ഭോഗർ മഹർഷി
ഭോഗർ മഹർഷി പളനി മലയിൽ ഒൻപതു ലോഹങ്ങളുടെ കൂട്ടുണ്ടാക്കി (നവപാഷാണം) മുരുകന്റെ വിഗ്രഹം ഉണ്ടാക്കുകയും പ്രതിഷ്ഠിക്കുകയും ചെയ്തതായിട്ടാണ് പറയപ്പെടുന്നത്. നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇപ്പോഴും പ്രസ്തുത ലോഹക്കൂട്ടിന്റെ രഹസ്യം ശാസ്ത്രജ്ഞർക്ക് പോലും കണ്ടുപിടിക്കാനായിട്ടില്ല.
ആദിഗുരുവായ ശീ ദക്ഷിണാമൂർത്തിയിൽ നിന്നും സമാരംഭിച് പല കൈവഴികളായി പിരിയുന്ന അനേകം ഗുരു പരമ്പരകളാൽ സമ്പന്നമാണ് ഭാരതം. അവയിൽ പ്രധാനപ്പെട്ട ഒരു വിഭാഗമാണ് പതിനെട്ടു സിദ്ധന്മാരുടെ സിദ്ധ പരമ്പര. അടിസ്ഥാനപരമായി ശൈവസിദ്ധാന്തികളാണ് ഈ സിദ്ധൻമാർ. നന്തിദേവൻ, അഗസ്ത്യർ, തിരുമൂലർ, പുണ്ണാക്കിശർ, പുലത്തിയർ, പുനൈക്കണ്ണൻ, ഇടയ്ക്കാഥർ, ഏഴുകണ്ണർ, അകപ്പൊയർ, പാമ്പാട്ടി സിദ്ധർ, തേരയർ, കുടുംബായ് സിദ്ധർ, ചട്ടൈ നാഥർ എന്നിവരാണ് പതിനെട്ടു സിദ്ധന്മാർ എന്ന് സിദ്ധർ പാടൽകൾ പറയുന്നു. ഗോരക്നാഥ്, ധന്വന്തരി, മത്സ്യേന്ദ്ര നാഥർ, രാമദേവർ, വാല്മീകർ എന്നിവരെയും ചില ഗ്രന്ഥങ്ങൾ സിദ്ധന്മാരുടെ പട്ടികയിൽ പെടുത്തുന്നു.
ഭാരതമൊട്ടുക്ക് സിദ്ധ പരമ്പരയുണ്ടെങ്കിലും പ്രധാനമായും തമിഴകമായിരുന്നു ഇവരുടെ പ്രവർത്തന കേന്ദ്രം. തമിഴ് ഭാഷയുടെ പുനരുജ്‌ജീവനത്തിനു കാരണക്കാരനായ അഗസ്ത്യ മുനിയുടെ നേതൃത്വത്തിൽ സിദ്ധൻമാർ ഗ്രന്ഥങ്ങൾ വഴിയും വൈദ്യം, ജ്യോതിഷം, യോഗം, ക്രിയ, ചര്യ, ജ്ഞാനം തുടങ്ങി അനേകം വിഷയങ്ങൾ പ്രചരിപ്പിച്ചു കൊണ്ടിരുന്നു. ഈ സിദ്ധന്മാരിൽ പ്രധാനിയായ ഒരു മഹാ സിദ്ധനാണ് ഭോഗർ മഹർഷി. ബോഗർ, പോകർ, ഭോഗ നാഥർ, ബോയ് - യാങ് തുടങ്ങി പല പേരിലും അദ്ദേഹം അറിയപ്പെട്ടിരുന്നു.
കായ കല്പ ചികിത്സ, സിദ്ധവൈദ്യം, ക്രിയാ കുണ്ഡലിനി, പ്രാണായാമം മുതലായ രഹസ്യ സിദ്ധ വിദ്യകളിൽ അതിനിപുണനായിരുന്നു. തമിഴ് സിദ്ധ പാരമ്പര്യത്തിൽ ഇദ്ദേഹത്തെ വളരെ പ്രാധ്യാ ന്യത്തോട് ഗണിക്കുന്നു.അഗസ്ത്യ മുനിയുടെ ശിഷ്യനായാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ഭോഗർ മഹർഷിയെ കുറിച്ച് ചരിത്ര പരമായ വിവരങ്ങൾ കുറവാണ്.
