രുദ്രാക്ഷവും രുദ്രാക്ഷത്തോട് സാമ്യമുള്ള മറ്റ് വൃക്ഷങ്ങളും
ഔഷധവൃക്ഷമെന്നതിലുപരി പുണ്യവൃക്ഷമായി കരുതപ്പെടുന്ന ഒന്നാണ് രുദ്രാക്ഷമരം. സര്‍വ്വസാധാരണമായി കണ്ടെത്താനാകാത്ത ഒരു വൃക്ഷം കൂടിയാണ് ഇത്. ഒരു നിത്യഹരിതവൃക്ഷമായ രുദ്രാക്ഷം ഗാംഗാനദിയുടെ തീരപ്രദേശങ്ങളിലും ഹിമവല്‍ സാനുക്കളിലും ബീഹാര്‍, ബര്‍മ, മലയാ, ഇന്‍ഡോനേഷ്യയുടെ ചില ഭാഗങ്ങള്‍, നേപ്പാള്‍ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വളരുന്നുണ്ടെങ്കിലും നേപ്പാളില്‍ നിന്നു ലഭിക്കുന്ന രുദ്രാക്ഷത്തിന് മേന്മ കൂടുതലുണ്ടെന്നു കരുതപ്പെടുന്നു. ശിവന്റെ കണ്ണുനീരെന്ന് പുരാണം.
`രുദ്ര’ എന്നത് ശിവന്റെ നാമമാണ് `അക്ഷ’ എന്നതിനര്‍ത്ഥം കണ്ണുനീര്‍ തുള്ളിയെന്നാണ്. രുദ്രാക്ഷം എന്ന വാക്കിനര്‍ത്ഥം ശിവന്റെ കണ്ണുനീര്‍ തുള്ളിയെന്നാണ്.
ഈ പ്രപഞ്ചത്തിലെ സമസ്‌ത ജീവജാലങ്ങളുടേയും നന്മയ്‌ക്കായി ഭഗവാന്‍ പരമശിവന്‍ ഒരിക്കല്‍ ധ്യാനനിമഗ്നനായി. അനേകകാലം ധ്യാനനിരതനായിരുന്ന ശിവന്‍ ഇമയ്‌ക്കാതിരുന്ന തന്റെ കണ്ണുകള്‍ പെട്ടൊന്നൊരുനാള്‍ ധ്യാനം അവസാനിപ്പിച്ച് ഇമച്ചപ്പോള്‍ അക്ഷികളില്‍ നിറഞ്ഞുനിന്നിരുന്ന കണ്ണുനീര്‍ ഭൂമിയില്‍ പതിച്ചു. ഈ രുദ്രബാഷ്‌പമാണ് ലോകോപകരാര്‍ത്ഥം രുദ്രാക്ഷവൃക്ഷമായി മാറിയത് എന്നു ശിവപുരാണം പറയുന്നു. രുദ്രാക്ഷ കായ്‌ക്കുള്ളില്‍ ഈ പ്രപഞ്ചത്തിന്റെ പൂര്‍ണ്ണമായ വളര്‍ച്ചയുടെ രഹസ്യങ്ങള്‍ ഉള്‍ക്കൊണ്ടിരിക്കുന്നതായി ആയിരക്കണക്കിന് വര്‍ഷങ്ങളായി വിശ്വസിച്ചു പോരുന്നു. ശിവപുരാണം പത്മപുരാണം, ശ്രീമദ്‌ഭാഗവതം തുടങ്ങിയ ഗ്രന്ഥങ്ങളില്‍ രുദ്രാക്ഷത്തിന്റെ പ്രാധാന്യം കണ്ടെത്തുവാന്‍ കഴിയും. രുദ്രാക്ഷധാരിയ്‌ക്ക് പാപസ്‌പര്‍ശം ഉണ്ടാകില്ലെന്നാണ് വിശ്വാസം. ശിവന്റെ നേത്രത്തില്‍ നിന്നും കണ്ണുനീര്‍ വീണത് ഹിമാലയത്തിലെ ഗൗണ്ട് ദേശത്താണെന്നു പറയപ്പെടുന്നു.
