ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

16 October 2016

അദ്വൈതചിന്താ

അദ്വൈതചിന്താ

അഖണ്ഡപരിപൂർണ്ണസച്ചിദാനന്ദമായി പ്രകാശിക്കുന്ന ബ്രഹ്മവസ്തുവിൽ, രജ്ജ്ജ്ജുവിൽ സർപ്പം, സ്ഥാണുവിൽ പുരുഷൻ, കാനലിൽജലം, ശുക്തിയിൽ രജതം, ആകാശത്തിൽ കൃഷ്ണവർണ്ണം മുതലായവ ആരോപിതങ്ങളായി തോന്നുന്നതുപോലെ മൂലപ്രകൃതി എന്നൊരു ശക്തി വിവർത്തമായി ചേഷ്ടിച്ചു. ആ മൂലപ്രകൃതിയിൽ നിന്ന്, ബ്രഹ്മസന്നിധാന വിശേഷത്താൽ സത്ത്വം, രജസ്സ്, തമസ്സ് ഇങ്ങനെ മൂന്നു വികൃതഗുണങ്ങൾ ഉണ്ടായി.
അവയിൽ
സത്ത്വം ഉത്തമവും
രജസ്സ് മദ്ധ്യമവും
തമസ്സ് അധമവുമാകുന്നു.

സത്ത്വഗുണത്തിന്റെ നിറം വെളുപ്പും
രജോഗുണത്തിന്റേത് ചെമപ്പും തമോഗുണത്തിന്റേത് കറുപ്പുമാണ്

ഈ മൂന്നു ഗുണങ്ങളും ഒന്നായിട്ട് ഒത്തിരുന്നാലും അവയിൽ ഏതെങ്കിലും ഒന്ന് അധികമായിരിക്കും. ഈ ഗുണങ്ങളെ മുമ്മൂന്ന്(ഒമ്പത്) ഭാഗങ്ങളായി വിഭജിക്കാം. അവ,

1.സത്ത്വത്തിൽ സത്ത്വം
2.സത്ത്വത്തിൽ രജസ്സ്
3.സത്ത്വത്തിൽ തമസ്സ്
4.രജസ്സിൽ സത്ത്വം
5.രജസ്സിൽ രജസ്സ്
6.രജസ്സിൽ തമസ്സ്
7.തമസ്സിൽ സത്ത്വം
8.തമസ്സിൽ രജസ്സ്
9.തമസ്സിൽ തമസ്സ്
എന്ന് വ്യവഹരിക്കപ്പെടുന്നു. സത്ത്വഗുണത്തിന്റെ സമഷ്ടിഭാവത്തെ മായയെന്നും, രജോഗുണത്തിന്റെ സമഷ്ടിഭാവത്തെ അവിദ്യയെന്നും, തമോഗുണത്തിന്റെ സമഷ്ടിഭാവത്തെ താമസി എന്നും പറഞ്ഞുവരുന്നു. അവയിൽ സത്ത്വത്തിൽ സത്ത്വത്തിൽ നിന്നു വിഷ്ണു, സത്ത്വത്തിൽ രജസ്സിൽനിന്നു ബ്രഹ്മാവ്, സത്ത്വത്തിൽ തമസ്സിൽനിന്നു രുദ്രൻ എന്നീ ത്രിമൂർത്തികളും, രജസ്സിൽ സത്ത്വത്തിൽ നിന്ന് തത്ത്വജ്ഞാനികൾ, രജസ്സിൽ രജസ്സിൽനിന്നും കർമ്മനിഷ്ടന്മാർ, രജസ്സിൽ തമസ്സിൽനിന്ന് ആലസ്യം, നിദ്ര, മയക്കം ഇവയോടുകൂടിയ മന്ദന്മാർ ഇങ്ങനെ മൂന്നുവക ജീവന്മാരും, തമസ്സിൽ സത്ത്വത്തിൽനിന്ന് അന്തഃക്കരണങ്ങൾ ജ്ഞാനേന്ദ്രിയങ്ങൾ ഇവയും, തമസ്സിൽ രജസ്സിൽനിന്ന് പ്രാണാദി വായുക്കൾ, കർമ്മേന്ദ്രിയങ്ങൾ ഇവയും, തമസ്സിൽനിന്ന് ആകാശദിപഞ്ചമഹാഭൂതങ്ങളും ഉണ്ടായി. എങ്ങനെയെന്നാൽ ആകാശത്തോട് ഏതാണ്ട് ഉപമിക്കാവുന്ന ബ്രഹ്മചൈതന്ന്യം മുൻപറയപ്പെട്ട എല്ലാഗുണങ്ങളിലും പ്രതിഫലിക്കും. സത്വഗുണതിൽ, നിർമ്മലദർപ്പണത്തിൽ സൂര്യബിംബംപോലെ, ബ്രഹ്മചൈതന്ന്യം സലക്ഷണമായി പ്രതിബിംബിക്കും. ആ പ്രതിബിംബ ചൈതന്ന്യത്തിന് ഈശ്വരനെന്നാണ് നാമം. സത്ത്വഗുണം ഈശ്വരന്റെ കാരണശരീരമാകുന്നു. അതിനെ ഈശ്വരന്റെ സുഷുപ്ത്യവസ്ഥയെന്നും ആനന്ദമയ കോശമെന്നുംകൂടി ശാസ്ത്രങ്ങളിൽ പറഞ്ഞുവരുന്നു.

മേൽ‌പ്പറയപ്പെട്ട കാരണശരീരത്തെ ഞാനെന്നഭിമാനിക്കുന്ന ഈശ്വരന് ഈശ്വരൻ, അവ്യാകൃതൻ, അന്തര്യാമി എന്നിങ്ങനെ മൂന്ന് അഭിമാനനാമങ്ങളുണ്ട്.

