ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

12 February 2020

നൈമിശാരണ്യം

നൈമിശാരണ്യം

ഭാരതീയ ഇതിഹാസങ്ങളുമായി ബന്ധപ്പെട്ട് വളരെയധികം പ്രാധാന്യമുള്ള ഒരു സ്ഥലമാണ് നൈമിശാരണ്യം. ഇന്നത്തെ ഉത്തർപ്രദേശിലാണ് ഈ പുണ്യഭൂമി സ്ഥിതി ചെയ്യുന്നത്. പണ്ടുകാലത്ത് എൺപതിനായിരത്തോളം മഹർഷീശ്വരന്മാർ താമസിച്ചിരുന്ന ഒരു സ്ഥലമായിരുന്നു ഇത് എന്ന് പറയപ്പെടുന്നു. അതിൽ ശൗനകാദിമഹർഷിമാർ  പ്രധാനികളായിരുന്നു.

ശൗനകമഹർഷി ഒരു കുലപതി ആയിട്ടാണ് അറിയപ്പെട്ടിരുന്നത്. പതിനായിരത്തോളം ശിഷ്യന്മാരെ തന്റെ കൂടെ താമസിപ്പിച്ച് പഠിപ്പിക്കുന്ന വലിയ ഒരു ഗുരുകുലത്തിന്റെ അധിപനെയാണ് കുലപതി എന്നു പറയുന്നത്. കുലപതിക്ക് തന്റെ ഓരോ ശിഷ്യന്മാരെപ്പറ്റിയും വ്യക്തമായ അറിവും ധാരണയും ഉണ്ടാകും. വളരെ വലിയ ഒരു വിദ്യാകേന്ദ്രമായിരുന്നു നൈമിശാരണ്യം. ഋഷീശ്വരൻമാരുടെ കേന്ദ്രം എന്നു തന്നെ പറയാം. നൈമിശാരണ്യത്തിന്റെ പ്രത്യേകത എന്താണെന്ന് വെച്ചാൽ പലതരം കഥകൾ പറയാനുണ്ട്. പല തരത്തിലുള്ള പുണ്യമുള്ള സ്ഥലമാണിത് എന്നു പറയാം.

ദേവീഭാഗവതത്തിലും, വായുപുരാണത്തിലു മൊക്കെ പറയുന്ന ഒരു കഥയുണ്ട്. 

ഒരിക്കൽ ഋഷീശ്വരന്മാർ എല്ലാം കൂടി ബ്രഹ്മാവിന്റെ അടുക്കലെത്തി, അദ്ദേഹത്തെ നമസ്ക്കരിച്ച് പ്രാർത്ഥിച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞു: "ബ്രഹ്മദേവാ! ഈ ഭൂമിയിൽ എല്ലായിടത്തും ഈ കലികാലത്തിൽ കലിയുടെ അംശം ആണല്ലൊ ഉള്ളത്. അതു കൊണ്ട് കലികാലത്തിൽ നാമം ജപിക്കാനും, നല്ലതു ചെയ്യാനും നല്ലതു ചിന്തിക്കാനും ഒന്നും തോന്നുകയില്ല. അപ്പോൾ സൽക്കർമ്മങ്ങൾ ചെയ്യാനും, ഈശ്വര വിചാരമുണ്ടാകുവാനും, അതിന് അവനവന്റെ ഉള്ളിൽ നിന്ന് തോന്നാനും പുറത്തു കൂടി ഒരു സാഹചര്യം വേണമല്ലൊ! അതിന് എന്താണ് വേണ്ടതെന്ന് പറഞ്ഞു തന്നാലും."