രൂപവിവരണവും ശാസ്‌ത്രനാമവും
പതിനഞ്ചുമുതല്‍ 20 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന മുഷിഞ്ഞ വെളുപ്പ് പുറന്തൊലിയോടുകൂടി കാണപ്പെടുന്ന വൃക്ഷമാണ് രുദ്രാക്ഷം. ശാഖോപശാഖകളായി വളരുന്ന ഈ വൃക്ഷം കാഴ്‌ചയ്‌ക്ക് മനോഹരമാണ്. പച്ചനിറത്തില്‍ നിബിഡമായി ഇലകള്‍ കാണപ്പെടുന്ന രുദ്രാക്ഷമരം ഇലിയോ കാര്‍പ്പേസി സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്നു. ഇതിന്റെ ശാസ്‌ത്രനാമം ഇലിയോ കാര്‍പ്പസ് സ്‌ഫീരിക്കസ്സ് എന്നും ഇംഗ്ലീഷ് നാമം റോസറിനട്ട് എന്നും ആകുന്നു.
സംസ്‌കൃതഭാഷയില്‍ രുദ്രാക്ഷമെന്നും ഹിന്ദിയില്‍ രുദ്രാകി രുദ്രാക്ഷ്, തമിഴില്‍ രുട്ടിരാക്കം, കന്നടയില്‍ രുദ്രാക്ഷ, തെലുങ്കില്‍ രുദ്രാച്ചല്ല മലയാളത്തില്‍ രുദ്രാക്ഷം. ഇംഗ്ലീഷില്‍ റോസറിനട്ട്, തുളുവില്‍ രുദ്രാക്ഷി, ഒറിയായില്‍ രുദ്രാസിയോ, അസമില്‍ രുദ്രൈ എന്നീപേരുകളിലാണ് രുദ്രാ ക്ഷം അറിയപ്പെടുന്നത്.രുദ്രാക്ഷത്തിന്റെ പര്യായങ്ങള്‍നീലകണ്‌ഠാക്ഷ, ഭൂതനാശന, ഹര്‍ഷ, പവന, ശിവാക്ഷ, ശിവപ്രിയ, ശുഭാക്ഷ, ത്രനാമേരു, പുഷ്‌പചനാമര തുടങ്ങിയവയാണ്.
പൂക്കളും കായ്‌കളുംരുദ്രാക്ഷം ഏപ്രില്‍ മെയ് മാസങ്ങളിലാണ് പൂവിടുന്നത്. അവ അനേകം കുലകളായി കാണപ്പെടും. വെളുത്ത നിറമായിരിക്കും പുഷ്‌പങ്ങള്‍ക്ക്. രുദ്രാക്ഷകായ്‌കള്‍ ജൂണ്‍ മാസമാകുമ്പോഴേയ്‌ക്കും രൂപം കൊള്ളും. പച്ചനിറത്തില്‍ ഉരുണ്ട ആകൃതിയിലായിരിക്കും അവ കാണപ്പെടുക. അവയ്‌ക്ക് മാംസളമായ പുറന്തോടുണ്ടായിരിക്കും. ആഗസ്റ്റ് ഒക്‌ടോബര്‍ മാസമാകുമ്പോഴേയ്‌ക്കും അവ പഴുത്തു പാകമാകും. പൂര്‍ണ്ണമായും പാകമായി കഴിയുമ്പോള്‍ അതിന്റെ പച്ചനിറം അപ്രത്യക്ഷമാവുകയും ഇരുണ്ട നീലവര്‍ണ്ണം പഴത്തിന് ഉണ്ടാവുകയും ചെയ്യും. ആ സമയത്തു അവ ശേഖരിക്കയും ശുദ്ധജലത്തില്‍ ഏഴ് ദിവസങ്ങള്‍ ഇട്ട് സൂക്ഷിക്കുകയും ചെയ്‌താല്‍ അതി ന്റെ മാംസളമായ ഭാഗങ്ങള്‍ വളരെ വേഗം ഇളകി മാറും. അപ്പോള്‍ അതു തിരുമ്മി കഴുകി സൂക്ഷിക്കാവുന്നതാണ്. ചുമപ്പ്, മഞ്ഞ, വെളുപ്പ്, കറുപ്പ് എന്നീ വര്‍ണ്ണങ്ങളിലുള്ള വിത്തുകള്‍ ആയിരിക്കും ലഭിക്കുക. രുദ്രാക്ഷപഴത്തിന്റെ മാംസളമായ ഭാഗം ഭക്ഷ്യയോഗ്യമാണ്. അല്‌പം പുളിരസത്തോടുകൂടിയ മാധുര്യമേറിയ ഒരു രുചിയാണ് അതിനുള്ളത്. സ്വാഭാവികമായ രീതിയിലുള്ള രുദ്രാക്ഷക്കായ്‌കള്‍ (പഴങ്ങള്‍) ഭൂമിയില്‍ പതിച്ച് അതിന്റെ മാംസളമായ ഭാഗങ്ങള്‍ മണ്ണില്‍ ക്രമേ ണ ലയിച്ചു ചേര്‍ന്നു വെയിലും മഴയുമേറ്റ് നല്ല കൃഷ്‌ണവര്‍ണ്ണത്തിലായിരിക്കും ലഭിക്കുക.
