വിവിധതരം യജ്ഞങ്ങള്‍
ഹുതം - ഹോമിക്കുക എന്ന പ്രക്രിയ. അതും ബ്രഹ്മം തന്നെ. ഹോമം ചെയ്യുന്നത് കൈകൊണ്ടാണല്ലോ. കൈ ചലിപ്പിക്കുന്നത് ജീവാത്മാവാണെങ്കിലും, ജീവാത്മാവിന് പ്രേരണ കൊടുക്കുന്നത് പരമാത്മാവാണ്. അതുകൊണ്ടാണ് ഹോമം എന്ന ക്രിയ ബ്രഹ്മമായിത്തീരുന്നത്.
ബ്രഹ്മണാ - ഹോമം ചെയ്യുന്ന വ്യക്തി ജീവാത്മാവാണല്ലോ. ആ ജീവാത്മാവ് ഭഗവാന്റെ അംശം തന്നെയാണ്.
ബ്രഹ്മകര്‍മ സമാധിനാ – ഈ രീതിയില്‍ കര്‍മത്തിന്റെ രൂപത്തില്‍ തോന്നുന്നുവെങ്കിലും ബ്രഹ്മത്തില്‍തന്നെയാണ് ഞാന്‍ അര്‍പ്പിക്കുന്നത് എന്ന ജ്ഞാനത്തില്‍ മുഴുകി നില്‍ക്കുന്നതുകൊണ്ട്-
ബ്രഹ്മ ഏവതേന ഗന്തവ്യം
ബ്രഹ്മത്തെത്തന്നെ, ശ്രീകൃഷ്ണ ഭഗവാനെത്തന്നെ പ്രാപിക്കും; തീര്‍ച്ച.
ഹവിസ്സ് തുടങ്ങിയ സര്‍വവും എന്നോട് ബന്ധപ്പെട്ടതല്ല, ഞാനല്ല അവയുടെ ഉടമ എന്ന അവബോധം, എല്ലാം ശ്രീകൃഷ്ണന്റേത് എന്ന ജ്ഞാനം- അതുതന്നെ ബ്രഹ്മജ്ഞാനം.
കഷായത്തില്‍ ചേര്‍ക്കുന്ന പച്ചമരുന്നുകളും അങ്ങാടിമരുന്നുകളും കണ്ടാല്‍ അവയ്ക്ക് രോഗം മാറ്റാനുള്ള കഴിവുണ്ടെന്ന് തോന്നുകയില്ല. ശാസ്ത്ര നിര്‍ദ്ദേശപ്രകാരം മുറിക്കുകയും അരയ്ക്കുകയും പൊടിക്കുകയും ചെയ്ത് അടുപ്പില്‍വച്ച് വേവിച്ച് കുറുക്കിയെടുത്തു വൈദ്യന്റെ നിര്‍ദ്ദേശപ്രകാരം സേവിച്ചാല്‍ രോഗം മാറുന്നു. കഷായ രൂപത്തില്‍ നിര്‍മിക്കുന്നിന് മുന്‍പേ ആ മരുന്നുകള്‍ക്ക് കഴിവുണ്ടായിരുന്നു എങ്കിലും നമുക്ക് അത് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. ശാസ്ത്രനിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിച്ച് ഉപയോഗിച്ചപ്പോഴാണ് അനുഭവത്തില്‍ വന്നത്. അതുപോലെ ഭഗവദ്ഗീതയിലെയും ഭാഗവതത്തിലെയും നിര്‍ദ്ദേശം സ്വീകരിച്ച്, ഭൗതികവസ്തുക്കളുടെ അജ്ഞതാ മാലിന്യം നീക്കിക്കഴിഞ്ഞാല്‍ എല്ലാം ഭഗവച്ചൈതന്യം ഉള്‍ക്കൊള്ളുന്നവയാണെന്ന് അനുഭവത്തിലൂടെ മനസ്സിലാക്കാം.
