ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

24 October 2016

ക്ഷേത്രോത്സവത്തിലെ ആചാരപ്രാധാന്യവും പുറംമോടിയും

ക്ഷേത്രോത്സവത്തിലെ ആചാരപ്രാധാന്യവും പുറംമോടിയും

ക്ഷേത്രസംസ്കാരത്തില്‍ നിത്യപൂജകള്‍ക്കൊപ്പം ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന കാര്യം ആണ് ഉത്സവം. ഉത്സവം എന്താണ് എന്ന് അറിയണം എങ്കില്‍ അതിന്‍റെ ആവശ്യകതയും പ്രാധാന്യവുംകൂടി അറിയണം. ക്ഷേത്രത്തിലെ ഉത്സവം എന്നാല്‍ ആനയോ കലാപരിപാടികളോ കരിമരുന്നുപ്രയോഗമോ അല്ല. അതുകാണാന്‍ ആളുകള്‍ വന്ന് ഉത്സവം വിജയം ആയി എന്ന് പറയുന്നതില്‍, കമ്മിറ്റിക്കാരുടെ ഈഗോ സംതൃപ്തമായി എന്നതിനപ്പുറം യാതൊരു പ്രാധാന്യവും ഇല്ല. ഉത്സവം അമ്പലത്തിന്‍റെ തീര്‍ത്തും ആധ്യാത്മികമായ ഒരു വിഷയമാണ്. ഉത്സവം എന്ന പദത്തിന്‍റെ അര്‍ഥം ആദ്യം നോക്കുക. 'ഉത്' എന്നും 'സവം' എന്നും ഉള്ള രണ്ടു പദങ്ങള്‍ ചേര്‍ന്നതാണ് ഉത്സവം. ക്ഷേത്രചൈതന്യരഹസ്യത്തില്‍ പൂജനീയ മാധവ്ജി നല്‍കിയിരിക്കുന്ന വിശദീകരണപ്രകാരം 'ഉയര്‍ന്നു നിറയുക' എന്ന അര്‍ഥം ആണു അതിന്. എന്താണ്, എന്തിലാണ് ഉയര്‍ന്നു നിറയുന്നത് എന്നാണ് അറിയേണ്ടത്. അമ്പലത്തില്‍ പ്രതിഷ്ടിതമായ ദേവതയുടെ സഗുണാത്മകമായ ചൈതന്യം, കുംഭസമാനമായ ക്ഷേത്രശരീരത്തില്‍ (ക്ഷേത്ര മതില്‍ക്കകത്ത്) ആചാരപരമായ ചടങ്ങുകളാല്‍ പുഷ്ടിപ്പെടുത്തുന്നതിനാല്‍ ഉയര്‍ന്നുനിറഞ്ഞ് കവിയുന്നു. തിളയ്ക്കുന്ന പാല്‍ കുടത്തിനുള്ളില്‍ ഉയര്‍ന്നു നിറയുന്നതിനെ ഇതിനോട് വേണമെകില്‍ ഉപമിക്കാം. അമ്പലമതിലിന് കുടത്തോട് സാമ്യമുള്ള നിര്‍മ്മിതി നല്‍കിയതുപോലും ഉത്സവത്തിന്‍റെ ഈ സങ്കല്‍പ്പത്തെ ആധാരമാക്കിയാണ് എന്ന് പറയപ്പെടുന്നു.
