ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

28 October 2016

ദീപാവലി

ദീപാവലി

ദീപാവലി സംബന്ധമായി പല ഐതീഹ്യങ്ങളും പ്രചാരത്തിലുണ്ട്. പ്രാഗ് ജ്യോതിഷ രാജ്യത്തിലെ ദുഷ്ട രാജാവായിരുന്ന നരകാസുരനെ വധിച്ചു ഭഗവാന്‍ ശ്രീകൃഷ്ണന്‍ ലോകത്തെ തിന്മയില്‍ നിന്നും മോചിപ്പിച്ച ദിനമാണ് ദീപാവലി എന്നതാണ് പ്രധാന ഐതീഹ്യം.
രാമരാവണ യുദ്ധത്തിനു ശേഷം സീതാ സമേതനായി ഭഗവാന്‍ ശ്രീരാമന്‍ അയോധ്യയില്‍ മടങ്ങിയെത്തിയ ദിവസമാണ് ദീപാവലി എന്നും വിശ്വസിക്കപ്പെടുന്നു.
എന്തുതന്നെ ആയാലും തിന്മയുടെ ഇരുട്ടിന്മേല്‍ നന്മയുടെ വെളിച്ചം വിജയിക്കുന്ന ദിവസമാണ് ദീപാവലി.

തിന്മയുടെ മേല്‍ നന്മ നേടിയ വിജയത്തിന്റെ പ്രതീകമാണ് ദീപാവലി എന്ന് പ്രശസ്തിയാര്‍ജിച്ച ആഘോഷം. ഇന്നാണ് ഈ പുണ്യദിനം.

കാര്‍ത്തിക മാസം കൃഷ്ണപക്ഷ ചതുര്‍ദശി ദിവസമാണ് നരകചതുര്‍ദശിയായി ആഘോഷിക്കുന്നത്. നരകാസുരന്റെ വധവുമായി ബന്ധപ്പെട്ടതാണ് ദീപാവലി ആഘോഷത്തിന്റെ ഐതിഹ്യം. ധിക്കാരിയും അഹങ്കാരിയും ക്രൂരനുമായ നരകാസുരന്‍ ഭൂമിദേവിയുടെ മകനായിരുന്നു.

ദേവന്മാരുമായി കടുത്ത ശത്രുതയിലായിരുന്ന ഈ അസുരന്‍ അവരെ ദ്രോഹിക്കുന്നതില്‍ അതിയായ ആനന്ദം കണ്ടെത്തി. സഹികെട്ടവരും അവശരുമായ ദേവന്മാര്‍ ഓം ശ്രീകൃഷ്ണായ പരസ്‌മൈ ബ്രഹ്മണേ നമോ നമഃ എന്ന് ഉരുവിട്ടുകൊണ്ട് ശ്രീകൃഷ്ണ ഭഗവാനെ അഭയം പ്രാപിച്ചു. അവരുടെ സങ്കടവും പരവശതയും കണ്ട് നരകാസുരനെ വധിക്കാമെന്ന് ഭഗവാന്‍ വാക്ക് കൊടുത്തതനുസരിച്ച് കൃത്തിക മാസം ചതുര്‍ദശി ദിവസം ആ കൃത്യം നിര്‍വഹിക്കുകയും ചെയ്തു.

മരണശയ്യയില്‍ നരകാസുരന്‍ പശ്ചാത്തപിച്ച് ഭഗവാനോട് എന്തെങ്കിലും തനിക്ക് ചെയ്തുതരണമെന്ന് പ്രാര്‍ത്ഥിച്ചു. ഭൂമിദേവിയും മകന്റെ ഓര്‍മയ്ക്ക് ഒരു ദിവസം ഭൂമിയില്‍ കൊണ്ടാടണമെന്ന് പ്രാര്‍ത്ഥനയിലൂടെ തന്റെ ആഗ്രഹം പ്രകടിപ്പിച്ചു. ശ്രീകൃഷ്ണ ഭഗവാന്‍ അതിനനുവദിച്ച ദിവസമത്രെ ദീപാവലി.

