ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

28 October 2016

ആവരണങ്ങള്‍

ആവരണങ്ങള്‍

അന്തരീക്ഷത്തില്‍ ചിതറിക്കിടക്കുന്ന സൂക്ഷ്മകണികാ കണങ്ങളെ ബ്രഹ്മകണങ്ങള്‍ വശീകരിച്ച് അവയെ വലയം ചെയ്യുന്ന സൂക്ഷ്മ ശരീരങ്ങളുണ്ടായി. സൂക്ഷ്മശരീരങ്ങള്‍ക്ക് മൂന്ന് അടരുകള്‍ അഥവാ ആവരണങ്ങള്‍, സംസ്‌കൃതത്തില്‍ കോശങ്ങള്‍ ഉണ്ടെന്നാണ് ധാരണ. ആവരണങ്ങള്‍ എന്നുപറയുന്നത്, അത് ആത്മാവിനെ പൊതിഞ്ഞതിനാലാണ്. സൂക്ഷ്മവും കേവലുമായ കണികകള്‍ ഒരു ബ്രഹ്മകണ (ആത്മാവ്) ത്തിന് മൂന്ന് അടരുകള്‍ നല്‍കി, സൂക്ഷ്മശരീരമായി.

ഉപനിഷത്തുക്കള്‍, ആത്മാവിന് രണ്ട് അടരുകള്‍ കൂടിയുണ്ടെന്ന് പറയുന്നു. ഒന്ന് സ്ഥൂലശരീരമായ ‘ബാഹ്യാവരണം.’ വ്യക്തിയുടെ ആഹാരത്തില്‍നിന്നുള്ള പദാര്‍ത്ഥം കൊണ്ടുണ്ടായതിനാല്‍, ഇത് അന്നമയകോശം. ആഹാരം, വ്യക്തിയുടെ അമ്മ, കുഞ്ഞ് ഗര്‍ഭപാത്രത്തില്‍ ഭ്രൂണദശയില്‍ കഴിച്ചതുമാകാം. സംസ്‌കൃതത്തില്‍ അന്നം ആഹാരവും മയഉള്ളടക്കവും കോശം ആവരണവുമാണ്. അപ്പോള്‍, അന്ന-മയ-കോശം എന്നാല്‍, ആഹാരപദാര്‍ത്ഥം കൊണ്ടുള്ള ആവരണം.

ഭൗതികശരീരത്തെ ആത്മാവിന്റെ ആവരണമോ അടരോ ആയി വിളിക്കുന്നത്, വിരോധാഭാസമായി തോന്നാം. കാരണം, മറ്റു കോശങ്ങള്‍ പദാര്‍ത്ഥരഹിതമായിക്കേ, അത് പദാര്‍ത്ഥമാണ്. ആറ്റത്തെക്കാള്‍ സൂക്ഷ്മമായ ആത്മാവുമായി, ശരീരത്തിന് വലിപ്പത്തിലുള്ള അന്തരം ശ്രദ്ധേയമാണ്. അത്രയും വലിപ്പമുള്ള ഒന്നിനെ വെറും ആവരണമായി ചിത്രീകരിക്കുന്നത് അസാധാരണമായി തോന്നാം. രണ്ടാമതായി, ശരീരത്തിന്റെ കര്‍മം ആവരണമെന്ന നിലയ്ക്കല്ല, ആത്മാവിന് ആസ്വദിക്കാന്‍ അനുഭൂതികളും ആനന്ദങ്ങളും പിടിച്ചെടുക്കുക എന്നതാണ്. ആത്മാവിന്റെ വാസസ്ഥാനമാണ്, ആലയമാണ്, ശരീരം. വെറും ആവരണമല്ല. എന്നാല്‍, ഉപനിഷത്തുക്കള്‍ ഏകസ്വരത്തില്‍ അതിനെ ആത്മാവിന്റെ ആവരണമായും അന്നമയകോശമായും വിശേഷിപ്പിക്കുന്നു.
ആനന്ദമയകോശം അഥവാ ആനന്ദത്തിന്റെ ആവരണം ആണ്. ആത്മാവിനും അതിനുള്ള ബുദ്ധിയുടെ ആവരണത്തിനുമിടയിലാണ് ആനന്ദാവരണത്തിന്റെ സ്ഥാനം. ഈ ആവരണം ഇടക്കിടെ മാത്രമേ പ്രത്യക്ഷമാകൂ എന്ന് ശങ്കരാചാര്യര്‍ വിവേകചൂഡാമണി (ശ്ലോകങ്ങള്‍ 207, 208) യില്‍ പറയുന്നു-ആത്മാവ് ആനന്ദം നുകരുന്ന അഗാധനിദ്രയില്‍ പൂര്‍ണമായും, ജാഗ്രദ്, സ്വപ്ന അവസ്ഥകളില്‍ ലഘുവായും. ജാഗ്രദവസ്ഥയില്‍ (രോഗം, മുറിവ്, വിരഹം, ദാരിദ്ര്യം തുടങ്ങിയവയാല്‍) ദുരിതമനുഭവിക്കുന്ന ആത്മാവ്, അഗാധനിദ്രയില്‍ അതൊന്നുമറിയുന്നില്ല. അതിനാല്‍, അഗാധനിദ്ര അഥവാ സുഷുപ്തിയില്‍, ആത്മാവിനെ ആനന്ദകോശം പൊതിഞ്ഞിരിക്കുന്നു എന്നും അത്, ദുരിതം പ്രതിഫലിപ്പിക്കുന്ന ബുദ്ധിയില്‍നിന്ന് ആത്മാവിനെ പൊതിയുകയാണെന്നും ഭാരതീയ തത്വചിന്തകര്‍ പറയുന്നു. ബുദ്ധിവഴിയാണ്, ആത്മാവ് ദുരിതങ്ങള്‍ അനുഭവിക്കുന്നത്; അതിനാല്‍, നിദ്രാവസ്ഥയിലും മറ്റവസ്ഥകളിലെ ആനന്ദനിമിഷങ്ങളിലും, ആത്മാവും ബുദ്ധിയും തമ്മിലുള്ള ബന്ധത്തെ അവക്കിടയിലെ ആനന്ദാവരണം വിടര്‍ത്തുന്നു എന്നു കരുതപ്പെടുന്നു. ബൃഹദാരണ്യകഉപനിഷത് (4:2:21) നിരീക്ഷിക്കുന്നു:

