയിട്ടുണ്ടെന്നതും സ്മർത്തവ്യമാണ്.

കാളി, ഭദ്രകാളി, മഹാകാളി എന്നൊക്കെയുള്ള ശബ്ദങ്ങൾ കേൾക്കുമ്പോൾ പെട്ടെന്ന് ആരുടേയും മനസ്സിൽ അങ്കുരിക്കുന്ന വികാരം ഭയമായിരിക്കും. അതായത്-

"പോരാടാൻ വന്നൊരദ്ദാരികനുടെ ഗളം
വിച്ഛേദനം ചെയ്ത് രക്തം
പാരാതെ മോന്തി മോന്തിക്കുടലുകളുടലിൽ
മാലയായിട്ടു ചാർത്തി.
ഘോരാരവം പൊഴിച്ചുജ്വലമസിലതയും
ശീർഷവും കയ്യിലേന്തി-
പ്പാരാകേ ഞെട്ടുമാറുള്ളോരു ഭയദതനോ
ഭദ്രകാളീ നമസ്തേ."

ദാരികന്റെ കഴുത്ത് അറുത്ത് ചോരകുടിച്ച്, കുടൽമാലകൾ സ്വന്തം ഉടലിൽ ചാർത്തി വാളും ദാരികശിരസും കയ്യിലേന്തി, ഘോരമായി അട്ടഹസിച്ചു നൃത്തം ചെയ്യുന്ന രുധിര മഹാകാളിയുടെ രൂപം ആരുടെ മനസ്സിനെയാണ് ഭയപ്പെടുത്തതിരിക്കുക?

ദാരികൻ, ചണ്ഡമുണ്ഡന്മാർ, രക്തബീജൻ തുടങ്ങിയ അസുരന്മാരുടെ വധവുമായി ബന്ധപ്പെട്ടുകൊണ്ട് കാളിയ്ക്ക് മൂർത്തിഭേദങ്ങൾ ധാരാളമുണ്ട്. കൂടാതെ

ശ്മശാനകാളി
അഥർവണ ഭദ്രകാളി
ദക്ഷിണാകാളി
പ്രത്യംഗിര
ഭൈരവി
ബഗ്ളാ
താര
ചിന്നമസ്താ 
തുടങ്ങി സംഹാരോദ്യതങ്ങളായ ഒട്ടനവധി മൂർത്തികളെയും ആരാധിച്ചു വരുന്നുണ്ട്. ഇവയെല്ലാം തമോഗുണപ്രധാനമായ രൂപങ്ങളാണെങ്കിൽ വിദ്യയുടേതായ വാഗ്ഭവബീജം ഉൾകൊള്ളുന്നതായ പ്രഭാവവും കാളിയ്ക്ക് ഉള്ളതായി കാണാം. മഹാകവി കാളിദാസൻ കാവ്യാസംഗീതദേവതയായ ശ്രീ രാജമാതംഗി ദേവിയെയായിരിക്കാം കാളിയായി കണ്ടത്. അദ്ദേഹത്തിന്റെ ശ്യാമളാദണ്ഡകം ഇക്കാര്യം വ്യക്തമാക്കുന്നുണ്ടല്ലോ. ശ്രീചക്രപൂജയിൽ ശ്രീചക്രനായികയായ ശ്രീ ലളിതാ പരമേശ്വരിയുടെ ദ്വാരപാലികയായിട്ടാണ് കാളിയെ കല്പിച്ചിരിക്കുന്നത്. ദേവി ഭാഗവതത്തിൽ ചണ്ഡമുണ്ഡ - സുംഭനിസുംഭന്മാരുടെ വധോദ്യമത്തിൽ ശ്രീ ചണ്ഡികാപരമേശ്വരിയുടെ അനുചരയായി സംഹാരകൃത്യം നിർവഹിക്കുന്ന താമസീശക്തിയായും മഹാകാളി പുകഴ്ത്തപെടുന്നു. അവൾ തന്നെയാണ് ചാമുണ്ഡ. എന്നാൽ തന്ത്രസപര്യയിൽ ദശമഹാവിദ്യകളിൽ ഒന്നായ മഹാകാളിവിദ്യ അനുസരിച്ച്, കാളി സൃഷ്ടിസ്ഥിതിസംഹാരകാരിണിയായ സാക്ഷാൽ ആദിപരാശക്തിയാണ്. കാളികാ പുരാണത്തിലും ഇങ്ങനെ തന്നെ. സഹസ്രമുഖരാവണനെ വധിക്കുവാൻ സീതാദേവിയും കാളിയായല്ലോ...?

