ചോറ്റാനിക്കര മകം തോഴൽ
ക്ഷേത്രത്തിലെ കീഴ്ക്കാവില്‍ പ്രതിഷ്ഠ നടത്തിയ വില്വമംഗലം സ്വാമിക്കു ദേവി സര്‍വാഭരണഭൂഷിതയായി ദര്‍ശനം നല്‍കിയ ദിവസമാണു മകംതൊഴലായി ആചരിക്കുന്നത്.
മിഥുനം ലഗ്‌നത്തില്‍ ഉച്ചയ്‌ക്ക് കൃത്യം രണ്ടുമണിയോടെ മകം തൊഴലിനായി മേല്‍ശാന്തിയായിരിക്കും നട തുറക്കുക.
അഭയവരദ മുദ്രകളോടുകൂടിയ പ്രത്യേക തങ്കഗോളകയാണ് മകം നാളില്‍ ദേവിയ്‌ക്ക് ചാര്‍ത്തുക.
വിശേഷപ്പെട്ട ആഭരണങ്ങളും, പട്ടുടയാടകളും കേശാദിപാദം പുഷ്‌പാലങ്കാരങ്ങളുമൊക്കെയണിഞ്ഞ ചോറ്റാനിക്കരദേവിയെ ഒരു നോക്ക് ദര്‍ശിക്കുന്നതിനാണ് പതിനായിരങ്ങള്‍ ഈ ദിവസം ഇവിടെ എത്തിച്ചേരുന്നത്.
ചോറ്റാനിക്കര അമ്മ
കേരളത്തിലെ എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയിലുള്ള പ്രശസ്തമായ ക്ഷേത്രമാണ് ചോറ്റാനിക്കര ദേവീക്ഷേത്രം. ആദിപരാശക്തിയും പരമാത്മസ്വരൂപിണിയും ആയ ജഗദീശ്വരി രാജരാജേശ്വരി (മഹാലക്ഷ്മി) ഭാവത്തിൽ നാരായണനോടൊപ്പം ഈ ക്ഷേത്രത്തിൽ കുടികൊള്ളുന്നു.
തന്മൂലം ഇവിടെ വരുന്ന ഭക്തർ 'അമ്മേ നാരായണ, ദേവീ നാരായണ, ലക്ഷ്മീ നാരായണ, ഭദ്രേ നാരായണ' എന്നീ നാമങ്ങളാണ് ജപിയ്ക്കുന്നത്.
മഹാമായ ഭഗവതിയെ മൂന്നു രൂപങ്ങളിലാണ് ഈ ക്ഷേത്രത്തിൽ ആരാധിക്കുക. വെള്ളവസ്ത്രത്തിൽ പൊതിഞ്ഞ് വാക്ക്, വിദ്യ, അറിവ് ഇവയുടെ സ്വരൂപമായ സരസ്വതിയായി മൂകാംബിക സങ്കൽപ്പത്തിൽ പ്രഭാതത്തിൽ ആരാധിക്കുന്നു. കുങ്കുമ വസ്ത്രത്തിൽ പൊതിഞ്ഞ് സർവൈശ്വര്യദായിനിയായ മഹാലക്ഷ്മി ആയാണ് ഉച്ചക്ക് ആരാധിക്കുക. നീലവസ്ത്രത്തിൽ പൊതിഞ്ഞ് ദുർഗതിനാശിനിയും ആപത്ത് അകറ്റുന്നവളുമായ ദുർഗ്ഗയായി വൈകുന്നേരം ആരാധിക്കുന്നു.
മൂന്നു ഭാവങ്ങളുമുള്ളതിനാൽ ചോറ്റാനിക്കര അമ്മ രാജരാജേശ്വരീ സങ്കല്പത്തിലാണ് ആരാധിയ്ക്കപ്പെടുന്നത്.
