ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

13 February 2020

ദ്വൈപായനന്‍ അഥവാ വേദവ്യാസന്‍

ദ്വൈപായനന്‍ അഥവാ വേദവ്യാസന്‍

യമുനാ നദിയില്‍ കടത്ത് വഞ്ചി തുഴഞ്ഞിരുന്ന നല്ല  ഒരു മുക്കുവ കന്യകയായായിരുന്നു സത്യവതി.
ഒരു ദിവസം, പരാശരമുനി എന്ന് പേരായ ഒരു മഹര്‍ഷി യമുനാ നദി കടക്കുവാനായി സത്യവതിയുടെ വഞ്ചിയില്‍ കയറി. സുന്ദരിയായ സത്യവതിയെ കണ്ടപ്പോള്‍ മഹര്‍ഷിക്ക് വല്ലാത്ത ഒരു ആകർഷണം തോന്നുകയും മുനി ഉടന്‍ തന്നെ തന്റെ ഈ ആഗ്രഹം സത്യവതിയെ അറിയിക്കുകയും ചെയ്തു. തന്റെ കന്യകാത്വം നഷ്ടപ്പെടുമെന്ന ഭീതിയാല്‍ മഹര്‍ഷിയുടെ ആവശ്യം സത്യവതിക്ക് അനാവശ്യമായി തോന്നുകയും തിരസ്കരിക്കുകയും ചെയ്തു.

പരാശരമുനി അപ്പോള്‍, ഇങ്ങിനെ പറഞ്ഞു.
‘കന്യകേ, കന്യകാത്വത്തിന്റെ പറ്റി ഭയപ്പെടേണ്ട. അത് നശിക്കാതിരിക്കാനുള്ള വരം ഞാന്‍ തരാം‘
പരാശരമുനി പറഞ്ഞാല്‍ പറഞ്ഞതാണെന്നറിയാവുന്ന സത്യവതി അങ്ങിനെ അദ്ദേഹത്തോട് ‘സമ്മതം പറഞ്ഞു.
മീനിന്റെ ഗന്ധമുണ്ടായിരുന്ന സത്യവതിയുടേ ശരീരത്തില്‍ നിന്നും അപ്പോള്‍ മുതല്‍ കസ്തൂരിയുടെ ഗന്ധം ഉയര്‍ന്നു.

തുടര്‍ന്ന് ഗര്‍ഭിണിയായ സത്യവതി, മുനിയുടെ തപോബലം കൊണ്ട്  അവിടെവച്ച് തന്നെ ഒരു കുഞ്ഞിനെ പ്രസവിക്കുകയും നിമിഷങ്ങള്‍ക്കകം കുട്ടി ചാടിയെണീറ്റ് കൈയും കാലും ഒന്ന് കുടഞ്ഞ് വളര്‍ന്ന് ഒരു യുവാവായി മാറുകയും ചെയ്തു.
യമുനാ നദിയുടെ മദ്ധ്യത്തിലുള്ള ദ്വീപില്‍ വച്ച് ജനിക്കയാല്‍ ആ കുട്ടിക്ക് അവര്‍ ‘ദ്വൈപായനന്‍’ എന്ന പേരിട്ടു.

സംസാരം കുറവും പ്രവര്‍ത്തി കൂടുതലുമായിരുന്ന ദ്വൈപാ‍യനന്‍, അതുമിതും പറഞ്ഞ് സമയം കളയാതെ, ‘മാതാവായ സത്യവതിക്ക് എപ്പോ എന്നെ കാണണം എന്ന് വച്ചാലും ഒന്ന് മനസ്സില്‍ ആലോചിച്ചാല്‍ മാത്രം മതി. ഉടന്‍ ഞാനെത്തിക്കോളാം‘ എന്ന് പറഞ്ഞ് ഉടനേ തന്നെ നേരെ തപസനുഷ്ഠിക്കാന്‍ പുറപ്പെട്ടു.
ഈ കൃഷ്ണ ദ്വൈപായനനാണ് പില്‍ക്കാലത്ത് അതിപ്രശസ്തനായിത്തീര്‍ന്ന, വേദങ്ങളെ നാലായി പകുത്ത, മഹാഭാരതം രചിച്ച  വേദവ്യാസന്‍!

 മഹാഭാരതത്തിന്റെ രചയിതാവ് എന്നതിനു പുറമേ അതിലെ ഒരു കഥാപാത്രവുമാണ്. വ്യാസൻ എന്നാൽ വ്യസിയ്ക്കുനവൻ എന്നർത്ഥം. വേദത്തെ നാലാക്കി പകുത്തതിനാൽ വേദവ്യാസൻ എന്ന നാമം. സപ്തചിരഞ്ജീവികളിൽ ഒരാളാണ് വേദവ്യാസൻ.