ഗംഗാസ്‌നാനം
നരാകസുരനെ വധിച്ച ശ്രീകൃഷ്ണന്‍ പുലരും വരെ സ്‌നാനം ചെയ്തു എന്ന ഐതിഹ്യത്തെ അനുസ്മരിച്ചു കൊണ്ടാണ് ഭക്തജനങ്ങള്‍ ദീപാവലി ദിവസം രാവിലെ ഗംഗാസ്‌നാനം നടത്തുന്നത്. ഇതുവഴി നരകത്തില്‍നിന്നും മുക്തി നേടാം എന്നാണ് സങ്കല്‍പ്പം.
ശരീരത്തില്‍ മുഴുവന്‍ തൈലം പുരട്ടി ചെമ്പ് പാത്രത്തില്‍ തയ്യാറാക്കിയ ചൂടുവെള്ളത്തില്‍ സ്‌നാനം ചെയ്താല്‍ ഗംഗാ സ്‌നാനം ചെയ്തഫലം ലഭ്യമാകും എന്നും ഭഗവദ് അനുഗ്രഹം കിട്ടും എന്നും ഭക്തര്‍ വിശ്വസിക്കുന്നു.

പച്ചവെള്ളത്തില്‍, ‘ഗംഗേ ച യമുനേ ചൈവ ഗോദാവരി സരസ്വതി നര്‍മ്മദേ സിന്ധു കാവേരീ ജലേസ്മിന്‍ സന്നിധിം കുരു’ എന്ന് ജപിച്ച് കൊണ്ട് കുളിച്ചാലും, ചൂട് വെള്ളത്തില്‍ ഇതേ മന്ത്രം ജപിച്ചുകൊണ്ട് കുളിച്ചാലും ഗംഗാസ്‌നാനം തന്നെ അനുഭവം എന്ന് ഉറച്ച് വിശ്വസിക്കുന്നവരാണ് ചില ഭക്തര്‍.

ദീ­പാ­വ­ലി­ക്ക്‌ ദീ­പാ­ളി എ­ന്നും­പേ­രു­ണ്ട്‌. ദീ­പാ­ളി എ­ന്നാൽ നിർ­ദ്ധ­ന­ത്വം എ­ന്നാ­ണർ­ഥം. ദീ­പാ­ളി കു­ളി­ക്കു­ക എ­ന്നൊ­രു പ്രയോ­ഗം­ത­ന്നെ നാ­ട്ടിൻ­പു­റ­ങ്ങ­ളിൽ പ്ര­ചാ­ര­ത്തി­ലു­ണ്ട്‌. തമിഴ് ബ്രാഹ്മണര്‍ അന്നേ ദിവസം രാവിലെ തമ്മില്‍ കാണുമ്പോള്‍ ”എന്നാ ഗംഗാസ്‌നാനം ആച്ചാ” എന്നാണ് അഭിസംബോധന ചെയ്യുക.

എണ്ണ തേച്ച് കുളി, കോടി വസ്ത്രങ്ങള്‍ ധരിക്കല്‍, മധുരപലഹാരങ്ങള്‍ ഭുജിക്കല്‍, വിതരണം ചെയ്യല്‍, പടക്കം പൊട്ടിക്കല്‍, മറ്റ് ആഘോഷങ്ങള്‍ നടത്തല്‍ എന്നിവ ദീപാവലി ആഘോഷത്തിന്റെ ഭാഗമാണ്.

വൈകുന്നേരം യമധര്‍മരാജന് വേണ്ടി ദീപദാനം നടത്തുന്ന പതിവും നിലവിലുണ്ട്. യമരാജാവിന്റെ 14 നാമങ്ങള്‍ ചൊല്ലി യമന് ജലത്താല്‍ അര്‍ഘ്യം സമര്‍പ്പിക്കുന്ന സമ്പ്രദായവും ചില സ്ഥലങ്ങളില്‍ ഉണ്ട്.