ഇനി എന്താണ് കാളിഉപാസന എന്ന് നോക്കാം. ഈ ഉപാസനയ്ക്ക് പ്രകടം, രഹസ്യം, അതിരഹസ്യം എന്നീ വകഭേദങ്ങൾ ഉള്ളതായി കാണാം. കാളിയുടെ പ്രകടരൂപമാണ് നേരത്തെ സൂചിപ്പിച്ച ഭീകരരൂപം. കാളിയുടെ ധ്യാനശ്ലോകങ്ങളിലെല്ലാം കാണുന്നത് സംഹാരോദ്യതങ്ങളായ ഭീകരരൂപങ്ങൾ തന്നെ. ഇത് സാധകർക്ക് ദൃഷ്ടിഗോചരമായി സാക്ഷാത്കരിക്കാൻ കഴിഞ്ഞ അവസ്ഥയും പറയാൻ പോകുന്ന രഹസ്യഭാവത്തിന്റെ പ്രതീകാത്മക ഭാവവുമാകുന്നു. ഈ പ്രകടരൂപത്തെയാണ് ക്ഷേത്രങ്ങളിലും കാവുകളിലുമാരാധിക്കുന്നത്.

രഹസ്യഭാവമാകട്ടെ യോഗ-വേദാന്തഗമ്യവും സാധകന്മാർക്ക് അന്തഃകരണഗോചരവും സൂക്ഷ്മവും ആകുന്നു. നേരത്തെ ദാരികനെ വധിച്ചു ഘോരനൃത്തം ചെയ്യുന്ന കാളിയുടെ ഭീകരമായ പ്രകട രൂപമാണ് കണ്ടതെങ്കിൽ അതിന്റെ രഹസ്യ സ്വഭാവം ഇതാണ്-

"യോഗീന്ദ്രർക്കാറു കോണിപ്പടവുകൾ വഴിയാ-
യിട്ടു സംപ്രാപ്യമാകും
ഭോഗീന്ദ്രാകാരഭൂഷേശ്വരമിളിത സുധാ
ലിപ്തസൗധത്തിൽ വാഴും
ഹേ ഗീർവാണർഷിപൂജ്യേ വിമലജനമനോ-
വാസിനീ ശക്തിരൂപേ
വാഗീശേന്ദ്രാനുജാരാധിത പദകമലേ
ഭദ്രകാളീ നമസ്തേ"

അതായത് മൂലധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ എന്നിങ്ങനെ സുഷുമ്നാനാഡിയിലെ ആറു ആധാരപത്മങ്ങൾ വഴിയായി യോഗീശ്വരന്മാർക്ക് സ്വാത്മീകരിക്കാൻ കഴിയുന്ന ദർശനമാക്കുന്നു. കാളി മൂലാധാരസ്ഥിതയായ കുണ്ഡലിനി ശക്തിതന്നെ. ഇത് സഹസ്രാരമധ്യവർത്തിയായ പരാമശിവതത്വവുമായി ഐക്യം പ്രാപിക്കുന്ന യോഗരഹസ്യവും ആകുന്നു. ഇവിടെ കാളി യോഗഭയങ്കരിയാകുന്നു. ഈ രഹസ്യ ഉപാസന ഗുരൂപദിഷ്ടമായ മാർഗത്തിൽ മാത്രം അനുഷ്ഠിക്കേണ്ടതും ആകുന്നു.

കാളി ശബ്ദത്തിന്റെ നിർവചനം അതിന്റെ വേദാന്തരഹസ്യത്തിലേക്ക് വിരൽ ചൂണ്ടുന്നു.