ത്രിമൂർത്തികൾ
അവിദ്യയെന്നുപറയുന്നത് രജോഗുണതിന്റെ സമഷ്ടി ഭാവത്തെയാണല്ലോ. ആ അവിദ്യയിൽ ബ്രഹ്മ ചൈതന്യം മലിനജലത്തിൽ സൂര്യനെന്നപോലെ അവ്യക്തമായിട്ടാണ് പ്രതിബിംബിക്കുന്നത്. സത്ത്വഗുണമയിയായ മായയിൽ സത്ത്വത്തിൽ സത്ത്വം, സത്ത്വത്തിൽ രജസ്സ്, സത്ത്വത്തിൽ തമസ്സ് എന്ന് മൂന്നു ഗുണവിഭാഗങ്ങളുണ്ടല്ലൊ. അവയിൽ സത്ത്വത്തിൽ സത്ത്വം പ്രധാനമാകുമ്പോൾ അതിൽ, പ്രതിബിംബിച്ച ഈശ്വരന് ജഗത്തിനെ രക്ഷിക്കഹേതുവായിട്ട് വിഷ്ണുവെന്നും, സത്ത്വത്തിൽ രജസ്സ് പ്രധാനമാകുമ്പോൾ അതിൽ പ്രതിബിംബിച്ച ഈശ്വരന് ജഗത്തിനെ സൃഷ്ടിക്കഹേതുവായിട്ട് ബ്രഹ്മാവെന്നും, സത്ത്വത്തിൽ തമസ്സ് പ്രധാനമാകുമ്പോൾ അതിൽ പ്രതിബിംബിച്ച ഈശ്വരന് ജഗത്തിനെ സംഹരിക്കഹേതുവായിട്ട് രുദ്രനെന്നും, പേരുകൾ പറയപ്പെടുന്ന ഈ ത്രിമൂർത്തികളുടെ ഗുണങ്ങളിൽ സർവ്വജ്ഞത്ത്വം, സർവ്വ സ്വാധീനത്ത്വം, സാക്ഷിത്ത്വം, നിർമ്മലത്ത്വം, ജഗൽകർത്ത്രത്വം, അകർത്ത്രത്വം, അന്യഥാകർത്ത്രത്വം, മായാവശിത്വം മുതലായവകൂടിയുണ്ട്. ഇവയെല്ലാംതന്നെ സത്ത്വഗുണത്തിൽ മായയിൽ ഉണ്ടായ കൽ‌പ്പനകളാകുന്നു.

ജീവാത്മാക്കൾ
അവിദ്യയെന്നു പറയുന്നത് രാജോഗുണത്തിന്റെ സമഷ്ടി ഭാവത്തെയാണെല്ലോ. ആ അവിദ്യയിൽ ബ്രഹ്മ ചൈതന്യം മലിനജലത്തിൽ സൂര്യനെന്നപോലെ അവ്യക്തമായിട്ടാണ് പ്രതിബിംബിക്കുന്നത്. ആ പ്രതിബിംബിത ചൈതന്യത്തെ ചിദാഭാസൻ (ജീവൻ) എന്ന് ശാസ്ത്രങ്ങളിൽ വ്യവഹരിക്കുന്നു. ജീവന്റെ കാരണശരീരവും ആനന്ദമായകോശവും സുഷുപ്ത്യവസ്ഥയും അവിദ്യ തന്നെയാകുന്നു. അവിദ്യാമയ മായ കാരണശരീരത്തെ ഞാനെന്നഭിമാനിക്കുന്ന ജീവന് പ്രാജ്ഞൻ, പാരമാർത്ഥികൻ, അവിച്ഛിന്നൻ ഇങ്ങനെ മൂന്ന അഭിമാനനാമങ്ങൾ കൂടിയുണ്ട്. ജീവാത്മാക്കൾ, തങ്ങളുടെ ഉപാധികളിൽ സത്ത്വഗുണം വർദ്ധിച്ചിരുന്നാൽ സാത്ത്വികന്മാരും രജസ്സു വർദ്ധിച്ചിരുന്നാൽ രാജസന്മാരും തമസ്സ് വർദ്ധിച്ചിരുന്നാൽ താമസന്മാരുമായിത്തീരുന്നു. ജീവാത്മാക്കൾക്ക് അവർ അവിദ്യാ വശഗന്മാരാകയാൽ കിഞ്ചിജ്ഞത്വവും ശുദ്ധസത്ത്വരഹിതന്മാരാകയാൽ അവിവേകിത്വവും ആഭാസന്മാരകയാൽ (ബ്രഹ്മ ചൈതന്യത്തിന്റെ പ്രതിബിംബങ്ങളാകയാൽ) അനേകത്വവും അവിദ്യയിൽ നിന്നും സ്വയം മാറി നില്ക്കാൻകഴിയാതെ അതിനോടു ചേർന്നുനില്ക്കയാൽ കാര്യോപാധികത്വവും കർത്തൃത്വവും ഭോക്തൃത്വവും സുഖിത്വവും ദുഃഖിത്വവും അഹന്തയും മമതയും മോഹിത്വവും മറ്റുമുണ്ടാകുന്നു. സാത്ത്വികന്മാർ ജ്ഞാനനിഷ്ഠകൊണ്ട് മോക്ഷത്തെയും രാജസ ന്മാർ കർമ്മനിഷ്ഠകൊണ്ട് ഇഹപരങ്ങളിലുള്ള ഗതാഗതത്വ ത്തെയും പ്രാപിക്കും. താമസന്മാരാകട്ടെ, ആലസ്യ നിദ്രാദി കൾക്കുവശപ്പെട്ട് ഈ ലോകത്തിലിരുന്നു തന്നെ ദുഃഖമനു ഭവിക്കും, ഇവ രാജസഗുണത്തിലുള്ള കല്പനകളാകുന്നു.

