ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

24 July 2019

മണ്ഡോദരിയുടെ കഥ

മണ്ഡോദരിയുടെ കഥ

ഉറങ്ങിക്കിടന്ന സാത്വികയായ മണ്‌ഡോദരിയെ സീതയാണോയെന്നു ഹനുമാന്‍ സംശയിക്കാനെന്തു കാരണം? സീതയ്ക്കും മണ്‌ഡോദരിക്കും തമ്മില്‍ രൂപസാദൃശ്യം ഉണ്ടാകാനുള്ള കാരണം ആനന്ദരാമായണത്തില്‍ പറയുന്നന്നതിങ്ങനെയാണ്.
രാവണന്റെ മാതാവ് കൈകസി വലിയ ശിവഭക്തയായിരുന്നു. നിത്യവും ശിവപൂജ നടത്തിയിട്ടേ അവര്‍ ജലപാനം ചെയ്യുകയുള്ളൂ. ചെറിയൊരു ശിവലിംഗം വച്ചായിരുന്നു അവരുടെ പൂജ. ഒരിക്കല്‍ വാസുകിയുടെ നിശ്വാസത്തില്‍ ഇളകിയ ലിംഗം പാതാളത്തിലേക്കു താണുപോയി. കൈകസിക്കു വിഷമമായി. വേഗം രാവണനെ വിളിപ്പിച്ചു കൈലാസത്തില്‍ചെന്ന് ശിവനോട് ആത്മലിംഗം ചോദിച്ചുവാങ്ങിക്കൊണ്ടുവരാന്‍ പറഞ്ഞു. കൈലാസത്തിലെത്തിയ രാവണന്‍ കഠിനമായി തപസ്സുചെയ്തു ശിവനെ പ്രത്യക്ഷപ്പെടുത്തി. നിനക്കെന്തു വരം വേണമെന്നു ചോദിച്ചു ”രണ്ടുവരം” രാവണന്‍ പറഞ്ഞു. ”ശരി ചോദിച്ചോളൂ”

ഒന്നാമത്തെ വരം അവിടത്തെ ആത്മലിംഗം തരണം. പിന്നെ രാവണന്‍ ചോദിക്കാന്‍ മടിക്കുന്നു ”എന്തായാലും ചോദിക്കാം” ശിവന്‍ ധൈര്യം കൊടുത്തു. ”പാര്‍വതിയെ എനിക്കു തരണം.” ഇതുകേട്ട് പാര്‍വതിയും ശിവനും പുഞ്ചിരിച്ചു. ”ശരി കൊണ്ടുപൊയ്‌ക്കൊള്ളു.” ശിവന്‍ ചെറിയൊരു ലിംഗം രാവണനു കൊടുത്തിട്ടു പറഞ്ഞു. ” ഇത് കൈയില്‍ വച്ചുകൊണ്ട് നടക്കണം. നല്ല ഭാരമുണ്ട്. ഒരിക്കലും തറയില്‍വയ്ക്കരുത്. പാര്‍വതി പിന്നാലെ നടന്നുവരും. നിനക്കിവളെ വേണ്ട എന്നുതോന്നിയാല്‍ ഇവിടെ തിരിച്ചകൊണ്ടാക്കണം.” രാവണന്‍ ശിവലിംഗം കൈയില്‍ വാങ്ങി പിന്നാലെവരുന്ന പാര്‍വതിയേയും കൂട്ടി നടന്നു. പാര്‍വതി ഇതിനകം മഹാവിഷ്ണുവിനെ സ്മരിച്ചു. ആപത്തില്‍ സ്മരിക്കേണ്ടത് നാരായണനെയാണല്ലോ. ശിവലിംഗം ചെറുതാണെങ്കിലും വല്ലാത്ത ഭാരം. താഴെവയ്ക്കാന്‍ പാടില്ല. അല്പനേരം ഏല്‍പിക്കാന്‍ ആരുമില്ല. ഭാരം കൂടിക്കൂടിവരുന്നു. രാവണന്‍ വിഷമിച്ചു. പടിഞ്ഞാറേ കടല്‍ക്കരയില്‍ എത്തി. അവിടെ ഒരു ബ്രാഹ്മണ വടു ധ്യാനിച്ചുകൊണ്ടിരിക്കുന്നു. രാവണനെ കണ്ടയുടനെ വടു ചോദിച്ചു. ”അല്ലാ ഇത് രാവണനല്ലേ? എവിടെ നിന്നു വരുന്നു? കൈയിലുള്ള ഈ കളിപ്പാട്ടം ആരുതന്നു?” അതുകേട്ട് രാവണന്‍ ഇതു ശിവന്റെ ആത്മലിംഗമാണെന്നും മാതാവിന് പൂജിക്കാന്‍ ശിവന്‍ സമ്മാനിച്ചതാണെന്നും അറിയിച്ചു. അപ്പോള്‍ ആ ബ്രഹ്മചാരി ചോദിച്ചു.