യമായ ധര്‍മരാജായ മൃത്യുവേ ച, അന്തകായ ച, വൈവസ്വതായ-കാലായ സര്‍വഭൂത-ക്ഷയായ ച-ഔദുംബരായ-ദധ്‌നായ-നീലായ പരമോഷ്ഠിനെ-വൃകോദരായ-ചിത്രായ-ചിത്രഗുപ്തായ-തേ നമഃ

എന്നതാണ് 14 മന്ത്രം. യമധര്‍മന് അര്‍ഘ്യം സമര്‍പ്പിക്കുമ്പോള്‍ ഈ മന്ത്രമാണ് ചൊല്ലേണ്ടത്. യമഭയം ഇല്ലാതാക്കുവാന്‍ ദീപാവലി ദിവസം നിറച്ചും ദീപങ്ങള്‍ തെളിയിച്ച് മംഗളസ്‌നാനം ചെയ്ത് ഈ സുദിനം ധന്യധന്യമായി കൊണ്ടാടണം എന്ന് മഹാബലി നിര്‍ദ്ദേശിച്ചതായി കാണുന്നു.

ഉത്തരേന്ത്യയില്‍ ദീപാവലിയുടെ ഐതിഹ്യം മറ്റൊന്നാണ്. വിജയദശമിനാള്‍ രാവണവധം നിര്‍വ്വഹിച്ചശേഷം ശ്രീരാമന്‍ കുറച്ചുദിവസങ്ങള്‍കൂടി ലങ്കയില്‍ തങ്ങി. രാവണന്റെ അനുജനായ വിഭീഷണനെ രാജാവായി വാഴിക്കുവാനായിരുന്നു അങ്ങനെ ചെയ്‌തത്‌. വിഭീഷണന്റെ അഭിഷേകശേഷം പരിവാരസമേതം അയോധ്യയിലേക്കു പുറപ്പെട്ട രാമന്‍ ഒരു കൃഷ്‌ണപക്ഷ ചതുര്‍ദശി ദിവസമാണ്‌ അയോധ്യയിലെത്തുന്നത്‌. പതിന്നാലുവര്‍ഷങ്ങള്‍ക്കുശേഷം തങ്ങളുടെ കണ്ണിലുണ്ണിയായ രാമകുമാരന്‍ തിരികെയെത്തുമ്പോള്‍ അതിഗംഭീരമായ വരവേല്‍പ്പു നല്‍കുവാന്‍ രാജ്യം തീരുമാനിക്കുന്നു. പുഷ്‌പക വിമാനത്തില്‍ ദൂരെ മൈതാനത്തു വന്നിറങ്ങിയ ശ്രീരാമന്‍ അവിടെ നിന്നും അനേകദൂരം സഞ്ചരിച്ചുവേണം രാജധാനിയിലെത്തുവാന്‍. അലങ്കരിച്ച രഥത്തില്‍ രാജവീഥികളിലൂടെ സാവധാനം നീങ്ങിയ രാമനെ വീഥിയുടെ ഇരുവശത്തും ദീപാലങ്കാരങ്ങളോടു കൂടിയാണ്‌ സ്‌നേഹസമ്പന്നരായ അയോധ്യാജനത സ്വീകരിക്കുന്നത്‌. ഈ മഹാസ്വീകരണത്തിന്റെ ഊഷ്‌മളമായ സ്‌മരണയാണ്‌ ദീപാവലി. രാവണ-കുംഭകര്‍ണാദികളുടെ വികൃതവും നല്ല ഉയരവുമുള്ളതും ആയ പ്രതിമകള്‍ പടക്കം നിറച്ച് വെച്ചത് സന്ധ്യാ സമയത്ത് തീ കൊടുത്ത് കത്തിക്കുന്നത് ഒട്ടേറെ സ്ഥലങ്ങളില്‍ കാണാം. അഹംഭാവം മാറും എന്നതാണ് ഇതിന്റെ പിന്നിലെ വിശ്വാസം.

ഗുജറാത്തില്‍ ദീപാവലി പുതുവര്‍ഷ പിറവിയാണ്. മഹാരാഷ്ട്രയില്‍ നാല് ദിവസത്തെ ഉത്സവമാണ് ദീപാവലി. പശ്ചിമബംഗാളിലും രാജസ്ഥാനിലും മരിച്ചുപോയ പിതൃക്കള്‍ തിരിച്ചുവരുന്നതായി സങ്കല്പിച്ച് ആചരിക്കുന്നു. ജൈനമതക്കാര്‍ വര്‍ദ്ധമാനന്റെ നിര്‍വാണ ദിനമായി ആചരിക്കുന്നു.