വംശവര്‍ദ്ധനവ്
രുദ്രാക്ഷത്തിന്റെ വംശവര്‍ദ്ധനയ്‌ക്കുള്ള ശരിയായ ഒരു മാര്‍ഗ്ഗം ശാസ്‌ത്രീയമായി ഇതുവരെ കണ്ടെത്തിയിട്ടില്ല. വിത്തുകളിലൂടെ മാത്രമാണു ഇപ്പോള്‍ ഇതിന്റെ വംശവര്‍ദ്ധനവ് നടന്നുവരുന്നത്. വിത്തുകള്‍ മുളയ്‌ക്കുന്നതിന് പലസമയങ്ങള്‍ ആണ് കണ്ടുവരുന്നത്. ദിവസങ്ങള്‍ക്കകം തന്നെ മുളയ്‌ക്കുന്ന വിത്തുകള്‍ ചിലപ്പോള്‍ കാണാം. ചിലത് മാസങ്ങളോളം കാത്തിരുന്നാല്‍ മാത്രമേ മുള വരുകയുള്ളൂ.
നേപ്പാളിലെ ഡിംഗള എന്ന സ്ഥലം രുദ്രാക്ഷത്തിന് പേരുകേട്ട സ്ഥലമാണ്. ഡിംഗളയ്‌ക്ക് സമീപമുള്ള വനത്തില്‍ ധാരാളം രുദ്രാക്ഷ മരങ്ങള്‍ ഉള്ളതായി പറയുന്നു. ഇത് സദാനന്ദവനം എന്നാണ് അറിയപ്പെടുന്നത്. ഇവിടെനിന്നും ധാരാളം രുദ്രാക്ഷം ശേഖരിച്ച് വിപണനം നടത്തുന്നതായിട്ടാണ് അറിയുന്നത്.
രുദ്രാക്ഷവൃക്ഷത്തില്‍ അടങ്ങിയിരിക്കുന്ന രാസഘടകങ്ങള്‍
താഴെപ്പറയുന്ന ആല്‍ക്കലോയിഡുകള്‍ രുദ്രാക്ഷവൃക്ഷത്തില്‍ അടങ്ങിയിരിക്കുന്നു.
അല്ലോ ഇലിയോ കാര്‍പ്പിലിന്‍, ഇലിയോ കാര്‍പ്പിഡിന്‍, ഇലിയോ കാര്‍പ്പിറ്റെയ്‌ന്‍, ഇലിയോ കാര്‍പൈ യ്‌ന്‍, ഐലോ ഇലിയോ കാര്‍പ്പിലൈന്‍, ഐസോയിയോ കാര്‍പൈന്‍, ന്യൂഡോ ഇലിയോ അല്ലോഇലിയോ കാര്‍പ്പിലൈന്‍
രുദ്രാക്ഷക്കായുടെ രസഗുണവീര്യവിപാകങ്ങള്‍
രസം – മധുരം
ഗുണം – ഗുരുസ്‌നിഗ്‌ദ്ധം
വീര്യം – ശീതം
വിപാകം – മധുരം
രുദ്രാക്ഷപഴത്തിന്റെ ഗുണം
“രുദ്രാക്ഷമമ്ലമുഷ്‌ണം ചവാതഘ്‌നം കഫനാശനം
ശിരോപിത്തശമനം രുച്യം ഭൂതഗ്രഹവിനാശനം” (രാജനിഘണ്ടു)
ആയുര്‍വ്വേദ വീക്ഷണത്തില്‍ രുദ്രാക്ഷണത്തിന്റെ ഗുണങ്ങള്‍
വാതപിത്ത വികാരങ്ങള്‍ ശമിപ്പിക്കുന്നു.
