ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 August 2018

ഈശ്വരാർപ്പണം

ഈശ്വരാർപ്പണം

എല്ലാവരും പറയാറുണ്ട്‌, ജീവിതത്തില്‍ കര്‍മ്മഫലം അനുഭവിച്ചേ തീരൂ എന്ന്. അങ്ങനെയാണെങ്കില്‍, അത് അനുഭവിക്കാന്‍ ന‍ാം മടി കാണിക്കുന്നതെന്തിന്? കുറെ നാള്‍ നല്ല ഒരു തടവുകാരനെപ്പോലെ സന്തോഷത്തോടെ എല്ലാ ശിക്ഷയും അനുഭവിച്ചാല്‍, ചിലപ്പോള്‍ നേരത്തെ തന്നെ സ്വതന്ത്രമാക്കിയേക്കും, അല്ലേ? അവനവന്റെ യുക്തിയും ബുദ്ധിയും നേരായ മാര്‍ഗ്ഗത്തിലൂടെ, ധര്‍മ്മം മുന്‍നിര്‍ത്തി നന്മക്കായി പ്രയോജനപ്പെടുത്തിയാല്‍, പിന്നെ ഈശ്വരാനുഗ്രഹം ഉണ്ടാകുമല്ലോ. അപ്പോള്‍, ന‍ാം ചെയ്യേണ്ടതായ കര്‍മ്മങ്ങള്‍ അര്‍പ്പണബുദ്ധിയോടെ ചെയ്‌താല്‍ മാത്രം മതി, മറ്റൊന്നിനും വേണ്ടി ആഗ്രഹിക്കേണ്ട.

നമ്മുടെ പ്രശ്നങ്ങളില്‍ നിന്നും ഒളിച്ചോടാന്‍ (ബൈ പാസ്സ്‌) ഈശ്വരനോട് സഹായം ചോദിക്കുന്നതില്‍ അര്‍ത്ഥമുണ്ടോ? നമ്മുടെ പ്രശ്നങ്ങള്‍ തരണം ചെയ്യാനുള്ള മനശ്ശക്തി തരൂ എന്ന് പ്രര്‍ത്തിക്കുന്നതല്ലേ നല്ലത്? അങ്ങനെയാകുമ്പോള്‍ കര്‍മ്മ ഫലങ്ങള്‍ അനുഭവിച്ചു തീര്‍ക്കാനും, അതെ സമയം ശാന്തി കണ്ടെത്താനും കഴിയും.

ഭക്തന്‍ എന്നാല്‍ യാചകന്‍ എന്നല്ല അര്‍ഥം. “എനിക്ക് പണം തരണേ” “ശത്രുവിനെ നശിപ്പിക്കണേ” എന്നൊക്കെ പ്രാര്‍ത്ഥിക്കുന്നതുപോലെയൊരു നീചപ്രവൃത്തി വേറെയുണ്ടോ? ന‍ാം ഓരോരുത്തരും ഈശ്വരചൈതന്യമാണെന്നിരിക്കെ, ഇങ്ങനെ യാചകന്റെ വേഷം കെട്ടേണ്ടതുണ്ടോ? ഞാന്‍ എന്ന ഈശ്വരചൈതന്യത്തില്‍, നന്മയില്‍, ധര്മ്മത്തില്‍, സത്യത്തില്‍ പൂര്‍ണ്ണ വിശ്വാസമുള്ളവന്‍ കറകളഞ്ഞ ഭക്തിയൊഴിഞ്ഞു മറ്റൊന്നും ആഗ്രഹിക്കുന്നില്ല.

ഈശ്വരന്‍ എന്നാല്‍ മനസ്സിന്റെ വിക്ഷേപങ്ങളൊന്നുമില്ലാത്ത ശാന്തി എന്ന അവസ്ഥ എന്ന് കരുത‍ാം. ഈശ്വരന്‍  സര്‍വ്വവ്യാപിയും സര്‍വ്വാധാരവും സര്‍വ്വജ്ഞവുമായ ഈശ്വരനോട് കൈക്കൂലി കൊടുത്ത്, യാചിച്ച്, ഈശ്വരനെ അധിക്ഷേപിക്കരുതേ! അങ്ങനെ ചെയ്യുന്നത് നന്മയിലൂന്നിയ ആത്മവിശ്വാസം (അഹങ്കാരമല്ല) നഷ്ടപ്പെടുത്താനിടവരും.

