ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

3 October 2016

രായിരനെല്ലൂര്‍ ഭഗവതി ക്ഷേത്രം

രായിരനെല്ലൂര്‍ ഭഗവതി ക്ഷേത്രം

ഏകദേശം ആയിരത്തിയഞ്ചൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായിരുന്നതായി സങ്കല്‍‌പിക്കപ്പെടുന്ന പന്തിരുകുലത്തിലെ അഞ്ചാമനാണ് നാറാണത്ത് ഭ്രാന്തന്‍. നാറാണത്ത് മംഗലത്ത് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ബ്രാഹ്മണകുടുംബം എടുത്തുവളര്‍ത്തിയ അദ്ദേഹത്തിന്റെ ബാല്യകാലം ചെത്തലൂര്‍ ഗ്രാമത്തിലായിരുന്നു. തിരുവേഗപ്പുറയിലെ അഴോപ്പറ എന്ന മനയില്‍ താമസിച്ചുകൊണ്ട് വേദപഠനം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് പത്തുവയസുകാരനായ നാറാണത്ത് ഭ്രാന്തന് ചിത്തഭ്രമം ഉണ്ടാകുന്നത്. കുട്ടിക്ക് വലതുകാലില്‍ മന്തും ഉണ്ടായിരുന്നു.ചിത്തഭ്രമം സംഭവിച്ച അദ്ദേഹം അവസാനം എത്തിപ്പെട്ടത്‌ രായിരനെല്ലൂര്‍ മലയുടെ താഴ്വരയിലാണ്. അഞ്ചൂറ് അടിയിലേറെ ഉയരമുള്ളതും നേരെ കുത്തനയുള്ളതുമായ ഒരു വലിയ കുന്നാണ്‌ രായിരനെല്ലൂര്‍ മല. ദിവസവും പ്രഭാതത്തില്‍ ഒരു വലിയ ഉരുളന്‍ കല്ല്‌ എടുത്ത് മലയുടെ താഴ്വരയില്‍ നിന്ന് വളരെ പ്രയാസപെട്ട് മലയുടെ മുകളിലേക്ക് ഉരുട്ടിക്കയറ്റുകയും മുകളില്‍ എത്തികഴിഞ്ഞാല്‍ ആ കല്ല്‌ താഴേക്ക് തള്ളിയിടുകയുമായിരുന്നു നാറാണത്ത് ഭ്രാന്തന്റെ ഇഷ്ടവിനോദം. ഇതൊക്കെക്കണ്ട് നാട്ടുകാര്‍ അദ്ദേഹത്തെ ഭ്രാന്തന്‍ എന്ന് വിളിച്ചു. അങ്ങനെയാണ് നാറാണത്ത് മംഗലത്തെ നാരായണന്‍ എന്നത് നാറാണത്ത് ഭ്രാന്തന്‍ എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്.നിത്യവും മലയുടെ മുകളിലേയ്ക്ക് കല്ല്‌ ഉരുട്ടികേറ്റുന്ന തൊഴില്‍ ഭംഗിയായി നിര്‍വഹിച്ചു പോരുന്ന നാറാണത്ത് ഭ്രാന്തനെ രായിരനെല്ലൂര്‍ മലയുടെ മുകളില്‍ കുടികൊള്ളുന്ന ദുര്‍ഗാദേവി ശ്രദ്ധിച്ചുപോന്നു. എന്നാല്‍ ദേവി അവിടെയുള്ള കാര്യം നാറാണത്ത് ഭ്രാന്തന്‍ അറിഞ്ഞതുമില്ല. ഒരിക്കല്‍ മലമുകളിലെത്തിയ ഭ്രാന്തനെക്കണ്ട് മലമുകളിലെ ആല്‍മരത്തില്‍ ഊഞ്ഞാല്‍ ആടുകയായിരുന്ന ദുര്‍ഗാദേവി ഭൂമിയിലേക്ക് മറിഞ്ഞുവെന്നാണ് ഐതിഹ്യം. ദുര്‍ഗാദേവിയെ നാറാണത്ത് ഭ്രാന്തന്‍ കണ്ട സ്ഥലത്താണ് രായിരനെല്ലൂര്‍ ഭഗവതി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രത്തിന്റെ പഴക്കം ആയിരത്തി അഞ്ചൂറ് വര്‍ഷത്തിലേറെ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