പതിവായി നാം എല്ലാ വർഷവും ആഘോഷിക്കുന്ന ദീപാവലിക്കു നാം അനുഷ്ഠിക്കേണ്ട ചില കാര്യങ്ങളുണ്ട് ഇതിനു വേണ്ട പൂജാസാമഗ്രികൾ ഏറ്റവും പ്രധാനമാണ് 

സിന്ധുരം, കർപ്പൂരം, ചന്ദനത്തിരി, നാളികേരം, പഴങ്ങൾ, മധുരപലഹാരങ്ങൾ, ഗംഗാജലം എന്നിവ വീടുകളിൽ ഉണ്ടാവണം. വീട് ശുദ്ധികരിക്കാൻ എല്ലാ മുറികളിലും ഗംഗാജലം തളിക്കുക ഇട്ടു വീട്ടിലെ എല്ലാ അശുദ്ധികളും മാറ്റും. മാത്രമല്ല നല്ല ഊർജം പ്രദാനം ചെയ്യുകയും ചെയ്യും.

പൂജാമുറിയിൽ നല്ല ചുമന്ന തുണി വിരിച്ചു പൂജാദ്രവ്യങ്ങൾ ഗണപതിയുടെയും ,ദേവീയുടെയും മുൻപിൽ സമർപ്പിക്കുക. പല തവണ ദേവീമന്ത്രം ഉരുവിട്ട ശേഷം വിഘ്നശാന്തിക്കായി ഗണപതിയേയും, ധനാഗമനത്തിന് ദേവിയെയും പ്രാർത്ഥിക്കുക. ഇത് എല്ലാ കഷ്ടപ്പാടുകളും അകറ്റി ശാന്തിയും ധനവും പ്രദാനം ചെയ്യും.

അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾ

ധന ത്രയോദശി
ദീപാവലി ആഘോഷങ്ങളുടെ തുടക്കം ധൻതേരസ് അഥവാ ധനത്രയോദശി ദിവസം ആണ്. അശ്വിനിമാസത്തിലെ കൃഷ്ണപക്ഷ ത്രയോദശി ദിവസമാണ് ഇത്. അന്നേ ദിവസം വീടും വ്യാപാരസ്ഥാപനങ്ങളും അലങ്കരിക്കുകയും ചെയ്ത് വാതിലിൽ രംഗോലി ഇടുന്നു. ഈ ദിവസം വൈകിട്ടു വിളക്കു വച്ച് ധനലക്ഷ്മി ദേവിയെ വീട്ടിലേക്കു ക്ഷണിക്കുകയും പൂജിക്കുകയും ചെയ്യുന്നു.

നരക ചതുർദശി
ദീപാവലി ആഘോഷത്തിന്റെ രണ്ടാം ദിവസമാണ് നരക ചതുർദശി. അശ്വിനി മാസത്തിലെ കൃഷ്ണപക്ഷ ചതുർദശി ആണ് ഇത്. നരകാസുരനെ വധിച്ച കാളിയെ ആണ് അന്നേ ദിവസം പൂജിക്കുന്നത്.

ലക്ഷ്മി പൂജ
ദീപാവലി ആഘോഷങ്ങളുടെ മൂന്നാം ദിവസമാണ് (അമാവാസി) ലക്ഷ്മി പൂജ. ഉത്തര ഭാരതത്തിലെ ദീപാവലി ആഘോഷങ്ങളിൽ പ്രധാനപ്പെട്ടത് ഇതാണ്. അന്നേ ദിവസം ഗണപതി, ലക്ഷ്മിയുടെ മൂന്നു രൂപങ്ങളായ മഹാലക്ഷ്മി, മഹാസരസ്വതി, മഹാകാളി, കുബേരൻ എന്നിവരെ പൂജിക്കുന്നു.

ബലി പ്രതിപദ
കാർത്തിക മാസത്തിലെ ശുക്ലപക്ഷത്തിലെ ഒന്നാം ദിവസമാണു ബലി പ്രതിപദ ആഘോഷിക്കുന്നത്. വാമനൻ ചവിട്ടി പാതാളത്തിലേക്കു വിട്ട മഹാബലി നാടുകാണാൻ വരുന്ന ദിവസമാണ് ഇതെന്നാണു വിശ്വാസം.