ശരീരത്തിന്റെ ചുട്ടുനീറ്റലും മനോവിഭ്രാന്തിയും മാറ്റുന്നു. നാഡീവികാരങ്ങള്‍ ശമിപ്പിക്കുന്നു.
ഹൃദയം ശ്വാസകോശങ്ങള്‍ ഇവയുടെ സങ്കോച വികാസക്ഷതേ വര്‍ദ്ധിപ്പിക്കുന്നു. രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നത് കുറയാന്‍ സഹായിക്കുന്നു.
ശിരോരോഗങ്ങള്‍ ശമിപ്പിക്കുന്നു. സര്‍വ്വോപരി ഭൂതഗ്രഹബാധകളെ ഇല്ലാതെയാക്കാന്‍ കഴിവുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.
ശാസ്‌ത്രീയ പഠനങ്ങള്‍ 1980ന് ശേഷം ബനാറസ് സര്‍വ്വകലാശാലയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ബയോകെമിസ്‌ട്രി, ഇലക്‌ട്രിക്കല്‍ എഞ്ചിനീയറിംഗ്, സൈക്യാട്രി, ജനറല്‍ മെഡിസിന്‍, സൈക്കോളജി തുടങ്ങിയ വിവിധ വകുപ്പുകള്‍ സംയുക്തമായി രുദ്രാക്ഷത്തെക്കുറിച്ച് സമഗ്രമായ ഒരു പഠനം നടത്തുകയുണ്ടായി. ഗവേഷണ പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ശാസ്‌ത്രഞ്‌ജനായ ഡോ.സുഭാഷ് റോയി ആയിരുന്നു. “രുദ്രാക്ഷാ പ്രോപ്പര്‍ട്ടീസ് ആന്റ് ബയോ മെഡിക്കല്‍ ഇംപ്ലിക്കേഷന്‍സ്” എന്ന പേരില്‍ രുദ്രാക്ഷത്തിന്റെ ശാസ്‌ത്രീയമായ പഠനവിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരുഗ്രന്ഥം 1993-ന് പ്രസിദ്ധീകരിച്ചു.
സുഭാഷ്‌റായിയുടെ നേതൃത്വത്തില്‍ നടന്ന ഗവേഷണ പഠനങ്ങളില്‍ നിന്നു വെളിപ്പെട്ട കാര്യങ്ങളില്‍ ഏറ്റവും പ്രാധാനമായിട്ടുള്ളത് രുദ്രാക്ഷത്തില്‍ ഏറ്റവും ശക്തമായ അളവില്‍ വൈദ്യുത കാന്തശക്തിയും, പാരമാഗ്നറ്റില്‍ ഇന്‍ഡക്‌ടീവ് മൂല്യങ്ങളും അടങ്ങിയിട്ടുണ്ടെന്നുള്ളതാണ്. ഈ ഗുണങ്ങള്‍ രുദ്രാക്ഷത്തിന്റെ വ്യത്യസ്‌തമായ മുഖങ്ങള്‍ക്കനുസരണമായി വ്യത്യാസപ്പെട്ട് കാണുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. രുദ്രാക്ഷധാരണം കൊണ്ട്, അതിലെ അസാധാരണമായ വൈദ്യുതി കാന്തശക്തിയുടെ പ്രഭാവം തലച്ചോറിലെ ചില കേന്ദ്രങ്ങളിലെ സെല്ലുകളെ പ്രചോദിപ്പിക്കുകയും തല്‍ഫലമായി ആ വ്യക്തിയില്‍ സവിശേഷമായ മാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്യുമെന്നും അവര്‍ അവകാശപ്പെടുന്നു. ഗവേഷകരുടെ കണ്ടെത്തലുകളില്‍ ശ്രദ്ധേയമായ മറ്റൊരു കാര്യം രുദ്രാക്ഷധാരണം കൊണ്ട് ഹൃദയസ്‌പന്ദനത്തെ നിയന്ത്രിയ്‌ക്കാന്‍ കഴിയുമെന്നും അവാച്യമായ ശാന്തിയും ഏകാഗ്രതയും ലഭിക്കുമെന്നും ഉള്ളതാണ്. ഇതു സാദ്ധ്യമാകുന്നത് രുദ്രാക്ഷത്തിന്റെ കാന്തിക പ്രഭാവം ശരീരത്തിലെ നാഡീവ്യൂഹങ്ങളുടെയും ഡോപ്പോവിന്‍, സെറോറ്റിനിന്‍ തുടങ്ങിയവയുടെയും പ്രവര്‍ത്തനങ്ങളെ ശരീരത്തിനനുകൂലമായി മാറ്റിക്കൊണ്ടാണ്. മനോരോഗങ്ങള്‍ക്ക് പോലും മാറ്റം വരുത്താനുതകുന്ന ചില ശക്തിതരംഗങ്ങളെ രുദ്രാക്ഷം സൃഷ്‌ടിക്കുന്നുണ്ടെന്നും അവര്‍ അവകാശപ്പെടുന്നു.
