ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

26 August 2018

ഉപാസനയും വിപാസനയും

ഉപാസനയും വിപാസനയും

ആധ്യാത്മികതയില്‍ ഈശ്വരനെ അറിയാന്‍ ഉപയോഗിക്കുന്ന രീതിയാണ് ഉപാസന, ഉപാസന എന്നാല്‍ അന്തഃകരണശുദ്ധിയാണ് അന്തഃകരണമെന്നാല്‍ മനസ്സ്, ചിത്തം, ബുദ്ധി, അഹങ്കാരം എന്നിവയുടെ കൂട്ടായ്മയാണ്. ഇവ നാലും ശുദ്ധമാകുന്ന പദ്ധതിയെ നമുക്ക് ഉപാസന എന്നു വിളിക്കാം. എങ്ങനെ നമുക്ക് ഈ നാലു ഭാവങ്ങളും ശുദ്ധമാക്കാം? അതിനുള്ള ഉപാധിയാണ് ഉപാസന. സ്വന്തം ശരീരമാണ് ഉപാസനയുടെ ആദ്യലോകം. ഈ ലോകത്തിന്റെ ചെറുപതിപ്പാണ് നമ്മുടെ ശരീരം. ശരീരാന്തര്‍ഗതമായ അനേകം ദിവ്യശക്തികളെ എങ്ങനെ ഉണര്‍ത്താമെന്ന ചിന്തയാണ് ഉപാസന.  ശരീരത്തിലുള്ള  ഈ ദിവ്യശക്തികളെ നമുക്ക് ദേവതകള്‍ എന്നു വിളിക്കാം. ഈ ദേവതകളുടെ പ്രകാശം കൊണ്ടാണ് ഇഷ്ടദേവതയെ അഥവാ ഉപാസനാമൂര്‍ത്തിയെ ഒരു സാധകന്‍ സാക്ഷാത്ക്കരിക്കുന്നത്. അന്തഃകരണശുദ്ധിക്ക് ഏറ്റവുമധികം തടസ്സമായി വരുന്നത് ആസുരവൃത്തികളും അശുഭകാര്യങ്ങളുമാണ്. എല്ലാവര്‍ക്കും ഉപാസകരാകാം. എന്നാല്‍ എല്ലാവര്‍ക്കും ഇഷ്ടദേവതാ പ്രസാദമുണ്ടാകണമെന്നില്ല. ശരീരാന്തര്‍ഗതമായിരിക്കുന്ന ദേവതകള്‍ അഥവാ ദിവ്യശക്തികള്‍ നമുക്ക് അനുഗുണമല്ലെങ്കില്‍ സാധനയില്‍ ഒരു അടി പോലും മുന്നോട്ടുപോകില്ല. ഇതിന്നാണ് നിരവധി ഉപായങ്ങള്‍ ഭാരതീയ ഋഷിമാര്‍ മുന്നോട്ടുവെച്ചിട്ടുള്ളത്. അതിലൊന്ന് സ്വാധ്യായംതന്നെയാണ്. എത്ര ഉന്നതനായാലും ആ വ്യക്തിയില്‍ അല്പമൊരു വീഴ്ച സംഭവിച്ചാല്‍ അതുവരെ ചെയ്ത എല്ലാ സാധനകളുടേയും ഫലം ഇല്ലാതാകും. ഒരു സംവത്സരമെങ്കിലും പ്രതിദിനം ജിതേന്ദ്രിയനായി, പവിത്രനായി വിധിപൂര്‍വ്വം വേദാധ്യയനം ചെയ്യണമെന്നാണ് മനു തന്റെ വിഖ്യാതമായ സ്മൃതിയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അങ്ങനെ ഓരോ സാധകനും നിയതേന്ദ്രിയനായിരിക്കണം.

ഉപാസനയുടെ രണ്ടുവഴികൾ 
പിപീലികമാർഗ്ഗം അല്ലെങ്കിൽ വാമദേവ മാർഗ്ഗം.  വിഹഗമാർഗ്ഗം അല്ലെങ്കിൽ ശുകമാർഗ്ഗം

തന്റെ സ്വരൂപത്തിലേക്ക്‌ പോകുന്നതിനുവേണ്ടി തന്റെ വാസനകളിൽ ഓരോന്നിനെയും സ്വയം എരിച്ചുകളയുന്ന ധ്യാനമാർഗ്ഗമാണ്‌ പിപീലികമാർഗ്ഗം. ധ്യാനാത്മകമായ ഒരു മനസ്സോടു കൂടി ഇരുന്ന്‌ ഏതെങ്കിലുമൊരു മന്ത്രത്തെ സ്വയം സ്വീകരിച്ച്‌ നിത്യനിരന്തരമായി ഉപാസിക്കുകയാണ്‌ ഈ മാർഗ്ഗത്തിൽ.