"മഹാകാലസ്യ കലനാത് മഹാകാളീതി സംജ്ഞിതാ" എന്നിങ്ങനെ മഹാനിർവാണതന്ത്രത്തിൽ കാളിശബ്ദത്തിന് നിർവചനം കൊടുത്തിരിക്കുന്നത്. അതായത് നിമേഷം തൊട്ട് ബ്രഹ്മപ്രളയം വരെയുള്ള കാലത്തെ കലനം ചെയ്തവൾ- സൃഷ്ടിച്ചവൾ എന്നർത്ഥം. സർവചരാചരങ്ങളും സ്ഥിതി ചെയ്യുന്നത് കാലത്തെ അപേക്ഷിച്ചു കൊണ്ടാണല്ലോ. ഈശ്വരൻ കാലസ്വരൂപനാണ്.

മഹാഭാരതയുദ്ധവേളയിൽ ഭഗവാൻ തൻെറ വിശ്വരൂപം അർജ്ജുനന് കാണിച്ചു കൊടുത്തപ്പോൾ അവിടെ കാളിക്ക് തുല്യമായ ഒരു രൂപം പ്രകടമായിരുന്നു." ദംഷ്ട്രാകരാളാനി ചതേ മുഖനി" എന്ന് തുടങ്ങി ആ രൂപത്തെ പ്രകീർത്തിക്കുന്നത് കാണാം. ഭഗവാൻ പിന്നീട് അർജുനനോട് ഇപ്രകാരം പറയുന്നു, "കാലോസ്മി ലോകക്ഷയകൃത്പ്രവൃദ്ധോ" ഞാൻ ലോകനാശത്തിനുവേണ്ടി വർദ്ധമാനമായിരിക്കുന്ന കാലമാണ് എന്നിങ്ങനെ. ഈ ഭീകരരൂപമാവട്ടെ സംഹാരാത്മകവും ലോകത്തെ തന്നിലേക്ക് ലായിപ്പിക്കുവാൻ പര്യാപ്തവുമാകുന്നു. ഇവിടെ കാലത്തെ സൃഷ്ടിക്കുകയും നിലനിർത്തുകയും ഉപസംഹരിക്കുകയും ചെയ്യുന്നവളാണ് മഹാകാളി. "കാലഗ്രാസം കാരോത്യതഃ" എന്നും മഹാനിർവാണതന്ത്രത്തിൽ ശ്രുതിയുണ്ട്. ആയതിനാൽ സൃഷ്ടിസ്‌ഥിതിസംഹാരലീലകൾ ചെയ്യുന്ന ഈ മഹാകാളി "യതോ വാ ഇമാനി ഭൂതാനി ജായന്തേ" എന്നിങ്ങനെ തൈത്തിരീയശ്രുതിയിൽ പ്രതിപാദിക്കപ്പെട്ട പരബ്രഹ്മതത്ത്വം തന്നെയാകുന്നു. കാളി തന്നെ ബ്രഹ്മം, ബ്രഹ്മം തന്നെ കാളി എന്ന് സ്വാനുഭൂതിയെ മുൻനിർത്തി ശ്രീരാമകൃഷ്ണനും പറയുന്നുണ്ടല്ലോ.

ഭദ്രകാളി എന്ന പേരിന് മറ്റൊരു നിർവചനം കൂടിയുണ്ട്. "ഭദ്രം ശുദ്ധാത്മവിജ്ഞാനം ജീവബ്രഹ്മൈക്യരൂപം കലയതി ഇതി ഭദ്രകാളി" എന്നതാകുന്നു. ഭദ്രമെന്നാൽ ജീവബ്രഹ്മൈക്യരൂപമായിരിക്കുന്ന ആത്മവിജ്ഞാനം തന്നെ. ഈ ആത്മവിജ്ഞാനത്തെ ഉണ്ടാക്കുന്നവൾ എന്നർത്ഥം. "ഭദ്രം കർണേഭിഃ ശൃണയാമ ദേവാഃ" എന്നിങ്ങനെയുള്ള ഉപനിഷന്മന്ത്രത്തിന്റെ അർത്ഥവും ഇത് തന്നെയാണല്ലോ.