പ്രിയതമയുടെ അഗാധാശ്ലേഷത്തിലിരിക്കുന്നയാള്‍ അകത്തോ പുറത്തോ ഒന്നുമറിയുന്നില്ല.
(പ്രിയായാ സ്ത്രീയാ സംപരീക്ഷ്വക്ത ന ബാഹ്യം കിഞ്ചന വേദാ, ന ആന്തരം).

അത്യാനന്ദമനുഭവിക്കുന്ന വ്യക്തി മറ്റൊന്നും അറിയുകയോ അനുഭവിക്കുകയോ ചെയ്യുന്നില്ല. അപ്പോള്‍, മറ്റ് ജ്ഞാനം, അനുഭൂതി, അനുഭവം എന്നിവയെ പുറന്തള്ളുന്ന ആവരണത്തിനകത്താണ് ആത്മാവ്.

ആനന്ദമയകോശം നൈമിഷികമാണ്. ജാഗ്രത്, സ്വപ്ന അവസ്ഥകളില്‍, ആനന്ദമനുഭവിക്കുമ്പോള്‍ ആനന്ദാവരണം പ്രത്യക്ഷമാകുന്നുവെന്ന് ശങ്കരാചാര്യര്‍ വ്യക്തമാക്കി. ആനന്ദം മറയുമ്പോള്‍ ഈ ആവരണവും മറയുന്നുവെന്ന് ധ്വനി. അത് ആത്മാവിനെ എപ്പോഴും ആവരണം ചെയ്യുന്നില്ല; ആത്മാവ് ദുരിതമോ ദുഃഖമോ വേദനയോ അനുഭവിക്കുമ്പോള്‍ അതില്ല; ഇടവേളകളിലെ അതുള്ളൂ. അന്നമയകോശം, അനശ്വരമല്ലെങ്കിലും ജീവിതത്തിലുടനീളം നില്‍ക്കുന്നു. മറ്റാവരണങ്ങള്‍,