ആകാശാദി മഹാഭൂതങ്ങൾ
ഈശ്വരന്റെ മായാമയമായ ഇച്ഛനിമിത്തം അന്ത്യഗുണമായ തമസ്സാകട്ടെ ആവരണം, വിക്ഷേപം എന്ന് രണ്ടു ശക്തികളായി വേർപെട്ടിരിക്കും. അവയിൽ ആവരണ ശക്തി ഭയകമ്പാദികൾക്കവകാശമുളളതായും വിക്ഷേപശക്തി നാനാവിധ ദൃശ്യങ്ങൾക്കവകാശമുള്ളതായും പറയപ്പെടുന്നു. താമസഗുണത്തിന് ആവരണവിക്ഷേപരൂപമായിത്തീരാൻ സ്വയം ശക്തിയില്ല. ജീവകോടികൾക്കെല്ലാം അനുഭോഗത്തിനു തക്ക തായ സാധനങ്ങൾ ഉണ്ടാകത്തക്കവണ്ണം തമോഗുണം ഈശ്വരേച്ഛനിമിത്തം ആവരണ വിക്ഷേപരൂപേണ പരിണമിക്കുക യാണുണ്ടായത്. ആവരണ വിക്ഷേപശക്തികളിൽ അജ്ഞാന ത്തെ അറിവില്ലായ്മയെ ആവരണമെന്നും, അറിവിനെ നാനാത്വബോധത്തെ വിക്ഷേപശക്തിയെന്നും അറിയേണ്ടതാ കുന്നു. ഈ രണ്ടു ശക്തികളിൽ വെച്ച് ആവരണം വസ്തു സ്വഭാവത്തെ മറയ്ക്കുന്ന സ്വഭാവത്തോടുകൂടിയതും, വിക്ഷേപം വസ്തുവിനെ പലതാക്കിത്തീർക്കുന്ന സ്വഭാവത്തോടുകൂടിയതു മാണ്. തനിക്കു താൻതന്നെ തുല്യ നായിട്ടുള്ള ഈശ്വരനെയും ആത്മജ്ഞാനികളായ മഹാന്മാരെയും ഒഴിച്ച് ദേഹം ഞാനെന്ന് അഭിമാനിച്ചിരിക്കുന്ന മൂഢബുദ്ധികളുടെ ഉള്ളിൽ സദോദയ മായി പ്രകാശിച്ചുകൊണ്ടിരിക്കുന്ന ജ്ഞാനദൃഷ്ടിയെ കെടുക്കു മാറ് അവരണശക്തി ആന്ധകാരമയമായ മഴക്കാലത്തെ അമാവാസി എന്നപോലെ മറച്ചുകൊണ്ടിരിക്കും. അങ്ങനെയിരി ക്കുന്നതിനാൽ കൂടസ്ഥബ്രഹ്മമായ അധിഷ്ഠാനചൈതന്യ ത്തിനും ജീവേശ്വരന്മാരെന്നുള്ള ആരോ പങ്ങൾക്കും തമ്മിലുള്ള ഭേദത്തെപ്പറ്റി ലേശവും അറിയാൻ പാടില്ലാത്തവിധം ജീവന്മാർക്ക് അന്ധത്വം ഭവിക്കും. അതിനാൽ ആ ആവരണ ശക്തിയാകട്ടെ അവസാനമില്ലാതെ നിരന്തരമായി കഠോരമായിരി ക്കുന്ന ജനനമരണാദി വേദനകളെ ഉണ്ടാക്കു ന്നതിനുള്ള ഉപാധിയായിത്തീരുന്നു.

ഇനി വിക്ഷേപശക്തിയെ പ്പറ്റി പറയാം.
വിക്ഷേപശക്തിയിൽനിന്ന് ശബ്ദതന്മാത്രയായ ആകാശവും, ആകാശത്തിൽ നിന്ന് സ്പർശതന്മാത്രയായ വായുവും വായുവിൽ നിന്ന് രൂപതന്മാത്രയായ അഗ്നിയും, അഗ്നിയിൽ നിന്ന് രസതന്മാത്രയായ ജലവും, ജലത്തിൽ നിന്ന് ഗന്ധതന്മാത്രയായ പൃഥ്വിയും ഉണ്ടായി. ഈ സൂക്ഷ്മഭൂത ങ്ങൾക്ക് കാരണമായിരിക്കുന്ന വിക്ഷേപ ശക്തിയിൽ സത്ത്വാദി ഗുണങ്ങൾ അടങ്ങിയിരിക്കുകയാൽ സൂക്ഷ്മഭൂതങ്ങളും കാരണ ത്തെ അനുസരിച്ച് ത്രിഗുണാത്മകങ്ങൾ തന്നെയാകുന്നു. ആ സൂക്ഷ്മഭൂതങ്ങൾക്ക് അപഞ്ചീകൃതപഞ്ചമഹാഭൂതങ്ങളെന്നും തന്മാത്രകളെന്നും കൂടി പേരുകളുണ്ട്.

