ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

11 August 2018

തർപ്പണം

തർപ്പണം

മരിച്ചു പോയ പിതൃക്കൾക്കായി ഹൈന്ദവർ ചെയ്യുന്ന ഒരു കർമ്മമാണ് തർപ്പണം. അരി, പൂവ്, ജലം, എള്ള് തുടങ്ങിയവയാണ് തർപ്പണം ചെയ്യുക. തർപ്പണം ഒരുവന്റെ മൂന്ന് തലമുറയിലെ പിതൃക്കൾക്ക് അതായത് പിതാവ്, മുത്തച്ഛൻ, മുതുമുത്തച്ഛൻ അവരുടെ ഭാര്യമാരോടൊപ്പവും പിന്നെ മാതൃ പിതാവിനും മുത്തച്ഛനും മുതുമുത്തഛനും മാത്രമേ ചെയ്യുകയുള്ളൂ. ഇത് ചെയ്യുന്നത്‌ കറുത്തവാവ്, ഗ്രഹണം എന്നീ നാളുകളിലാണ്‌. ശ്രാദ്ധ കർമ്മം തർപ്പണവുമായി വിഭിന്നമാണ്‌. ശ്രാദ്ധം പിതാവ് മരിച്ച നാൾ (അഥവാ തിഥി) വരുന്ന ദിവസാമാണ്‌ ചെയ്യേണ്ടത്. എല്ലാ മാസത്തിലെയും കറുത്ത വാവു ദിവസം പിതൃക്കൾക്കായി തർപ്പണം ചെയ്യാം. എന്നാൽ, കർക്കിടകമാസത്തിലെയും തുലാമാസത്തിലെയും അമാവാസികൾക്കു കൂടുതൽ പ്രാധാന്യമുണ്ട്. കേരളത്തിലെ ശിവക്ഷേത്രങ്ങളിൽ ജനങ്ങൾ ഈ നാളുകളിൽ കൂട്ടമായി ചെന്ന് തർപ്പണം ചെയ്യുന്നു.

തർപ്പൺ എന്ന സംസ്കൃതപദത്തിൽ നിന്നാണ് തർപ്പണം ഉണ്ടായത്. അർത്ഥം സംതൃപ്തിയേകുന്ന ഭക്ഷണദാനം. എള്ളും ജലവും ചേർത്ത അർപ്പണത്തെയാണ് തർപ്പണം എന്ന് തന്ത്രവിധികളിൽ.

മരിച്ചവർ ചന്ദ്രന്റെ അന്ധകാരമാനമായ ഭാഗത്തുള്ള പിതൃ ലോകത്തേക്ക് ഉയർത്തപ്പെടുന്നു എന്ന് ഹൈന്ദവർ വിശ്വസിക്കുന്നു. അവിടെ നിന്ന് അവർ പുനർജ്ജനിക്കുകയോ അല്ലെങ്കിൽ മറ്റു ലോകങ്ങളിലേക്ക് പോകുകയോ മോക്ഷപ്രാപ്തി ലഭിച്ച് ദൈവത്തിനൊപ്പം സ്ഥാനം ലഭിക്കുകയോ ചെയ്യുന്നു. പിതൃ ലോകത്ത് വസു, രുദ്ര, ആദിത്യ എന്നീ‍ മൂന്ന് തരം ദേവതകൾ ഉണ്ട്. ഇവർ തർപ്പണങ്ങൾ സ്വീകരിച്ച് അത് അതാത് പിതൃക്കൾക്കെത്തിക്കുകയും അത് സ്വർഗ്ഗത്തിലേക്കുള്ള യാത്രക്കിടയിൽ അവർക്ക് പാഥേയം ആയി ഭവിക്കുകയും ചെയ്യുന്നു. തർപ്പണം ആണ് പിതൃക്കൾക്കുള്ള ഏക ഭക്ഷണം എന്നും അത് കിട്ടാഞ്ഞാൽ പിതൃക്കൾ മറ്റു ജന്മമെടുക്കുമെന്നും അവരുടെ ശാപം വരൂം തലമുറകളെ ബാധിക്കുമെന്നും വിശ്വസിക്കുന്നു.