വിജ്ഞാനമയകോശം, മനോമയകോശം, പ്രാണമയ കോശം എന്നിവയും ആത്മാവിനൊപ്പം എപ്പോഴുമുണ്ട്. ആനന്ദമയകോശം മാത്രമാണ്, വല്ലപ്പോഴും; നൈമിഷികം.
ആത്മാവിനെ ബുദ്ധിയും മനസ്സും സ്വതന്ത്രമായും പത്തു സൂക്ഷ്‌മേന്ദ്രിയങ്ങള്‍ ഒന്നായും ആവരണം ചെയ്തിരിക്കുന്നുവെന്ന് നാം കണ്ടു. അവ ആത്മാവിന് മൂന്ന് വൃത്താവരണങ്ങളാകുന്നു. നേരിട്ട് ആത്മാവിനെ വലയം ചെയ്യുന്ന ബുദ്ധിയാണ്, ആദ്യ ആവരണം. അതാണ് വിജ്ഞാനമയ കോശം. മനസ്സ്, ബുദ്ധിയെ വലയം ചെയ്യുന്നതിനാല്‍, അതാണ് രണ്ടാം ആവരണം (തൈത്തീരിയ ഉപനിഷത് 2:4). അതാണ് മനോമയ കോശം, മനസ്സിന്റെ ആവരണം. പത്ത് സൂക്ഷ്‌മേന്ദ്രിയങ്ങള്‍, മനസ്സിന് ചുറ്റും ഏക ആവരണമാകുന്നു. അതാണ് മൂന്നാം ആവരണം, പ്രാണമയകോശം. ഈ മൂന്ന് ആവരണങ്ങള്‍ സൂക്ഷ്മശരീരത്തെയുണ്ടാക്കുന്നുവെന്ന് പൈംഗള ഉപനിഷത് (2:3) നിര്‍വചിക്കുന്നു (ഏതത് കോശത്രയം ലിംഗശരീരം). ഓരോന്നിനെയും പറ്റി തുടര്‍ന്നു വിവരിക്കാം.

അഹംബോധം സ്വന്തം നിലയ്‌ക്കോ മറ്റുള്ളവയുമായി ചേര്‍ന്നോ ഒന്നിനെയും ആവരണം ചെയ്യുന്നില്ല. അതിനാല്‍, ആത്മാവിന്റെ ആവരണത്തെ മാത്രം അതിന്റെ സൂക്ഷ്മശരീരമായി എണ്ണുന്ന ചിന്തകര്‍, അഹംബോധത്തെ അതിന്റെ ഘടകമായി കരുതുന്നില്ല. സൂക്ഷ്മശരീരത്തിലെ അധികപ്പറ്റായി മാത്രമേ അവര്‍ അഹംബോധത്തെ കാണുന്നുള്ളൂ. ബുദ്ധിയുടെയും മനസ്സിന്റെയും ആവരണങ്ങള്‍ക്കിടയില്‍, സ്വതന്ത്ര ഏകകമായി അത് വര്‍ത്തിക്കുന്നു; രണ്ടിനെയും ബന്ധപ്പെട്ട് അത്, ആസക്തിയും ശരീരബോധവും പ്രോത്സാഹിപ്പിക്കുന്നു. അത് സൂക്ഷ്മശരീരത്തില്‍ സ്ഥിരമാകയാല്‍, ചില ഋഷികള്‍ അതിനെ സൂക്ഷ്മശരീരഘടകമായി കാണുന്നു (സാംഖ്യകാരിക-40). ഒരു സൂക്ഷ്മശരീരവും അതിന്റെ അഹംബോധ കണികയില്ലാതെ നിലനില്‍ക്കുന്നില്ല.

അത് സൂക്ഷ്മശരീരത്തില്‍ നില്‍ക്കുന്നതിനാല്‍, അതിനെ വിട്ടുകളയാനുമാവില്ല. ബുദ്ധിക്ക്, ശക്തികാരണം, അതിന്റെ സ്വാധീനത്തെ ചെറുക്കാം. എന്നാല്‍, അഹംബോധത്തെ എന്നന്നേക്കുമായി അമര്‍ച്ച ചെയ്യാന്‍ ഒന്നിനുമാവില്ല.

വിജ്ഞാനമയ കോശം
ആത്മാവിനെ നേരിട്ട് ആവരണം ചെയ്യുന്ന ബുദ്ധിയാണ്, വിജ്ഞാന-മയ-കോശം. ബുദ്ധിയുടെ വിശേഷങ്ങളായ വിജ്ഞാനം, വിവേകം എന്നിവയ്ക്കാണ് സംസ്‌കൃതത്തില്‍ വിജ്ഞാനം എന്നുപറയുന്നത്. ഇവിടെ, ബുദ്ധിയെ തന്നെയാണ് വിവക്ഷിക്കുന്നത്. അതിനാല്‍, വിജ്ഞാനമയകോശം, ബുദ്ധിയുടെ ആവരണമാണ്.

