ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

13 February 2020

നിങ്ങളുടെ കൃഷ്ണന് എത്ര പ്രായമുണ്ട്?

നിങ്ങളുടെ കൃഷ്ണന് എത്ര പ്രായമുണ്ട്?

2 വയസ്സാണോ?
10 വയസ്സാണോ?
25 വയസ്സാണോ?
30 വയസ്സാണോ?

അതിനപ്പുറത്തേക്ക് പോവാൻ സാധിക്കുന്നുണ്ടോ?
60 വയസ്സുള്ള കൃഷ്ണൻ?
90 വയസ്സുള്ള കൃഷ്ണൻ?
120 വയസ്സുള്ള കൃഷ്ണൻ?

മഹാഭാരത യുദ്ധം നടക്കുമ്പോൾ അർജ്ജുനന് 89 വയസ്സും ശ്രീകൃഷ്ണന് 90 വയസ്സുമാണത്രേ പ്രായം.
ഗീതോപദേശത്തിന്റെ ചിത്രം ഇനിയൊന്ന് പുതുക്കി സങ്കൽപ്പിച്ചു നോക്കൂ.
മഹായുദ്ധത്തിനായി സർവ്വ സൈന്യവും സന്നാഹവും സജ്ജരായിരിക്കുന്ന രണഭൂമിയുടെ മധ്യത്തിൽ നിന്ന് തത്വചിന്ത പറയുന്ന രണ്ട് വൃദ്ധരെ കാണുന്നില്ലേ?
ആ കൃഷ്ണനെ നിങ്ങൾക്ക് പരിചയമുണ്ടോ?

മഹാഭാരത യുദ്ധം കഴിഞ്ഞു 36 വർഷം കഴിഞ്ഞാണ് ശ്രീകൃഷ്ണന്റെ സ്വർഗ്ഗാരോഹണം.
ആ കൃഷ്ണനെ ഓർത്തു നോക്കൂ.
തന്റെ കുലം തമ്മിൽ തല്ലി സ്വയം നശിക്കുന്നത് കണ്ടു മനം മടുത്തു രാജ്യവും അധികാരവും ഉപേക്ഷിച്ചു വാനപ്രസ്ഥിയായി കാട്ടിലേക്ക് തപസ്സിന് പോകുന്ന 125 വയസ്സുള്ള പടുവൃദ്ധനും അവശനും മരണാസന്നനുമായ കൃഷ്ണൻ.
എപ്പോഴെങ്കിലും സങ്കല്പിച്ചിട്ടുണ്ടോ?

60 വയസ്സുള്ള കൃഷ്ണനെ ഓർക്കാറുണ്ടോ?
ഭാര്യമാരും അനവധി മക്കളും പേരക്കുട്ടികളും ഉള്ള ഗൃഹസ്ഥനായ കൃഷ്ണൻ?
50 വയസ്സുള്ള കൃഷ്ണനെ ഓർക്കാറുണ്ടോ?
രാജാവും രാജ്യ തന്ത്രജ്ഞനും രാഷ്ട്ര സ്ഥാപകനുമായ ദ്വാരകാധിപനായ കൃഷ്ണൻ?
40 വയസ്സുള്ള കൃഷ്ണനെ ഓർക്കാറുണ്ടോ?
നരകാസുരനെയും ബാണാസുരനെയും പൗണ്ഡ്രകനെയും കാശിരാജനെയും സുദക്ഷിണനേയും വിദുരതനേയും ജരാസന്ധനെയും ശിശുപാലനെയും സാൽവനെയും ദന്തവക്ത്രനേയും ഒക്കെ പോരിൽ തോൽപ്പിക്കുകയും വധിക്കുകയും ചെയ്യുന്ന യോദ്ധാവായ കൃഷ്ണൻ?
25 വയസ്സുള്ള കൃഷ്ണനെ ഓർക്കാറുണ്ടോ?
സാന്ദീപനി മഹർഷിയുടെ ഗുരുകുലത്തിൽ ചിട്ടയോടും നിഷ്ഠയോടും ഭക്തിയോടും ബ്രഹ്മചര്യത്തോടും കൂടി വിദ്യ അഭ്യസിക്കുന്ന വിദ്യാർത്ഥിയായ കൃഷ്ണൻ?