കർക്കിടകമാസവും വാവുബലിയും

ദക്ഷിണായനം പിതൃക്കൾക്കും ഉത്തരായനം ദേവന്മാർക്കും ഉള്ളതാണെന്ന് ശാസ്ത്രം. ജനുവരി 14 മുതൽ ആറ് മാസം ഉത്തരായനവും ശേഷം ദക്ഷിണായനവും ആണ്. ദക്ഷിണായനത്തിൽ മരിക്കുന്നവരാണ് പിതൃലോകത്തിൽ പോകുന്നത്. ഇതിന്റെ ആരംഭമാണ് കർക്കിടകമാസം. ഇതിന്റെ കറുത്തപക്ഷത്തിൽ പിതൃക്കൾ ഉണരുന്നു. ഭൂമിയിലെ ഒരു മാസം അവർക്ക് ഒരു ദിവസം ആകുന്നു. ഇങ്ങനെ പന്ത്രണ്ട് മാസം പന്ത്രണ്ട് ദിവസം. പന്ത്രണ്ട് ദിവസത്തിലൊരിക്കൽ, ഭൂമിയിൽ ജീവിച്ചിരിക്കുന്ന അവരുടെ ബന്ധുജനങ്ങൾ പിതൃക്കൾക്ക് അന്നം എത്തിച്ച് കൊടുക്കണം. ഇതാണ് വാവുബലി. വാവുബലി മുടക്കുന്നവരോട് പിതൃക്കൾ കോപിക്കുന്നു എന്നാണ് മറ്റൊരു വിശ്വാസം.

ജലത്തിൽ പിതൃതർപ്പണം

പ്രപഞ്ചത്തിലെ പാതാളം മുതൽ സത്യലോകം വരെ പതിനാലു ലോകങ്ങളിൽ മദ്ധ്യഭാഗത്ത് ഭൂമിയും,ഭൂമിക്ക് നേർമുകളിൽ ഭുവർലോകം,സ്വർഗ്ഗലോകം എന്നിങ്ങനെയാകുന്നു. ഭുവർലോകം പിതൃക്കളുടെ ലോകമാകുന്നു. സ്വർഗ്ഗം ദേവന്മാരുടെയും. ഭൂമി ഏറ്റവും സ്ഥുലമായത് കൊണ്ട് ഇവിടെ സ്ഥുലരൂപത്തിലുള്ള ആഹാരമാണ് കഴിക്കാൻ സാധിക്കുന്നത്. അതുകൊണ്ട് തന്നെ നമുക്ക് പാകപ്പെടുത്തുന്ന ആഹാരം കഴിച്ച് തൃപ്തിപ്പെടേണ്ടി വരുന്നു. എന്നാൽ ശരീരത്തിനുള്ളിൽ സൂക്ഷ്മശരീരമുണ്ട്. ഇത് പ്രാണമയമാണ്. ശരീരം വിടുന്ന ജീവൻ പ്രാണമാത്രമായി സ്ഥുലദേഹമില്ലാത്തവനായി പിതൃലോകത്ത് വസിക്കുന്നു. ഭൂമിക്ക് മുകളിലാണല്ലോ പിതൃലോകമായ ഭുവർലോകം. അത് ഭൂമിക്ക് മുകളിൽ സങ്കൽപ്പിക്കപ്പെടുന്ന ജലതത്വമാകുന്നു. പ്രാണനും ജലതത്വം തന്നെ. അപ്പോൾ പിതൃക്കൾക്ക് ജലത്തിലൂടെയേ ഭക്ഷണം കഴിക്കാനാകു എന്നു വ്യക്തം. ആ സങ്കൽപ്പത്തിലാണ് കർക്കിടക നാളിൽ കറുത്തവാവിന് ജലത്തിൽ പിതൃതർപ്പണം നടത്താറുള്ളത്.

വിവിധ തർപ്പണങ്ങൾ

ഗുണ്ട തർപ്പണം - ശേഷം കെട്ടിയ ആൾ, അതായത് ആരാണോ മരണാനന്തര ക്രിയ ചെയ്യൂന്നത് അയാൾ മരണത്തിന്റെ ആദ്യ പത്ത് ദിവസം ചെയ്യേണ്ടതായ തർപ്പണ്ണം.

