ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 August 2018

പഞ്ചോപചാര പൂജ

പഞ്ചോപചാര പൂജ

വിശ്വാസിയുടെ ജീവിതത്തിലെ ഒഴിച്ചു കൂടാൻ വയ്യാത്ത ഒന്നാണു പൂജ. ഇത് സ്ഥിരമായി ആരാധനാലയങ്ങളിൽ പുരോഹിതന്മാരാൽ വിധിപ്രകാരം നടത്തിവരുന്നു എങ്കിലും ചില സാഹചര്യങ്ങളിൽ ഗൃഹസ്ഥനും സ്വന്തം വീട്ടിൽ ഇതു ചെയ്യേണ്ടി വരാറുണ്ട്. മറ്റു മതങ്ങൾക്ക് വ്യവസ്ഥാപിതമായ മത പഠനസമ്പ്രദായം ഉള്ളതിനാൽ അവർ അവരുടേതായ ആരാധനാസമ്പ്രദായങ്ങൾ യഥാവിധി ചെയ്യുന്നുണ്ട് എന്നു കരുതാം. സനാതന ധർമ്മവിശ്വാസികൾക്ക് അപ്രകരം ഒരു മതവിദ്യാഭ്യാസ സമ്പ്രദായം നിർബ്ബന്ധിതമല്ലാത്തതിനാൽ, പലരും അവർക്കറിയാവുന്നത് പോലെ പൂജചെയ്യുകയാണു പതിവ്. ഏറ്റവും കൂടുതലായി ഇത്തരത്തിലുള്ള പൂജചെയ്യപ്പെടുന്നത്, നവരാത്രിയിലെ ദുർഗ്ഗാഷ്ടമി നാളിലാണു, അതും പുസ്തക പൂജവയ്ക്കലിൻറ്റെ ഭഗമായി. തികഞ്ഞ ബോധ്യം ഇല്ലത്തതിനാലുള്ള ഭയവും, അന്ധവിശ്വാസങ്ങളും, വിധികളേയും, മനസ്സിനേയും കീഴ്പ്പെടുത്തുക, ഇവിടെ സാധാരണവും, സ്വാഭാവികവും ആണ്. ഒരു പക്ഷേ തങ്ങളുടെ ആത്മീയ വ്യവസായത്തിൽ വരാവുന്ന കുറവിനെ മുന്നിൽ കണ്ടാകാം അറിവുള്ള പലരും ഇതിനെ വിശദമാക്കി ലഘൂകരിയ്ക്കുന്നില്ല.

സങ്കൽപ്പത്തിനനുസൃതമായ തന്ത്രവിധികൾ വ്യത്യസ്ഥമാണെങ്കിലും ഗൃഹസ്ഥനു സാമാന്യ പൂജയ്ക്ക് ദേവതാവ്യത്യാസമില്ല. ശിവനോ, വിഷ്ണുവോ, ദേവിയോ, ഹനുമാനോ, അയ്യപ്പനോ, മറ്റേത് സങ്കൽപ്പവുമാകട്ടേ, ദേവതാ വ്യത്യസമില്ലാതെയുള്ള പൊതു വിധികൾ ആചരിയ്ക്കാവുന്നതാണ്.

സാധാരണയായുള്ള പൂജകളിൽ 5 വിധികൾ മുതൽ 65 വിധികൾ വരെ ഉണ്ടാകാറുണ്ട്, എങ്കിലും 16 വിധികൾ ഉള്ള പൂജകൾ ക്ഷേത്രത്തിനും ഗൃഹത്തിനും അനുയോജ്യമാണ്. ഇവിടെ ക്ഷേതസങ്കൽപ്പവും ഗൃഹസങ്കൽപ്പവും വ്യക്തമാക്കേണ്ടതുണ്ട്. ബ്രഹ്മസങ്കൽപ്പത്തിൽ എല്ലാം ബ്രഹ്മത്തിൽ സ്ഥിതി ചെയ്യുന്നെങ്കിലും ആ ബ്രഹ്മത്തിനു ആത്മൻ നടത്തുന്ന പ്രണാമവ്യവസ്ഥയിൽ, ക്ഷേത്രങ്ങളിൽ ദൈവം സ്ഥിരമായി സങ്കൽപ്പിയ്ക്കപ്പെട്ടിട്ടുള്ളതും, ആരാധനാരീതികൾ സ്ഥിരമായി വസിയ്ക്കുന്ന ഒരാളിനെ സങ്കൽപ്പിച്ചുള്ളതുമാണ്. ഉണർത്തലും, വസ്ത്രം മാറലും, സ്നാനവും, ആഭൂഷണവും, ഭക്ഷണവും, ആരാധനയും, നിദ്രയും എല്ലാം അവിടെ സ്ഥിരമായോ, സങ്കൽപ്പത്തിനനുസൃതമായി നിശ്ചയിക്കപ്പെട്ടിട്ടുള്ള കാലയളവിലോ നടത്തപ്പെടുന്നു. ഗൃഹസങ്കൽപ്പത്തിൽ ദൈവം ഒരു അതിഥിയെപ്പോലെ പൂജാസ്ഥലത്ത് സങ്കൽപ്പിയ്ക്കപ്പെട്ട ഗുണത്തിൽ ആദേശം ചെയ്ത് ആതിഥേയൻറ്റെ സൽക്കാരം സ്വീകരിച്ച് ബ്രഹ്മനിലേയ്ക്ക് ലയിക്കുകയും ചെയ്യുന്നു.