നിത്യനിരന്തരമായി തങ്ങളുടെ മനസ്സിനെ ത്രാണനം ചെയ്യുന്നതിന്‌ പര്യാപ്തമായൊരു ഉപാസനാരീതിയാണ്‌ വാമദേവമാർഗ്ഗം അല്ലെങ്കിൽ പിപീലിക മാർഗ്ഗം. ഒരിടത്ത്‌ ഏകാഗ്രമായി ഇരുന്ന്‌  ഇതിനവർ സ്വീകരിക്കുന്ന ആസനം തന്നെ വജ്രാസനമാണ്‌. ഏകാഗ്രമായി വജ്രാസനത്തിൽ ഇരുന്ന്‌ ഉപാസിക്കുമ്പോൾ, ആ സമയം ആരെങ്കിലും തങ്ങളെ കൊല്ലാൻവന്നാൽപോലും അവരത്‌ അറിയില്ല; യാതൊരു ബോധവുമില്ലാത്തൊരു വിധത്തിലുള്ള ഉപാസനാ രീതിയാണത്‌. വജ്രാസനത്തിൽ ഇരുന്ന്‌ ഉപാസിക്കുമ്പോൾ മനസ്സ്‌ വജ്രകഠോരമാകുമെന്നാണുപറയുന്നത്‌; അതുകൊണ്ടാണ്‌ ആ ഉപാസനാ വഴിപോകുന്നവരുടെ മനസ്സിന്‌ നല്ല ഉറപ്പുകിട്ടുന്നത്‌. ഇങ്ങനെയാണ്‌ വാമദേവമാർഗ്ഗികൾ പ്രാർത്ഥിക്കുന്നത്‌ അല്ലെങ്കിൽ ഉപാസിക്കുന്നത്‌.

വിപാസന

വിപാസനയെന്നാൽ എല്ലറ്റിനോടും സാക്ഷീഭാവത്തിൽ നോക്കിയിരുന്ന്, സ്വയം നിരീക്ഷിച്ചു യാഥാർഥ്യം മനസ്സിലാക്കലാണ് വിപസ്സന. മറ്റു ധ്യാനമാർഗങ്ങളിലും യോഗയിലുളളതുപോലെ പ്രാണായാമമോ ശ്വാസത്തെ ക്രമപ്പെടുത്തലോ ശാരീരികാഭ്യാസമോ ഒന്നും ഇവിടെയില്ല. ഒരിടത്ത്, സ്വസ്ഥമായി വെറുതെ ഇരിക്കുക. ശ്വാസം വരുന്നതും പോകുന്നതും മാത്രം നിരീക്ഷിക്കുക. ശ്വാസനിയന്ത്രണമൊന്നും വേണ്ട. ശ്വാസത്തെക്കുറിച്ചു ശ്രദ്ധവേണമെന്നു മാത്രം. ശ്വാസം വരുന്നതു നിങ്ങൾ അറിയുന്നുണ്ടോ? മൂക്കിന്റെ അറ്റത്തു തട്ടി പുറത്തേക്ക്. ആ ഭാഗങ്ങളിൽ കൂടി അകത്തേക്ക്. വീണ്ടും പുറത്തേക്ക്.  വെറുതെ അതു നിരീക്ഷിച്ചുകൊണ്ടേയിരിക്കുക. കേൾക്കുമ്പോൾ നിസ്സാരവും ലളിതവുമായി തോന്നും. എന്നാൽ അത്ര ലളിതമാണോ? 

ഒാരോരുത്തരുടെയും ഉളളിൽ നടക്കുന്നതെന്താണെന്ന് സ്വയം തിരിച്ചറിയാനാകുന്ന, ചോദ്യങ്ങൾക്കെല്ലാം സ്വയം ഉത്തരം കണ്ടെത്താനാകുന്ന ഒരു ധ്യാനമാർഗത്തിലേക്ക് നമുക്കും കടക്കാനാകും.  ജീവിതസന്ധാരണത്തിന്റെ വഴികളിൽ ധർമബോധത്തോടെ, ആകാംക്ഷയും ആകുലതകളുമൊഴിഞ്ഞു ശാന്തരായി മുന്നേറാനുളള വഴികാട്ടിയാണത്.

സ്വാഭാവികമായ ശ്വാസഗതിയെ ശാന്തമായി നിരീക്ഷിച്ച്, മനസിന്റെ ആഴങ്ങളിലേയ്ക്ക് കടന്നു ചെന്ന്, മനസിന്റെ ശസ്ത്രക്രിയ നടത്തി, അതിലെ മാലിന്യങ്ങളെ പുറം തള്ളി, മനസിനെ ശാന്ത - സുദൃഡമാക്കാൻ സഹായിക്കുന്ന വിപാശന ബൗദ്ധായന സമ്പ്രദായത്തിലെ അനുഷ്ഠാന ക്രമത്തിൽ നിന്നും ഉരുതിരിഞ്ഞ് വന്നതാണ്. വിപാസന എന്ന ധ്യാനമുറ പ്രബുദ്ധതാപരിശീലനവും മനസ്സിന്റെ ഏകാഗ്രതയുമാണു്

വിപാസന എന്നാല്‍ സാക്ഷ്യം വഹിക്കുക നിരീക്ഷിക്കുക എന്നൊക്കെയാണ് അര്‍ത്ഥം. വളരെ ലളിതവും ആയാസരഹിതവുമായ ഒരു ധ്യാന രീതിയാണ് വിപാസന