ആചാരങ്ങൾ പല സംസ്ഥാനങ്ങളിലും പലതാണെങ്കിലും, തേച്ചു കുളിയും പുതുവസ്ത്രങ്ങൾ ധരിക്കുന്നതും പരസ്പരം സമ്മാനങ്ങൾ കൊടുക്കുന്നതും പതിവാണ്. ഇതു കൂടാതെ രംഗോലിയോ കോലമോ കൊണ്ടു മുറ്റം അലങ്കരിക്കുക, കളിമണ്ണു കൊണ്ടോ ചാണകം കൊണ്ടോ ഏഴു കോട്ടകൾ പണിയുക, ബലിയെയും ഭാര്യ വിന്ധ്യവലിയെയും പൂജിക്കുക, നിരനിരയായി വിളക്കുകൾ കൊളുത്തി വയ്ക്കുക എന്നിവയും പതിവുണ്ട്.

ഭാതൃ ദ്വിതീയ
ദീപാവലി ആഘോഷങ്ങളുടെ അഞ്ചാം ദിവസമാണ് ഭാതൃദ്വിതീയ, ബഹു-ബീജ് ആഘോഷിക്കുന്നത്. ഇതോടു കൂടി ദീപാവലി ആഘോഷങ്ങൾ അവസാനിക്കുന്നു. കാർത്തിക മാസത്തിലെ ശുക്ലപക്ഷത്തിലെ രണ്ടാം ദിവസമാണ് ഈ ആഘോഷം. മരണ ദേവനായ യമൻ സഹോദരി യമിയെ സന്ദർശിച്ചു എന്നാണ് ഐതിഹ്യം. അതിനാൽ ഈ ദിവസത്തിനെ യമ ദ്വിതീയ എന്നും വിളിക്കുന്നു.സഹോദരീ സഹോദരന്മാർ ചേർന്നു ചെയ്യുന്ന ആചാരങ്ങളാണ് ഈ ദിവസത്തെ ആഘോഷങ്ങളിൽ പ്രധാനം.

തമോനിദ്രയിൽ സൃഷ്‌ടിയുടെ ആരംഭം കുറിക്കുന്ന വിസ്‌ഫോടനമാകുന്ന പ്രകാശാവലി
കാര്‍ത്തികമാസമെന്നത്‌ ശരത്‌കാലത്തിന്റെ സവിശേഷ കാലഘട്ടമാകുന്നു. ഋതുഭേദങ്ങള്‍ക്കനുസരിച്ച്‌ ഭൂമിയിലെ ജീവിതാവസ്‌ഥകള്‍ മാറിമാറി വരുന്നത്‌ കാണാം. പ്രപഞ്ചപരിവര്‍ത്തനത്തിന്റെ അലയൊലികള്‍ ഈ ജീവിതാവസ്‌ഥകളിലും നിഴലിക്കുന്നത്‌ നമുക്ക്‌ കാണാനാകും. സൃഷ്‌ടിയുടെ ആദിയില്‍ അവര്‍ണ്ണനീയമായ ശൂന്യതയും അന്ധകാരവും ഒരേയൊരു ബിന്ദുവില്‍ വിലയംപ്രാപിച്ച അവസ്‌ഥയെ കാണിക്കുന്നു. ആധുനികശാസ്‌ത്രം പ്രപഞ്ചാരംഭം ബിഗ്‌ബാങ്ങ്‌ തിയറിയിലൂടെയാണ്‌ വിശദീകരിക്കുന്നത്‌. കേവലം ഒരേയൊരു ബിന്ദുവില്‍ നിന്നും വിസ്‌ഫോടനം പ്രാപിച്ചാണ്‌ ഈ കാണുന്ന ദൃശ്യപ്രപഞ്ചമുണ്ടായതെന്നാണ്‌ ''ബിഗ്‌ബാങ്ങ്‌'' സിദ്ധാന്തത്തിന്റെ ഉള്ളടക്കം. വെറും ഒരു ബിന്ദുവില്‍ നിന്നും ഇക്കാണുന്ന മഹാപ്രപഞ്ചമോ എന്ന്‌ ആദ്യം കേള്‍ക്കുന്ന സാധാരണക്കാര്‍ക്ക്‌ സംശയം തോന്നാം. അനന്തമായ സ്‌ഥലം, കാലം, ദ്രവ്യം ഇവ ഘനീഭവിച്ചുണ്ടാകുന്ന ഒരു ബിന്ദുവാണ്‌ അത്‌. ശാസ്‌ത്രലോകം അതിനെ ഗ്രേറ്റ്‌ സിന്‍ഗുലാരിറ്റി അഥവാ മഹാവൈചിത്ര്യം എന്നു വിളിക്കുന്നു. അവര്‍ണ്ണനീയമായ സാന്ദ്രത ആ ബിന്ദുവിനുണ്ട്‌. ഒരു ലഘുവായ ഉദാഹരണം പറഞ്ഞാല്‍, വെറുമൊരു കടുകുമണിയുടെ മാത്രം വലിപ്പമുള്ള ഒരു അരിമണിയില്‍ നിന്നും ഏക്കറുകള്‍ പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്ന ആല്‍മരം ഉണ്ടാകുന്നില്ലേ? അതുപോലെ അനന്തമായ സ്‌ഥല, കാല, ദ്രവ്യ, അന്ധകാരങ്ങള്‍ ലയിച്ചു ഘനീഭവിച്ച ഒരേയൊരു ബിന്ദുവില്‍ സ്‌ഫോടനം നടക്കുന്നതോടുകൂടി സ്‌ഥലവും കാലവും ഉണ്ടാവുകയും അനുനിമിഷം വികസിക്കുവാന്‍ തുടങ്ങുകയും ചെയ്‌തു. ഈ വികാസപ്രക്രിയ ഇപ്പോഴും അനുസ്യൂതം തുടരുന്നു. അങ്ങനെയാണ്‌ ഗാലക്‌സികളും നക്ഷത്രങ്ങളുമെല്ലാം ഒന്നിനൊന്ന്‌ പരസ്‌പരം അകന്നു കൊണ്ടിരിക്കുകയാണെന്ന്‌ നാം മനസിലാക്കുന്നത്‌. പ്രപഞ്ചത്തിലെ എല്ലാ വസ്‌തുക്കളും എല്ലാ വസ്‌തുക്കളില്‍ നിന്നും അകന്നകന്നു മാറിക്കൊണ്ടിരിക്കുന്നതായി പരീക്ഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്‌.