ജീവൻ അഥവാ ആത്മൻറ്റെ 24 തത്വങ്ങൾ (ഭൂമിർ അപോ 'നലോ വയുഹ്, ഖം മനോ ബുധിർ ഏവാ ക, അഹങ്കാര ഇതിയം മീ, ഭിന്ന പ്രകൃതിർ അസ്തദ- 5 - പഞ്ചഭൂതങ്ങൾ - 5 ബോധങ്ങൾ - കാഴ്ച്ച, കേൾവി, രുചി, ഗന്ധം, സ്പർശ്ശനം - 5 ബോധേന്ദ്രിയങ്ങൾ - നയനം, കർണ്ണം,ജിഹ്വ, നാസിക, ത്വക്ക് - 5 - കർമ്മേന്ദ്രിയങ്ങൾ - ബാഹു, ഗളം, പാദം, വിസർജേന്ദ്രിയം, ജനനേന്ദ്രിയം, പിന്നെ മനസ്സ്, അഹങ്കാരം, ബുദ്ധി, 24 ആമത് അതീന്ദ്രിയജ്ഞാനം + 25 ആമത് ജീവാത്മാവ്)പ്രകാരം ആത്മൻ തന്നെ ബ്രഹ്മൻ എന്നോ ജീവാത്മാവ് തന്നെ പരമാത്മാവ് എന്നോ ചിന്തിച്ചാൽ സാധകൻ തനിക്കായി ചെയ്യുന്നതെല്ലാം ദൈവത്തിനായി വരും. എന്നിരിയ്ക്കിലും പരമമായ ബ്രഹ്മത്തിനു മനസ്സിനിഷ്ടപ്പെട്ട സങ്കൽപ്പത്തിൽ ബഹുമാനമോ, സ്നേഹമോ, നന്ദിയോ, വിധേയത്വമോ, ആശയവിനിമയമോ, ഒക്കെ ഹേതുവായി ജനങ്ങൾ പൂജ നടത്തി വരുന്നു. പരമപ്രധാനം അവരുടെ മാനസിക ജീവിത അതുമൂലം നിലവാരത്തിൽ ഉണ്ടാകുന്ന ഔന്നത്യം തന്നെ.

ഗൃഹാന്തരീക്ഷത്തിൽ ശുദ്ധി, ആത്മീയ അന്തരീക്ഷം ഇവ സ്ഥിരമായി നിലനിറുത്തുവാൻ ബുദ്ധിമുട്ടുള്ളതു കൊണ്ട്, സങ്കൽപ്പങ്ങളിലേയ്ക്ക് ( വിഗ്രഹം, ചിത്രം,.. ഇവയിൽ പഞ്ചഭൂതങ്ങൾ സ്ഥൂലത്തിലും, 19 ഘടകങ്ങൾ സൂക്ഷ്മത്തിലും സ്ഥിതി ചെയ്യുന്നതായി സങ്കൽപ്പം ) സാങ്കല്പ്യത്തെ ആവാഹിക്കുകയും, ഉപചരിയ്ക്കുകയും, ഉച്ചാടനം ചെയ്യുകയുമാണു ഉത്തമം. (പൂജാമുറിയും, കെടാവിളക്കും, നിറപുത്തരിയും ഒക്കെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട വിഷയങ്ങളാണ്. ആരാധനാലയങ്ങൾ അപ്രകരമുള്ള അന്തരീക്ഷവും, ശുദ്ധിയും നിലനിർത്തുന്നതിനാൽ, സാളഗ്രാമത്തിലേയ്ക്കും, സാധകനിലേയ്ക്കും ഉള്ള ആവാഹന - ഉച്ചാടന പ്രക്രിയകൾ ആണവിടെ സാധാരണ നടക്കാറുള്ളത്.