ഋഷീശ്വരൻമാരുടെ ചോദ്യത്തിനുത്തരമായി ബ്രഹ്മാവ് ഒരു വഴി പറഞ്ഞു തരാമെന്ന് അറിയിച്ചു. അതിനു ശേഷം ബ്രഹ്മാവ് അവർക്ക് ഒരു ചക്രം കൊടുത്തു., എന്നിട്ട് അവരോടായി പറഞ്ഞു: "നിങ്ങൾ ഈ ചക്രം ഉരുട്ടി ഉരുട്ടി കൊണ്ടു പൊയ്ക്കൊള്ളൂ. ഈ ചക്രം ഒരു ദിക്കിലെത്തുമ്പോൾ വീണ് തകർന്നു നശിച്ചുപോകും.  ചക്രം വീണ് നശിച്ചുപോകുന്ന സ്ഥലം, ഒരു പുണ്യസ്ഥലമാണെന്ന് കണക്കാക്കി അവിടെ ഇരുന്നുകൊള്ളൂ."

ചക്രത്തിന് ''നേമി" എന്നും,  "ശീർണ്ണമാകുക " എന്നാൽ തകർന്നു പോകുക എന്നും ആണ് സംസ്കൃതത്തിൽ അർത്ഥം. ഈ ചക്രം ഉരുട്ടി ഉരുട്ടി പല ലോകങ്ങളും കടന്നു പോയി ഈ സ്ഥലത്തെത്തിയപ്പോൾ ചക്രം തകർന്നു പോയി. ചക്രം (നേമി) തകർന്നു പോയ സ്ഥലം (ശീർണ്ണമായ സ്ഥലം) ആയതിനാൽ നേമിശാരണ്യം എന്ന പേർ വന്നു. പോരാത്തതിന് ഇവിടം കാട് പ്രദേശം (ആരണ്യം) ആണ് താനും. നേമിശാരണ്യം പറഞ്ഞു പറഞ്ഞ് കാലക്രമത്തിൽ നൈമിശാരണ്യം (നൈമിഷാരണ്യം) ആയി മാറി.

ഈ വിഷ്ണു ചക്രം, ഭഗവാന്റെ അത്ഭുതം ഉണ്ടായ സ്ഥലത്താണ് ചക്ര തീർത്ഥം ഉള്ളത്. നടുഭാഗത്തായി ഒരു വട്ടം ഉണ്ട്. അതിൽ തീർത്ഥം വന്നു കൊണ്ടിരിക്കുകയാണ്. ഇവിടെ പരിക്രമണം ചെയ്യുക, തർപ്പണാദികൾ ചെയ്യുക തുടങ്ങിയ കാര്യങ്ങൾക്കൊക്കെ ഈ പുണ്യതീർത്ഥം വളരെ പ്രത്യേകതയുള്ളതാണ്. ഈ ഭാഗത്ത് ഏറ്റവും പ്രത്യേകതയുള്ള ഒരു തീർത്ഥമാണ് ചക്രതീർത്ഥം.

ഇവിടെ വേറെയും പ്രത്യേകതകമുണ്ട്. ഇവിടെ കലിബാധയുണ്ടാകില്ല കലിയുടെ അംശം ഇവിടെ കടക്കുകയില്ല. അതിനാൽ ഇവിടെ ഇരുന്ന് നാമം ജപിക്കുന്നതും, നമസ്കരിക്കുന്നതും ഒക്കെ വലിയ പുണ്യമായി കരുതുന്നു. യോഗ്യരായ ബ്രാഹ്മണർക്ക് ദാനം ചെയ്യുന്നതൊക്കെ ഈ പുണ്യസ്ഥലത്ത് വെച്ചാണെങ്കിൽ അതിന് ആയിരം ഇരട്ടിഫലം ഉണ്ടാകുമെന്ന് പറയപ്പെടുന്നു.