ബ്രഹ്മ യജ്ഞ തർപ്പണം - ഇത് ബ്രാഹ്മണ പുരോഹിതർ ദിവസവും ചെയ്യുന്ന തർപ്പണമാണ്. ദേവന്മാർക്കും മഹർഷിമാര്ക്കും പിതൃക്കൾക്കുമാണ് ഇത് അർപ്പിക്കുന്നത്.

പർഹേനി തർപ്പണം - വാർഷികമായി ചെയ്യേണ്ട ശ്രാദ്ധത്തിന്റെ അടുത്ത നാൾ ചെയ്യേണ്ട തർപ്പണം ആണിത്. പിതാവിന്റെ വംശത്തിന് മാത്രം നൽകപ്പെടുന്ന ഇത് ഇന്ന് ശ്രാദ്ധ നാളിൽതന്നെയാണ് ചെയ്യുന്നത്.

സാധാരണ തർപ്പണം - അമാവാസികളിൽ ചെയ്യാവുന്ന തർപ്പണം. മേടം കർക്കിടകം, തുലാം, മകര വാവുനാളുകളിലും ഗ്രഹണനാളുകളിലും ചെയ്യാം.

ആചാരങ്ങൾ

വ്രതം :-
തർപ്പണം (ശ്രാദ്ധമായാലും) ചെയ്യുന്ന ആൾ തലേ ദിവസം മുതൽ ശരിരം പരിശുദ്ധമാക്കാനുണ്ട്. ലൌകിക ജീവിതത്തിൽ നിന്ന് ഒഴിഞ്ഞ് നിൽകുകയും ഒരു നേരം മാത്രം ഭക്ഷണം കഴിക്കുകയും ചെയ്യണം. (ഇന്ന് ഒരു നേരം അരി ഭക്ഷണം മറ്റു നേരങ്ങളിൽ അരിയല്ല്ലാത്ത ഭക്ഷണം എന്നീ ഇളവുകൾ) കാണുന്നുണ്ട്. അടുത്ത ദിവസം ചന്ദ്രനുദിക്കുന്നതിനു മുന്നായിട്ടാണ് തർപ്പണം ചെയ്യേണ്ടത്. ആണുങ്ങൾക്ക് മാത്രമേ തർപ്പണം ചെയ്യാൻ പാടുള്ളൂ എന്നും ആൺ സന്താനത്തിലൂടെയാണ് പിതാവിന് മോക്ഷം കിട്ടൂ എന്നാണ് വിശ്വാസം. എന്നാൽ ഇന്ന് പെണ്ണുങ്ങളും തർപ്പണം ചെയ്ത് വരുന്നുണ്ട്. തർപ്പണം കഴിയുന്നതുവരെ കുടിക്കുവാനോ ഭക്ഷിക്കുവാനോ പാടില്ല. തർപ്പണ ദിവസം മറ്റു ആചാരങ്ങൾ മുറ പോലെ ചെയ്യേണ്ടതുണ്ട്. ഉദാ: സന്ധ്യാ വന്ദനം.

വേഷം:-
താർ ഉടുത്താണ് തർപ്പണം ചെയ്യേണ്ടത്. അല്ലെങ്കിൽ പട്ട് തുണി ഉടുക്കാം. ഉണങ്ങാത്ത തുണികൾ 7 പ്രാവശ്യം കുടഞ്ഞ് ധരിക്കണം. എന്നാൽ ഇക്കാലത്ത് രാവിലെ തുണി ഉണങ്ങിക്കിട്ടാൻ പ്രയാസാമായതിനാൽ ഈറനുടുത്ത് കർമ്മങ്ങൾ ചെയ്യാൻ ഇളവുകൾ ഉണ്ട്. മേൽവസ്ത്രം ഉപയോഗിക്കാറില്ല. എന്നാൽ കാശ്മീർ പോലുള്ള തണൂപ്പുള്ള സ്ഥലങ്ങളിൽ ഇതുപോലുള്ള കർമ്മങ്ങൾ മൂഴുവൻ വസ്ത്രത്തോടെ തന്നെയാണ് ചെയ്യപ്പെടുന്നത്.