അതോ നിങ്ങളുടെ കൃഷ്ണൻ ഇപ്പോഴും വൃന്ദാവനത്തിൽ വെണ്ണ കട്ട് തിന്നുകയും ഗോപികമാരൊത്ത് ലീലകൾ ആടുകയും ചെയ്യുന്ന 10 വയസ്സുകാരൻ മാത്രമാണോ?
അതിന് മുൻപ്, 3 വയസ്സിനും മുൻപ്, മുലപ്പാലുണ്ണുന്ന പ്രായത്തിൽ ഗോകുലത്തിൽ വെച്ച് പൂതനക്ക് മോക്ഷം നൽകുകയും കുഞ്ഞി വായ്ക്കുള്ളിൽ ഈ പ്രപഞ്ചത്തെ മുഴുവൻ യശോധക്ക് കാട്ടി കൊടുക്കുകയും ദാമോദര ലീലയിൽ നളകുവേരനേയും മണിഗ്രീവനെയും ശാപ മുക്തരാക്കുകയും ചെയ്ത ഉണ്ണി കണ്ണനെ പോലും നിങ്ങൾക്ക് ശരിക്കുമറിയില്ലെന്നാണോ?

അനവധി ഭാവങ്ങളും നിരവധി വേഷങ്ങളുമണിഞ്ഞു ഒരു പൂർണ്ണ മനുഷ്യായുസ്സ് പൂർത്തിയാക്കി സ്വർഗ്ഗാരോഹണം ചെയ്ത ആ മഹാവതാരത്തെ അടയാളപ്പെടുത്തുമ്പോൾ അദ്ദേഹത്തിന്റെ 3 വയസ്സിനും 10 വയസ്സിനും ഇടയ്ക്കുള്ള ഏഴ് വർഷത്തെ വൃന്ദാവന വാസ കാലത്തുള്ള ബാല ലീലകൾ മാത്രമാണ് നിങ്ങളുടെ ഓർമ്മയിൽ തെളിയുന്നതെങ്കിൽ,
എത്ര ഹൃസ്വമാണ് നിങ്ങളുടെ ദൃഷ്ടി!
എത്ര ശുഷ്കമാണ് നിങ്ങളുടെ ബുദ്ധി!
എത്ര ശപ്തമാണ്‌ നിങ്ങളുടെ ദർശനം!!
ആ ബാല ലീലകൾ ആടുന്ന പ്രേമ സ്വരൂപനായ വൃന്ദാവന കൃഷ്ണന്റെ പോലും തത്വമോ സൗന്ദര്യമോ കാല്പനികതയോ കാണാവുന്നില്ലെങ്കിൽ,
അതിൽ കേവലം കാമവും കോഴിത്തവും ലമ്പടതയും മാത്രമേ തിരിയുന്നുള്ളുവെങ്കിൽ,
എത്ര അധഃപതിച്ചതാണ് നിങ്ങളുടെ മനസ്സ്!
എത്ര നികൃഷ്ടമാണ് നിങ്ങളുടെ ജന്മം!!

സാക്ഷാൽ നാരായണനാണ് കൃഷ്ണൻ.
നരനിൽ നിന്ന് നാരായണനിലേക്കുള്ള പരിണാമത്തിന്റെ അവതാര ഭാവമാണ്.
സർവ്വ ഭൂതങ്ങളുടെയും ആദിമധ്യാന്തമാണ്‌.
വിശ്വരൂപം പ്രദർശിപ്പിച്ച വിരാട് പുരുഷനാണ്.
കൃഷ്ണൻ കാളനും കാലനും കാലവുമാണ്.
അതുൾക്കൊള്ളണമെങ്കിൽ പക്ഷെ ശരിയായ ദർശനം വേണം.
ശരിയായ ദർശനം എന്നത് സുദർശനമാണ്.
ആ സുദർശനമാവട്ടെ അവന്റെ തന്നെ ചെറുവിരലിൽ കറങ്ങുന്ന ആയുധവുമാണ്.

പിന്നെയെന്ത് ചെയ്യാനാണ്!!

No comments:

Post a Comment