ആത്മാവിനെയാകെ ബുദ്ധി ആവരണം ചെയ്തതിനാല്‍, അതിന് മറ്റ് ഏകകങ്ങളെയും വസ്തുക്കളെയും ബുദ്ധിവഴി മാത്രമേ ബന്ധപ്പെടാനാകൂ. ബുദ്ധിവഴി ഭൗതികേന്ദ്രിയങ്ങള്‍ പിടിച്ചെടുത്ത അനുഭൂതികള്‍ ആത്മാവ് അനുഭവിക്കുന്നു. അതിനാല്‍, ഭൗതികസുഖങ്ങളില്‍ ഭ്രമമുള്ള ആത്മാവ്, ബുദ്ധിയുടെ ബന്ധങ്ങളും അനുഭവങ്ങളും പങ്കിടാന്‍ അതിനോടൊട്ടി നില്‍ക്കുന്നു. തന്നെ ആവരണം ചെയ്യുന്ന ബുദ്ധിതന്നെയായി മാറുംവിധം ദൃഢമാണ് ആ ഒട്ടിച്ചേരല്‍. ആ താദാത്മ്യം വഴി, ആത്മാവ്, ഇന്ദ്രിയകര്‍മങ്ങള്‍ അനുഭവിക്കുകയോ പങ്കിടുകയോ ചെയ്ത്, അവയുടെ പ്രത്യാഘാതങ്ങളും അനുഭവിക്കുന്നു. ഭൗതിക മനുഷ്യനില്‍, ആത്മാവും ബുദ്ധിയുമായുള്ള താദാത്മ്യം യാഥാര്‍ത്ഥ്യമാണ്; പലരും ആത്മാവും ബുദ്ധിയും ഒന്നാണെന്നുപോലും ചിന്തിക്കുന്നു.

ബുദ്ധിയുമായി ബന്ധപ്പെട്ടതിനാലാണ് ആത്മാവിന് ബുദ്ധിയുള്ളത് എന്നു നിനയ്ക്കരുത്. സ്വയം ബോധതത്വമായതിനാല്‍, ആത്മാവിന് ബുദ്ധിയുണ്ട്; ബുദ്ധിക്ക് ബുദ്ധിയുള്ളത്, ബോധം അതില്‍ സമൃദ്ധമായി പ്രതിഫലിക്കുന്നതുകൊണ്ടാണ്.

കര്‍മങ്ങളെ നിശ്ചയിക്കുകയും നയിക്കുകയും ചെയ്യുന്ന ബുദ്ധി, ആത്മാവല്ല; അത് പ്രകൃതിയില്‍ നിന്ന് ഭിന്നമായ ഏകകമാണ്. മനസ്സ് ശാന്തമായിരിക്കേ, തമോഗുണം ഒരാളെ തെറ്റിന് പ്രേരിപ്പിച്ചാല്‍, ഉള്ളില്‍ മൃദുവും കൃത്യവുമായ ഒരു പ്രതിഷേധം ഉയരും. ബുദ്ധിയുടെ തെറ്റായ വിചാരത്തിന് എതിരായ ആത്മാവിന്റെ പ്രതിഷേധമാണ് അത്. അവ സ്വതന്ത്രമാണ് എന്നര്‍ത്ഥം. ബുദ്ധിയെക്കാള്‍ മേലെയാണ് ആത്മാവ്. ആഗ്രഹിച്ചാല്‍ അതിന് ബുദ്ധിയെ നിയന്ത്രിക്കാം; പക്ഷേ, സാധാരണ ആത്മാവ്, പ്രത്യേകിച്ചും ലോകകാര്യങ്ങളില്‍, ബുദ്ധിയുടെ തീരുമാനങ്ങള്‍ സ്വീകരിക്കുന്നു.