പൂജാ ദ്രവ്യങ്ങൾ:-
വലിയ യജ്ഞത്തിനു വേണ്ടുന്ന സാമഗ്രികൾ ഈ കർമ്മത്തിന് ആവശ്യ്യമില്ല, ദര്ഭപ്പുല്ല്, ചെറൂള, എള്ള്, പൂവ്, തുളസി, ചന്ദനം, അരി,  വെള്ളം, കിണ്ടി/വെള്ളപ്പാത്രം, നാക്കില, വിളക്ക്, ധൂപം, കർപ്പൂരം, തുടങ്ങിയവയാണ് ഇതിനായി വേണ്ടത്.

ദർഭ പുല്ല് :-
പുരാണങ്ങളില്ലും മറ്റും മുനിമാർ ഇരിക്കുക ദർഭകൊണ്ടുണ്ടാക്കിയ പായയിലാണ്. ഇതേ പ്രതീകത്തിലാണ് ഏഴോ ഒൻപതോ ദർഭപുല്ലുകൾ തർപ്പണം ചെയ്യുന്ന ഇലയിൽ വക്കുന്നത്. ഇതിനുശേഷം തുമ്പ് വളച്ചുകെട്ടിയ ദർഭപുല്ലുകളെ കൂർശം എന്ന പേരിൽ വയ്ക്കുന്നു. ഇത് പിതൃക്കളേ പ്രതിനിധാനം ചെയ്യുന്നു. പിതൃക്കളെ ഈ കൂർശ്ശത്തിൽ ആവാഹനം ചെയ്യുന്ന തരക്കാരും ഉണ്ട്. തർപ്പണം ചെയ്യുന്ന ആൾ പീഠത്തിലോ അല്ലെങ്കിൽ ദർഭപുല്ലിന്റെ പ്രതീകത്തിലോ ആണ് ഇരിക്കുക.

പവിത്രം :-
ദർഭപുല്ലുകൊണ്ടുള്ള പവിത്രധാരണം തർപ്പണത്തിലും ശ്രാദ്ധത്തിലും അവശ്യമാണ്. പവിത്രം പാപനാശകമാണ് എന്ന് കരുതുന്നു. ഇത് വലത്തേക്കയ്യിലെ മോതിര വിരലിൽ ആണ് ധരിക്കേണ്ടത്. ഇത് മൂന്ന് ദർഭപുല്ലുകൾ പ്രത്യേകരീതിയിൽ പിരിച്ച് കെട്ടി (പവിത്രക്കെട്ട്) ഉണ്ടാക്കുന്നു.

കർക്കട വാവ് സമയം  
2018 അഗസ്ത് 10ന് വൈകും: 7:08 മുതൽ
2018 ആഗസ്ത്‌ 11 ന് വൈകും: 3:28 വരെ

ചെയ്യുന്ന രീതി
Step - 1
ആചമനം
വലതുകാലും ഇടതുകാലും വലതുകയ്യും ഇടതുകയ്യും മുട്ടോളം കഴുകുക. അതിനുശേഷം വലതുകരത്തിൽ ആയുരേഖ തൊടുവോളം ജലമെടുത്ത് മൂന്നു തവണ പാനം ചെയ്യുക. തുടർന്ന് വെവ്വേറെ ജലമെടുത്ത് മുഖം വലത്തുനിന്നും ഇടത്തോട്ട് രണ്ടുപ്രാവശ്യവും മുകളിൽനിന്ന് താഴേക്ക് ഒരുപ്രാവശ്യവും കഴുകുക.