ഈശ്വരാര്‍പ്പണമായി കര്‍മ്മം അനുഷ്ഠിക്കുന്നതിലൂടെ വിധിയെയും മറികടക്കാം

രണ്ടു സുഹൃത്തുക്കള്‍ അവരുടെ ജാതകം തയ്യാറാക്കി. രണ്ടു പേരുടെ ജാതകത്തിലും പാമ്പുകടിയേല്‍ക്കുമെന്നാണു വിധി. ഇതറിഞ്ഞനാള്‍ മുതല്‍ പാമ്പിനെക്കുറിച്ചും മരണത്തെക്കുറിച്ചും ചിന്തിച്ചു ചിന്തിച്ചു് ഒരു സുഹൃത്തിനു് ആധിയായി. മാനസികരോഗിയായിത്തീര്‍ന്നു. മകൻ്റെ അസുഖം കാരണം വീട്ടുകാരുടെ മനഃസ്വസ്ഥതയും നഷ്ടമായി.

മറ്റേ സുഹൃത്തു ചിന്തിച്ചു് ആധികേറാന്‍ പോയില്ല, പരിഹാരമെന്തെന്നു് ആലോചിച്ചു. പാമ്പുകടി ഏല്ക്കാതിരിക്കാനുള്ള മാര്‍ഗ്ഗം അന്വേഷിച്ചു. തൻ്റെ കഴിവുകളുടെ പരിമിതിയെക്കുറിച്ചു ബോദ്ധ്യം വന്ന അദ്ദേഹം ഈശ്വരഭക്തനായിത്തീര്‍ന്നു. ഈശ്വരനോടു ശരണാഗതിയടഞ്ഞു. എങ്കിലും ഈശ്വരന്‍ നല്കിയിരിക്കുന്ന ബുദ്ധിയും ആരോഗ്യവും ഉപയോഗിച്ചു വേണ്ട പ്രയത്‌നം ചെയ്യുവാന്‍ ഉറച്ചു പാമ്പു കടിക്കാതിരിക്കുന്നതിനുള്ള എല്ലാ കര്‍മ്മങ്ങളും ചെയ്തു മുറിയില്‍ത്തന്നെ കഴിഞ്ഞു.

കുറെനാള്‍ കഴിഞ്ഞു്, പാമ്പുകടി ഏലേ്ക്കണ്ട നാളുകളായി. ഒരു ദിവസം പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്നു ഞെട്ടിയെഴുന്നേറ്റു. കാലു് എന്തിലോ തട്ടി മുറിഞ്ഞു. മുറിയില്‍ പാമ്പിൻ്റെ ഒരു പ്രതിമ ഉണ്ടായിരുന്നു. അതില്‍ നാക്കുപോലെ നീട്ടിവെച്ചിരുന്ന കമ്പിയിലാണു കാലുതട്ടിയതു്. പാമ്പു കടിക്കേണ്ട സമയത്തുതന്നെ ജീവനില്ലാത്ത പാമ്പാണെങ്കില്‍ക്കൂടി മുറിവു പറ്റി. പക്ഷേ, വിഷം ഏറ്റില്ല. ഈശ്വരാര്‍പ്പണത്തോടെ ചെയ്ത തൻ്റെ പ്രയത്‌നം സഫലമായി. എന്നാല്‍ മറ്റേ ആളാകട്ടെ പാമ്പുകടി ഏല്ക്കുന്നതിനു മുന്‍പുതന്നെ ആധികേറി ആധികേറി ഒരു ജന്മം മുഴുവന്‍ നഷ്ടപ്പെടുത്തി. അതിനാല്‍ വിധിയെ പഴിചാരാതെ, ഈശ്വരാര്‍പ്പണമായി പ്രയത്‌നം ചെയ്യുക. ഏതു പ്രതിബന്ധത്തെയും അതിജീവിക്കാം.

No comments:

Post a Comment