ക്ഷേത്ര മതില്‍ക്കകത്താണ് ഇതിനാല്‍ത്തന്നെ ഉത്സവത്തിന് ഏറ്റവും പ്രാധാന്യം. പുറത്തുള്ള നിരവധി ചടങ്ങുകള്‍ക് പ്രാധാന്യം ഇല്ലെന്നല്ല. അമ്പലത്തില്‍ ചൈതന്യത്തിനു ലോപം വരുന്നു എന്നതും അതു മാറി ചൈതന്യ പുഷ്ടി വരേണ്ടത് ആവശ്യവും ആണ് എന്ന് മനസ്സിലാക്കണം. ചൈതന്യം പലവിധത്തില്‍ ലോപിക്കപ്പെടാം. രക്തമുള്പ്പെടെയുള്ളവ വീണ് ഉണ്ടാകുന്ന അശുദ്ധികള്‍, അന്യമതക്കാര്‍ ചെയ്യുന്ന ചൈതന്യഹാനികരമായ പ്രവൃത്തികള്‍, ദേവചൈതന്യത്തിനു ഹിതകരമല്ലാത്ത വിധത്തില്‍ കൈകാര്യക്കാരുടെ പ്രവര്‍ത്തികള്‍, വാസ്തുസംബന്ധമായ പൊതുവില്‍ സൂക്ഷ്മമായ പ്രശ്നങ്ങള്‍, വഴിപാടുകള്‍ അര്‍പ്പിക്കുമ്പോള്‍ നാം സമര്‍പ്പിക്കുന്ന ദു:ഖങ്ങള്‍, അതോടൊപ്പം ദേവത നമ്മില്‍നിന്നും സ്വീകരിക്കുന്ന പാപങ്ങള്‍ അല്ലെങ്കില്‍ ദോഷങ്ങള്‍, പൂജാകാര്യങ്ങളില്‍ വല്ലപോഴും ഒക്കെ വരാവുന്ന പിഴവുകള്‍ എന്നവയെല്ലാം ദേവതയുടെ ചൈതന്യത്തിന് ലോപം വരുത്തുന്നതാണ്. ഇവയ്ക്കെല്ലാം പൊതുവില്‍ ഒരു പരിഹാരംകൂടി ആണ് ഉത്സവ സമയത്തെ ചൈതന്യത്തെ വര്‍ദ്ധിപ്പിക്കല്‍. ദേവശരീരമായ ക്ഷേത്രമതില്‍ക്കകം ചൈതന്യത്താല്‍ പുഷ്ടിപ്പെടുകയും, അമ്പലവുമായി ബന്ധമുള്ള കുടുംബങ്ങള്‍ക്കും ദേശക്കാര്‍ക്കും ഇതിന്‍റെ ഗുണം ലഭിക്കുകയും, ക്ഷേത്രത്തില്‍ ജനങ്ങള്‍ കാണിക്കകളോടൊപ്പം സമര്‍പ്പിക്കുന ചൈതന്യഹാരകമായ ദോഷങ്ങള്‍ക്ക് അറുതിവരികയും, ദോഷങ്ങള്‍ സ്വീകരിച്ചതിനാലുള്ള പാപിഷ്ടതകളാലും, ആചാരഭ്രംശങ്ങളാലും അമ്പലത്തില്‍ സംഭവിച്ചതായുള്ള ചൈതന്യലോപം പരിഹരിക്കപ്പെടുകയും, ഇതെല്ലാം കാരണം കുടുംബ-ദേശ-വാസികള്‍ക്ക് പൂര്‍വാധികം രക്ഷചെയ്യാന്‍ പാകത്തില്‍ ദേവതാചൈതന്യം വര്‍ദ്ധിക്കുകയും ചെയ്യുന്നു എന്നതെല്ലാമാണ്‌ ഉത്സവം കൊണ്ട് അമ്പലത്തിനും ദേശത്തിനും ഉള്ള ഗുണങ്ങള്‍.