അണിവിരലിന്റെയും തള്ളവിരലിന്റെയും അഗ്രം കൂട്ടി വലത്താദി രണ്ട് കണ്ണുകലും ചൂണ്ടുവിരലിന്റെയും തള്ളവിരലിന്റെയും അഗ്രം കൂട്ടി വലത്താദി നാസികകളും ചെറുവിരലിന്റെയും തള്ളവിരലിന്റെയും അഗ്രം കൂട്ടി വലത്താദി കർണങ്ങൾ രണ്ടും ചെറുവിരലൊഴിച്ച് ശേഷം വിരലുകളുടെ അഗ്രം കൂട്ടി മാറും എല്ലാ വിരലുകളുടെയും അഗ്രം കൂട്ടി ശിരസും പ്രത്യേകം പ്രത്യേകം തുടയ്ക്കുക. ഇങ്ങനെ മൂന്ന് പ്രാവശ്യം ചെയ്യേണ്ടതാകുന്നു. വടക്കോട്ടും കിഴക്കോട്ടും നിന്ന് (ഇരുന്നും) ആചമിക്കാം. നാന്ദീമുഖമെങ്കിൽ തെക്കോട്ടും പടിഞ്ഞാറോട്ടും ഇത് ചെയ്യാം. ബ്രാഹ്മണർ മാറിൽക്കവിഞ്ഞ ജലത്തിൽ നിന്ന് ആചമിക്കരുത്.

Step - 2
ഗണപതി ധ്യാനം :-

ഗണക: ഋഷി:
നിചൃഗ്ഗായത്രീഛന്ദ:
ശ്രീ മഹാഗണപതിര്‍ദ്ദേവതാ
ഓം ഗം ഗണപതയേ നമ:

വിഘ്നേശാം സപരശ്വധാക്ഷപടികാ
ദന്തോല്ലസല്ലഡ്ഢുകൈര്‍-
ദോര്‍ഭി: പാശസൃണീസ്വദന്തവരദാ-
ഢൈര്‍വ്വാ ചതുര്‍ഭീര്‍യ്യുതം
ഗുണ്ഡാഗ്രാഹിതബീജപൂരമുരുകുക്ഷിം
ത്രീക്ഷണം സംസ്മരേത്
സിന്ദൂരാഭമിഭ്യാസ്യമിന്ദുശകലാ-
ദ്യാകല്പമബ്ജാസനം .

Step - 3
പ്രാണായാമം :-
പത്മാസനത്തിലോ സിദ്ധാസനത്തിലോ സുഖാസനത്തിലോ ഇതു ചെയ്യാവുന്നതാണ്. ചമ്രംപടിഞ്ഞിരുന്നാൽ സുഖാസനമായി. നിവർന്നിരുന്ന് വലത്തെ നാസാദ്വാരം വലതു കൈയിന്റെ തള്ളവിരൽ (അംഗുഷ്ഠ) കൊണ്ടടച്ച് ഇടത്തെ നാസാദ്വാരത്തിൽക്കൂടെ ശക്തിയില്ലാതെ സുദീർഘമായി ശ്വാസമെടുക്കണം. പിന്നീട് മോതിരവിരൽകൊണ്ട് ഇടത്തെ നാസാദ്വാരം അടച്ച് അതുപോലെതന്നെ വലത്തെ നാസാദ്വാരത്തിൽക്കൂടെ പുറത്തുവിടണം. അപ്രകാരം വീണ്ടും വലതുഭാഗത്തുകൂടെ എടുത്ത് ഇടതുഭാഗത്തുകൂടെ പുറത്തുവിടണം. ഇങ്ങനെ നാലു തവണ ചെയ്യുമ്പോൾ ഒരു പ്രാണായാമമായി. ചുരുങ്ങിയത് 12 എണ്ണമെങ്കിലും അഭ്യസിക്കണം.

ഉള്ളിലേക്കെടുക്കുന്നതിന്റെ ഇരട്ടി സമയംകൊണ്ടു വേണം പുറത്തേക്കു വിടാൻ. അതായത് 1 : 2 എന്ന ക്രമത്തിലാണ് ഇത് ചെയ്യേണ്ടത്. 6 മാത്ര (ഒരു മാത്ര എന്നത് ഏതാണ്ട് ഒരു സെക്കന്റ്) ഉള്ളിലേക്കെടുക്കുമ്പോൾ 12 മാത്ര പുറത്തുവിടണം എന്നതാണ് നിയമം. 6 മാത്ര ഉള്ളിലേക്കെടുക്കുന്നത് കനിഷ്ഠിക പ്രാണായാമം (അധമം) എന്നും 12 മാത്ര ഉള്ളിലേക്കെടുക്കുന്നത് മധ്യമപ്രാണായാമം എന്നും 24 മാത്ര ഉള്ളിലേക്കെടുക്കുന്നത് ഉത്തമ പ്രാണായാമം എന്നും പറയുന്നു.