കാളിയുടെ രഹസ്യാത്മകഭാവം ഇതാണെങ്കിൽ അതിരഹസ്യഭാവമാകട്ടെ പഞ്ചമകാരങ്ങൾ ഉപയോഗിച്ച് കൊണ്ട് കൗളസംപ്രദത്തിലുള്ള പൂജയകുന്നു. സാധകൻ സ്വയം കാളിയായിരുന്നു. അഥവാ ശിവശക്ത്യൈക്യാനുഭൂതിയുടെ സ്വാനുഭവപ്രക്രിയയാകുന്നു ഈ പദ്ധതി. ഇത് ദശമഹാവിദ്യകളിൽ ഒന്നായതിനാൽ ഗുരൂപദിഷ്ടമായ മാർഗത്തിൽ മന്ത്രപുരശ്ചരണാദികൾ ചെയ്തു ധീരമായി സഞ്ചരിക്കുന്ന ഉത്തമസാധകന്മാർക്ക് മാത്രം ഉള്ള വീരാരാധനയാകുന്നു എന്നതിനാൽ അധികം വിസ്തരിക്കുന്നില്ല.

ജാതി വർണവ്യത്യാസങ്ങൾക്ക് അതീതമായി എല്ലാ ജനവിഭാഗങ്ങളും കാളിയെ ആരാധിച്ചു പോരുന്നു.

"ജാതിഭേദോ ന മന്തവ്യഃ പ്രസാഭേ പരമാത്മാനഃ
യ ഏവം കുരുതേ ഭേദം സ മഹാപാതകീ ധ്രുവം"

പരമാത്മാവിന്റെ അതായത് കാളിയുടെ ഉപാസനയ്ക്ക് ജാതിഭേദം ചിന്തിക്കുവാൻ പാടുള്ളതല്ല. അങ്ങനെ ആരെങ്കിലും ചിന്തിച്ചാൽ അയാൾ കൊടും പാതകിയാണ് എന്നിങ്ങനെ മഹാനിർവാണതന്ത്രത്തിൽ പറയപ്പെടുന്നു. കൗളവലിയിലും "പ്രവൃത്തേ ഭൈരവീ ചക്രേ സർവവർണ്ണാ ദ്വിജായതഃ" ഭൈരവിയുടെ പൂജ നടക്കുന്നിടത്ത് എല്ലാ വർണത്തിൽ പെട്ടവരെയും ദ്വിജരായി കാണണം എന്നിങ്ങനെ പ്രസ്താവിക്കുന്നു. ആയതിനാൽ ഭാരതത്തിൽ അനാദികാലം തൊട്ട് ജാതിവർണവ്യത്യാസങ്ങൾ കണക്കിലെടുക്കാതെ എല്ലാവരാലും ആരാധിക്കപ്പെട്ടു പോന്ന ദേവതയാണ് മഹാകാളി എന്നും പറയാം. ഈ കാളിയുടെ പൂജയിൽ ആകട്ടെ സ്ത്രീകൾക്ക് വലിയ പ്രാധാന്യം തന്നെയാണ് ഉള്ളത്. ഒരു കാരണവശാലും ദേവീ പൂജയിൽ പങ്കെടുക്കുന്നതിൽ നിന്നും സ്ത്രീകളെ തടയാനും പാടുള്ളതല്ല...

ഭദ്രകാളിയെ ആരാധിക്കുന്നതിലൂടെ ജീവിതത്തിലെ ദുരിതങ്ങള്‍ ഇല്ലാതാകുകയും പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ കഴിയും. വസൂരി മുതലായ രോഗങ്ങളെയും ഭൂത പ്രേതപിശാചുക്കളെയും ശത്രുക്കളെയും നശിപ്പിക്കുന്നതിനും കാളിയോടുള്ള ആരാധന സഹായിക്കും.

കാളീരൂപത്തിനും ഉപാസനയ്ക്കും ഇത്രത്തോളം ആഴവും പരപ്പും ഉണ്ടെന്നുള്ളത് ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം മനസിലാക്കിയെടുക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കും. വാമൊഴിയായി പറഞ്ഞും അറിഞ്ഞും വന്ന കാര്യങ്ങളായിരിക്കും അവൻ്റെ മനസിലുണ്ടാവുക. തെറ്റോ ശരിയോ ആകട്ടെ ആത് മാത്രമാണ് സാധാരണക്കാരന് കാളിയെ കുറിച്ച് അറിയുക. ശത്രു നിഗ്രഹത്തിനുള്ള ഒരു അവതാരമായി മാത്രമാണ് സാധാരണക്കാരൻ അമ്മയെ കാണുന്നത്. അതുകൊണ്ട് തന്നെ മറ്റുള്ളവരുടെ വാക്കുകൾ കേട്ട് എന്തെല്ലാം കാര്യങ്ങളാണ് കാട്ടിക്കൂട്ടുന്നത്.