തമിഴ് നാട്ടിലെ ഒരു വിശ്വകർമ്മ കുടുംബത്തിലാണ് ഇദ്ദേഹം ജനിച്ചതെന്നും കാശിയിലെ സിദ്ധനായ കാലാംഗിനാഥർ ആണ് ഇദ്ദഹത്തിന് ജ്ഞാനദീക്ഷ നൽകിയതെന്നും പറയപ്പെടുന്നു. ഭോഗർമഹർഷി രാസവാദ വിദ്യ മറ്റു സിദ്ധന്മാരിൽ നിന്നും അഭ്യസിച്ചിട്ടുണ്ട്. പരകായപ്രവേശം പോലുള്ള സിദ്ധികളും ഇദ്ദേഹത്തിനുണ്ടായിരുന്നു. ഭോഗർ ഏഴായിരം എന്ന ഏഴായിരം ശ്ലോകങ്ങൾ അടങ്ങുന്ന തമിഴ് കൃതി ഇദ്ദഹത്തിന്റെ ജ്ഞാനസാഗരത്തിന്റെ ഒരു ചെറിയ വിവരണമാണ് തന്റെ ശിഷ്യനായ പുലിപ്പാണിസിദ്ധർക്ക് ഉപദേശിച്ച അനേകം സിദ്ധ മരുന്നുകളെ കുറിച്ച് ഈ ഗ്രന്ഥത്തിൽ പറയുന്നു. തമിഴ് സിദ്ധവൈദ്യ പാരമ്പര്യത്തിലെ തലതൊട്ടപ്പനായാണ് ഭോഗർമഹർഷി അറിയപ്പെടുന്നത്. പളനി മലയിൽ പ്രത്യേക ലോഹക്കൂട്ടിൽ മുരുക വിഗ്രഹം പ്രതിഷ്ഠിച്ചു. ശ്രീലങ്കയിൽ കതിർ ഗ്രാമമെന്ന സ്ഥലത്ത് ഒരു മുരുക ക്ഷേത്രം പണിയുകയും അവടെ മുരുക വിഗ്രഹമല്ല പകരം മന്ത്രങ്ങൾ ആലേഖനം ചെയ്ത ഒരു തകിട് മാത്രമാണുള്ളത്.
പളനി മുരുക ക്ഷേത്രത്തിലെ പൂജാരികൾ ഭോഗരുടെ ശിഷ്യനായ പുലിപ്പാണിയുടെ പിന്ഗാമികളായാണ് പറയപ്പെടുന്നത്. സിദ്ധ മരുന്നുകൾ സംബന്ധിച്ച ഗ്രന്ഥങ്ങൾ പ്രകാരം അമരത്വം നേടുന്നതിനുള്ള പ്രത്യേക ദ്രാവക രൂപത്തിലുള്ള മരുന്ന് കണ്ടുപിടിച്ചത് ഭോഗരാണെന്നാണ്. തന്റെ ഈ മിശ്രണം ലോകമെമ്പാടുമുള്ള ശാസ്ത്രകാരന്മാരെ സംബന്ധിച്ചിടത്തോളം ഇന്നും നിഗൂഡ മായൊരു സമസ്യയാണ്. നാഗരാജ ബാബാജി, സാനുജി കൊങ്കനാവർ, കരുവൂരാ,ഇടയ്കരൂർ മുതലായവർ ഭോഗനാഥരുടെ ശിഷ്യന്മാരാണ്. ഭോഗേർ സിദ്ധരുടെ ജീവിതം അത്ഭുതകരവും നിഗൂടത നിറഞ്ഞതു മായ ഒരുപാട് കാര്യങ്ങളുൾക്കൊള്ളുന്നതുമാണ്. ഭോഗർ തന്റെ ഉപാസനയ്ക്കായി തിരഞ്ഞെടുത്തത് പഴനി മലയായിരുന്നു. പഴനി മലയിലെ മുരുക വിഗ്രഹത്തിൽ അഭിഷേകം ചെയ്യുന്ന പാൽ, പഞ്ചാമൃതം തുടങ്ങിയവക്ക് ഔഷധ ഗുണമുള്ളതായി പറയപ്പെടുന്നു.