ദാരിദ്ര്യനാശിനിയായ മഹാലക്ഷ്മി മഹാവിഷ്ണു സമേതയായി ആദ്യം പ്രത്യക്ഷപ്പെട്ട ക്ഷേത്രത്തിലെ പവിഴമല്ലിത്തറയിൽ പ്രാർഥിച്ചാൽ സാമ്പത്തിക ബാധ്യതകളും കടങ്ങളും അകന്നു ഐശ്വര്യവും സമ്പത്തും കൈവരും എന്നു വിശ്വാസം.
നാഗരാജാ ക്ഷേത്രത്തിനോട് ചേർന്നുള്ള ജ്യേഷ്ഠാ ഭഗവതി സന്നിധിയിൽ പ്രാർഥിക്കുന്നത് ഐശ്വര്യക്കേടുകളും, കലഹങ്ങളും ഒഴിയുവാൻ നല്ലതാണ്. ജ്യേഷ്ഠാ ഭഗവതി ഭവനത്തിൽ നിന്നും ഒഴിയാനാണ് പ്രാർഥിക്കേണ്ടത്.
മാനസിക രോഗങ്ങളും സ്വഭാവ ദൂഷ്യങ്ങളും ചോറ്റാനിക്കരയമ്മ സുഖപ്പെടുത്തും എന്നാണ് വിശ്വാസം. അതുകൊണ്ട് മാനസികാസ്വാസ്ഥ്യങ്ങൾ ഉള്ളവർ ധാരാളമായി ഇവിടം സന്ദർശിക്കുന്നു. നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ചോറ്റാനിക്കര.
ചോറ്റാനിക്കര കീഴ്ക്കാവ് ക്ഷേത്രത്തിലെ 'ഗുരുതി പൂജ' പ്രശസ്തമാണ്.
ഉഗ്രരൂപിണിയായ ഭദ്രകാളിയാണ് കീഴ്ക്കാവിലമ്മ. ഗുരുതി പൂജാവേളയിൽ കാളിയെ നരസിംഹമൂർത്തിയെ തടഞ്ഞു നിർത്തി അദ്ദേഹത്തിന്റെ കോപത്തെ സ്വീകരിച്ചു അത്യുഗ്ര ഭാവത്തിലുള്ള പ്രത്യുഗിരാദേവിയായും (അഥർവാണ ഭദ്രകാളി) സങ്കൽപ്പിക്കുന്നു.
ദുഷ്ടമൂർത്തികൾ ആ ദേവിയിൽ കാണുന്ന കോപത്താൽ ദഹിച്ചു പോകുമെന്നാണ് വിശ്വാസം. മാനസിക രോഗങ്ങൾ മാറുവാനും, സ്വഭാവദൂഷ്യങ്ങൾ അകലുവാനും, ശത്രുതാനിവാരണത്തിനും ഗുരുതിപൂജ ഉത്തമമെന്നു കരുതപ്പെടുന്നു.
സായാഹ്നത്തിന് ശേഷം ശക്തിസ്വരൂപിണിയായ കൊടുംകാളിയെ ഉണർത്തുവാനായി ആണ് ഈ പൂജ നടത്തുക. വിളിച്ചാൽ വിളിപ്പുറത്താണ് ചോറ്റാനിക്കരയമ്മ.
കുംഭമാസത്തിലെ മകം നാളിൽ നടക്കുന്ന മകം തൊഴൽ സർവാഭീഷ്ടസിദ്ധിക്കും ഐശ്വര്യത്തിനും വളരെ വിശേഷപ്പെട്ട ദിവസമാണ്. ഈ ദിവസം ധാരാളം ഭക്തജനങ്ങൾ ക്ഷേത്രത്തിൽ തടിച്ചുകൂടുന്നു. ഒരു യുഗം തൊഴുതാലും തീരാത്ത ദുരിതങ്ങൾ മകം തൊഴുതാൽ അന്ന് തീരും എന്നാണു വിശ്വാസം.
യഥാർത്ഥത്തിൽ അമ്മ തന്നെയാണ് പരബ്രഹ്മം.