അമ്മ ശത്രുക്കളെ നിഗ്രഹിക്കുന്നവളാണ്. അമ്മ നിഗ്രഹിക്കുന്ന ശത്രുക്കൾ യോഗ വിഘ്നങ്ങൾ അഥവാ ഷഡ് വൈരികൾ എന്നാണ് അറിയപ്പെടുന്നത്. അതായത് ഓരോ മനുഷ്യരുടേയും മനസ്സിൽ കുടികൊള്ളുന്ന കാമം, കോധം, ലോഭം, മോഹം, മദം, മാത്സര്യം. ഇവയാണ് അത്. ഷഡ് വൈരികൾക്ക് വിളയാട്ടത്തിനാക്കരുത് മനം എന്നു ഹരിനാമകീർത്തനത്തിൽ പറയുന്നത് ശ്രദ്ധിക്കുക.

കാളിയുടെ കൈയ്യിൽ ദാരികൻ എന്ന അസുരൻ്റെ ശിരസ്സ് ശ്രദ്ധിച്ചിട്ടില്ലേ. അതെ, തല വെട്ടുന്നവൾ തന്നെയാണ് അമ്മ. കാമ ക്രോധാദികളായ ആറ് ശത്രുക്കളും അഹങ്കാരത്തിൻ്റെ പുത്രന്മാരാണ്. ഈ അഹങ്കാരത്തിൻ്റെ പ്രതീകമാണ് തല. അതുകൊണ്മട്നു തന്നെ ഷ്യൻ്റെ അഹങ്കാരത്തെ അമ്മ വെട്ടി മാറ്റുന്നു എന്നതിൻ്റെ പ്രതീകമാണ് ദാരികൻ്റെ തല. എന്താണ് ദാരികൻ്റെ തലയുടെ പ്രത്യേകത എന്നറിയാമോ? ദാരികന് ഒരു വരമുണ്ട്. അവൻ്റെ ഒരു തുള്ളി രക്തം നിലത്തു വീണാൽ അതിൽ നിന്നും ആയിരം ദാരികന്മാർ ജനിക്കും. ഇവിടെയാണ് മഹാകാളിയുടെ യോഗരഹസ്യം. വെട്ടിയെടുത്ത ദാരിക ശിരസ്സിൽ നിന്നും വീഴുന്ന ഓരോ തുള്ളി രക്തവും ദേവി കുടിക്കു കയാണ്! തല അഹങ്കാരത്തിെൻ്റെ പ്രതീകമെങ്കിൽ രക്തം വാസന യുടെ പ്രതീകമാണ്.

ആ സ്വഭാവം അവൻ്റെ രക്തത്തിൽ കലർന്നതാണെന്ന് പഴമക്കാർ പറയുന്നത് കേട്ടിട്ടില്ലേ.
വാസനയ്ക്ക് ഒരു പ്രത്യേകതയുണ്ട്. എത്ര വലിയ യോഗിയായാലും ഒരു വാസനയെങ്കിലും അവശേഷിച്ചാൽ അതിൽ നിന്നും ആയിരം വാസനകൾ ജന്മമെടുക്കും. ഒരു വാസന പോലും അവശേഷിക്കാത്ത വിധത്തിൽ ഉപാകസകൻ്റെ എല്ലാ വാസനകളെയും ദേവി സ്വാംശീകരിക്കുന്നു. ഇതാണ് ദേവി രക്തം പാനം ചെയ്യുന്നതിനു പിന്നിലെ തത്വം.

കാളീ ഉപാസന ഒരു പുണ്യമാണ്. മുജ്ജന്മ സുകൃതവും യോഗവും ഉണ്ടെങ്കിൽ മാത്രമേ ആ ഉപാസനാ മാർഗ്ഗത്തിലേക്ക് എത്തിപ്പെടാൻ ഏതൊരാൾക്കും സാധിക്കുകയുള്ളു. ഉപാസനയെന്നാൽ മന്ത്ര ദീക്ഷയുടം, കാവി വസ്ത്രവും, ജപമാലയും മാത്രമാണെന്ന് തെറ്റിദ്ധരിക്കരുത്. നിത്യേന നാം ചെയ്യുന്ന ഓരോ കാര്യങ്ങളും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റഅൊരു തരത്തിൽ ഉപാസനയാണ്. കാളിയെ ഭക്തിയോടെ ധ്യാനിക്കുന്നതു പോലും ഉപാസനയുടെ ഭാവതലങ്ങളിൽ ഉൾപ്പെടുത്താവുന്നതാണ്.