ഭോഗർ മഹർഷി തന്റെ ഗുരുവിന്റെ നിർദ്ദേശപ്രകാരം ചൈനയെ പ്രവർത്തന മണ്ഡലമാക്കി ബോ-യാങ് എന്ന നാമത്തിൽ പ്രവർത്തിച്ചിരുന്നു. ചൈനയിൽ താവോയിസത്തിന്റെ ഉപജ്ഞാതാവായ ലാവോൽസു യഥാർത്ഥത്തിൽ ഭോഗർ മഹർഷി തന്നെയാണെന്ന് സിദ്ധ പരമ്പരയിൽപെട്ടവർ വിശ്വസിക്കുന്നു. താവോ മതത്തിലെ യിങ് -യാങ് എന്ന സങ്കല്പം ശിവശക്തി സങ്കല്പത്തിന്റെ ഭേദ മായാണ് പറയപ്പെടുന്നത്. അതുപോലെ ചൈനീസ് ആൽക്കമി തമിഴ് സിദ്ധവൈദ്യത്തിന്റെ പരിപൂർണ്ണ രൂപമാണെന്നും പറയപ്പെടുന്നു.
മനസ്സിനേയും പ്രാണനെയും നിയന്ത്രിച്ചു ജീവനെ ശിവ രൂപത്തിൽ ഐക്യം പ്രാപിക്കുക എന്നതാണ് സിദ്ധ വിദ്യയുടെ ലക്ഷ്യം. കായകൽപ്പത്തിലും ക്രിയാകുണ്ഡലിനിയിലും ആചാര്യനായിരുന്ന ഭോഗരുടെ കൃതികളിലും സന്ധ്യാ ഭാഷയുടെ സ്വാധീനം കാണാം. ആധുനിക കാലത്ത് അറിയപ്പെടുന്ന ക്രിയാബാബാജി യുടെ ഗുരുവും ഭോഗർ മഹർഷി തന്നെയെന്നു വിശ്വസിക്കപ്പെടുന്നു.ഭോഗർ സപ്ത്കാന്ധം, സമാധിദീക്ഷ എന്നിവ അദ്ദേഹത്തിന്റെ വിശേഷ പ്രാധാന്യമർഹിക്കുന്ന ഗ്രന്ഥങ്ങളാണ്. ഭോഗരുടെ ശിഷ്യ പരമ്പര ഇപ്പോഴും തുടരുന്നതായും അദ്ദേഹം സൂക്ഷ്മതലത്തിൽ തന്റെ ശിഷ്യരുമായി സംവദിക്കുന്നു വെന്നും വിശ്വസിക്കപ്പെടുന്നു
തന്റെ സമാധിക്ക് പഴനി മല തന്നെയാണ് അദ്ദേഹം സ്വീകരിച്ചത്. അദ്ദേഹം പഴനി മലയിലെ മുരുക വിഗ്രഹത്തിന് കീഴിലായി ഒരു രഹസ്യ അറ ഉണ്ടാക്കുകയും അവിടെ ഇരുന്നു സ്വരൂപ സമാധിയെ പ്രാപിച്ചു ജ്യോതി സ്വരൂപമാവുകയും ചെയ്തു. ഇപ്പോൾ പഴനി മലയിൽ ഉള്ള ഭോഗർ സമാധി മന്ദിരത്തിൽ നിന്നും മുരുക വിഗ്രഹത്തിലേക്ക് അടക്കപ്പെട്ട ഒരു ഗുഹാ മാർഗ്ഗം ഉണ്ട്. ആ മന്ദിരത്തിൽ ഭോഗർ മഹർഷി പൂജിച്ചിരുന്നതായ വേൽ, മരതക ശിവലിംഗം ഭുവനേശ്വരി വിഗ്രഹം എന്നിവയുമുണ്ട്.
അറിവ് പകർന്നു കിട്ടിയതിൽ നന്ദി
ReplyDelete