സൂക്ഷ്മശരീരോൽപ്പത്തി
ആകാശം മുതലായ സൂക്ഷ്മഭൂതങ്ങൾ ത്രിഗുണാത്മകങ്ങളായിരിക്കയാൽ അവയിൽ,
ശബ്ദതന്മാത്രയുടെ സാത്ത്വികസമഷ്ടിഭാഗം ജ്ഞാനവും
സ്പർശമാത്രയുടെ സാത്ത്വികസമഷ്ടിഭാഗം മനസ്സും
രൂപമാത്രയുടെ സാത്ത്വികസമഷ്ടിഭാഗം ബുദ്ധിയും
രസമാത്രയുടെ സാത്ത്വികസമഷ്ടിഭാഗം ചിത്തവും
ഗന്ധമാത്രയുടെ സാത്ത്വികസമഷ്ടിഭാഗം അഹങ്കാരവും
ശബ്ദതന്മാത്രയുടെ സാത്ത്വികവ്യഷ്ടിഭാഗം ശ്രോത്രേന്ദ്രിയവും
സ്പർശമാത്രയുടെ സാത്ത്വികവ്യഷ്ടിഭാഗം ത്വഗിന്ദ്രിയവും
രൂപമാത്രയുടെ സാത്ത്വികവ്യഷ്ടിഭാഗം നേത്രേന്ദ്രിയവും
രസമാത്രയുടെ സാത്ത്വികവ്യഷ്ടിഭാഗം ജിഹ്വേന്ദ്രിയവും
ഗന്ധമാത്രയുടെ സാത്ത്വികവ്യഷ്ടിഭാഗം ഘ്രാണേന്ദ്രിയവും
ശബ്ദമാത്രയുടെ തന്മാത്രയുടെ രാജസസമഷ്ടിഭാഗം സമാനവായുവും
സ്പർശമാത്രയുടെ രാജസസമഷ്ടിഭാഗം വ്യാനവായുവും
രൂപമാത്രയുടെ രാജസസമഷ്ടിഭാഗം ഉദാനവായുവും
രസമാത്രയുടെ രാജസസമഷ്ടിഭാഗം അപാനവായുവും
ഗന്ധമാത്രയുടെ രാജസസമഷ്ടിഭാഗം പ്രാണവായുവും
ശബ്ദമാത്രയുടെ തന്മാത്രയുടെ രാജസ വ്യഷ്ടിഭാഗം വാഗിന്ദ്രിയവും
സ്പർശമാത്രയുടെ രാജസ വ്യഷ്ടിഭാഗം പാണീന്ദ്രിയവും
രൂപമാത്രയുടെ രാജസ വ്യഷ്ടിഭാഗം പാദേന്ദ്രിയവും
രസമാത്രയുടെ രാജസ വ്യഷ്ടിഭാഗം ഗുഹ്യേന്ദ്രിയവും
ഗന്ധമാത്രയുടെ രാജസ വ്യഷ്ടിഭാഗം ഗുദേന്ദ്രീയവും
ആയിത്തീരുന്നു.

മേൽ വിവരിക്കപ്പെട്ടവയിൽ ജ്ഞാനം, ശ്രോത്രേന്ദ്രിയം, സമാനവായു വാഗിന്ദ്രിയം ഇവ നാലും ശബ്ദതന്മാത്രയുടെയും മനസ്സ് ത്വഗിന്ദ്രിയം വ്യാനവായു പാണീന്ദ്രിയം ഇവ നാലും സ്പർശതന്മാത്രയുടെയും, ബുദ്ധി നേത്രേന്ദിയം ഉദാനവായു പാദേന്ദ്രിയം ഇവ നാലും രൂപതന്മാത്രയുടെയും ചിത്തം രസനേന്ദ്രിയം അപാനവായു ഗുഹ്യേന്ദ്രിയം ഇവ നാലും രസ തന്മാത്രയുടെയും, അഹങ്കാരം ഘ്രാണേന്ദിയം പ്രാണവായു ഗുദേന്ദ്രിയം ഇവ നാലും ഗന്ധ തന്മാത്രയുടെയും കൂറുകൾ ആകുന്നു. ജ്ഞാനസാധനങ്ങൾ പഞ്ചതന്മാത്രകളുടെ സാത്ത്വിക സമഷ്ടി ഭാഗങ്ങളായ അന്തഃകരണങ്ങൾ അഞ്ചും സാത്ത്വികവ്യഷ്ടി ഭാഗങ്ങളായ ജ്ഞാനേന്ദ്രിയങ്ങൾ അഞ്ചും ജ്ഞാനസാധനങ്ങളാകുന്നു. അന്തഃകരണം പഞ്ചഭൂതാത്മക മെന്നു തെളിയിക്കാം: അന്തഃകരണം ആകാശം പോലെ സകലത്തിനും ഇടംകൊടുത്തു ധരിക്കുന്നതിനാൽ ആ ധാരണയ്ക്ക് സാധകമായ ജ്ഞാനം ആകാശാംശവും, വായു വെന്നതുപോലെ സങ്കല്പവികല്പരൂപേണ ചലിക്കുന്നതിനാൽ ആ ചലനവൃത്തിയായ മനസ്സ് വായ്വംശവും, അഗ്നിയെപ്പോലെ വിഷയങ്ങളെ പ്രകാശിപ്പിക്കുന്നതിനാൽ ആ പ്രകാശവൃത്തിയായ ബുദ്ധി അഗ്ന്യംശവും, ജലത്തെപ്പോലെ സർവ്വത്തിലും ചേർന്നിരിക്കയാൽ ആ വ്യാപക വൃത്തി യായ ചിത്തം ജലാംശവും, ഭൂമിയെപ്പോലെ സകല വിഷയങ്ങളിലും കഠിനമായി അഭിമാനിച്ചിരിക്കുന്നതിനാൽ ആ അഭിമാനവൃത്തി യായ അഹങ്കാരം പൃഥ്വിവ്യംശവും ആകുന്നു. ജ്ഞാനേന്ദ്രിയഗുണങ്ങൾ: ശ്രോത്രം ആകാശാംശമാകയാൽ ശബ്ദത്തെയും, ത്വക് വായ്വംശമാകയാൽ സ്പർശ ത്തെയും, നേത്രം അഗ്ന്യംശമാകയാൽ രൂപ ത്തെയും, രസന ജലാംശമാക യാൽ രസത്തെയും, ഘ്രാണം പൃഥ്വിവ്യംശമാകയാൽ ഗന്ധത്തെ യും മാത്രം ഗ്രഹിക്കുന്നു.