എത്ര കടുത്ത ആപത്തും ഭയവും ദുരിതവും അനുഭവപ്പെടുന്നവര്‍ക്ക് ഏറ്റവും ഉത്തമമാണ് ഭദ്രകാളിപ്പത്ത് . കഠിനമായ രോഗം, ദാരിദ്ര്യം, മൃത്യുഭയം തുടങ്ങിയ ദോഷം അനുഭവപ്പെടുന്നവര്‍ക്ക് രക്ഷ നൽകുന്ന കാളീ സ്തോത്രമാണിത്. പേര് സൂചിപ്പിക്കുന്ന പോലെ പത്ത് ശ്ലോകങ്ങൾ ചേര്‍ന്നതാണ് ഭദ്രകാളിപ്പത്ത്. 

പതിവായി ജപിച്ചാലുള്ള ഗുണഫലങ്ങൾ വളരെ വലുതായിരിക്കും. വീട്ടിൽ വച്ച് ജപിക്കുന്നവര്‍ കുളിച്ച് ദേഹ ശുദ്ധി വരുത്തി നെയ്യ് വിളക്കോ നിലവിളക്കോ കത്തിച്ചു വെച്ച് കിഴക്കോ വടക്കോ ദര്‍ശനമായിരുന്ന് ജപിക്കുക. കാളീക്ഷേത്ര നടയിൽ നിന്ന് ജപിക്കുന്നതാണ് ഏറ്റവും ഉത്തമവും ഗുണപ്രദവുമായി പറയുന്നത്.

ദാരികാസുര നിഗ്രഹകാരിയായ ഭദ്രകാളി, ദാരികപത്നിയായ മനോധരിയാൽ വസൂരി ബാധിതയാവുകയും, ഭഗവതിയുടെ ദുർവിന്യോഗത്തിൽ രോഷാകുലനായ പരമശിവൻ കണ്ഠാകർണ്ണനെ സൃഷ്ടിച്ചു.

ശിവന്റെ കണ്ഠത്തിൽ പിറവിയെടുത്ത് കർണത്തിലൂടെ പുറത്തു വന്ന രൂപമായ കണ്ഠാകർണ്ണനെ ഭദ്രകാളിയുടെ വസൂരിമാറ്റാനായി നിയോഗിക്കുകയും ചെയ്തു. കണ്ഠാകർണ്ണൻ വസൂരി ബാധിതയായ ഭദ്രകാളിയുടെ കാൽപാദം മുതൽ കഴുത്തു വരെയുള്ള വസൂരിക്കുരുക്കൾ നക്കിത്തുടച്ചില്ലാതാക്കി. അതിനുശേഷം ശിവൻ ബലവും വീര്യവുമുള്ള തന്റെ മകനോട് ഭൂമിയിലേക്ക് (ഇടവിലോത്തേക്ക്) വാഴാൻ നിർദ്ദേശിച്ചു.
കണ്ടാൽ അരിപ്പവും, കുളിർപ്പവും ധൂമവും ധുളിർപ്പവും ഒന്നുമില്ലാത്ത താനെങ്ങനെ ഭൂമിയിൽ ചെല്ലുമെന്നു ചോദിച്ചപ്പോൾ പരമശിവൻ മൂഴയ്ക്ക് (അളവ്) കനകപ്പൊടിയും (മഞ്ഞൾപ്പൊടി) ആഴയ്ക് (അളവ്) കുരുമുളകുപൊടിയും പ്രസാദമായി കൊടുത്തു. ഇതിൽ തൃപ്തമാകാത്ത കണ്ഠാകർണ്ണന് വായിൽ അഗ്നിയും തലയിൽ നെരിപ്പോടും രണ്ടായിരം കൈകളും മൂവായിരം തൃക്കണ്ണും മൂവരക്കോടി രോമദ്വാരവും ഇടത്തേകയ്യിൽ പന്തവും മണിയും വലത്തേകയ്യിൽ ചൂട്ടും ചൂരക്കോലും തിരുനീരും പൊക്കണവും, അരയിൽ 16 പന്തവും 101 കോൽത്തിരിയും സപ്തമാതൃക്കളേയും 1001 കുരിപ്പും കൊടുത്തു.
ദൈവപ്രഭാവം ലഭിച്ച് ഭൂമിയിലെത്തിയ കണ്ഠാകർണ്ണനെ അന്ന് കാശിരാജ്യം ഭരിച്ച രാജാവ് കാണുകയും ഗൗനിക്കാതിരിക്കുകയും ചെയ്തതിന്റെ ഫലമായി രാജാവിന് വസൂരിപിടിക്കുകയും ചെയ്തു. പ്രശ്നം വെച്ചുനോക്കിയപ്പോൾ കണ്ഠാകർണ്ണന്റെ കോപമാണ് രോഗഹേതു എന്നു മനസ്സിലാക്കുകയും പരിഹാരമാർഗ്ഗമായി കാശിരാജാവിന്റെ മേൽനോട്ടത്തിൽ ക്ഷേത്രം നിർമിച്ച് അതിൽ കണ്ഠാകർണ്ണനെ കുടിയിരുത്തുകയും ചെയ്തു. അതിനു ശേഷം വടക്കൻ ദേശത്തു വന്ന് പല സ്ഥലത്തും സ്ഥാനമുറപ്പിച്ച അദ്ദേഹത്തിന് കോലവും കോഴിയും കുരുതിയും തിറയും പൂജയും കലശവും തർപ്പണവും നൽകി തൃപ്തിപ്പെടുത്തിപ്പോരുന്നു.