സ്ത്രീയാണ് സൃഷ്ടിയുടെ ആധാരം എന്ന സങ്കൽപ്പത്തിൽ നിന്നാണ് ശാക്തേയർ ദേവീ ആരാധന തുടങ്ങിയത്. ആദിപരാശക്തിക്ക് സ്വന്തം മക്കളായ സൃഷ്ടികളോട് മാതൃ സവിശേഷമായ വാത്സല്യം ആണ് ഉള്ളത്.
ഈ പ്രപഞ്ചം സൃഷ്ടിച്ചതും, പരിപാലിക്കുന്നതും, അവസാനം സംഹരിക്കുന്നതും സർവേശ്വരിയായ ജഗദംബിക തന്നെയാണ് എന്ന് ദേവീഭാഗവതം പറയുന്നു.
ബ്രഹ്‌മാവിഷ്ണുമഹേശ്വരന്മാർ പോലും അമ്മയുടെ ത്രിഗുണങ്ങളിൽ നിന്നും ഉണ്ടായവരാണ്.
ആ കരുണാമയിയാണ് യഥാർഥത്തിൽ ചോറ്റാനിക്കര അമ്മ. ഭക്തന് അറിവും വിദ്യയും സമ്പത്തും ഒടുവിൽ മോക്ഷവും പ്രദാനം ചെയ്യുന്നത് ദേവി തന്നെയാണ്.
എല്ലായിടത്തും നിറഞ്ഞു നിൽക്കുന്നവളും എല്ലാം അറിയുന്നവളുമാണ് ചോറ്റാനിക്കര അമ്മ. ദേവി അറിയാതെ ഒരു ഇല പോലും അനങ്ങുന്നില്ല എന്ന് വിശ്വാസം.
പരമാത്മാവും, പ്രകൃതിയും, വികൃതിയും, കുണ്ഡലിനീ ശക്തിയും, പ്രാണനും, ബുദ്ധിയും, കലാകാവ്യങ്ങളും എല്ലാം ജഗദംബിക തന്നെ.
സത്യവും, ധർമവും, സ്നേഹവും, നീതിയും ദേവിയുടെ തിരുസ്വരൂപം ആകയാൽ ഇവ പാലിക്കുന്നവരെ അമ്മ ഇഷ്ടപ്പെടുന്നു.
യഥാർഥത്തിൽ അമ്മയുടെ വാത്സല്യത്തിനപ്പുറം മക്കൾക്ക് ലഭിക്കാൻ അനുഗ്രഹം ഒന്നുമില്ല. മക്കൾക്ക് ആഹാരവും, ഐശ്വര്യവും നൽകുന്നതും, എല്ലാവിധ ഉപദ്രവങ്ങളിൽ നിന്നും രക്ഷിക്കുന്നതും അമ്മയല്ലാതെ മറ്റാരാണ്??
ജീവാത്മാക്കളായ മക്കൾ പരമാത്മാവായ അമ്മയിൽ സ്വയം സമർപ്പിക്കുകയാണ് ചോറ്റാനിക്കരയിൽ !!
ലളിതാസഹസ്രനാമം, സൗന്ദര്യലഹരി, ദേവീമാഹാത്മ്യം 11- നാം അദ്ധ്യായം, കനകധാരാ സ്തോത്രം, മഹാലക്ഷ്മ്യഷ്ടകം എന്നിവ പാരായണം ചെയ്യുന്നത് ദേവിക്ക് ഏറ്റവും പ്രിയമാണ്.
വെള്ളിയാഴ്ച്ച, ചൊവ്വാഴ്ച, പൗർണമി, അമാവാസി, നവരാത്രി, അക്ഷയ ത്രിതീയ എന്നിവ ദേവി ആരാധനക്ക് പ്രാധാന്യം ഉള്ള ദിവസങ്ങൾ ആണ്.
No comments:
Post a Comment