പുരാണങ്ങളിൽ അനശ്വരരെന്ന് വിശേഷിയ്ക്കപ്പെടുന്ന വ്യക്തികളിൽ ഒരാളാണ് വേദവ്യാസൻ. ഇദ്ദേഹത്തിന്റെ ജീവിതം രണ്ട് വശങ്ങളിലായി ദർ‌ശിയ്ക്കാം. ആദ്ധ്യാത്മികം എന്നും ഭൗതികം എന്നും. ജനിച്ച ഉടൻ തന്നെ തപസ്സിനായി പോയ ഇദ്ദേഹം അനേകവർ‌ഷങ്ങൾക്ക് ശേഷം സരസ്വതീനദീതീരത്ത് പ്രത്യക്ഷനാവുന്നു. അവിടെ തപസ്സുചെയ്യവേ ആശ്രമസമീപത്ത് കുരുവിക്കുഞ്ഞുങ്ങളെ അവയുടെ മാതാപിതാക്കൾ അതീവശ്രദ്ധയോടെ പരിചരിയ്ക്കുന്നത് കാണാനിടയായി. സ്നേഹത്തിനു മാത്രം വേണ്ടിയുള്ള നിഷ്കളങ്കമായ ഈ വാത്സല്യം കണ്ട ഇദ്ദേഹം അത്യന്തം അപുത്രയോഗത്താൽ ദുഃഖിതനായി. നാരദോപദേശപ്രകാരം ദേവിയെ തപസ്സ് ചെയ്ത് പ്രീതിപ്പെടുത്താൻ നിശ്ചയിച്ചു. തപസ്സിനു വിഘ്നം വരുത്തുക എന്ന ഉദ്ദേശത്തോടെ ഘൃതാചി എന്ന അപ്സരസ്ത്രീ ഒരു പഞ്ചവർ‌ണ്ണക്കിളിയുടെ രൂപമെടുത്ത് ഇദ്ദേഹത്തിന്റെ മുന്നിലൂടെ പറന്നുപോയി. കിളിയുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായ മഹർ‌ഷിയ്ക്ക് കടഞ്ഞുകൊണ്ടിരുന്ന അരണിയിൽ‌നിന്നും ഒരു പുത്രൻ ജനിച്ചു. ശുകത്തെ മോഹിച്ചപ്പോൾ ഉണ്ടായ പുത്രൻ എന്ന നിലയ്ക്ക് സ്വപുത്രനെ ശുകൻ എന്ന് നാമകരണം ചെയ്തു.

കാലങ്ങൾക്ക് ശേഷം, വിവാഹിതനായ ശുകൻ പിതാവിനേയും കുടും‌ബത്തേയും ഉപേക്ഷിച്ച് തപസ്സുചെയ്യാനായി പുറപ്പെട്ടു. മനോവിഷമത്താൽ അവശനായ വ്യാസൻ ആ സമയം തന്റെ മാതാവിനെ കുറിച്ചാലോചിയ്ക്കുകയും അങ്ങനെ ഹസ്തിനപുരിയിലേയ്ക്ക് തിരിയ്ക്കുകയും ചെയ്തു.
ഹസ്തിനപുരി രാജാവായ ശന്തനു ഗംഗാദേവിയെ വിവാഹം ചെയ്യുകയും ദേവവ്രതൻ എന്ന പുത്രൻ പിറക്കുകയും ചെയ്തു. ഗംഗാദേവി അദ്ദേഹത്തെ ഉപേക്ഷിച്ചു പോയ ശേഷം ഇദ്ദേഹം സത്യവതിയെ വിവാഹം ചെയ്യുകയും അതിൽ വിചിത്രവീര്യൻ, ചിത്രാംഗദൻ എന്നീ പുത്രൻ‌മാർ പിറക്കുകയും ചെയ്തു. സന്താനങ്ങളില്ലാതെ ഈ പുത്രൻ‌മാരെല്ലാം മരണമടഞ്ഞു. ശപഥത്താൽ രാജ്യഭരണം ഉപേക്ഷിച്ച് ഭീഷ്മർ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയ ദേവവ്രതനു ശേഷം രാജ്യഭരണത്തിനു അവകാശികളില്ലാതിരിക്കേ വ്യാസൻ ഹസ്തിനപുരിയിലെത്തി. വ്യാസനിൽ‌ നിന്നും അംബിക, അംബാലിക എന്നിവർ‌ക്ക് ധൃതരാഷ്ട്രർ, പാണ്ഡു എന്നീ പുത്രൻ‌മാർ ജനിച്ചു. 

