ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

5 February 2020

നവഗ്രഹദോഷപരിഹാരം

നവഗ്രഹദോഷപരിഹാരം

ഒമ്പതുഗ്രഹങ്ങളാണല്ലോ നമ്മുടെ ജീവിതത്തെ നിയന്ത്രിക്കുന്നത്. ഈ ഗ്രഹങ്ങള്‍ പിഴച്ചാല്‍ ജീവിതത്തില്‍ താളപ്പിഴകളായി. 

ഗ്രഹദോഷങ്ങള്‍ക്കുള്ള പരിഹാരമായി നിത്യവും വീട്ടില്‍തന്നെ ചെയ്യാവുന്ന ലളിതമായ ചില പരിഹാരപൂജകള്‍…

സൂര്യന്‍

സൂര്യദശാകാലത്ത് ഞായറാഴ്ച വ്രതം അനുഷ്ഠിച്ച് വീട്ടിലെ പൂജാമുറിയില്‍ സൂര്യഭഗവാന്‍റെ ഫോട്ടോയ്ക്ക് ചെന്താമര മാല അണിയിച്ച്, ഗോതമ്പ് പായസം നേദിച്ച് സൂര്യഗായത്രി പാരായണം ചെയ്ത് പ്രാര്‍ത്ഥിച്ചാല്‍ ദോഷങ്ങള്‍ക്ക് ശമനം കിട്ടും.

ചന്ദ്രന്‍

ചന്ദ്രദശാകാലത്ത് തിങ്കളാഴ്ചവ്രതം അനുഷ്ഠിച്ച്, ഭഗവതിയുടെ ഫോട്ടോയ്ക്ക് ചുവന്ന അരളിമാല അണിയിച്ച്, പാല്‍പ്പായസം, നേദിച്ച്, ചന്ദ്രഗായത്രി പാരായണം ചെയ്തു പ്രാര്‍ത്ഥിക്കുക.

ചൊവ്വ

ചൊവ്വാദശ കാലങ്ങളില്‍ ചൊവ്വാഴ്ച മംഗളകാരകന് ചെമ്പകപൂക്കളാല്‍ പുഷ്പാഞ്ജലി നടത്തി വെണ്‍പൊങ്കലും തുവരയും നേദിച്ച് മുരുകനെ പ്രാര്‍ത്ഥിച്ച് പോന്നാല്‍ ചൊവ്വാദോഷത്തിന് ശമനം കിട്ടും.

ബുധന്‍

ബുധദശാകാലത്ത് ബുധനാഴ്ചവ്രതം അനുഷ്ഠിച്ച് വെള്ള പുഷ്പങ്ങള്‍ അര്‍ച്ചിച്ച്, പുളിസാദം നേദിച്ച് ബുധഗായത്രി 24 തവണ ജപിച്ച് മഹാവിഷ്ണുവിനോട് പ്രാര്‍ത്ഥിച്ചാല്‍ ബുധഭഗവാന്‍റെ പൂര്‍ണ്ണ അനുഗ്രഹംകിട്ടും. ജ്ഞാനവും വിദ്യാഗുണവും വര്‍ദ്ധിക്കും.

ഗുരു (വ്യാഴം)

വ്യാഴദശാകാലത്ത്, വ്യാഴാഴ്ചതോറും വ്രതമനുഷ്ഠിച്ച് മുല്ലപ്പൂക്കള്‍ അര്‍ച്ചിച്ച് ചെറുകടലയും തൈര് സാദവും നേദിച്ച് 24 തവണ ഗുരുഗായത്രി ജപിച്ച് ദക്ഷിണാമൂര്‍ത്തിയെ സങ്കല്‍പ്പിച്ച് പ്രാര്‍ത്ഥിക്കുക. ഗുരുകടാക്ഷത്താല്‍ ജീവിതത്തില്‍ ഉന്നതിയുണ്ടാവും.

ശുക്രന്‍

ശുക്രദശാകാലത്ത് വെള്ളിയാഴ്ചവ്രതം അനുഷ്ഠിച്ച് വെണ്‍താമര മലരുകള്‍ അര്‍ച്ചിച്ച് നെയ്ചോറ് നേദിച്ച് 24 തവണ ശുക്രഗായത്രി ജപിച്ച് മഹാലക്ഷ്മിയെ പ്രാര്‍ത്ഥിച്ചാല്‍ ശുക്രദോഷത്തിന് പരിഹാരം കിട്ടും.

ശനി

ശനിദശാകാലത്ത് ശനിയാഴ്ചവ്രതമനുഷ്ഠിച്ച് കരിങ്കൂവളം നീലശംഖുപുഷ്പങ്ങള്‍ അര്‍ച്ചിച്ച് എള്ളുചോറു നേദിച്ച് 26 തവണശനി ഗായത്രി ജപിച്ച് കാക്കയ്ക്ക് അന്നം സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചുപോന്നാല്‍ ശനിദോഷകാഠിന്യം കുറയും. ശനിയാഴ്ച ശാസ്താ, ഹനുമാന്‍ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി പ്രാര്‍ത്ഥിക്കുന്നതും മികച്ച ശനിദോഷപരിഹാരമാണ്.

രാഹു

രാഹുദശാകാലത്ത് വെള്ളിയാഴ്ചവ്രതമനുഷ്ഠിച്ച് രാഹുകാലത്ത് മന്ദാരപൂക്കളാല്‍ അര്‍ച്ചന ചെയ്ത് ഉഴുന്നുകലര്‍ന്ന അന്നം നേദിച്ച് രാഹുഗായത്രി ജപിച്ച് ദുര്‍ഗ്ഗയോട് പ്രാര്‍ത്ഥിക്കുക.

കേതു

കേതുദശാകാലത്ത് തിങ്കളാഴ്ച വ്രതം അനുഷ്ഠിച്ച് പലതരം പുഷ്പങ്ങളാല്‍ അര്‍ച്ചന ചെയ്ത ചിത്രാന്നം നേദിച്ച് കേതുഗായത്രി ജപിച്ച് ഗണപതിയോടു പ്രാര്‍ത്ഥിച്ചാല്‍ ദോഷം ശമിക്കും.

No comments:

Post a Comment