Step - 4
ആവാഹനം :-
മഹാഗണപതിയെയും ഗുരുവിനെയും പ്രാർത്ഥിച്ചു മുന്നിൽ നിലത്തു വെള്ളം തളിച്ച് അതിൽ ദര്ഭപ്പുല്ല് 5 ഇഞ്ച് നീളമുള്ള  5 കഷണങ്ങൾ തെക്കുവടക്കായി വെക്കുക.

കയ്യിൽ എള്ളും, തുളസിയും ചന്ദനവും എടുത്തു മന്ത്രം ചൊല്ലി "ആദി പിതൃക്കളെ" ആവാഹിക്കുക.

മന്ത്രം :-
“വസു രുദ്ര ആദിത്യ സ്വരൂപൻ മമ വംശദ്വയ ആദിപിതൃൻ ധ്യായാമി ആവാഹയാമി യാസ്മിൻ കൂർച്ചാ മദ്ധ്യേ സ്ഥാപയാമി പൂജയാമി ”

കയ്യിലുള്ള എള്ളും മറ്റും പ്രാർത്ഥനയോടെ ദർഭയുടെ മധ്യത്തിൽ വെക്കുക.

വീണ്ടും, അരിയും, തുളസിയും, ചന്ദനവും എടുത്തു മന്ത്രം ചൊല്ലി ''മൂല പിതൃക്കളെ" ആവാഹിക്കുക.

മന്ത്രം :-
” മമ വംശദ്വയ ഉഭയകുല പിതൃൻ ധ്യായാമി ആവാഹയാമി യാസ്മിൻ  കൂർച്ചാ  മൂലേ സ്ഥാപയാമി പൂജയാമി.”   ദർഭയുടെ ചുവടത്ത വെക്കുക.

“ഓം നമോ നാരായണായ ” എന്ന മന്ത്രം ചൊല്ലി മൂന്ന് മൂന്ന് പ്രാവശ്യം വീതം വെള്ളവും, പൂവും, അരിയും,, ചന്ദനവും അവസാനം വെള്ളവും രണ്ടിടത്തും കൊടുക്കുക.

ഈ മന്ത്രം ചൊല്ലി പ്രാർത്ഥിക്കുക

മന്ത്രം :-
“ദേവതാഭ്യ പിത്രുഭ്യശ്ച  മഹായോഗീഭ്യ  ഏവ ച നമ സ്വദായൈ സ്വാഹയായ് നിത്യമേവ നമോ നമ: ”

Step - 5
ചോറിന്റെ / അരിയുടെ പകുതിയെടുത്തു പിണ്ഡമുരുട്ടുക. അപ്പോൾ പറയേണ്ട മന്ത്രം ചുവടെ ചേർക്കുന്നു.

മന്ത്രം :-
“ആബ്രഹ്മണോ യേ പിതൃ വംശ ജാതാ മാതു സ്തഥാ വംശ ഭവാ മദീയ
വംശ ദ്വയേസ്മിൻ മമ ദാസ ഭൂതാ ഭൃത്യാസ്ഥതയ്‌വാ ആശ്രിത
സേവകാശ്ച മിത്രാണി സഖ്യ പശവശ്ച വൃക്ഷാ:
ദൃഷ്ടാശ്ച  അദൃഷ്ടാശ്ച  കൃതോപകാര
ജന്മാന്തരേ യേ   മമ സംഘതാശ്ച  തേയ്ഭ്യ സ്വയം പിണ്ഡ ബലിം ദദാമി.”

ഉരുട്ടിയ പിണ്ഡം ദർഭപ്പുല്ലിന്റെ നടുക്ക് വെക്കുക

മൂന്ന് പ്രാവശ്യം വീതം വെള്ളം, പൂവ്, കറുക, തുളസി, എള്ള്, ചന്ദനം, ചെറൂള വീണ്ടും വെള്ളവും കൊടുത്ത്  പിണ്ഡ പൂജ നടത്തുക.