ഒന്നാമത്തെ രീതി

നിങ്ങളുടെ പ്രവൃത്തികളെ പറ്റി ശരീരത്തെ പറ്റി മനസ്സിനെ പറ്റി ഹൃദയത്തെ പറ്റി ബോധവാനാകുക. എല്ലാ പ്രവൃത്തികളും ഞാന്‍ ഇത് ചെയ്യുന്നു എന്ന് ബോധത്തോടു കൂടി ചെയ്യുക. നിങ്ങളുടെ ശരീരാവവയവങ്ങളുടെ ചലനങ്ങള്‍ നിങ്ങളുടെ നടത്തം എല്ലാത്തിനെപ്പറ്റിയും ബോധവാനാകുക. നിങ്ങള്‍ അഹാരം കഴിക്കുമ്പോല്‍ അതിന്റെ രുചി, മണം, നിറം എന്നിവയെ പറ്റി ബോധവാനാകുക. ഭക്ഷണം വായിലാക്കി ചവക്കുമ്പോള്‍‍ വായിലെ പേശികളുടെ ചലനത്തെ പറ്റി ബോധവാനാകുക. ഇതുപോലെ നിങ്ങള്‍ കളിക്കുമ്പോള്‍,‍ കുളിക്കുമ്പോള്‍, കിളയ്ക്കുമ്പോള്‍,‍ ഓടുമ്പോള്‍ നിങ്ങള്‍ ഏതു പ്രവൃത്തി ചെയ്താലും അതിനെ പറ്റി ജാഗരൂഗനാകുക.

ഇതുപോലെ തന്നെ നിങ്ങളുടെ മനസ്സിനെ പറ്റി ബോധവാനാകുക. മനസിന്റെ വെള്ളിത്തിരയില്‍ കടന്നുവരുന്ന ഓരോ ചിന്തയും ഓരോ ചിത്രവും ജാഗ്രതയോടെ നിരീക്ഷിക്കുക. എന്തെല്ലാം വികാരങ്ങള്‍ മനസില്‍‍ മിന്നി മറഞ്ഞാലും വെറും നിഷ്പക്ഷ നിരീക്ഷകനാവുക. വെറും നിസംഗസാക്ഷിയാകുക അവയെ നല്ലതോ ചീത്തയോ എന്ന് വിലയിരുത്താതെ അതില്‍ കക്ഷി ചേരാതെ അതില്‍ ഉള്‍പ്പെടാതെ ഒരു നിഷ്ക്കാമ നിസംഗനിരീക്ഷകനാവുക. ചുരുക്കത്തില്‍ ഇതിനു മൂന്നു ഘട്ടങ്ങളുണ്ട്. ഒന്ന് നിങ്ങളുടെ ശരീരത്തെ പറ്റി ബോധവാനാകുക, രണ്ട് നിങ്ങളുടെ മനസ്സിനെ പറ്റി ബോധവാനാകുക, മൂന്ന് നിങ്ങളുടെ വികാരങ്ങളെ പറ്റി ബോധവാനാകുക.

രണ്ടാമത്തെ രീതി

രണ്ടാമത്തെ രീതി ശ്വാസോച്ഛ്വാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ്. ശ്വാസം ഉള്ളിലേക്കെടുക്കുമ്പോള്‍ നിങ്ങളുടെ വയര്‍ ഉയരുന്നു. ശ്വാസം വെളിയിലേക്കു വിടുമ്പോള്‍ വയര്‍ താഴുന്നു. വയറിന്റെ നിംന്നോന്നത ചലനങ്ങള്‍ നിരീക്ഷികുക. വയര്‍ ജീവന്റെ അടിസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. കാരണം വയറിലെ പൊക്കിള്‍ക്കൊടിയിലൂടെ അമ്മയുടെ ജീവനുമായി നാം ബന്ധപ്പെട്ടിരിക്കുന്നു. ഓരോ ശ്വസനത്തിലും വയര്‍ ഉയരുകയും താഴുകയും ചെയ്യുമ്പോള്‍ നിങ്ങളുടെ ജീവോര്‍ജ്ജമാണ് ഉയരുന്നതും താഴുന്നതും എന്ന് ഓര്‍ക്കുക. ഇത് വിപാസനയുടെ ഒന്നാമത്തെ രീ‍തിയേക്കാള്‍ കുറച്ചുകൂടി ആയാസരഹിതമായി അനുഭവപ്പെടും. കാരണം ഈ രീതിയില്‍ ഒരു ഘട്ടം മാത്രമേയുള്ളു ഉയരുകയും താഴുകയും ചെയ്യുന്ന വയറിനെപറ്റി ബോധവാനാകുക മാത്രം നിങ്ങള്‍ വയറിനെ പറ്റി കൂടുതല്‍ ജാഗരൂകരാകുമ്പോള്‍ മനസ്സ് നിശബ്ദമാകുന്നു. ഹൃദയം മൗനമാകുന്നു. മാനസിക ഭാവങ്ങള്‍ അപ്രത്യക്ഷമാകുന്നു.

No comments:

Post a Comment