നാറാണത്ത് ഭ്രാന്തന് മുമ്പില്‍ ദുര്‍ഗാദേവി പ്രത്യക്ഷപ്പെട്ടു എന്ന് അറിഞ്ഞയുടന്‍ രായിരനെല്ലൂര്‍ മലയില്‍ പൂജയും മറ്റും തുടങ്ങി. നാറാണത്ത് ഭ്രാന്തനെ എടുത്തുവളര്‍ത്തിയെന്നു വിശ്വസിക്കുന്ന നാരായണമംഗലത്ത്‌ എന്ന ആമയൂര്‍ മനയില്‍ നിന്ന് ഒരു ബ്രാഹ്മണനെയാണ് പൂജയ്ക്കായി നാട്ടുകാര്‍ നിയോഗിച്ചത്. പിന്നീട് രായിരനെല്ലൂര്‍ മലയടിവാരത്ത് ഒരു ഇല്ലം തന്നെ പണിക്കഴിച്ച് കുടുംബാംഗങ്ങള്‍ അങ്ങോട്ട്‌ താമസം മാറ്റി. ആ ഇല്ലത്തിന്റെ പേര് ‘നാരായണ മംഗലത്തെ ആമയൂര്‍ മന’ എന്നാണ്. ആമയൂര്‍ മനയിലെ കാരണവരായ അഷ്‌ടമൂര്‍ത്തി ഭട്ടതിരിയാണ് ഇപ്പോഴത്തെ മുഖ്യകാര്‍മികന്‍.“പ്രതിഷ്ഠയില്ലാത്ത ഈ ക്ഷേത്രത്തില്‍ ദേവിയുടെ പാദമുദ്രയിലാണ് പൂജ നടത്തുന്നത്. ഇന്നും ഇവിടെ എത്തുന്ന ഭക്തജനങ്ങള്‍ക്ക് പ്രസാദമായി നല്‍ക്കുന്നത് ആറാമത്തെ കാലടി കുഴിയില്‍ അനുസ്യൂതമായി ഊറുന്ന ശുദ്ധജലമാണ്. ദേവി അദ്ദേഹത്തിന് ദര്‍ശനം നല്‍കിയത്‌ തുലാം മാസം ഒന്നാം തീയതിയായത് കൊണ്ട് ഈ ദിവസം ഇവിടെ വളരെ ഗംഭീരമായിട്ടാണ് ആഘോഷിക്കുന്നത്. നാരാണത്ത് ഭ്രാന്തന്റെ തലമുറക്കാര്‍ എന്ന് പറയുന്നതില്‍ അഭിമാനവും സന്തോഷവും ആമയൂര്‍ മനക്കാര്‍ക്കുണ്ട്” - അഷ്ടമൂര്‍ത്തി ഭട്ടതിരിപ്പാട് പറയുന്നു.കൊപ്പം - വളാഞ്ചേരി റൂട്ടില്‍ നടുവട്ടം, ഒന്നാന്തിപ്പടി എന്നിവിടങ്ങളില്‍ വാഹനമിറങ്ങി മലമുകളിലെത്താം. ചെത്തല്ലൂര്‍ തൂതപ്പുഴയോരത്ത് മലമുകളിലെ കൂറ്റന്‍ ശില്‍പം ആകര്‍ഷകമാണ്. ഇവിടെനിന്ന് ഒന്നര കിലോമീറ്റര്‍ പടിഞ്ഞാറ് കൈപ്പുറം ഭ്രാന്താചലം ക്ഷേത്രമുണ്ട്. ഇവിടെ നാറാണത്തുഭ്രാന്തന്‍ ദേവിയെ തപസ്സുചെയ്ത് പ്രത്യക്ഷപ്പെടുത്തിയതായി ഐതിഹ്യമുണ്ട്. ഇരുപത്തഞ്ചടിയോളം ഉയരമുള്ള ഒറ്റ ശിലാകൂടമാണ് ഭ്രാന്തന്‍കല്ല്. ഇതിനു മുകളിലാണ് ക്ഷേത്രം. ഇവിടത്തെ കാഞ്ഞിരമരവും അതിലെ ചങ്ങലയും നാറാണത്തുഭ്രാന്തന്‍െറ സാന്നിധ്യത്തിന്‍െറ പ്രതീകമായാണ് കരുതപ്പെടുന്നത്. അഞ്ഞൂറടിയിലേറെ ഉയരമുള്ള ചെങ്കുത്തായ മലമുകളില്‍ ഇപ്പോഴും മുടക്കം കൂടാതെ പൂജയുണ്ട്. രായിരനെല്ലൂര്‍ മലയ്ക്ക് താഴെ ദുര്‍ഗാദേവിയുടെ മറ്റൊരു ക്ഷേത്രവുമുണ്ട്.

*H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚*

No comments:

Post a Comment