ഇവരിൽ‌ നിന്നു കൗരവരും, പാണ്ഡവരും പിറന്നു. കൂടാതെ കൊട്ടാരത്തിലെ ദാസിയിൽ വിദുരരും പിറന്നു. അംബിക വ്യാസരുടെ രൂപം കണ്ട് സംഗമസമയം കണ്ണടച്ചുകളയുകയാൽ ധൃതരാഷ്ട്രർ അന്ധനായും, അംബാലിക വ്യാസരുടെ രൂപം കണ്ട് അറപ്പുതോന്നി വിളറുകയാൽ ശരീരത്തിൽ പാണ്ഡോടെ പാണ്ഡുവും പിറന്നു.

ജീവിതത്തിന്റെ അവസാനകാലങ്ങളിലാണ് മഹാഭാരത കാവ്യരചന നടന്നത്. മഹാഭാരത്തിന്റെ രചനയാണ് വ്യാസമഹർ‌ഷിയുടെ മഹത്തരമായതും ശ്രേഷ്ഠമായതുമായ സംഭാവന. മഹാഭാരതത്തിൽ പരാമർ‌ശിയ്ക്കാത്ത ഒരു കാര്യവും ഇതേവരേയും സംഭവിച്ചിട്ടില്ല എന്നും സംഭവിച്ചതായ എല്ലാം മഹാഭാരതത്തിൽ പരാമർ‌ശിക്കപ്പെട്ടുള്ളതുമാണെന്ന സങ്കല്പം മഹാഭാരതത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്നു. ഈ വസ്തുതയ്ക്ക് നിദാനം മാനവജീവിതത്തെക്കുറിച്ച് ഗ്രന്ഥകാരനു അഗാധമായ ജ്ഞാനം ഉണ്ട് എന്നതുതന്നെ. ഭാരതസാമ്രാജ്യത്തിൽ സംഭവിച്ച എല്ലാകഥകളും ഹൃദിസ്ഥമായിരുന്ന വ്യാസൻ, അവയെ കാവ്യരൂപത്തിൽ പകർ‌ത്താൻ ആഗ്രഹിച്ചു. ബ്രഹ്മാവിന്റെ നിർദ്ദേശപ്രകാരം ഗണപതി നിയോഗിതനായി. എഴുത്താണി നിർ‌ത്താനിട വരാതെ നിർ‌ഗ്ഗളമായി കാവ്യം ചൊല്ലിക്കൊടുക്കാമെങ്കിൽ മാത്രം താൻ എഴുത്തുകാരനായിരിക്കാമെന്നും, അനർ‌ഗ്ഗളമായി ചൊല്ലുന്ന നേരം അർത്ഥം ധരിക്കാതെ എഴുതരുതെന്നുമുള്ള വ്യവസ്ഥകളുമായി മഹാഭാരതം രചന തുടങ്ങി. ഏകദേശം രണ്ടരവർഷം കൊണ്ട് കാവ്യരചന നടത്തി.

ഇരുപത്തിയെട്ട് വ്യാസന്മാർ

മഹാഭാരതത്തെ ആസ്പദപ്പെടുത്തിയാൽ ഓരോ മന്വന്തരങ്ങളിലേയും ദ്വാപരയുഗത്തിൽ ഓരോ വ്യാസന്മാർ ജനിയ്ക്കുമെന്നാണ് സങ്കല്പം.ഈ കാലം വരെ ഇരുപത്തെട്ട് വ്യാസന്മാർ ജനിച്ചിട്ടുണ്ടെന്നും ഇവരോരോരുത്തരും വേദത്തെ നാലാക്കി തിരിച്ചിട്ടുണ്ടെന്നും സങ്കല്പമുണ്ട്.

