ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 November 2022

തൃപ്രയാർശിവയോഗിനി അമ്മ

തൃപ്രയാർശിവയോഗിനി അമ്മ

 പുണ്യ പരിപാവനമായ ഈ ഭാരതമണ്ണിൽ എത്രയോ ദിവ്യാത്മാക്കൾ പിറവി കൊണ്ടു, അവരുടെ തപോശക്തിയുടെ പ്രഭാവലയത്തിൽ അഭയം തേടി ജീവിതവിജയം കൈവരിച്ചവർ അനവതി പേരുണ്ട്, ആത്മജ്ഞാനം നേടിയ മഹാതപസ്വികൾ ഭക്തി മാർഗ്ഗത്തിലൂന്നി നിന്നുകൊണ്ട് സാമൂഹികപരമായ നവോത്ഥാനത്തിന് തുടക്കം കുറിക്കുകയും ജനജീവിതവിജയങ്ങൾക്ക് പുതുവഴി തുറന്നുകൊടുക്കുകയും ചെയ്തതായും കാണാം നമ്മുടെ ഗുരുപരമ്പര ചരിത്രത്തിൽ, നമ്മുടെ പല ഗുരുക്കൻമാരെയും പറ്റിയുള്ള വിവരം ഇന്നത്തെ തലമുറയ്ക്ക് അന്യമായി കൊണ്ടിരിക്കുന്നു, അത്തരത്തിൽ നമ്മൾ മറന്നു പോയ മഹാതപസ്വിനി തൃപ്രയാർ ശിവയോഗിനി അമ്മയെ കുറിച്ച് ചെറിയയൊരു ലേഖനം.

അമ്മയുടെ ജീവിത രേഖ:

തൃശൂർ ജില്ലയിൽ തൃപ്രയാറിനടുത്തുള്ള വലപ്പാടാണ് അമ്മയുടെ ജൻമദേശം,
കുട്ടനാചാരി - പാറുകുട്ടിയമ്മ ദമ്പതികളുടെ എട്ടാമത്തെ മകളായി 1923 മാർച്ച് 14 ന് തൃക്കേട്ട നക്ഷത്രത്തിൽ ജനനം, ജാനകി എന്നായിരുന്നു അമ്മയുടെ നാമം, ശൈശവം തൊട്ട് തന്നെ നിരവധി രോഗങ്ങൾ ജാനകിയെ അലട്ടിയിരുന്നു, നിത്യരോഗിയായി മാറിയ ജാനകി വേദനകളിൽ നിന്ന് മോചനത്തിനായി നിരന്തരം മന്ത്രജപത്തിൽ മുഴുകിയിരുന്നു, നിത്യവും ധ്യാനനിരതയായ ജാനകിയിൽ ഒരു പ്രത്യേക തേജസും ഐശ്വര്യവും കാണപ്പെട്ടു, തപോശക്തിയിൽ അവരുടെ രോഗം എന്നേക്കുമായി മാഞ്ഞു പോയി. ആത്മജ്ഞാനം നേടിയ ജാനകിയെ കാണാനും അവരുടെ അനുഗ്രഹത്തിനായും ഭക്തർ ഒഴുകിയെത്തി, അങ്ങനെ അവർ തൃപ്രയാർ ശിവയോഗിനി അമ്മ എന്നറിയപ്പെടാൻ തുടങ്ങി, അവരുടെ ഗൃഹം ശിവാലയം എന്നറിയപ്പെട്ടു.

1966 ൽ പറപ്പൂരിനടുത്തുള്ള ഊരകത്ത് 'ആത്മപ്രഭാലയം' എന്ന ആശ്രമം സ്ഥപിച്ച് അമ്മ ശിവാലയത്തിൽ നിന്ന് പറപ്പൂരിലേക്ക് താമസം മാറ്റി, അതിനു ശേഷം അമ്മ' പറപ്പൂരമ്മ 'എന്ന പേരിൽ അറിയപെട്ടു.

ചിൻമയമിഷൻ സ്ഥാപകൻ സ്വാമിജി ചിൻമയാനന്ദ സരസ്വതി അമ്മയെ തൻ്റെ ഗുരുവായാണ് കണ്ടിരുന്നത്,
ആശ്രമത്തിൽ അമ്മ കൈലാസ പ്രതിഷ്ഠ നടത്തി, കേരളത്തിലെ ഏക കൈലാസ പ്രതിഷ്ഠ ഇതാണ്.