വൃത്രാസുരനെ വധിക്കാനായിട്ട് ഇന്ദ്രൻ ഭഗവാനെ പ്രാർത്ഥിച്ച സമയത്ത്, ഭഗവാൻ ഇന്ദ്രനോട് പറഞ്ഞു; ദധീചിമഹർഷിയുടെ അസ്ഥി കൊണ്ട് ആയുധം ഉണ്ടാക്കിയിട്ട് ചെയ്തു കൊള്ളൂ എന്ന്. അങ്ങിനെ ഇവിടെനിന്നാണ് ദധീചിമഹർഷി തന്റെ ശരീരമുപേക്ഷിച്ച്, അസ്ഥികൾ ആ ഒരു പുണ്യകർമ്മത്തിനു വേണ്ടി കൊടുത്തിരുന്നതത്രെ! ഈ സ്ഥലത്തിന് ആ ഒരു പ്രത്യേകത കൂടി ഉണ്ട്. ഇങ്ങിനെ പലതരത്തിൽ തീർത്ഥശക്തിയുള്ള ഒരു വലിയ പുണ്യതീർത്ഥമാണിവിടെ ഉള്ള ചക്രതീർത്ഥം.

പതിനെട്ട് പുരാണങ്ങളും സൂതൻ എന്ന പുണ്യാത്മാവ് ഉപദേശിച്ചത് ഈ ഒരു പുണ്യഭൂമിയിൽ വെച്ചായിരുന്നത്രെ!

വ്യാസഭഗവാനാണ് ഭാരതേതിഹാസങ്ങളും, പതിനെട്ട് പുരാണങ്ങളും, പതിനെട്ട് ഉപപുരാണങ്ങളും രചിച്ചത്. ഇതു കേട്ട് മനസ്സിലാക്കിയ സൂതൻ ശൗനകാദി മഹർഷിമാർക്ക് ഈ സ്ഥലത്തുവെച്ചാണ് ഉപദേശിച്ചു കൊടുക്കുന്നത്. വേദവ്യാസൻ നേരിട്ടു ഉപദേശിക്കുന്നതല്ല നമുക്ക് കിട്ടുന്ന പുസ്തകം. വേദവ്യാസൻ തന്റെ ശിഷ്യർക്ക് ബദരി മുതലായ പുണ്യസ്ഥലങ്ങിൽ വെച്ചാണ് ഉപദേശിച്ചു കൊടുക്കുന്നത്. മഹാഭാരതം ഉണ്ടാക്കിയതും, ഗണപതി ഭഗവാൻ എഴുതിയതും ഒക്കെ പല പല സ്ഥലങ്ങളിൽ വെച്ചാണ്. സൂതൻ ശൗനകാദികൾക്ക്‌ ഉപദേശിച്ചു കൊടുക്കുന്നതാണ് ഇന്ന് നാം കാണുന്ന പുസ്തകം എന്നു പറയാം.

നൈമിശാരിണ്യത്തിൽ  ശൗനകാദി മഹർഷിമാർ ആയിരം സംവത്സരം നീണ്ടു നിൽക്കുന്ന ഒരു സത്രം ആരംഭിച്ചു. ഒരു പരമ്പരയായി ഋഷിമാർ ചെയ്തു പോരുന്ന ഒരു സൽക്കർമ്മത്തിന്റെ കേന്ദ്രമാണല്ലൊ അത്. അത് എന്തിനായിരുന്നുവെന്ന് ചോദിച്ചാൽ സാക്ഷാൽ ഭഗവാൻ വിഷ്ണുവിന്റെ ലോകത്തേക്ക് അതായത് വൈകുണ്ഠത്തിലേക്ക് പോകാനായിട്ടായിരുന്നു ആ സത്രം ആരംഭിച്ചിരുന്നത്.

സത്രം ആരംഭിച്ച സമയത്താണ് സൂതൻ എന്ന മഹാത്മാവ് അവിടെ എത്തുന്നത്. അദ്ദേഹം സത്രശാലയിലെത്തിയപ്പോൾ മഹർഷിമാർ എഴുന്നേറ്റ് വന്ദിച്ചു. എന്നിട്ട് അദ്ദേഹത്തോട് ചോദിച്ചു;" അങ്ങ് മഹാജ്ഞാനിയും, വിദ്വാനും ഒക്കെയാണല്ലൊ. ഞങ്ങൾക്ക് വേണ്ടത് പറഞ്ഞു തരൂ". അങ്ങിനെയാണ് സൂതൻ, ശൗനകാദി മഹർഷിമാർക്ക് ഇവിടെ വെച്ച് (നൈമിശാരണ്യം) ഭാഗവതം പറഞ്ഞു കൊടുക്കുന്നത്.