Step - 6
മന്ത്രം :-
” മാതൃവംശേ മൃതായേശ്ച പിതൃ വംശേ തദൈവ ച
ഗുരു ശ്വശുര ബന്ധൂനാം യെ ച അന്യേ ബാന്ധവാഃ മൃതാ:
യേ  മേ  കുലേ  ലുപ്ത പിൻഡാ:  പുത്ര ദാരാ വിവർജിതാ
ക്രിയാ ലോഭ ഹതാശ്ചയവ ജാത്യ അംധാ പങ്കവസ്ത്ഥതാ
വിരൂപാ ആമഗര്ഭാശ്ച ജ്ഞാതാ അജ്ഞാതാ കുലേ മമ
ഭൂമൗ ദത്തേന ബാലിനാ തൃപ്ത ആയാംതു പരാം ഗതിം
അതീത കുല കോടീനാം സപ്ത ദ്വീപ നിവാസിനാം
പ്രണീനാം ഉദകം ദത്തം അക്ഷയ മുപ്പതിഷ്ഠതു ”

ഈ മന്ത്രം ചൊല്ലി ബാക്കിയുള്ള ചോറ് എടുത്തു പിണ്ഡത്തിനു ചുറ്റും വിതറുക

ചോറ് മുഴുവനും പിണ്ഡത്തിനു ചുറ്റും ഇട്ടതിനു ശേഷം പൂവും എള്ളും കുറച്ചു വെള്ളവും ചേർത്ത് പിണ്ഡത്തിനു ചുറ്റും വിതറുക.

Step - 7
മന്ത്രം :-
“അവസാനിയ അർഘ്യമിദം”
ഈ മന്ത്രം ചൊല്ലി കയ്യിൽ വെള്ളമെടുത്തു പിണ്ഡത്തിനു ഒഴിക്കുക

കയ്യിൽ വെള്ളമെടുത്തു ഈ മന്ത്രം ചൊല്ലി  തർപ്പണം കൊടുക്കുക

മന്ത്രം :-
പിത്തരം തർപ്പയാമി
പിതാമഹം തർപ്പയാമി
പ്രപിതാമഹം തർപ്പയാമി
പിതാമഹീം തർപ്പയാമി
പ്രപിതാമഹീം തർപ്പയാമി
മാതരം തർപ്പയാമി
മാതാമഹം തർപ്പയാമി
മാതൃപിതാമഹം തർപ്പയാമി
മാതാമഹീം തർപ്പയാമി
മാതൃ  പിതാമഹീം തർപ്പയാമി
മാതൃപ്രപിതാമഹീം തർപ്പയാമി.

Step - 8
പിണ്ഡത്തിനു കൃത്യം ചുവട്ടിലുള്ള അല്പം എള്ള് പിണ്ഡമാറ്റിയതിനു ശേഷം എടുത്തിട്ടു മുകളിലേക്കു ഇടുക :  “സ്വർഗം ഗച്ഛസ്വ”

പിണ്ഡവും മറ്റെല്ലാ സാധനങ്ങളും ഇലയിലെടുക്കുക അല്ലെങ്കിൽ പാത്രത്തിൽ  “ഇദം പിണ്ഡം      ഗയാർപിതോ അസ്തു” എന്ന് ചൊല്ലിക്കൊണ്ട് ഇടുക

കൈകൂപ്പി പ്രാർത്ഥിക്കുക “പിതൃകർമ കാലേ മന്ത്ര തന്ത്ര സ്വര വർണ കർമ്മ പ്രായശ്ചിത്തർത്ഥം നാമ ത്രയ ജപം അഹം കരിഷ്യേ . “ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായ നായ ”

എല്ലാം ഒഴുക്കുള്ള നദിയിലോ, പുഴയിലോ, കടലിലോ, കുളത്തിലോ, ആൽച്ചുവട്ടിലോ ഇട്ടിട്ടു ശുദ്ധമാവുക.

1 comment:

  1. നമസ്ക്കാരം
    താങ്കളുടെ മൊബൈൽ നമ്പർ തരുമോ.
    കുറച്ചു സംശയങ്ങൾ ഉണ്ടായിരുന്നു..

    ReplyDelete