ബ്രഹ്മതേജോമയ ക്ഷേത്രം, നിരവധി ക്ഷേത്രങ്ങൾ അമ്മ പണികഴിപ്പിച്ച് പ്രതിഷ്ഠനടത്തിയിട്ടുണ്ട്, ശില്പകലവശമുണ്ടായിരുന്നതുകൊണ്ട് അമ്മ സ്വയം വിഗ്രഹം നിർമ്മിച്ച് പ്രതിഷ്ഠ നടത്തുകയാണ് ചെയ്തിരുന്നത്, അമ്മ നിർമ്മിച്ച ക്ഷേത്രങ്ങളിൽ ഒന്നാണ് വലപ്പാട് കടപ്പുറത്തുള്ള ബ്രഹ്മതേജോമയ ക്ഷേത്രം,
1974 ഒക്ടോബർ 25 വിജയദശമി നാളിൽ പ്രതിഷ്ഠ നടത്തി,
അരയ സമുദായം തിങ്ങിപ്പാർക്കുന്ന വലപ്പാട് കടപ്പുറത്താണ് ബ്രഹ്മതേജോമയക്ഷേത്രം, അരയ സമുദായത്തിൻ്റെ അഭിവൃദ്ധിക്കായി അവർക്ക് ആത്യാത്മികജ്ഞാനം കൈവരിക്കുന്നതിനു വേണ്ടി അമ്മ ക്ഷേത്രത്തിൽ തത്വപ്രതിഷ്ട നടത്തിയത് വഞ്ചിയും അതിൽ ചെമ്മീൻ, ശൂലം എന്നിവയും, ശൂലത്തിൽ നിന്ന് ഗംഗ ഒഴുകുന്നതായാണ് പ്രതിഷ്ടയുടെ രൂപം,
മുക്കുവരുടെ ജീവിതോപാധിയാണ് വഞ്ചിയും മീനും, അതിനാൽ അമ്മ ആ 'സർവ്വവ്യാപിയായ പരബ്രഹ്മത്തെ വഞ്ചിയായി സങ്കല്പിച്ച് പ്രതിഷ്ഠ നടത്തി മുക്കുവർക്ക് സമർപ്പിക്കുമ്പോൾ അമ്മ നല്കുന്ന തത്വം വളരെ വലുതാണ്, അമ്മയുടെ അനുഗ്രഹത്താൽ ഇവിടെയുള്ള അരയർ സമൂഹത്തിൽ ഉയർന്നജീവിത നിലവാരം പുലർത്തുന്നവരാണ്, അവർക്കല്ലാം അമ്മയെന്നാൽ ജീവനാണ്, ഭാരതത്തിൽ വഞ്ചി പ്രതിഷ്ഠയുള്ള ഏക ക്ഷേത്രമാണ് ബ്രഹ്മതേജോമയക്ഷേത്രം, കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അരയർ ഇവിടെ ദർശനത്തിനെത്താറുണ്ട്.

നാഗദേവത ക്ഷേത്രം -:

വലപ്പാട് മണൽപ്പുറത്തിൻ്റേ തൊട്ടടുത്തുള്ള നാട്ടിക കടപ്പുറത്ത് അമ്മ നാഗദേവത പ്രതിഷ്ഠ നടത്തി, (ഈ ക്ഷേത്രത്തിൽ ഇന്ന് അമ്മയുടെ പാദുകം വെച്ച് പൂജിക്കുന്നുണ്ട്)

കേരളത്തിലെ ഏക വേദവ്യാസക്ഷേത്രമായ അമല നഗരിലെ വ്യാസപ്രതിഷ്ഠ നടത്തിയത് അമ്മയാണ്,

കുറച്ച് നാൾ അമ്മ പട്ടുവസ്ത്രം ധരിച്ച് ഇരുന്നിരുന്നു, ആ സമയത്ത് ആശ്രമത്തിൽ വരുന്ന ഭക്തരല്ലാം പട്ടുവസ്ത്രവുമായി വരാൻ തുടങ്ങി, പിന്നീട് അമ്മ സ്ഥിരമായി കീറിയ ചാക്ക് പുതച്ച് ഇരുന്നു, അതാണ് അമ്മയുടെ തത്വം.

1981 മാർച്ച് 1 ന് പറപ്പൂർ ആശ്രമത്തിൽ വെച്ച് 58 ആം വയസിൽ അമ്മ മഹാസമാധിയായി, പാലക്കാട് ജില്ലയിലെ തൃക്കടീരി എന്ന ഗ്രാമത്തിലുള്ള ചെമ്പൻമലയിലാണ് അമ്മയെ സമാധിയിരുത്തിയിരിക്കുന്നത്, സമാധി സ്ഥലം 'ശിവാത്മാനന്ദകൈലാസം' എന്നറിയപ്പെടുന്നു,

തൃപ്രയാർ വലപ്പാട്ടുള്ള അമ്മയുടെ ജൻമഗൃഹം' ശിവാലയം' എന്ന പേരിൽ ഇന്നറിയപ്പെടുന്നു,

വൈലോപ്പിളളി ശ്രീധരമേനോൻ്റെ കൊച്ചുമകൾ നിത്യാ മേനോൻ The Maടter Mystic (The Life of shivayogini Amma) എന്ന പേരിൽ അമ്മയുടെ ജീവചരിത്രം പുസ്തകമായി പ്രസിദ്ധീകരിച്ചു,
ഡോ രാജീവ് ഇരിങ്ങാലക്കുട തപോമയമീജീവിതം എന്ന പേരിലും അമ്മയുടെ ചരിത്രം മലയാളത്തിൽ രചിച്ചിട്ടുണ്ട്.

No comments:

Post a Comment