ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

13 November 2022

പിറന്നാൾ /ശ്രാദ്ധം

പിറന്നാൾ /ശ്രാദ്ധം എന്നിവ എങ്ങിനെ എടുക്കണം എന്ന് ചിലർ സംശയം പറഞ്ഞിരുന്നു. അതിനു ഒരു ചെറിയ വിശദീകരണം തരാം 

പിറന്നാൾ എടുക്കുന്ന വിധം

ഉദയാൽ പരം (ഉദയത്തിനു ശേഷം) 6.33 നാഴിക - 2 മണിക്കൂർ 32 മിനുട്ട്. ഉള്ളപ്പോൾ ആ ദിവസം ആണ് പിറന്നാളിന് എടുക്കേണ്ടത്. 

(ചിലർ 7-1/2 നാഴിക (3 മണിക്കൂർ ) എന്നും പറയും). മാസത്തിൽ 2 പ്രാവശ്യം നാൾ വന്നാൽ രണ്ടാമത്തെ നാൾ എടുക്കണം പക്ഷെ അതേ രണ്ടാമത്തെ നാൾ, മാസ അവസാനത്തെ സംക്രമം ദിവസം വന്നാൽ ആദ്യത്തെ നാൾ പിറന്നാളിനു എടുക്കും. 

ഉദ: ചില ദിവസം ഉദയത്തിൽ നോക്കിയാൽ കാർത്തിക 3 നാഴിക എന്ന് കലണ്ടറിൽ കാണുന്നു എന്നും അന്നത്തെ ഉദയം 6 മണിക്കു ആണെന്നും വെക്കുക. അപ്പോൾ 3 നാഴിക തീരുന്നതു 24 x 3 മിനുട്ട് 72 മിനുട്ട് - 1 മണിക്കൂർ 12 മിനിറ്റ്. അതായത് 7 മണി 12 മിനിറ്റിനു കാർത്തിക കഴിയും. അതുകൊണ്ട് അന്ന് രോഹിണി ആണ് പിറന്നാൾ. എന്നാൽ പിറ്റേ ദിവസം രാവിലെ രോഹിണി 8-1/2 നാഴിക ഉണ്ടെങ്കിൽ രോഹിണി പിറന്നാൾ പിറ്റേ ദിവസം ആയിരിക്കും 

ശ്രാദ്ധം

ശ്രാദ്ധത്തിനു നാൾ എടുക്കുന്നത് തികച്ചും വ്യത്യാസമായാണ്. മലയാളം മാസത്തിൽ രണ്ടു പ്രാവശ്യം ഒരേ നാൾ വന്നാൽ ആദ്യത്തേത് ശ്രാദ്ധത്തിനു എടുക്കും. 

പിറന്നാളിന് ഉദയത്തിലെ കണക്കാണ് എടുക്കുന്നതെങ്കിൽ ശ്രാദ്ധത്തിനു അസ്തമയത്തിനു മുൻപുള്ള നാഴിക കണക്കാണ് എടുക്കുന്നത്. 
അത് മാത്രമല്ല അന്ന് അസ്തമയാൽ പൂർവ്വം (അസ്തമയത്തിനു മുൻപേ ) 20 നാഴിക (4 മണിക്കൂർ ) വേണും താനും.

മേല്പറഞ്ഞ കണക്കിൽ രോഹിണി ശ്രാദ്ധം തലേ ദിവസം ആയിരിക്കും - രോഹിണി പിറന്നാൾ പിറ്റേ ദിവസവും 

ക്ഷേത്രത്തിൽ പൂരം മുതലായ ഉത്സവങ്ങൾക്കും വൈകുന്നേരത്തെ നക്ഷത്രത്തിന്റെ കണക്കാണ് എടുക്കുക

ഏകാദശി നോല്ക്കാൻ ഉദയത്തിലെ കണക്കാണ് എടുക്കാറ്

ഇനി മറ്റൊന്ന് ഒരാൾ ശനിയാഴ്ച അർദ്ധ രാത്രി 12 മണിക്ക് ശേഷം 1.30 മിനിറ്റിനു മരണപ്പെടുന്നു എന്ന് വെക്കുക അപ്പോൾ കലണ്ടർ പ്രകാരം ഞായറാഴ്ച ആണ് മരണം എങ്കിലും ശനിയാഴ്ച മരിച്ചതായി ആണ് കണക്കെടുക്കുക (അർദ്ധ രാത്രിക്കു ശേഷം 2.00 AM വരെ - ചിലർ 2.30 AM എന്നും പറയും - മരിച്ചാൽ തലേ ദിവസത്തെ ആഴ്ച കണക്കാണ് എടുക്കുക.) അപ്പോൾ 15 അടിയന്തിരം ശനിയാഴ്ച വരും 



No comments:

Post a Comment