പ്രപഞ്ചവികാസമാണ്‌ ഇതിനു കാരണം. ആദിവിസ്‌ഫോടനത്തില്‍ അനുഭവപ്പെട്ട ഉഗ്രമായ ചാലകഊര്‍ജ്‌ജം (കൈനറ്റിക്‌ എനര്‍ജി) യാണ്‌ ഈ വികാസത്തിനു കാരണം. അതേസമയം പ്രപഞ്ചകേന്ദ്രത്തിലേക്ക്‌ മറ്റു സകലതിനേയും ആകര്‍ഷിക്കുന്ന തീവ്രമായ ഗുരുത്വാകര്‍ഷണവും അവിടെയുണ്ട്‌. സ്‌ഫോടനത്തിന്റെ ചലനോര്‍ജ്‌ജം കൂടുതലായി നില്‍ക്കുന്നതുകൊണ്ടാണ്‌ വികാസപ്രക്രിയ ഇപ്പോഴും തുടരുന്നത്‌. ഇതും ഗുരുത്വശക്‌തിയും തുല്യമാകുമ്പോള്‍ വികാസം നിലയ്‌ക്കും. പിന്നീട്‌ ചലനോര്‍ജ്‌ജം കുറയുകയും ഗുരുത്വാകര്‍ഷണം കൂടുകയും ചെയ്യുമ്പോള്‍ വികസിക്കുന്നതിനു പകരം പ്രപഞ്ചം ചുരുങ്ങുവാന്‍ തുടങ്ങും. വിസ്‌ഫോടനത്തിന്റെ വിപരീത പ്രക്രിയ ഇതിന്‌ മഹാവിഭേദനക്രിയ (ഗ്രേറ്റ്‌ ക്രഞ്ച്‌) എന്നു പറയും. ഒടുവില്‍ ആരംഭിച്ച ബിന്ദുവിലേക്ക്‌ എല്ലാം തിരികെ ലയിക്കുന്നു. ഇതാണ്‌ മഹാപ്രളയം.

