ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 August 2018

എന്താണ് ചിത്തം? എന്താണ് ചിത്തവൃത്തി?

എന്താണ് ചിത്തം? എന്താണ് ചിത്തവൃത്തി?

എന്താണ് ചിത്തം?

ചിത്തം എന്നാൽ ബുദ്ധി/മനസ്സ് എന്ന് മനസ്സിലാക്കാം. ചിന്തകൾ ഉദിക്കുന്നത് ചിത്തത്തിലാണ്. ചിത്തത്തിന് പ്രധാനമായും 5 അവസ്ഥകൾ ആണ് ഉള്ളത്.

1. ക്ഷിപ്തം: ഈ അവസ്ഥ ഏറ്റവും ചഞ്ചലമായതാണ്. ഈ അവസ്ഥയിൽ രജോഗുണത്തിന്റെ ആധിക്യമാണ് ഉള്ളത്.

2. മൂഢം: നിർവ്യാപാരാവസ്ഥ. തമോഗുണത്തിന്റെ ആധിക്യമാണ് ഈ അവസ്ഥയ്ക്ക് കാരണം. നിദ്ര, ആലസ്യം, ദ്രോഹാസക്തി എന്നിവ ഈ അവസ്ഥ മൂലം ഉണ്ടാകുന്നു.

3. വിക്ഷിപ്തം: ഈ അവസ്ഥയിൽ അസ്ഥിരതയും സ്ഥിരതയും മാറി മാറി അനുഭവപ്പെടുന്നു. പൊതുവെ ചഞ്ചലമാണെങ്കിലും ഇടയ്ക്ക് അൽപ നേരം ഏകാഗ്രത അനുഭവപ്പെടാം. ഈ അവസ്ഥയിൽ രജോഗുണം പ്രധാനമാണെങ്കിലും സത്വഗുണത്തിന്റെ നിഴലാട്ടം കാണുന്നു.

4. എകാഗ്രം: ചിത്തത്തെ കുറെ നേരം ഒരു വിഷയത്തിൽ(ഏക അഗ്രത്തിൽ) സ്ഥിരമായി നിർത്തുക. സത്വഗുണം പ്രധാനമാണെങ്കിലും പൂർവാനുഭൂതമായ ബാഹ്യവിഷയങ്ങളുടെ സ്വഭാവം ചിത്തത്തിലുള്ളതിനാൽ ഏകാഗ്രതയ്ക്ക് ഭംഗം സംഭവിക്കാം. അതിനാൽ ഏകാഗ്രത നിലനിർത്താൻ അഭ്യാസം അനിവാര്യമാണ്.

5. നിരുദ്ധം: സകല ചിത്തവൃത്തികളേയും നിരോധിക്കുമ്പോൾ നിരുദ്ധാവസ്ഥ എത്തുന്നു. ചിത്തം ശാന്തവും നിശ്ചലവും ആകുന്നു.

യോഗദർശനപ്രകാരം ആദ്യ മൂന്ന് അവസ്ഥകളിലും സമാധി ഉണ്ടാകില്ല. ഈ അവസ്ഥകളിൽ ചിത്തം ഇന്ദ്രിയദ്വാരാ നിരന്തരം ബാഹ്യവിഷയങ്ങളുമായി ബന്ധപ്പെടുന്നതിനാലാണിത്.

എന്താണ് ചിത്തവൃത്തി?

വൃത്തി എന്നാൽ വ്യാപാരം. കണ്ണ് തുടങ്ങിയ ഇന്ദ്രിയങ്ങൾ ബാഹ്യവിഷയങ്ങളുമായി സമ്പർക്കത്തിലേർപ്പെടുന്നതാണ് വ്യാപാരം. ചിത്തം ഇന്ദ്രിയങ്ങളുടെ ദാസനാവുന്നു. ക്ഷിപ്തം, മൂഢം, വിക്ഷിപ്തം എന്നീ അവസ്ഥകളിൽ നിന്ന് യോഗാനുഷ്ഠാനത്തിലൂടെ എകാഗ്ര-നിരുദ്ധ അവസ്ഥ പ്രാപിക്കും. വൃത്തിനിരോധമാണ് യോഗം. നിരോധം എന്നാൽ 'തടയൽ' അല്ല - വിഷയചിന്തയും അതിലൂടെ ഉണ്ടാകുന്ന ആസക്തിപൂർവകമായ പ്രവർത്തിയും ഇല്ലാതിരിക്കൽ ആണു യോഗം.

No comments:

Post a Comment