പ്രാണാദിവായുക്കളും, പഞ്ചകർമ്മേന്ദ്രിയങ്ങളും
തന്മാത്രകളുടെ രാജസഗുണ സമഷ്ട്യംശങ്ങളായ വായുക്കളഞ്ചും വ്യഷ്ട്യംശങ്ങളായ കർമ്മേന്ദ്രിയങ്ങളഞ്ചും ക്രിയാസാധന ങ്ങളാകുന്നു. അവയിൽ പ്രാണാദി പഞ്ചവായുക്കളുടെ ഗുണങ്ങൾ സമാനവായു ആകാശാംശമാകയാൽ ആകാശത്തെ പ്പോലെ ശരീരമദ്ധ്യമായ നാഭിസ്ഥാനത്തിരുന്ന് ഭക്ഷണ സാധന ങ്ങളെ സർവ്വ അംഗങ്ങൾക്കും പകുത്തുകൊടുക്കും, വ്യാനവായു വായ്വംശമാകയാൽ വായുവിനെപ്പോലെ സർവ​അംഗങ്ങളിലു മിരുന്നു ശരീരത്തെ നിലനിർത്തും. ഉദാനവായു അഗ്ന്യംശമാക യാൽ അഗ്നിയെപ്പോലെ കണ്ഠസ്ഥാനത്തിരുന്നു ജഠരാഗ്നിയെ ജ്വലിപ്പിച്ച് അന്ന പാനാദികളെ ഉള്ളിലേക്ക് കടത്തിക്കൊണ്ടി രിക്കും. അപാനവായു ജലാംശമാകയാൽ ജലത്തെപ്പോലെ ഗുദസ്ഥാനത്തിരുന്നു മലമൂത്രവിസർജ്ജനങ്ങൾ നടത്തിക്കൊണ്ടി രിക്കും. പ്രാണവായു പൃഥ്വിവ്യംശമാകയാൽ ഭൂമിയെപ്പോലെ ഹൃദയസ്ഥാനത്തിരുന്ന് ഉച്ഛ്വാസനിശ്ശ്വാസങ്ങളെ ചെയ്യിക്കും.

വേറെ നാഗൻ, കൂർമ്മൻ, കൃകലൻ, ദേവദത്തൻ, ധനഞ്ജയൻ ഇങ്ങനെ അഞ്ച് ഉപവായുക്കൾക്കൂടിയുണ്ട്. അവയിൽ നാഗൻ ഛർദ്ദിയെയും, കൂർമ്മൻ വിക്കൽ, ഏമ്പക്കം, കണ്ണടയ്ക്കൽ, മിഴിക്കൽ, ഇവയെയും, കൃകലൻ തുമ്മൽ വലിവു മുതലായവയെയും, ദേവദത്തൻ ചിരി, വചനം, കോട്ടുവായ് ഇവയെയും ചെയ്യും. ധനഞ്ജയനാകട്ടെ, പ്രാണൻ പോയശേഷവും ദുർഗന്ധങ്ങളെ പുറപ്പെടുവിച്ചുകൊണ്ട് അഞ്ചു ദിവസംവരെ ശരീരത്തിലിരുന്നു വീങ്ങി തലവിള്ളലിനെ ചെയ്യും. പ്രാണാദിവായുക്കളഞ്ചും ആന്തരങ്ങളും, ശ്രോത്രാദി ജ്ഞാനേന്ദ്രിയങ്ങളുടെ ചേഷ്ടയ്ക്കു ഹേതുക്കളുമാകുന്നു. എന്നാൽ നാഗാദി പഞ്ചവായുക്കളാകട്ടെ, പ്രാണാദികളെ അപേക്ഷിച്ച് ബാഹ്യങ്ങളും വാഗാദി കർമ്മേന്ദ്രിയങ്ങളുടെ ചേഷ്ടയ്ക്കു കാരണഭൂതങ്ങളുമാണ്.

കർമ്മേന്ദ്രിയങ്ങൾ
വാക്ക്, പാണി, പാദം, ഗുഹ്യം, ഗുദം ഇവയഞ്ചുമാണല്ലോ കർമ്മേന്ദ്രിയങ്ങൾ, ഇവയിൽ വാക്ക് ആകാശാംശമാകയാൽ ആകാശസഹിതമായിട്ടു വചിക്കുകയും., പാണി വായ്വംശമാകയാൽ വായുസഹിതമായിട്ട് ഉയർത്തുക താഴ്ത്തുക മുതലായവ ചെയ്കയും, പാദം അഗ്ന്യംശമാകയാൽ അഗ്നിസഹിതമായിട്ടു നടക്കുകയും, ഗുഹ്യേന്ദ്രിയം ജലാംശ മാകയാൽ ജലസഹിതമായിട്ട് ആനന്ദിക്കുകയും, ഗുദേന്ദ്രിയം പൃഥ്വിവ്യംശമാകയാൽ പൃഥ്വിസഹിതമായിട്ടു മലവിസർജ്ജനം ചെയ്കയും ചെയ്യും. മേൽ വിവരിക്കപ്പെട്ട ഈ ഇരുപതു തത്ത്വങ്ങളും സൂക്ഷ്മശരീരമാകുന്നു. സൂക്ഷ്മശരീരമെന്നു പറയുന്നത് പ്രാണമയം, മനോമയം, വിജ്ഞാനമയം എന്നു മൂന്നു കോശങ്ങളോടുകൂടിയതാകുന്നു. പ്രാണാദിപഞ്ചകവും, കർമ്മേന്ദ്രിയപഞ്ചകവും ചേർന്നതിന് പ്രാണമയ കോശമെന്നും, മനസ്സും ജ്ഞാനേന്ദ്രിയപഞ്ചകവും ചേർന്നതിനു മനോമയ കോശമെന്നും ബുദ്ധിയും ജ്ഞാനേന്ദ്രിയപഞ്ചകവും ചേർന്ന തിനു വിജ്ഞാ നമയകോശമെന്നും പറയുന്നു. ദേവരാക്ഷസ മാനുഷമൃഗാദി സകലജീവജാലങ്ങൾക്കും ഓരോരുത്തർക്കും ഓരോ ശരീരമായിട്ട് കോശത്രയാത്മകമായ ഈ സൂക്ഷ്മ ശരീരത്തെ ഈശ്വരൻ സൃഷ്ടിച്ചുകൊടുത്തിട്ടുണ്ട്. ഇതിൽ സമഷ്ടിസൂക്ഷ്മശരീരം ഞാനെന്നഭിമാനിക്കുന്ന ഈശ്വരന് ഹിരണ്യഗർഭൻ, സൂത്രാത്മാവ്, മഹാപ്രാണൻ ഇങ്ങനെ മൂന്ന് അഭിമാനനാമങ്ങളുണ്ട്. വ്യഷ്ടിസൂക്ഷ്മശരീരത്തെ ഞാനെന്ന ഭിമാനിക്കുന്ന ജീവന് തൈജസൻ, പ്രാതിഭാസികൻ, സ്വപ്ന കത്തിതൻ ഇങ്ങനെ മൂന്ന് അഭിമാനനാമങ്ങൾ പറയപ്പെടുന്നു. ഈ സൂക്ഷ്മശരീരം താനായിട്ടു തോന്നുന്ന അവസ്ഥയ്ക്ക് സ്വപ്ന മെന്നാണ് പറയുന്നത്. സൂക്ഷ്മശരീരാഭിമാനിയായ ജീവനു സ്വർഗ്ഗനരകാദി ലോകപ്രാപ്തിയും, അവിടെയുള്ള സ്വകർമ്മ ഫലാനുഭവത്തിനുശേഷം ഇവിടെത്തന്നെ പുനർജന്മവുമുണ്ട്. ഇതു സൂക്ഷ്മശരീരകല്പനയാകുന്നു.

