ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

12 August 2018

ശ്രീരാമൻ പരമാത്മാ പരമാനന്ദമൂർത്തി

ശ്രീരാമൻ പരമാത്മാ പരമാനന്ദമൂർത്തി

ഉമാമഹേശ്വര സംവാദം അത്യന്തം രഹസ്യമായ വചനമാണെന്നും രാമായണത്തിന്റെ മുഖകുറിപ്പാണെന്നും തുടർന്നുള്ള കാവ്യഭാഗത്തിന്റെ അടിസ്ഥാനമാണെന്നും മറന്നുകൂട. ഭക്തിലക്ഷണം സാംഖ്യയോഗഭേദാദികൾ ക്ഷേത്രോപവാസഫലം , യാഗാദികർമ്മഫലം, എന്നിങ്ങനെ ഒരു പാട് കാര്യങ്ങൾ പാർവ്വതി ശിവനിൽ നിന്നും ഗ്രഹിച്ചു കഴിഞ്ഞു. "ശ്രീരാമദേവൻ തന്റെ മാഹത്മ്യം" തനിക്ക് കേൾക്കണമെന്നായി ഇതറിയാൻ താൻ പാത്രമാണെങ്കിൽ പറയു എന്നാണ് പാർവ്വതീ ദേവിയുടെ അപേക്ഷ. ഇത് പറയാൻ കഴിയുന്ന വ്യക്തി 'നിന്തിരുവടി' മാത്രമാണ്. ചില ചില കാര്യങ്ങൾ അറിയാൻ ആകാംക്ഷ മാത്രം പോരാ അഹർഹത കൂടി വേണം . അഹർതയുടെ കാര്യത്തിൽ ആണ് പാർവ്വതിക്ക് സംശയം. ഒരു പക്ഷേ തനിക്ക് ഉൾകൊള്ളാൻ കഴിയാത്തത്ര മഹത്വമർന്നതാവാം ശ്രീരാമസങ്കല്പം എന്ന് പാർവ്വതി തിരിച്ചറിഞ്ഞിരിക്കുന്നു.

'അത്യന്തം രഹസ്യമായുള്ളൊരു പരാമാത്മതത്ത്വാർതത്ഥ' മാണിതൊന്നും ഈ ചോദ്യം ഇന്നേവരെ ആരും ചോദിച്ചിട്ടിലെന്നും ശിവൻ വ്യക്തമാക്കുന്നു. തുടർന്നുള്ളതത്രേ "ശ്രീരാമൻ പരമാത്മാ" എന്ന വരികൾ . ഏറ്റവും ഉജ്ജ്വലമായ തത്ത്വം എഴുത്തച്ഛൻ ഇവിടെ പറഞ്ഞുവെയ്ക്കുന്നു.

" ജഗദുത്ഭവ സ്ഥിതി പ്രളയകർത്താവായ
ഭഗവാൻ വരിഞ്ചനാരായണ ശിവാത്മകൻ"

ഇതറിയാതെ രാമയണ കഥ വായിച്ചുകൂടാ . മാത്രമല്ല, രാമൻ "മാനുഷ്യനെന്ന് കല്പിച്ചീടുവോരജ്ഞാനികൾ" എന്ന തുടർവാക്യവും ശ്രദ്ധിക്കപ്പെടണം. അസാധാരണമായ ഒരർത്ഥ കല്പന ഇവിടെ ആവശ്യമുണ്ടെന്നു തന്നെയാണല്ലോ എഴുത്തച്ഛന്റെ സൂചന.

ഉമാമഹേശ്വരന്മാർ രണ്ടുപേരും തപസ്സിലൂടെ അക്ഷരബ്രഹ്മം നേടിയവരണ്. ശിവൻ തപസ്സിന്റെ പരിപൂർണ്ണതയാണ്. സതിയുടെ ഭർത്തവും ദക്ഷന്റെ ജാമാതാവുമായ ശങ്കരൻ തപസ്സിലൂടെയാണ് കൈലാസനാഥനായി മാറിയത് . മൂലാധാരസ്ഥയായ കുണ്ഡലിനീ ശക്തി ഉയർന്നു വന്ന് സഹസ്രാരത്തിലെത്തിച്ചേരുകയും അമൃതപ്രവാഹം സംഭവിക്കുകയും ചെയ്യുന്നതാണ് തപസ്സിന്റെ പരിപൂർണത. സതിയുടെ ദേഹവിയോഗം നേരത്തെ സംഭവിച്ചു കഴിഞ്ഞു. ശിവന്റെ ശരീരന്തർഗതമായ കാമവികാർം തപസ്സിലൂടെ പരിശുദ്ധമാക്കപ്പെട്ടു. ദേഹാജമായ എല്ലാ കാമനകളും നശിച്ചുകഴിഞ്ഞ അവസ്ഥയിൽ തപസ്സുചെയ്ത് പരിശുദ്ധമാക്കപ്പെട്ട പാർവ്വതി ശിവന്റെ പാതിമെയ്യായിത്തീരുന്നു. ഉയർന്നുനിൽക്കുന്ന കൊടുമുടി സഹസ്രാരം തന്നെ. പാർവ്വതി (പർവ്വതത്തിന്റെ മകൾ ) അമൃതമാണ്. "ശിവശ്ശക്ത്യായുക്താ" എന്നത് പുരുഷ-പ്രകൃതിമേളനമാണ്. തപസ്സിന്റെ പരിപൂർണ്ണതയായ തുരീയാവസ്ഥയിൽ (പരമാനന്ദാവസ്ഥ) എത്തിച്ചേരുന്നവരാണ് ശിവനും പാർവ്വതിയും.