മനോമയകോശം
വിജ്ഞാനമയകോശത്തെ വലയം ചെയ്യുന്നതാണ് മനോമയകോശം. ആത്മാവിനെ വലയം ചെയ്തിരിക്കുന്ന ബുദ്ധിയുടെ ആവരണമാണ്, ഇത്. ബുദ്ധിവഴി, ആത്മാവിന് മനസ്സിനെ ബന്ധപ്പെടാനും, ആഗ്രഹങ്ങള്‍, വികാരങ്ങള്‍, വിചാരങ്ങള്‍ എന്നിവ പങ്കിടാന്‍, അതുമായി താദാത്മ്യം പ്രാപിക്കാനും കഴിയും. ഇത്തരത്തില്‍, ആത്മാവ്, സ്‌നേഹവും വിദ്വേഷവും, കോപവും പേടിയും, സന്തോഷവും സന്താപവും, ഭ്രമം, പക എന്നിവയുമെല്ലാം അനുഭവിക്കുന്നു. മനസ്സിനും ആത്മാവിനുമിടയില്‍ ബുദ്ധിവഴി മാത്രമേ വിനിമയം സാധ്യമാകൂ എന്നതിനാല്‍, മനസ്സിനെക്കാള്‍ ശക്തമാണ് ബുദ്ധി എന്നതിനാല്‍, ആത്മാവിലെത്തും മുന്‍പേ മനസ്സിന്റെ ഒരാശയെയോ വിചാരത്തെയോ തടയാനുള്ള അവകാശം ബുദ്ധിക്കാണ്. ഇങ്ങനെ, സംഭവിക്കാറുമുണ്ട്.

മനസ്സ് ചഞ്ചലമാണെന്നും അത് അതിദൂരത്തിലും അതിവിശാലതയിലും അലഞ്ഞുനടക്കാറുണ്ടെന്നും പൊതുവേ പറയാറുണ്ട്. പക്ഷേ, മനസ്സ് ആത്മാവിനെ ആവരണം ചെയ്യുന്നുവെന്നും സൂക്ഷ്മശരീരത്തിന്റെ ഭാഗമാകുന്നുവെന്നും ഉപനിഷത്തുക്കള്‍ പറയുന്നു. അങ്ങനെയെങ്കില്‍, അതിന് ആത്മാവിനെ വിടാനാവില്ല. തന്റെ ഇരിപ്പിടത്തിലിരുന്ന് മനസ്സിന്, ഇന്ദ്രിയങ്ങള്‍ പിടിച്ചെടുക്കുന്ന അനുഭൂതികള്‍ അറിയാനും, ഇന്ദ്രിയങ്ങളും മറ്റ് അവയവങ്ങളും ചെയ്യുന്ന കര്‍മങ്ങള്‍ അറിയാനും, സൂക്ഷ്മശരീരത്തില്‍ നിലനില്‍ക്കുന്ന മുജ്ജന്മ കര്‍മങ്ങളും അനുഭൂതികളും അവലോകനം ചെയ്ത് അവയുടെ സംയുക്തങ്ങളുടെ സ്വന്തം ബിംബങ്ങള്‍ സൃഷ്ടിക്കാനും കഴിയും. മുജ്ജന്മ കര്‍മങ്ങളുടെയും അനുഭൂതികളുടെയും പ്രതിഫലനങ്ങള്‍ മനസ്സ് അവലോകനം ചെയ്യുമ്പോള്‍, അവ മനസ്സില്‍ വളരെ കൃത്യമായി വീണ്ടും സംഭവിക്കും. സൂക്ഷ്മശരീരത്തില്‍ മനസ്സിന്റെ ചുഴലിത്തിരകള്‍ വികസിക്കുകയോ ചുരുങ്ങുകയോ ചെയ്യും; പക്ഷേ, മനസ്സിന് സൂക്ഷ്മശരീരം വിട്ട് ബാഹ്യവസ്തുക്കളെ ബന്ധപ്പെടാനാവില്ല. മനസ്സിന്റെ അലച്ചിലിനെപ്പറ്റിയുള്ള ചൊല്ലുകള്‍, കടങ്കഥകളായിരിക്കും.

പ്രാണമയകോശം
മനസ്സിന്റെ ആവരണത്തിന് ചുറ്റുമാണ് പത്ത് സൂക്ഷ്‌മേന്ദ്രിയങ്ങള്‍. അവ തൊട്ടുതൊട്ടിരുന്ന്, മനസ്സിനെ ഒരേപോലെ ബന്ധപ്പെടാനാവുംവിധം ഏക ആവരണമായി മാറുന്നു. ഈ മൂന്നാം ആവരണമാണ്, പ്രാണ-മയ-കോശം. സംസ്‌കൃതത്തില്‍, പ്രാണ എന്നാല്‍, ജീവിതത്വമോ ജീവവായുവോ ഇന്ദ്രിയങ്ങളോ ആകാം.