സ്ഥൂലപ്രപഞ്ചസൃഷ്ടിയും പഞ്ചീകരണവും
സുഖദുഃഖങ്ങളോടു ചേർന്നുനില്ക്കുന്ന ജീവന്മാർക്ക് സ്ഥൂല ശരീരവും ഭോഗവും സംഭവിക്കുമാറ് സർവ്വ ജീവ രക്ഷ കനായ ഈശ്വരൻ അപഞ്ചീകൃതപഞ്ചമഹാഭൂതങ്ങളെ പഞ്ചീകരിച്ചു. എങ്ങനെയെന്നാൽ, അപഞ്ചീകൃതപഞ്ച മഹാഭൂതങ്ങളുടെ താമസഗുണതന്മാത്രകളിൽ ഓരോന്നി നെയും തുല്യങ്ങളായ ഈ രണ്ടു ഭാഗങ്ങളായി വിഭജിച്ച് അവയിൽ ആദ്യഭാഗങ്ങളായ അഞ്ചുഭാഗങ്ങളെ ഓരോന്നിനെയും നന്നാലാക്കി ആദ്യഭാഗങ്ങളിൽ തന്റെ അംശത്തെ വിട്ട് മറ്റേ നാലംശത്തിന്റെ പപ്പാതിയോടു ചേർത്തപ്പോൾ സ്വാംശം പകുതിയും മറ്റു നാലാംശങ്ങൾ അരയ്ക്കാൽ ഭാഗം (മറ്റോരോ ഭൂതത്തിന്റെയും അരയ്ക്കാൽ ഭാഗം) വീതം കൂടിയ പകുതിയും ചേർന്നു സ്ഥൂലഭൂതങ്ങൾ ഉണ്ടായി. ഈ സ്ഥൂലഭൂതങ്ങളിൽ നിന്ന് സ്ഥൂല ശരീരങ്ങളും സകലാണ്ഡങ്ങളും അവയിലൊന്നായ ഭൂമിയും ഭോഗങ്ങളും ഉത്ഭവിച്ചു. ഈ സ്ഥൂലപഞ്ചഭൂതങ്ങൾക്ക് ദശവിധഗുണങ്ങളുണ്ടെന്ന് ശ്രുതികളിൽ പറയുന്നു. 

