ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

28 February 2020

പുന്നോർക്കോട്ട് മനയും സ്വർണ്ണ നെല്ലിയ്ക്കയും

പുന്നോർക്കോട്ട് മനയും സ്വർണ്ണ നെല്ലിയ്ക്കയും

ശ്രീ ശങ്കരാചാര്യ ചരിതത്തിന്റെ അടയാള ബാക്കികളിൽ ഒന്നാണ് സ്വർണ്ണത്ത് മന അഥവാ പുന്നോർക്കോട്ട് മന. ഏതാണ്ട്
1200 ഓളം വർഷങ്ങളുടെ മഹത്വപൂർണ്ണമായ പൈതൃക പാരമ്പര്യം ഉണ്ട് 3 നടുമുറ്റങ്ങളും 12 കെട്ടുകളുമുള്ള സ്വര്‍ണത്ത് മനയ്ക്ക്.
എറണാകുളം ജില്ലയിലെ പട്ടിമറ്റത്തിനടുത്ത് പഴന്തോട്ടം എന്ന ഗ്രാമത്തിൽ 15 ഏക്കര്‍ സ്ഥലത്താണ് ഇത് സ്ഥിതിചെയ്യുന്നത്. ഇപ്പോള്‍ കാണുന്ന രീതിയില്‍ സാധിക്കുന്ന വിധം ഈ മന പുതുക്കി പണിതിട്ട് 250ലധികം വർഷങ്ങളായിരിക്കുന്നു. മനയോട് ചേർന്ന് നിർമ്മിച്ചിരിക്കുന്ന പത്തായപ്പുരയ്ക്ക് 106 വർഷം പഴക്കം വരും. മനയുടെ മുകളിലത്തെ നിലയിൽ നിന്നും പത്തായപ്പുരയുടെ മുകളിലത്തെ നിലയിലേയ്ക്ക് പ്രവേശിക്കാനായി ഒരു നടപ്പാതയും നിർമ്മിച്ചിട്ടുണ്ട്.

രണ്ടു വർഷം മുൻപ് വരെ ഈ മനയിൽ താമസിച്ചിരുന്ന, കാരണവർ സ്ഥാനത്തുള്ള ശ്രീ.നാരായണൻ നമ്പൂതിരിപ്പാടും കുടുംബവും ഇപ്പോൾ തൊട്ടടുത്ത് തന്നെയായി പുതിയ വീട്ടിലേയ്ക്ക് മാറി. എങ്കിലും ക്ഷേത്രസമാനമായ പവിത്രതയോടെ ഈ മനയ്ക്കുള്ളിൽ തേവാരപൂജയും മറ്റും നടത്തിവരുന്നതിനാൽ സന്ദർശകരെ ഇതിനകത്തേയ്ക്ക് പ്രവേശിപ്പിക്കാറില്ല.

AD – 788 – 820 കാലഘട്ടത്തിലാണ് ശ്രീശങ്കരാചാര്യർ ജീവിച്ചിരുന്നത്. പിതാവിന്റെ മരണശേഷം സംന്യാസം സ്വീകരിച്ചതിന്റെ ഭാഗമായി ഭിക്ഷയാചിച്ചു നടന്ന ശ്രീ ശങ്കരാചാര്യർ ഏറെ ദാരിദ്ര്യമനുഭവിച്ചിരുന്ന ഈ മനയിലെത്തുകയും ഇവിടുണ്ടായിരുന്ന അന്തർജ്ജനം ഇദ്ദേഹത്തിന് ഭിക്ഷ നൽകുവാൻ കഴിയാതെ സങ്കടപ്പെടുകയും, ഏറെ പരതിയശേഷം മനയിൽ നിന്നും ആകെ ലഭിച്ച ഒരു ഉണക്ക നെല്ലിയ്ക്ക ഇദ്ദേഹത്തിന് ഭിക്ഷയായി നൽകുകയും ചെയ്തു. മനയിലെ ദാരിദ്ര്യവും, അന്തർജ്ജനത്തിന്റെ മനസ്സിന്റെ നന്മയും മനസ്സിലാക്കിയ ആദിശങ്കരൻ ആ മുറ്റത്തു വച്ചുതന്നെ ‘കനകധാരാ സ്തോത്രം‘ രചിക്കുകയും, അത് പൂർത്തിയായതോടെ ഐശ്വര്യ ദേവതയായ മഹാലക്ഷ്മി ദേവി ആ സ്ത്രീയുടെ മേൽ സ്വർണ്ണ നെല്ലിയ്ക്കകൾ വർഷിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം.

No comments:

Post a Comment