രുദ്രാക്ഷത്തോട് സാമ്യമുള്ള മറ്റ് വൃക്ഷങ്ങള്‍
ഇന്ദ്രാക്ഷം:
ഗുഡേനിയേസിയെ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന വൃക്ഷമാണിത്. വെള്ള മോദകമെന്നും വെള്ള മുത്തങ്ങാ എന്നും മറ്റും അറിയപ്പെടുന്ന ഈ മരം ഇന്ത്യയിലെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും വളരുന്നു. രുദ്രാക്ഷമെന്നു കരുതി പല ക്ഷേത്രങ്ങളിലും ഈ വൃക്ഷം നട്ടുപിടിപ്പിച്ച് വളര്‍ത്താറുമുണ്ട്. പല നേഴ്‌സറിക്കാരും രുദ്രാക്ഷമരമാണെന്നു പറഞ്ഞ് ഇതിന്റെ തൈകള്‍ വില്‌പന നടത്താറുമുണ്ട്. പച്ചനിറത്തില്‍ നിബിഡമായ ഇലയുള്ള ഈ വൃക്ഷം അഞ്ചുമീറ്റര്‍ ഉയരത്തില്‍ വളര്‍ന്നു കാണപ്പെടും. രുദ്രാക്ഷത്തോട് സാമ്യമുള്ള വിത്തുകള്‍ക്ക് വെളുത്തനിറമായിരിക്കും. ഈ വൃക്ഷത്തിന്റെ ഇലയ്‌ക്കും തൊലിയ്‌ക്കും വേരിനും ഔഷധഗുണമുള്ളതായിട്ടാണറിവ്.
ഉത്രാക്ഷം:
സ്‌റ്റെര്‍ക്കുലിയേസിയ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന ഈ വൃക്ഷം കേരളത്തിന്റെ കിഴക്കന്‍ വനമേഖലകളില്‍ കാണപ്പെടുന്നു. ഇതിന്റെ പഴം പാകമായി ഉണങ്ങിക്കഴിയുമ്പോള്‍ രുദ്രാക്ഷമായി തോന്നും. ഈ മരവും പലക്ഷേത്രങ്ങളിലും രുദ്രാക്ഷമാണെന്ന ധാരണയില്‍ നട്ടുവളര്‍ത്താറുണ്ട്. മന്തുരോഗം, നെഞ്ചുവേദന, തുടങ്ങിയ പല രോഗങ്ങള്‍ക്കും ഈ വൃക്ഷത്തിന്റെ ഇല, തൊലി, വേരിന്റെ മേല്‍ തൊലി, കായ് ഇവ ഔഷധമായി ഉപയോഗിച്ചു വരുന്നു.
ഭദ്രാക്ഷം:
ഈ വൃക്ഷമാകട്ടെ രുദ്രാക്ഷ കുടുംബത്തിലെ അംഗം തന്നെയാണ്. നല്ല ഉയരത്തില്‍ വളരുന്ന ഈ വൃക്ഷത്തിന്റെ തടിയ്‌ക്ക് രണ്ടുമുതല്‍ മൂന്നു മീറ്റര്‍ വരെ വണ്ണമുണ്ടാകും. ഇന്ത്യയിലെ മിക്കവാറും എല്ലാ സ്റ്റേയ്‌റ്റിലെയും വനമേഖലകളില്‍ ഈ വൃക്ഷം കാണപ്പെടുന്നു. ഇവയുടെ ഇലയ്‌ക്ക് താന്നിമരത്തിന്റെ ഇലകളുമായി സാദൃശ്യമുണ്ട്. തേക്കുമരത്തിന്റെ പല ഗുണങ്ങളും ഈ വൃക്ഷത്തിനും ഉണ്ട്. ഇവയുടെ വിത്തുകള്‍ നീളമുള്ള രുദ്രാക്ഷക്കായ്‌കള്‍പോലെ തോന്നിക്കും. ഈ വൃക്ഷത്തിന്റെ പല ഭാഗങ്ങളും, ദഹനക്കേട്, ടൈഫോയ്‌ഡ്, വാതരോഗങ്ങള്‍, സന്നിരോഗം തുടങ്ങിയവയ്‌ക്കുള്ള ഔഷധങ്ങളുടെ നിര്‍മ്മാണത്തിന് ഉപയോഗിച്ചു വരുന്നു.