അപഞ്ചീകൃതപഞ്ചമഹാഭൂതങ്ങളുടെ താമസഗുണ തന്മാത്ര കളിൽ ഓരോന്നിനെയും ഈരണ്ടായി ഭാഗിച്ചത് ജീവകോടി കളുടെ ഉപയോഗത്തിനുവേണ്ടി മാത്രമാകുന്നു. എങ്ങനെയെ ന്നാൽ ആകാശത്തിന്റെ അർദ്ധാംശം ഭൂതപിശാചുക്കൾക്കും, ബാക്കി മറ്റു ജീവകോടികൾക്കും, വായുവിന്റെ അർദ്ധാംശം പക്ഷിജാതികൾക്കും, അന്യാംശം അന്യജിവികൾക്കും, അഗ്നി യുടെ അർദ്ധാംശം ദേവകൾക്കും, മറ്റേ അംശം മറ്റുള്ള ജീവികൾ ക്കും, ജലത്തിന്റെ അർദ്ധാംശം മത്സ്യാദിജലജന്തുക്കൾക്കും, ഇതരാംശം അന്യജന്തുക്കൾക്കും, പൃഥ്വിയുടെ അർദ്ധാംശം സ്ത്രീജാതികൾക്കും, ബാക്കി അർദ്ധാംശം മറ്റുള്ള ജീവകോടി കൾക്കും വേണ്ടിയാകുന്നു. ഇപ്രകാരം അവരവർക്ക് തക്കതു പോലെ അനുഭവിക്കത്തക്കവിധത്തിൽ ആക്കിയതു തന്നെയാണ് പഞ്ചീകരണംകൊണ്ടുള്ള പ്രയോജനം. ഇനിയും അരഭാഗത്തെ എടുത്ത് അരയ്ക്കാൽഭാഗമാക്കി (പകുതിയുടെ നാലിൽ ഒന്ന്) പഞ്ചീകരണം ചെയ്ത് ഇതരഭുത ങ്ങളോടു മിശ്രീകരിച്ചതിന്റെ പ്രയോജനമെന്തെന്നു പറയുന്നു. ആകാശത്തിൽ സ്പർശ, രൂപ, രസ, ഗന്ധങ്ങളായ നാലു ഗുണങ്ങൾ വ്യാപ്യങ്ങളായിനാൽ അദൃശ്യങ്ങളായും നിജഗുണ മായ ശബ്ദം ദൃശ്യമായും ഇരിക്കും. വായുവിൽ രൂപരസഗന്ധ ങ്ങളായ മൂന്നു ഗുണങ്ങൾ വ്യാപ്യങ്ങളായതിനാൽ അദൃശ്യ ങ്ങളായും കാരണഗുണമായ ശബ്ദവും നിജഗുണമായ സ്പർശവും ദൃശ്യങ്ങളായും ഇരിക്കും. അഗ്നിയിൽ രസഗന്ധങ്ങളായ രണ്ടു ഗുണങ്ങൾ വ്യാപ്യങ്ങളായതു കൊണ്ട് അവ അദൃശ്യങ്ങളായും കാരണഗുണങ്ങളായ ശബ്ദസ്പർശങ്ങളും നിജഗുണമായ രൂപവും ദൃശ്യങ്ങളായും ഇരിക്കും. ജലത്തിൽ ഗന്ധഗുണം വ്യാപ്യമായതുകൊണ്ട് അവ അദൃശ്യങ്ങളായും കാരണഗുണങ്ങളായ ശബ്ദസ്പർശങ്ങളും നിജഗുണമായ രൂപവും ദൃശ്യങ്ങളായും ഇരിക്കും. ജലത്തിൽ ഗന്ധഗുണം വ്യാപ്യമായതുകൊണ്ട് അദൃശ്യമായും ശബ്ദസ്പർശരൂപ ങ്ങളാകുന്ന കാരണഗുണങ്ങളും നിജഗുണമായ രസവും ദൃശ്യങ്ങളായും ഇരിക്കും. പൃഥ്വിവിയിൽ കാരണഗുണങ്ങളായ ശബ്ദസ്പർശരൂപരസങ്ങളും നിജഗുണമായ ഗന്ധവും ദൃശ്യ ങ്ങളായിത്തന്നെ ഇരിക്കും. സൂഷ്മഭൂതങ്ങളിൽ നിന്നും സൂക്ഷ്മ ശരീരങ്ങളുണ്ടായതു പോലെതന്നെ, പഞ്ചീകരിച്ചതായ സ്ഥൂലഭൂതങ്ങളിൽ നിന്നും സ്ഥൂലശരീരങ്ങളുമുണ്ടായി.

സ്ഥൂലശരീരങ്ങൾ ഉണ്ടായ ക്രമം

പൃഥ്വി:
പൃഥ്വിയിൽ സ്വാംശം പകുതി ചേർന്നത് അസ്ഥിയും, പൃഥ്വിയിൽ അരയ്ക്കാൽ ഭാഗം ജലം ചേർന്നത് മാംസവും പൃഥ്വിയിൽ (1/8) ഭാഗം അഗ്നി ചേർന്നതു ചർമ്മവും പൃഥ്വിയിൽ 1/8 ഭാഗം വായു ചേർന്നതു ഞരമ്പുകളും പൃഥ്വിയിൽ 1/8 ഭാഗം ആകാശം ചേർന്നതു രോമങ്ങളും ആകുന്നു. ഇവ അഞ്ചും പൃഥ്വിയുടെ കൂറൂകളാകുന്നു.

ജലം:
ജലത്തിൽ സ്വാംശം പകുതിചേർന്നത് മൂത്രവും ജലത്തിൽ പൃഥ്വി അരയ്ക്കാൽഭാഗം ചേർന്നതു മജ്ജയും ജലത്തിൽ അഗ്നി അരയ്ക്കാൽഭാഗം ചേർന്നതു വിയർപ്പും ജലത്തിൽ വായു അരയ്ക്കാൽഭാഗം ചേർന്നതു രക്തവും ജലത്തിൽ ആകാശം അരയ്ക്കാൽഭാഗം ചേർന്നതു ശുക്ലവും ആകുന്നു. ഇവ അഞ്ചും ജലത്തിന്റെ കൂറുകളാണ്.

അഗ്നി:
അഗ്നിയിൽ സ്വാംശം പകുതികൂടിയതു നിദ്രയും അഗ്നിയിൽ പൃഥ്വി അരയ്ക്കാൽ ഭാഗം കൂടിയത് വിശപ്പും അഗ്നിയിൽ ജലം അരയ്ക്കാൽ ഭാഗം കൂടിയത് (തൃഷ്ണ) ദാഹവും അഗ്നിയിൽ വായു അരയ്ക്കാൽ ഭാഗം കൂടിയത് (ആലസ്യം) ക്ഷീണവും അഗ്നിയിൽ ആകാശം അരയ്ക്കാൽ ഭാഗം കൂടിയത് സംഗമവും ആകുന്നു. ഈ അഞ്ചും അഗ്നിയുടെ കൂറുകളാണ്.

വായു:
വായുവിൽ സ്വാശം പകുതികൂടിയത് ഓട്ടം വായുവിൽ പൃഥ്വി 1/8 കൂടിയത് കിടപ്പ് വായുവിൽ ജലം 1/8 കൂടിയത് ഇരിപ്പ് വായുവിൽ അഗ്നി 1/8 കൂടിയത് നടപ്പ് വായുവിൽ ആകാശം 1/8 കൂടിയത് ചാട്ടം ഇവ അഞ്ചും വായുവിന്റെ കൂറുകളാകുന്നു.

ആകാശം:
ആകാശത്തിൽ സ്വാംശം പകുതികൂടിയത് മോഹം ആകാശത്തിൽ പൃഥ്വി 1/8 കൂടിയത് രാഗം ആകാശത്തിൽ ജലം 1/8 കൂടിയത് ദ്വേഷം ആകാശത്തിൽ അഗ്നി 1/8 കൂടിയത് ഭയം ആകാശത്തിൽ വായു 1/8 കൂടിയത് ലജ്ജ ഇവ അഞ്ചും ആകാശത്തിന്റെ കൂറുകളാകുന്നു.