പ്രാരംഭ തയ്യാറെടുപ്പുകൾ

• ദേഹശുദ്ധി വരുത്തി ശുദ്ധവസ്ത്രങ്ങൾ ധരിയ്ക്കുക
• പൂജാമുറിശുദ്ധമാക്കി വയ്ക്കുക
• സാങ്കല്പ്യം വൃത്തിയാക്കി വയ്ക്കുക
• പൂജാജലപാത്രം ശുദ്ധിയാക്കി ശുദ്ധജലം നിറച്ചു വയ്ക്കുക
• പൂജാസ്ഥലത്ത് ഒരു വിളക്ക് കൊളുത്തി വയ്ക്കുക
• ശ്രീഗണപതിയെ ധ്യാനിയ്ക്കുക ( ഓം ശ്രീ ഗണപതായേ നമ: -മാത്രം, ഗജാനനം ഭൂത ഗണാധി സേവിതം.. മുഴുവൻ, ഏറ്റവും ഇഷടപ്പെട്ട ഗണപതിസ്തുതി എന്തുമാകാം)
• ഗുരുവിനെ പ്രണമിയ്ക്കുക (ഇവിടെ ഗുരു ആചാര്യനാണ്, അതു ഏത് ആത്മീയ അചാര്യനു ആകാം. ശ്രീ.നാരായണഗുരുവുമാകാം)

പൂജാവിധി

പ്രഥമോപചാരം.

• സാങ്കല്പ്യത്തിനു "അയിം പ്രഥ്വിവ്യാത്മനേ നമ: ഗന്ധം സമർപ്പയാമി" എന്ന മന്ത്രോച്ചാരണത്തോടെ കുങ്കുമം അർപ്പിയ്ക്കുക.

ദ്വിതീയോപചാരം

• സാങ്കല്പ്യത്തിനു "ഹയിം ആകാശാത്മനേ നമ: പുഷ്പം സമർപ്പയാമി" എന്ന മന്ത്രോച്ചാരണത്തോടെ പുഷ്പങ്ങൾ (പുഷ്പങ്ങളുടെ തിരഞ്ഞെടുപ്പും, രീതിയും സങ്കൽപ്പത്തിനു അനുയൊജ്യമായാൽ ഉത്തമം) അർപ്പിയ്ക്കുക.

ത്രിതീയോപചാരം

• സാങ്കല്പ്യത്തിനു "യം വായ്വാത്മനേ നമ: ധൂപം അഗ്രപയാമി" എന്ന മന്ത്രോച്ചാരണത്തോടെ ചന്ദനത്തിരി സമർപ്പിയ്ക്കുക

ചതുരോപചാരം

• സാങ്കല്പ്യത്തിനു "ഋഹം ആഗ്നേയാത്മനേ നമ: ദീപം ദർശ്ശയാമി" എന്ന മന്ത്രോച്ചാരണത്തോടെ ദീപം സമർപ്പിയ്ക്കുക

പഞ്ചമോപചാരം

• സാങ്കല്പ്യത്തിനു "വം അമൃതാത്മനേ നമ: നൈവേദ്യം സമർപ്പയാമി" എന്ന മന്ത്രോച്ചാരണത്തോടെ ഫലങ്ങളോ, ശർക്കരയോ,മറ്റു നൈവേദ്യമോ സമർപ്പിയ്ക്കുക

സർവ്വോപചാരം

• സാങ്കല്പ്യത്തിനു "സം സർവ്വാത്മനേ നമ: സർവ്വോപകാരൺ സമർപ്പയാമി" എന്ന മന്ത്രോച്ചാരണത്തോടെ അക്ഷിതം സമർപ്പിയ്ക്കുക

ഇത് വളരെ പെട്ടെന്ന് ചെയ്യാവുന്നതാണ്. തെറ്റുകൾ വരുമെന്ന് ഭയപ്പെടേണ്ടതില്ല.

“യേപ്യ് അന്യദേവതാ ഭക്താ യജന്തേ ശ്രദ്ധയാന്വിതാ:
ത്യേ പി മാമേവ കൗന്തേയ യജന്ത്യവിധിപൂർവ്വകം “

എന്നിൽ നിന്നും അന്യരായ (അന്യമതസ്ഥരായാൽ കൂടി) ദൈവങ്ങളെ വിധിപ്രകാരം പൂജിയ്ക്കുന്നത്, തന്നെ അവിധിപ്രകാരം പൂജിയ്ക്കുന്നതിനു തുല്യമാണെന്ന് പറഞ്ഞ ഭഗവാനു അതൊന്നും ഒരു പ്രശ്നമാകാനിടയില്ല.

No comments:

Post a Comment