യജ്ഞരൂപമായ - ഭഗവദര്‍പ്പിതമായ -കര്‍മ്മം ബ്രഹ്മമയം തന്നെ എന്ന അവബോധത്തോടെ, അനുഷ്ഠിച്ചാല്‍, ഭഗവത്പദം പ്രാപിക്കാം.
മനുഷ്യരുടെ യോഗ്യത അനുസരിച്ച് വിവിധതരത്തിലുള്ള യജ്ഞങ്ങളെ പ്രതിപാദിക്കുന്നത്, ശ്രീകൃഷ്ണ ഭഗവാനില്‍ നേരിട്ട് അര്‍പ്പിക്കപ്പെടുന്ന കര്‍മത്തിന്റെ വൈശിഷ്ഠ്യം വ്യക്തമാക്കാനാണ്.
ദൈവം യജ്ഞം
ഇന്ദ്രന്‍, അഗ്നി, വരുണന്‍ തുടങ്ങിയ ദേവന്മാരെ ഉദ്ദോശിച്ച് ചെയ്യുന്ന, അഗ്നിഹോമം, അതിരാത്രം, ദര്‍ശപൂര്‍ണമാസം തുടങ്ങിയവ.
സ്വര്‍ഗകാമന്മാരും, അതുപോലെ യജ്ഞാനുഷ്ഠാനം ചെയ്ത് ചിത് ശുദ്ധിനേടി, ഭഗവത്തത്ത്വ വിജ്ഞാനദ്വാരാ പരമപദം പ്രാപിക്കാന്‍ ആഗ്രഹിക്കുന്ന മോക്ഷകാമന്മാരും ഈ യജ്ഞം അനുഷ്ഠിക്കുന്നു.
ബ്രഹ്മാഗ്നി യജ്ഞം
അഗ്നിയെ മാത്രം ബ്രഹ്മമായിക്കണ്ട് ഹവിസ്സിനെ അഗ്നിയില്‍ ഹോമിക്കുന്നു രൂപത്തിലുള്ള യജ്ഞം. ഈ യജ്ഞം ചെയ്യുന്നത് ഗൃഹസ്ഥാശ്രമികളാണ്.
നിവൃത്തി ധര്‍മയജ്ഞം
നിവൃത്തി ധര്‍മനിഷ്ഠന്മാര്‍ ബ്രഹ്മജ്ഞാനം നേടാന്‍ വേണ്ടി, അതിന് തടസ്സമാവാന്‍ സാധ്യതയുള്ള വിഷയങ്ങളെ ആസ്വദിക്കാന്‍ തുടങ്ങുന്ന ഇന്ദ്രിയങ്ങളെ സംയമനം എന്ന അഗ്നിയില്‍ ഹോമിക്കുന്നു. അതായത് ഇന്ദ്രിയങ്ങളെ നിയന്ത്രണത്തില്‍ കൊണ്ടുവരുന്നു എന്നര്‍ത്ഥം.
പ്രവൃത്തി ധര്‍മ്മയജ്ഞം
ധര്‍മാനുസൃതമായ ലൗകിക പ്രവൃത്തിയില്‍ നിഷ്ഠയുള്ളവര്‍, ശബ്ദം കേള്‍ക്കുക, രൂപങ്ങള്‍ കാണുക തുടങ്ങിയ വിഷയങ്ങളെ ഹവിസ്സുകളായി കല്‍പ്പിച്ച്, ഇന്ദ്രിയങ്ങളാകുന്ന അഗ്നിയില്‍ ഹോമിക്കുന്നു. സുഖാനുഭവം ഇന്ദ്രിയങ്ങള്‍ക്കാണ്, എനിക്കല്ല എന്ന ഭാവത്തില്‍ ഉറച്ച് നില്‍ക്കുന്നു എന്നര്‍ത്ഥം.
H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚
No comments:
Post a Comment