പ്രമാനന്ദമൂർത്തിയായ ശിവനാണ് പറയുന്നത്, രാമൻ പരമാന്ദമൂർത്തിയാണെന്ന്. അതിനർത്ഥം രാമായണം രാമന്റെ തപസ്സിന്റെ കഥയാണെന്നാണ്, രാമൻ പുരുഷനാണ്, സീത പ്രകൃതിയാണ്. ഇത് പറയാൻ ശിവനല്ലാതെ മറ്റാർക്കും അർഹതയില്ല.

"കാരുണ്യാംബുധേ, കനിഞ്ഞരുളിച്ചെയ്തീടണ-
മാരും നിന്തിരുവടിയൊഴിഞ്ഞില്ലതു ചൊൽവാൻ"

എന്ന വരികൾ ഇപ്പോൾ കൂടുതൽ അർത്ഥപൂർണ്ണമാവുന്നു.
ഉമാമഹേശ്വരൻ എന്ന് പറയുമ്പോൾ നാം മനസ്സിലാക്കേണ്ടത് തപസിന്റെ പരമാവസ്ഥയായ ആനന്ദം എന്ന ആശയമാണ്. പ്രപഞ്ചമനസ്സായി മറിക്കഴിഞ്ഞ വ്യക്തിമനസ്സിൽ ആനന്ദം മാത്രമേ ഉള്ളു. ഇതേ അവസ്ഥയുടെ ദ്യോതകമാണ് സീതാരാമസങ്കല്പം . ശിവൻ ഏത് അവസ്ഥയുടെ ദ്യോതകമാണോ, അതേ അവസ്ഥയുടെ തന്നെ പ്രതീകമത്രെ രാമൻ. പാർവ്വതീ എപ്രകാരം ശിവനിൽ ലയിച്ചുവോ അപ്രകാരം തന്നെ സീത സീത രാമനിൽ ലയിച്ചിരിക്കുന്നു. "വിരിഞ്ച നാരായണ ശിവാത്മകൻ" എന്ന ത്രി മൂർത്തി സങ്കല്പത്തിന്റെ സാകല്യഭാവപ്പൊലിമ രാമനിലേക്ക് അന്വയിക്കാൻ യാതൊരു വിഷമവും ഇല്ല. രാമായണം കേവലം വൈഷ്ണവമല്ല. അത് ശൈവ - വൈഷ്ണവ സമന്വയത്തിന്റെ ഇതിഹാസമാണ്. അതിനപ്പുറം യോഗശാസ്ത്രപരമായ വ്യാഖ്യാന സാധ്യതയുമാണ്. ആറു കാണ്ഡം ആറു ചക്രവും പട്ടാഭിഷേകം അമൃതപ്രവാഹവുമാണ്. എന്നും കണ്ടെത്താമെന്ന് തോന്നുന്നു.

തപസ്സിനിടയിൽ ശിവൻ കാമനെ കൊല്ലുന്നു. രാമൻ രാവണനെയും നശിപ്പിക്കുന്നത് ഭോഗലാലസയാണ്.

യുദ്ധകാണ്ഡത്തിൽ കവി വീണ്ടും പറയുന്നു അദ്ധ്യാത്മരാമായണം "പരമേശ്വരൻ അദ്രിസുതയ്ക്കുപദേശിച്ചിതാദരാൽ". തുരിയാവസ്ഥയിൽ എത്തിക്കഴിഞ്ഞ പുരുഷൻ പരമേശ്വരൻ. അദ്രിയിൽ നിന്നു (സഹസ്രാരത്തിൽ നിന്ന്) ഒഴുകിവന്ന അമൃതകല്പന, പാർവ്വതി.

രാമയണത്തിന്റെ ഈ രഹസ്യതത്ത്വം അറിയാൻ പ്രാപ്തനായ വ്യക്തി "നിത്യബ്രഹ്മചാരികൾ മുമ്പനാം ഹനുമാനാണ്" രാമന്റെ നിർദ്ദേശപ്രകാരം സീത ഈ കാര്യങ്ങൾ ഹനുമാനോട് പറയുന്നു. അവസാന വാക്യം

"ജന്മനാശാദികളില്ലാതൊരു വസ്തുപരബ്രഹ്മമീ ശ്രീരാമനെന്നറിഞ്ഞുകൊണ്ടാലും നീ"

തപശ്ശക്തിയുടെ മികവാണ് ശിവൻ; ശ്രീരാമനും.
പ്രകൃതിയാണ് പാർവ്വതി; സീതയും.
ഇവരുടെ തത്ത്വം എല്ലാം മറിയുന്നവൻ നിത്യബ്രഹ്മചാരിയായ ഹനുമാൻ. വ്യക്തി നിരപേക്ഷമായ ഒരു തലത്തിലേയ്ക്ക് രാമായണകഥ ഉയർത്തപ്പെടേണ്ടതുണ്ട്. അതാണ് അതിന്റെ ദർശികപാഠം.....

No comments:

Post a Comment