ആചാരങ്ങൾ

ഭൂമിയിലെത്തിയ കണ്ഠാകർണ്ണനെ ഭഗവതീ ക്ഷേത്രങ്ങളിലും, കളരിപരമ്പര ദൈവങ്ങൾക്കൊപ്പവും, തറവാടുകളിൽ ഉപാസനാ മൂർത്തിയായും പ്രത്യേക താന്ത്രിക അനുഷ്ഠാനങ്ങളോടെ തെയ്യക്കൊലമായി കെട്ടിയാടിച്ചു വരുന്നു.

തോറ്റം

അഗ്നികണ്ഠാകർണ്ണൻ തെയ്യത്തിൻറെ തോറ്റം പുറപ്പാട് മല്ലപ്പള്ളി കാരങ്ങാട്ടു തറവാട്ടിൽ നിന്നും

കണ്ണാടി ബിംബം കയ്യിലേന്തി പ്രത്യേക ആയോധന ചുവടുകൾ വച്ചാണ് തോറ്റം പുറപ്പാട് .ദേവക്കൂത്തിനെ അനുസ്മരിക്കും വിധം സ്ത്രീകൾ ഈണത്തിൽ തോറ്റം ചൊല്ലുന്നതും ഈ തെയ്യത്തിൻറെ മാത്രം സവിശേഷതയാണ്.അഗ്നികണ്ഠാകർണ്ണന്റെ തോറ്റം ഗൂഡശ്ലോകങ്ങളായിരിക്കും.

“മഹാവൈദ്യനും വൈദ്യനായ ദേവൻ
മഹേശ്വരനു പിടിപെട്ട രോഗമകറ്റാൻ
അഗ്നിയിൽ ജ്വലിച്ചെഴുന്നള്ളും ദേവൻ
അഗ്നികണ്ഠാകർണ്ണേശ്വരൻ വിരൂപക്ഷൻ ദേവൻ”

എന്നാണ് തോറ്റത്തിലെ ഉല്പത്തി പരാമർശം

ഭൈരവാദി മന്ത്രമൂര്ത്തികൾ എന്നു അറിയപ്പെടുന്ന ദേവതാ സങ്കൽപങ്ങളിൽ പ്രധാനിയാണ്‌ ശിവചൈതന്യമായ അഗ്നികണ്ഠാകർണ്ണൻ അഥവാ കണ്ഠാകർണ്ണൻ. ശ്രീ ഭദ്രകാളിക്ക് (കുറുംബ ഭഗവതി, പുതിയ ഭഗവതി) അഗ്നികണ്ഠാകർണ്ണൻ സഹോദര സ്ഥാനീയനാണ്. 

No comments:

Post a Comment