കാരയ്‌ക്കാ:
രുദ്രാക്ഷ കുടുംബത്തില്‍ത്തന്നെ ഉള്‍പ്പെടുന്ന മറ്റൊരു വൃക്ഷമാണ് കാരയ്‌ക്കാമരം. ഇതു കേരളത്തിലെ പലവനപ്രദേശങ്ങളിലും ധാരാളമായി കാണപ്പെടുന്നു. ഈ വൃക്ഷത്തിന്റെ പഴം ഭക്ഷ്യയോഗ്യമാണ്. യഥാര്‍ത്ഥ രുദ്രാക്ഷവുമായി വളരെയേറെ സാദൃശ്യമുള്ള വിത്താണ് ഈ മരത്തില്‍ നിന്ന് ലഭിക്കുന്നത്.
മേല്‍പ്പറയപ്പെട്ട നാലുവൃക്ഷങ്ങളുടെ വിത്തുകള്‍ക്ക് രുദ്രാക്ഷവുമായി വളരെ സാമ്യമുള്ളതുകൊണ്ടാണ് അവയുടെ കാര്യം കൂടി സൂചിപ്പിക്കാമെന്നു കരുതിയത്. ഇലിയോ കാര്‍പ്പസിയാ സസ്യകുടുംബത്തില്‍ ഏകദേശം ഇരുനൂറോളം ഇനം വൃക്ഷങ്ങള്‍ ഉണ്ട്. ഇതില്‍ യഥാര്‍ത്ഥ രുദ്രാക്ഷമായി അംഗീകരിക്കപ്പെട്ടിരിക്കുന്നത്. ഇലിയോകാര്‍പ്പസ് ഗ്രാനിട്യൂഡ്, സ്‌ഫെയ്‌രിക്കസ് എന്നീ സാങ്കേതിക നാമങ്ങളില്‍ അറിയപ്പെടുന്ന വൃക്ഷമാണ്.
രുദ്രാക്ഷ ഔഷധപ്രഭാവംഭാരതത്തിലെ പൂര്‍വ്വാചാര്യന്‍മാര്‍ രുദ്രാക്ഷത്തേക്കുറിച്ച് നടത്തിയ സൂക്ഷ്‌മവും വിശദവുമായ പഠനങ്ങളില്‍ രുദ്രാക്ഷത്തിന് പല ഔഷധഗുണങ്ങളും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ശാരീരികമായ രോഗങ്ങള്‍ക്ക് മാത്രമല്ല മാനസീകമായ രോഗങ്ങള്‍ക്കും രുദ്രാക്ഷം ഒരു സിദ്ധൗഷധമായി ഉപയോഗിക്കാന്‍ കഴിയുമെന്നവര്‍ മനസ്സിലാക്കിയിരുന്നു. മനുഷ്യര്‍ക്കുണ്ടാകുന്ന 45തരം രോഗങ്ങള്‍ക്ക് രുദ്രാക്ഷം ഒരു സിദ്ധൗഷധമായി ഇപ്പോള്‍ ഉപയോഗിച്ചു പോരുന്നു. രുദ്രാക്ഷത്തിന്റെ പട്ടയും ഇലയുംഔഷധഗുണമുള്ളതാണ്. രുദ്രാക്ഷം തനിയേയും ഔഷധങ്ങളിളില്‍ ചേര്‍ത്തും യുക്തിപൂര്‍വ്വം പലരോഗങ്ങള്‍ക്കും ഉപയോഗിക്കാന്‍ സാധിക്കും. രുദ്രാക്ഷധാരണം കൊണ്ടും രോഗമുക്തി സാദ്ധ്യമാക്കാന്‍ കഴിയുമെന്നും പറയപ്പെടുന്നു.
No comments:
Post a Comment