ഉപനിഷത്തുക്കള്‍ പ്രാണ എന്ന വാക്ക്, ഇന്ദ്രിയങ്ങളെ കുറിക്കാന്‍ സമൃദ്ധമായി ഉപയോഗിക്കുന്നു. 
ബൃഹദാരണ്യകം 1:5:21; 2:1;17, 18; 3:2:11; 4:3:17, 4:4:6, 
ഛാന്ദോഗ്യം2:6:1, 4:3:4; 5:1:15, 
മുണ്ഡകം 2:1:8; 2:2:5;
പ്രശ്‌നോപനിഷത് 4:1 തുടങ്ങിയ ഉദാഹരണം. സൂക്ഷ്മശരീര ആവരണങ്ങളെപ്പറ്റിയുള്ള ഈ സന്ദര്‍ഭത്തിലും, പ്രാണ എന്നത്, സൂക്ഷ്‌മേന്ദ്രിയങ്ങളാണ്. അതിനാല്‍, പ്രാണമയകോശം എന്നാല്‍, ഇന്ദ്രിയങ്ങള്‍ കൊണ്ടുള്ള ആവരണം. സൂക്ഷ്മശരീരത്തിന്റെ കാര്യത്തില്‍, ബന്ധപ്പെട്ട ഇന്ദ്രിയങ്ങള്‍ പദാര്‍ത്ഥരഹിതമായ സൂക്ഷ്‌മേന്ദ്രിയങ്ങളാകാനേ വഴിയുള്ളൂ.

പ്രാണന്, ജീവവായു എന്ന അര്‍ത്ഥത്തെ ആധാരമാക്കി ചില ചിന്തകര്‍ പ്രാണമയകോശത്തെ ജീവവായുവിന്റെ ആവരണമായി നിര്‍വചിച്ചിട്ടുണ്ട്. എന്നാല്‍, ജീവവായു, പദാര്‍ത്ഥമുള്ള അന്തരീക്ഷവായുവാണ്. പദാര്‍ത്ഥമുള്ള ഒന്നും പദാര്‍ത്ഥമില്ലാത്ത സൂക്ഷ്മശരീരത്തിന്റെ ഭാഗമാവില്ല. അതിനാല്‍, സൂക്ഷ്മശരീരത്തിന്റെ ഭാഗമായപ്രാണമയ കോശം, ജീവവായുവല്ല. സൂക്ഷ്മശരീരത്തെ സംബന്ധിച്ച ശങ്കരാചാര്യരുടെവിവേകചൂഡാമണിയിലെ വിവരണത്തില്‍ അവ അപഞ്ചീകൃതഭൂതങ്ങള്‍ ആണെന്ന് പറയുന്നത് നാം ശ്രദ്ധിച്ചു. സംയുക്തങ്ങളല്ലാത്ത ഏകകങ്ങള്‍ എന്നര്‍ത്ഥം. ബുദ്ധി, അഹംബോധം, മനസ്സ്, പത്ത് സൂക്ഷ്‌മേന്ദ്രിയങ്ങള്‍, അഞ്ച് തന്മാത്രകള്‍ എന്നിവയാണ് അവ. ജീവവായു അക്കൂട്ടത്തില്‍ ഇല്ല. സാംഖ്യകാരികയിലെ (40) അശക്തം സംസാരതി എന്ന പ്രയോഗം വ്യാഖ്യാനിക്കുമ്പോള്‍, ഗൗഡപാദര്‍, വാചസ്പതി, കോള്‍ ബ്രൂക്ക് തുടങ്ങിയവര്‍ നിരീക്ഷിക്കുന്നത്, സൂക്ഷ്മശരീരത്തിന് മലകള്‍, പാറകള്‍ തുടങ്ങി എന്തിലൂടെയും കടക്കാം എന്നാണ്. ലൈഫ് ആഫ്റ്റര്‍ ലൈഫ് ല്‍, പുനര്‍ജനിച്ചവര്‍ പറയുന്നത്, ജഡാവസ്ഥയില്‍ അവര്‍ ഭിത്തികള്‍, അടഞ്ഞ വാതില്‍, മേല്‍ക്കൂരകള്‍, ലോഹപ്പലകകള്‍ എന്നിവയിലൂടെ തടസ്സമില്ലാതെ കടന്നു എന്നാണ്. ഡോ. ഇയാന്‍ സ്റ്റീവന്‍സണും ഇതു ശരിവച്ചു. തടസ്സമില്ലാതെ, ഭിത്തി, അടഞ്ഞവാതില്‍ തുടങ്ങിയവയിലൂടെ, സൂക്ഷ്മ ശരീരമുള്ള ആത്മാക്കള്‍ക്ക് കടക്കാനാവും എന്നര്‍ത്ഥം. ജീവവായുവിന് അത് സാധ്യമല്ല. ഒരു സൂക്ഷ്മശരീരത്തിന് അതിന്റെ പ്രാണമയകോശത്തില്‍ വായുവുണ്ടെങ്കില്‍, അവവഴി പോകാനാവില്ല; വായു അടങ്ങിയ സൂക്ഷ്മശരീര ആവരണമുള്ള ആത്മാവിനും അത് പറ്റില്ല. അതിനാല്‍, ജീവവായുക്കളല്ല പ്രാണമയകോശത്തിലുള്ളത്. പ്രാണമയകോശം, സൂക്ഷ്‌മേന്ദ്രിയങ്ങളുടെ ആവരണമാണ്.