അപ്പോള്‍, ഈ കാര്യങ്ങള്‍ക്ക് ആണ് പ്രാധാന്യം. അമ്പലവുമായി ബന്ധം ഉള്ള ദേശവാസികള്‍ അമ്പലത്തില്‍ ഉത്സവസമയത്ത് വരണം എന്നത് നിര്‍ബന്ധം. മറ്റുള്ളവര്‍ ആവശ്യമില്ലതന്നെ. വേണമെങ്കില്‍ വന്നു പൊയ്ക്കോട്ടേ. അതിനായി കലകള്‍, ആന എന്നിവയെ കാണിക്കേണ്ട ആവശ്യവുമില്ല. കലാപരിപാടികള്‍, പ്രദര്‍ശനങ്ങള്‍, മേളകള്‍, കരിമരുന്നുപ്രയോഗം, ആനകളെ മത്സരിച്ചുകൊണ്ടുവരല്‍ എന്നിവയൊന്നും ഉത്സവത്തിന്‍റെ ഭാഗങ്ങള്‍ അല്ല. അവയെല്ലാം ദേശക്കാരുടെ മാത്സര്യത്തിന്‍റെ ഭാഗങ്ങള്‍ മാത്രം. ക്ഷേത്രമതിലിനുള്ളില്‍ നടത്തപ്പെടുന്ന പാരമ്പര്യകലകള്‍പോലും സത്യത്തില്‍ ഉത്സവത്തിന്‍റെ ഭാഗങ്ങള്‍ അല്ല എങ്കിലും, സഗുണപ്രാധാന്യമുള്ള ദേവതാ സങ്കല്‍പ്പങ്ങള്‍ ആയതുകൊണ്ടു ചില അമ്പലങ്ങളില്‍ ദേവത ആ കലകള്‍ ഇഷ്ടപ്പെടുന്നു എന്ന് വിശ്വാസം ഉള്ളതിനാല്‍ അവ ആകാം എന്നേയുള്ളൂ.
ഉത്സവത്തില്‍ പ്രാധാന്യം കൊടിയേറ്റ്, അഹസ്സ്, ഉത്സവബലി, പൂജകള്‍, അനുബന്ധ ചടങ്ങുകള്‍, പറയെടുപ്പ്, ആറാട്ട്, കൊടിയിറക്ക്‌ എന്നിവയ്ക്കെല്ലാമാണ്. മറ്റുള്ളവയ്ക്ക് പ്രാധാന്യം കല്‍പ്പിക്കുന്നത് കൊട്ടാരത്തിലെ കാവല്‍ക്കാരനെ രാജാവായി കാണുന്നതിനു തുല്യമേ ആകുന്നുള്ളൂ.
അതിനാല്‍ സ്വതന്ത്രമായി ചിന്തിക്കുക. ഉത്സവം ക്ഷേത്രതാന്ത്രിക ആചാരത്തിന്‍റെ ഭാഗം ആയ, അവശ്യമായ ചടങ്ങാണ് എന്നും, അതില്‍ അനുഷ്ടാനപരമായ കാര്യങ്ങള്‍ ആണ് പ്രധാനം എന്നും മനസ്സിലാക്കുക. ഉത്സവം ഒരിക്കലും ജനങ്ങളുടെ ഇഷ്ടപ്രകാരം നടത്തേണ്ട ഒന്നല്ല. കാരണം, ഉത്സവത്തിന്‍റെ ആചാര-താന്ത്രിക-പ്രാധാന്യം അറിയാത്തവര്‍ ആണ് വിശാസികളില്‍പ്പോലും കൂടുതല്‍. അത് ആചാരപരമായ നിയമങ്ങള്‍ അനുസരിച്ചാണ് നടത്തേണ്ടത്. ജനങ്ങള്‍ അതില്‍ ഭക്തിപൂര്‍വ്വം മാത്രം ആണ് പങ്കെടുക്കേണ്ടത്. എത്ര ലക്ഷം ആള്‍ക്കാര്‍ വന്നു, അഭിനന്ദിച്ചു എന്നതല്ല ഉത്സവത്തിന്‍റെ വിജയം. ദേവതാചൈതന്യത്തിന്‍റെ വര്‍ധന മാത്രമാണ് ഭംഗിയായി ഉത്സവം നടന്നു എന്നതിന്‍റെ വിജയം. അതു പ്രതിഫലിക്കുന്നത് ദേശവാസികളുടെ ക്ഷേമൈശ്വര്യങ്ങളില്‍ ആണുതാനും.

H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚

No comments:

Post a Comment