ഒന്നാം ദ്വാപരയുഗം - ബ്രഹ്മാവ്

രണ്ടാം ദ്വാപരയുഗം - പ്രജാപതി

മൂന്നാം ദ്വാപരയുഗം - ശുക്രാചാര്യൻ

നാലാം ദ്വാപരയുഗം - ബൃഹസ്പതി

അഞ്ചാം ദ്വാപരയുഗം - സൂര്യൻ

ആറാം ദ്വാപരയുഗം - ധർ‌മരാജാവ്

ഏഴാം ദ്വാപരയുഗം - ദേവേന്ദ്രൻ

എട്ടാം ദ്വാപരയുഗം - വസിഷ്ഠൻ

ഒൻപതാം ദ്വാപരയുഗം - സാരസ്വതൻ

പത്താം ദ്വാപരയുഗം - ത്രിധാമാവ്

പതിനൊന്നാം ദ്വാപരയുഗം - ത്രിശിഖന്‍

പന്ത്രണ്ടാം ദ്വാപരയുഗം - ഭർദ്വാജൻ

പതിമൂന്നാം ദ്വാപരയുഗം - അന്തരീക്ഷൻ

പതിന്നാലാം ദ്വാപരയുഗം - വർ‌ണ്ണി

പതിനഞ്ചാം ദ്വാപരയുഗം - ത്രയ്യാരുണൻ

പതിന്നാറാം ദ്വാപരയുഗം - ധനഞ്ജയൻ

പതിനേഴാം ദ്വാപരയുഗം - ക്രതുഞ്ജയൻ

പതിനെട്ടാം ദ്വാപരയുഗം - ജയൻ

പത്തൊൻപതാം ദ്വാപരയുഗം - ഭരദ്വാജൻ

ഇരുപതാം ദ്വാപരയുഗം - ഗൗതമന്‍

ഇരുപത്തിഒന്നാം ദ്വാപരയുഗം - ഹര്യാത്മാവ്

ഇരുപത്തിരണ്ടാം ദ്വാപരയുഗം - തൃണബിന്ദു

ഇരുപത്തിമൂന്നാം ദ്വാപരയുഗം - വാജശ്രവസ്സ്

ഇരുപത്തിനാലാം ദ്വാപരയുഗം - വാല്മീകി

ഇരുപത്തിഅഞ്ചാം ദ്വാപരയുഗം - ശക്തി

ഇരുപത്തിആറാം ദ്വാപരയുഗം - പരാശരൻ

ഇരുപത്തിഏഴാം ദ്വാപരയുഗം - ജാതുകർ‌ണ്ണൻ

ഇരുപത്തിയെട്ടാം ദ്വാപരയുഗം - കൃഷ്ണദ്വൈപായനൻ

വേദവ്യാസന്‍ ചരിത്രപുരുഷന്‍തന്നെ. വ്യാസന്‍ ജനിച്ചത്‌ 'മച്ചോദരി ഘട്ടം' എന്ന ദ്വീപിലാണ്‌. 'കല്‍പി' എന്നും മച്ചോദരിക്ക്‌ പേരുണ്ട്‌. സരസ്വതി നദിയുടെ സംഗമസ്ഥാനത്തായിരുന്നു ഈ ദ്വീപ്‌ സ്ഥിതിചെയ്തിരുന്നത്‌. കാലാന്തരത്തില്‍ സരസ്വതി നദി വറ്റിപ്പോയി.

ഭഗവാന്‍ കൃഷ്ണന്‍ പാടിയ ദേവഗീതത്തെ വ്യാസന്‍ ഗ്രന്ഥരൂപത്തിലാക്കിയതാണ്‌ ഭഗവത്ഗീത.

ഭഗവത്ഗീതയിലെ മഹാവാക്യം:

സര്‍വ്വധര്‍മ്മാന്‍ പരിത്യ ജ്യ- മാമേകം ശരണം വ്രജ അഹംത്വാ സര്‍വ്വപാപേ ഭ്യഃ മോക്ഷയിഷ്യാമി മാ ശുചഃ 

മഹാഭാരതം മലയാളത്തിലേക്ക്‌ പദാനുപദം വിവര്‍ത്തനം ചെയ്യുന്നതിന്‌ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‌ രണ്ടരക്കൊല്ലം മാത്രമേ വേണ്ടിവന്നുള്ളൂ. 

വ്യാസന്‍ ആ വേദമന്ത്രങ്ങളെ പടുത്ത്‌ ചിട്ടപ്പെടുത്തി. അതിന്‌ ഇന്നുകാണും വിധമുള്ള രൂപം നല്‍കി. മാത്രമല്ല, തന്റെ ശിഷ്യന്മാരില്‍ പെയിലനെ ഋക്‌വേദവും ജൈമിനിയെ സാമവേദവും വൈശമ്പായനനെ യജുര്‍വേദവും സുമന്തുവെ അഥര്‍വ്വവേദവും പഠിപ്പിച്ചു.
പുരാണങ്ങള്‍ പഠിപ്പിച്ചത്‌ ലോമഹര്‍ണന്‍, ഉഗ്രശ്രവസ്സ്‌, ശ്രീ ശുകന്‍ എന്നിവരെയായിരുന്നു. ശ്രീ ശുകന്‍ വ്യാസന്റെ പുത്രനാണ്‌. പുരാണ പ്രചാരകന്മാരെ സൂതന്മാര്‍ എന്നാണ്‌ വിളിക്കുന്നത്‌.
പുരാണങ്ങളും വേദങ്ങളും പഠിപ്പിക്കുന്ന 35,000 ഓളം ശിഷ്യന്മാര്‍ വ്യാസന്‌ ഉണ്ടെന്നാണ്‌ ഏകദേശ കണക്ക്‌. വ്യാസന്‍ ലോകഗുരുവാണ്‌. ഈ ജഗത്തില്‍ ഇന്ന്‌ അവശേഷിച്ചിട്ടുള്ള ജ്ഞാനമെല്ലാം വ്യാസോഛിഷ്ഠമാണ്‌.

No comments:

Post a Comment