പുറന്തോട്
തന്മാത്രകളുടെ ഒരുറച്ച ആവരണം സൂക്ഷ്മ ശരീരത്തിന് സൂക്ഷ്മമായ പുറന്തോടാകുന്നുവെന്ന് നാം കണ്ടു. അത്, പ്രാണമയകോശത്തെ വലയം ചെയ്യുന്ന, തന്മാത്രകളുടെ സ്ഥിരമായ, ഉറച്ച, സൂക്ഷ്മ അടരാകുന്നു. ആത്മാവിനുള്ള നാലാം വലയമാണ് അത്; എന്നാല്‍ അതിനെ ആത്മാവിനുള്ള ‘ആവരണ’മായി കാണുന്നില്ല.

തന്മാത്രകള്‍ പ്രപഞ്ചത്തില്‍ എല്ലായിടത്തുമുണ്ടെങ്കിലും, മേല്‍പറഞ്ഞ അടര്, വ്യത്യസ്തവും ദൃഢവുമാണ്. ഒരിക്കലും ഒരു മാറ്റവും അതിനുണ്ടാകുന്നില്ല. അതിന് അന്തരീക്ഷത്തിലെ സ്വതന്ത്ര തന്മാത്രകളുമായുള്ള ബന്ധം, മണ്‍കുടത്തിന് കരയിലെ മണ്ണിനോടുള്ളപോലെയാകാം; അതിന് സൂക്ഷ്മശരീരവുമായുള്ള ബന്ധം, ഓറഞ്ചിന്റെ മാംസളമായ ഒരല്ലി പോലെയാകാം.
പ്രാണമയകോശത്തിനും പുറന്തോടിനുമിടയില്‍ സൂക്ഷ്മശരീരത്തിലെ ഇടം, കര്‍മഭാവങ്ങളുടെ പത്തായം എന്നനിലയില്‍, വളരെ പ്രധാനമാണ്. കൃത്യമായ പേരില്ലാത്തതിനാല്‍, ആ ഇടത്തെ നമുക്ക് അന്തരാളം എന്നുവിളിക്കാം. എല്ലാ കര്‍മഭാവങ്ങളും ഈ അന്തരാളത്തില്‍ വര്‍ത്തിക്കുന്നു.

ഭൗതികശരീരത്തിലെ തൊലിയുമായി, സൂക്ഷ്മശരീരത്തിന്റെ പുറന്തോടിന് വലിയ സാമ്യമില്ല; എന്നാല്‍, ഈ തൊണ്ട് സ്പര്‍ശമറിയുന്നില്ല, അത് ഒരിന്ദ്രിയമല്ല; തൊലിയാകട്ടെ, സ്പര്‍ശേന്ദ്രിയമാണ്. സൂക്ഷ്മശരീരത്തില്‍, സ്പര്‍ശത്തിന്റെ ഒരവശിഷ്ട ഇന്ദ്രിയമുണ്ട്; അത് പ്രാണമയകോശത്തിന്റെ ഭാഗമാണ്; അത് സൂക്ഷ്മശരീരത്തിലെ പുറന്തോടിന്റെ ഭാഗമല്ല, സൂക്ഷ്മശരീരത്തിലെ ഒരു കണികയാണ്.

H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚

No comments:

Post a Comment