ഭാഗവത കഥകൾ ഭഗവാൻ ബ്രഹ്മാവിനും, ബ്രഹ്മാവ് നാരദർക്കും, നാരദർ വേദവ്യാസനും, വേദവ്യാസൻ ശ്രീ ശുകനും, ശ്രീശുകൻ പരീക്ഷിത്തിനും പറഞ്ഞു കൊടുത്തു. ഇവർ ഓരോരുത്തരും കൈമാറുന്നതിനനുസരിച്ച് അവരവരുടെ ജീവിതാനുഭവവും, ഈശ്വരാനുഭവവും ഈ കഥകളിൽ കൂട്ടിച്ചേർക്കപ്പെട്ടുകൊണ്ടിരുന്നു. അവസാനമായി അതു മുഴുവനായി കേട്ട സൂതൻ ഈ നൈമിശാരണ്യത്തിൽ വെച്ച് മഹർഷിമാർക്ക് ഉപദേശിക്കുകയാണുണ്ടായത്. പിന്നീട് അതു പുസ്തകമായി മാറി.

സൂതൻ എന്നു പറയുന്നത് ഒരാളല്ല. പലരാണ്. അതിൽ പ്രധാനപ്പെട്ട രണ്ടു സൂതൻമാർ ഉള്ളത് ഒന്ന് അച്ഛൻ സൂതനും, ഒന്ന് മകൻ സൂതനും. അച്ഛന്റെ പേര് രോമഹർഷണൻ. അദ്ദേഹം വേദവ്യാസന്റെ ശിഷ്യനായിരുന്നു.' ഇദ്ദേഹത്തിന് വ്യാസർ ഭഗവൽ കഥകൾ പറഞ്ഞു കൊടുക്കാറുണ്ടായിരുന്നു. ഓരോ കഥ കേൾക്കുമ്പോഴും അദ്ദേഹത്തിന് രോമാഞ്ചമുണ്ടാകുമായിരുന്നത്രെ! അതിനാൽ ഈ ശിഷ്യൻ, ആസ്വദിച്ച് ഹൃദയം കൊണ്ട് കേൾക്കുന്ന ഒരു യോഗ്യൻ തന്നെയെന്ന് വ്യാസൻ തീർച്ചപ്പെടുത്തി, അദ്ദേഹത്തിന് രോമഹർഷണൻ എന്ന പേര് നൽകി.

രോമഹർഷണൻ തന്റെ പുത്രനായ ഉഗ്രശ്രവസ്സിന്  ഈ ഉപദേശം കൊടുത്തു നന്നായി ശ്രവിക്കുന്നവനു മാത്രമേ നന്നായി പറയാനും കഴിയൂ. ഉഗ്രമായിട്ട് ശ്രവിക്കുന്നവൻ (കേൾക്കുന്നവൻ) എന്ന തന്റെ പേരിന്റെ അർത്ഥം അന്വർത്ഥമാക്കിക്കൊണ്ട്  ഉഗ്രശ്രവസ്സ് നന്നായിട്ടു തന്നെ ഭാഗവതാഖ്യാനം നടത്തി. ഇവർ രണ്ടു പേരുമാണ് നൈമിശാരണ്യത്തിൽ ശാസ്ത്രങ്ങൾ ഉപദേശിച്ച പ്രധാന സൂതൻമാർ. ഇവരുടെ പരമ്പരയിലൂടെയാണ് പുരാണങ്ങൾ എല്ലാവരും മനസ്സിലാക്കിയത്.