''പ്രകൃത്യേന ലയതേ ഇതി പ്രലയ:'' ആദിമ മൂലപ്രകൃതിയില്‍ തിരികെ ലയിക്കുന്ന പ്രക്രിയയാണ്‌ പ്ര-ലയം= പ്രളയം. ഈ ദിവസം അഥവാ മുഹൂര്‍ത്തമാണ്‌ കാലരാത്രി എന്നറിയപ്പെടുന്നത്‌. നാം അത്‌ പറഞ്ഞുപറഞ്ഞ്‌ കാളരാത്രി എന്നാക്കി മാറ്റി. കാലത്തിന്റെ രാത്രിയാണ്‌ കാലരാത്രി. അതായത്‌ കാലത്തിന്റെ അവസാനം. ഇങ്ങനെ ഒരു കാലരാത്രിക്കുശേഷം അനന്തനിദ്രയാണ്‌ തുടര്‍ന്നു വരുന്നത്‌. ആ മഹാനിദ്രയില്‍ സകലതും ഈ ബിന്ദുവില്‍ ലയിച്ചുകിടക്കുന്നു. ആ ദീര്‍ഘ നിദ്രയെത്തുടര്‍ന്ന്‌ വീണ്ടും വിസ്‌ഫോടനം നടക്കുന്നു. ഇങ്ങനെ പ്രപഞ്ചസൃഷ്‌ടിയുടെ ആദിയില്‍ ഉണ്ടായ വിസ്‌ഫോടനമാണ്‌ ദീപാവലി. അവിടത്തെ ദീപങ്ങള്‍ മണ്‍ചിരാതുകള്‍ ആയിരുന്നില്ല. ഗാലക്‌സികളും അതിലെ അനന്തകോടി നക്ഷത്രഗണങ്ങളും ആയിരുന്നു. അവ വരാനിരിക്കുന്ന വിസ്‌മയസൃഷ്‌ടി മുഹൂര്‍ത്തങ്ങളെത്തന്നെ വരവേല്‍ക്കുകയാണ്‌ ചെയ്‌തത്‌. കാലമാകുന്ന വീഥിയുടെ ഇരുവശങ്ങളിലും വിശ്വനാഥനാല്‍ തെളിക്കപ്പെട്ട ദീപങ്ങളുടെ കാഴ്‌ചയാണ്‌ താരാവ്യൂഹങ്ങള്‍. 

ദീര്‍ഘകാലത്തെ തമോനിദ്ര അഥവാ ഹിമയുഗത്തിനുശേഷം സൃഷ്‌ടിയുടെ ആരംഭം കുറിക്കുന്ന വിസ്‌ഫോടനമാകുന്ന പ്രകാശാവലി തന്നെയാണ്‌ ദീപാവലി. അങ്ങനെ ദീപാവലി ആഘോഷിക്കുന്നതിലൂടെ നാം പ്രപഞ്ചാരംഭം തന്നെയാണ്‌ ആഘോഷിക്കുന്നത്‌. അത്‌ ഏറ്റവും വിശിഷ്‌ടമായ ഒന്നുതന്നെയാണ്‌. ആഘോഷങ്ങള്‍ എല്ലാതരത്തിലും വേണം. ദീപാലങ്കാരങ്ങള്‍, പടക്കങ്ങള്‍, മധുരദ്രവ്യങ്ങള്‍ തുടങ്ങിയവയെല്ലാം നല്ലതുതന്നെ. അതോടൊപ്പം നമ്മുടെയെല്ലാം മനസ്സില്‍ അറിവിന്റെ ദീപാവലി തെളിയേണ്ടിയിരിക്കുന്നു. നാം ആഘോഷിക്കുന്ന ദീപാവലി വാസ്‌തവത്തില്‍ നമ്മെയെല്ലാം ഉള്‍ക്കൊള്ളുകയും പരിപാലിക്കുകയും ചെയ്യുന്ന മഹാപ്രപഞ്ചത്തിന്റെ വരവറിയിക്കുന്ന ദീപക്കാഴ്‌ചയാണെന്ന സത്യം നമ്മില്‍ ജ്വലിച്ചു തുടങ്ങേണ്ട സമയമായിരിക്കുന്നു.

1 comment:

  1. ആഴത്തിലുള്ള അറിവുകൾ....🙏🙏

    ReplyDelete