ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

21 August 2018

ലോകാ: സമസ്ത: സുഖിനോ ഭവന്തു:

ലോകാ: സമസ്ത: സുഖിനോ ഭവന്തു:

ഓം ലോകാ സമസ്താ സുഖിനോ ഭവന്തു എന്നത്‍ കേവലം ഒരു മന്ത്രമല്ല. ഇത്‍ ഒരു ധാരയാണ്‌, ഇത്‍ ഒരു സംസ്കാരത്തിന്റെ അത്യുജ്ജ്വലമായ ചിന്താസരണിയാണ്‌, ഇത്‍ ഒരു പരിണയമാണ്‌, ഇത്‍ ഒരു പരിവര്‍ത്തനമാണ്‌.  വ്യഷ്ടിയില്‍നിന്ന്‍ സമഷ്ടിയിലേയ്ക്കുള്ള പ്രയാണം, പരിവര്‍ത്തനം. ഒരു തുള്ളി ജലത്തില്‍നിന്ന്‍, ഒരു ചെറിയ ജലാശയത്തില്‍നിന്ന്‍, ഒരു ബിന്ദുവില്‍നിന്ന്‍ ഒരു സിന്ധുവിലേയ്ക്കുള്ള പരിവര്‍ത്തനം. സ്വേച്ഛയില്‍ നിന്ന്‍ പരേച്ഛയിലേയ്ക്കും, പരേച്ഛയില്‍നിന്ന്‍ അനിച്ഛയിലേയ്ക്കുമുള്ള പ്രയാണമാണ്‌ ഈ മന്ത്രം. ഞാന്‍ ഈ പ്രപഞ്ചംതന്നെ ആയിത്തീരുന്നു.  പ്രപഞ്ചംതന്നെയായി പരിണമിയ്ക്കുമ്പോള്‍ ആയിരമായിരം ചക്ഷുസ്സുകളോട്‍ കൂടിയതും ആയിരമായിരം ശിരസ്സുകളോടുകൂടിയതും ആയിരക്കണക്കിന്‌ പാദങ്ങളോട്‍ കൂടിയതുമായിതീരുന്നു. കാണുന്ന എല്ലാ ശിരസ്സുകളും എല്ലാ കണ്ണുകളും എല്ലാ കാലുകളും എന്റേതുതന്നെയായി തീരുന്ന ഭാവനയിലേയ്ക്ക്‍ ഉയരുന്നു. എന്നിലെ ഞാനെന്ന ഭാവം, എന്നില്‍നിന്നന്യമായ വിഷയങ്ങളില്‍ രമിയ്ക്കുമ്പോള്‍, അത്‍ എന്റെ മനസ്സാകുന്നു. ആ മനസ്സ്‍ എന്റെ അന്തരംഗത്തില്‍ വിഹരിയ്ക്കുമ്പോള്‍ എന്നിലെ ഞാനില്‍ രമിയ്ക്കുന്നു. 'self' extroverted is mind and mind introverted is 'self'. ക്ഷേത്രങ്ങളില്‍ പോയി പല വഴിപാടുകളും കഴിയ്ക്കുന്നവരാണ്‌ അധികവും. എല്ലാ വഴിപാടുകളും എന്റെ പേരിലോ എന്റെ മക്കളുടെ പേരിലോ അല്ലെങ്കില്‍ എനിയ്ക്ക്‍ പ്രിയമുള്ള മറ്റാരുടെയെങ്കിലും പേരിലോ മാത്രമേ നമ്മള്‍ കഴിയ്ക്കാറുള്ളു. എന്നാല്‍ എന്റെ അയല്‍പക്കത്ത്‍ രോഗം പിടിപെട്ട്‍ ദു:ഖിയ്ക്കുന്ന ഒരുത്തന്റെ പേരില്‍ ഒരു രണ്ടുരൂപയുടെ എണ്ണ വഴിപാട്‍ ചെയ്ത്‍ നോക്കൂ. അത്‍ ഒരു ക്ര്‌ത്യനിഷ്ഠയോടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കൂ. വെറും രണ്ടോ മൂന്നോ രൂപയല്ലേ. എന്നിട്ട്‍ നോക്കൂ, നിങ്ങള്‍ ആന്തരികമായി വികാസത്തെ അനുഭവിയ്ക്കുന്നത്‌.  ആരോടും പറയരുത്‍ എന്ന ഒരേയൊരു കരാറേ ഇതിനുള്ളു. അതില്‍നിന്ന്‍ ലഭ്യമാകുന്നത്‍ സന്തോഷമല്ല, ആനന്ദമാണ്‌.

ഈ മന്ത്രം ജപിയ്ക്കുന്നതില്‍, അതിന്റെ ശബ്ദങ്ങളില്‍നിന്നുതന്നെ സ്പഷ്ടമാണ്‌, യാതൊരുവിധ സ്വാര്‍ത്ഥതയുമില്ല. നിസ്വാര്‍ത്ഥമായതുകൊണ്ട്‍ ഫലപ്രാപ്തി പെട്ടെന്നാണ്‌.  സ്വാര്‍ത്ഥത്തില്‍നിന്ന്‍ സര്‍വ്വാര്‍ത്ഥത്തിലേയ്ക്കും, സര്‍വാര്‍ത്ഥത്തില്‍നിന്ന്‍ പരമാര്‍ഥതയിലേയ്ക്കും പരിണമിച്ച്‍ ജീവാത്മാവ്‍ പൂര്‍ണ്ണതയിലേയ്ക്ക്‍ കുതിയ്ക്കുന്ന മാര്‍ഗ്ഗം.  അപ്പൊ വിളിച്ച്‍ പറയും ഓം പൂര്ണ്ണമദ പൂര്ണ്ണമിദം പൂര്‍ണ്ണാത് പൂര്‍ണ്ണമുദച്ച്യതേ എന്ന്.  വൈദ്യുതി നിലയവുമായി കമ്പികളെക്കൊണ്ട്‍ എന്നോ ബന്ധിച്ചു കഴിഞ്ഞിട്ടുണ്ട്‍. അനവരതം വൈദ്യുതി പ്രവഹിയ്ക്കാനുള്ള കമ്പിയാണ്‌ മന്ത്രജപം. ഈ മന്ത്രജപത്താല്‍ അഹങ്കാരമാകുന്ന സ്വിച്ചിനെ അമര്‍ത്തിയാല്‍ പ്രകാശമേ പ്രകാശം മാത്രം. അപ്പോള്‍ പറയും  പൂര്‍ണ്ണസ്യ പൂര്‍ണ്ണമാദായ പൂര്‍ണ്ണമേവാവശിഷ്യതേ, എന്ന്‍.

ലോകാ: സമസ്ത: സുഖിനോ ഭവന്തു:

No comments:

Post a Comment