അവിടെയെത്തിയ സൂതനോട്, മഹർഷിമാർ ചോദിച്ചു. " എവിടെ നിന്നാണ് വരുന്നത്?" അപ്പോൾ സൂതൻ പറഞ്ഞു: "ഞാൻ തക്ഷശിലയിൽ നിന്നാണ് വരുന്നത്. അവിടെ ജനമേജയന്റെ സർപ്പസത്രശാലയിൽ നിന്ന് വരികയാണ്. 

അവിടെ ജനമേജയരാജാവിന്റെ ചോദ്യത്തിനുത്തരമായി വൈശമ്പായന മഹർഷി മഹാഭാരതകഥ മുഴുവൻ പറഞ്ഞു കൊടുത്തു. അതു കേട്ടിട്ടാണ് ഞാൻ വരുന്നത്. വരുന്ന വഴി കുരുക്ഷേത്രത്തിൽ പോയി തൊഴുതു. എന്നിട്ടാണിവിടെക്ക് വന്നത്. "

ഇതു കേട്ട മഹർഷിമാർ മഹാഭാരതകഥ തങ്ങൾക്ക് പറഞ്ഞു തരാമോ എന്ന് സൂതനോട് ചോദിച്ചു. അവിടെ വെച്ച് അദ്ദേഹം കേട്ട കഥയാണ് മഹർഷിമാർക്ക് പറഞ്ഞു കൊടുത്തത്. അതാണ് സൂത- ശൗനക സംവാദം എന്നറിയപ്പെടുന്നത്. ഭാരതത്തിലെ ഇതിഹാസങ്ങൾക്കും, പുരാണങ്ങൾക്കും അടിത്തറയായത് ഈ പുണ്യഭൂമിയെ ആധാരമാക്കി നടന്ന ഈ സംഭവമാണ്. ഭാരതവും, ഭാഗവതവും വായിക്കുമ്പോഴൊന്നും നമ്മുടെ മനസ്സിൽ ഇങ്ങിനെയൊരു സങ്കല്പം ഉണ്ടായിക്കാണില്ല.

വളരെയധികം പ്രാധാന്യമുള്ള ഈ പുണ്യഭൂമിയിൽ പോകാനും,  ചക്രതീർത്ഥം എന്ന പുണ്യതീർത്ഥം അനുഭവിക്കാനും മുജ്ജന്മസുകൃതം വേണം. 

ഏത് കുളമായാലും, നദിയായാലും, നാം ചെയ്യേണ്ട ചില വിധികൾ ഉണ്ട്. ആദ്യം തന്നെ അത് ഒരു പുണ്യതീർത്ഥമാണെന്ന് മനസ്സിൽ സങ്കല്പിക്കണം. ജലത്തിലിറങ്ങുന്നതിന്നു മുൻപേ തന്നെ വലതു കൈ കൊണ്ട് ജലം തൊട്ട് ഭക്തിയോടെ മൂർദ്ധാവിൽ അൽപം തളിച്ച്, മുഖത്തും ദേഹത്തും തളിച്ചതിനു ശേഷം ജലത്തിലിറങ്ങാം.

1 comment:

  1. "അച്ഛനും മകനുമായ രണ്ട്രോ പേരാണ്മ കഥ പറയുന്നത് "
    രോമഹർഷണൻ കഥ പറയുന്നതായി അറിവില്ല. രോമഹർഷന്റെ മകനായ ഞാൻ ഉഗ്രശ്രവസ് അച്ഛൻ പറയുംപോലെ കഥ പറയാൻ മിടുക്കനാണെന്നും വിശേഷിപ്പിക്കുന്നുണ്ട്. ഉഗ്രശ്രാവസ്സാണ് കഥ പറയുന്നത്.
    (ആധാരം :KC നാരായണൻ - മഹാഭാരതം ഒരു സ്വതന്ത്ര സോഫ്റ്റ് വെയർ " )

    ReplyDelete