ഇവ ഇരുപത്തിഅഞ്ചു തത്വങ്ങളും കൂടി സ്ഥൂലശരീരമെന്നും അന്നമയകോശമെന്നും വ്യവഹരിക്കപ്പെടുന്നു. ഈ സ്ഥൂലഭൂതങ്ങൾകൊണ്ട് അണ്ഡമുണ്ടായി. ആ അണ്ഡത്തിന്റെ അധോഭാഗത്തിലും ഊർദ്ധഭാഗത്തിലുമായിട്ട് ഏഴേഴു ലോകങ്ങളും ആ ലോകങ്ങൾക്ക് ഉചിതങ്ങളായ നാലുവക യോനികളും എഴുവക ജന്മങ്ങളും സ്ഥൂല രൂപേണ ഉണ്ടായി. നാലുവക യോനികൾ അണ്ഡജം, ഉത്ഭിജ്ജം, സ്വേദജം ജരായുജം ഇവകളാകുന്നു ഉവയിൽ അണ്ഡജങ്ങൾ പക്ഷി പന്നഗാദികളും, ഉത്ഭിജ്ജങ്ങൾ വൃക്ഷലതാദികളും സ്വേദജങ്ങൾ പേൻ, കൊതുക്, മൂട്ട മുതലായവയും, ജരായൂജങ്ങൾ ദേവമാനുഷമൃഗാദികളും ആകുന്നു. ഏഴുവക ജന്മങ്ങൾ ദേവമാനുഷപക്ഷിമൃഗോരഗജല ലജസ്ഥാവരങ്ങളാകുന്നു. ഇവ എൺപത്തിനാലു ലക്ഷമെന്നു പറയപ്പെടുന്നു. ഇവയിൽ മുൻപറഞ്ഞ ഇരുപത്തിയഞ്ചു തത്ത്വങ്ങളടങ്ങിയ സ്ഥൂലശരീരങ്ങളെ ദേവരാക്ഷസമനുഷ്യ മൃഗാദികളായി ജനിച്ച ഓരോരോ ജീവന്മാർക്കും ജനനംതോറും അവരവരുടെ കർമ്മഫലാനുഭോഗത്തിനനുരൂപമായ വിധത്തിൽ ജഗത്സൃഷ്ടാവായ ഈശ്വരൻ സൃഷ്ടിച്ചുകൊടുത്തരുളുന്നു.

അഭിമാന നാമങ്ങൾ
ഇനി സ്ഥൂലശരീരാഭിമാനത്താൽ ജീവേശ്വരന്മാർക്ക് സിദ്ധി ച്ചിട്ടുള്ള നാമവിശേഷങ്ങൾ ഏതെല്ലാമെന്നു വിവരിക്കുന്നു. സമഷ്ടിസ്ഥൂല ശരീരത്തെ താനെന്നഭിമാനിച്ച ഈശ്വരന് വിരാട്, വൈശ്വാനരൻ, വൈരാജകൻ എന്നിങ്ങനെ മൂന്ന് അഭിമാന നാമങ്ങൾ ഉണ്ട്. വ്യഷ്ടിസ്ഥൂലശരീരത്തെ താനെന്ന് അധ്യസിച്ചിരിക്കുന്ന ജീവന് വിശ്വൻ, വ്യാവഹാരികൻ, ചിദാഭാസൻ എന്ന് മൂന്ന് അഭിമാനനാമങ്ങൾ ഉണ്ട്. സ്ഥൂലദേഹം താനെന്ന തോന്നുന്ന അവസരം ജാഗ്രദവസ്ഥയാകുന്നു.

ജീവപ്രളയം
ഈ സ്ഥൂലശരീരത്തിന് നിദ്ര, മൂർച്ഛ, മരണം ഇങ്ങനെ മൂന്ന് പ്രളയങ്ങൾ ഉണ്ട്. അവയിൽ നിദ്ര ദിനപ്രളയവും, മൂർച്ഛ അവാന്തരപ്രളയവും, മരണം മഹാപ്രളയവും ആകുന്നു. ഈ സ്ഥൂലശരീരത്തിന് പദേപദേ ഉത്പത്തിയും നാശവുമുണ്ട്. എന്നാൽ സൂക്ഷ്മശരീരം, കാരണശരീരമിരിക്കുന്നതുവരെ നിലനില്ക്കും. ഇതു വടബീജന്യായപ്രകാരമുള്ള സ്ഥൂലശരീരകല്പനയാകുന്നു. ഇപ്രകാരം അഖണ്ഡപരിപൂർണ്ണ ചൈതന്യമായി പ്രകാശി ക്കുന്ന ശുദ്ധബ്രഹ്മത്തിൽ അസത്ത് ആയ ജീവപരങ്ങൾ (ജീവേശ്വരന്മാർ) വെറും ദൃശ്യം മാത്രമായി ഭവിച്ചതിനെക്കുറിച്ച് അദ്ധ്യാരോ പയുക്തി കൊണ്ട് കഴിവുള്ളിടത്തോളം കാണിച്ചു. ആകയാൽ അന്തർബ്ബഹിസ്ഥിത ങ്ങളായിക്കാണപ്പെടുന്ന സമസ്തദൃശ്യങ്ങളെയും ഈ ഹേതു ക്കളെ മറന്നുപോകാതെ സ്വപ്നതുല്യം അസത്യമെന്നു നിശ്ചയിച്ചു തെളിഞ്ഞവൻ നിസ്സംശയം ജ്ഞാനിയാകുന്നു. മേല്പറഞ്ഞതുകൊണ്ട് അദ്ധ്യാരോപയുക്തി അവസാനിച്ചു.

H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚

No comments:

Post a Comment