”കൈലാസത്തിലെ ഈ ദാസിയെ അമ്മയ്ക്കു ജോലിക്കാരിയായി കൊണ്ടുപോകയാണോ?”
രാവണനു കോപം വന്നു. ”എന്താ തനിക്കു കണ്ണുകണ്ടുകൂടെ? ഇത് പാര്‍വതിയാണ്. ശിവന്‍ എനിക്കു സമ്മാനിച്ചതാണ്.”

ബ്രഹ്മചാരി വാ പൊത്തിച്ചിരിച്ചു. ”ഇവര്‍ പാര്‍വതിയുടെ ദാസിയാണ്. കൈലാസത്തില്‍വച്ച് ഞാന്‍ കണ്ടിട്ടുള്ളതുകൊണ്ടാണ് ചോദിച്ചത്. രാവണന്‍ വീരപരാക്രമിയാണെന്ന് എനിക്കറിയാം. എന്നാല്‍ തീരെ ബുദ്ധിയില്ല എന്ന് ഇപ്പോള്‍ മനസ്സിലായി. ഹേ വീരാ, ആരെങ്കിലും സ്വന്തം ഭാര്യയെ ചോദിച്ചാലുടന്‍ മറ്റൊരാള്‍ക്ക് വിട്ടുകൊടുക്കുമോ? ശിവന്‍ പറഞ്ഞാലും പാര്‍വതിക്കിഷ്ടമില്ലെങ്കില്‍ നിങ്ങളുടെ കൂടെ വരുമോ? രാവണനെ ശിവനും പാര്‍വതിയും ചേര്‍ന്ന് പറ്റിച്ചുവിട്ടു. പാര്‍വതിയെ ചോദിച്ചപ്പോള്‍ അവിടത്തെ ദാസിയായ പാര്‍വതിയെ വേഷം കെട്ടിച്ച് കൂടെ വിട്ടു. ഇവളുടെ പേരും പാര്‍വതിയെന്നുതന്നെ അല്ലേ?” എന്നു വടു ചോദിച്ചപ്പോള്‍ പാര്‍വതി തലകുലുക്കി. രാവണന്‍ നിശ്ശബ്ദനായി. പറഞ്ഞതു ശരിയാകാം. ഇതു ദാസിയായിരിക്കും. ഇങ്ങനെ സംശയിക്കുന്നതിനിടയില്‍ വടു പിന്നെയും പറഞ്ഞു. ”പാര്‍വതിയെ ഇപ്പോള്‍ പാതാളത്തില്‍ അസുരശില്പിയായ മയന്റെ അടുത്ത് ഒളിപ്പിച്ചുവച്ചിരിക്കുന്നു. സംശയമുണ്ടെങ്കില്‍ കൈലാസത്തില്‍ പോയി ചോദിക്കാമല്ലോ. രാവണാ, വേഗം കൈലാസത്തില്‍ ചെന്ന് ഈ ദാസിയെ തിരിച്ചുകൊടുക്ക്. പാതാളത്തില്‍ നിന്ന് മയന്റെ പക്കലുള്ള പാര്‍വതിയെ വീണ്ടെടുക്ക്.

രാവണന്‍ കുഴങ്ങി. ഭാരമുള്ള ഈ ശിവലിംഗം ഇനിയും ചുമക്കണോ? കൈലാസമെടുത്ത തനിക്കീ ചെറിയ ശിവലിംഗം താങ്ങാന്‍ കഴിയുന്നില്ല. ”നിങ്ങള്‍ അരനാഴികയ്ക്കകം വരാമെങ്കില്‍ ഇതു ഞാന്‍ വച്ചുകൊണ്ട് ഇവിടെ നില്‍ക്കാം. പക്ഷേ വേഗം വരണം.” വടു പറഞ്ഞു. രാവണന്‍ ആ ലിംഗത്തെ വടുവിനെ ഏല്‍പ്പിച്ച് പാര്‍വതിയേയുംകൊണ്ട് കൈലാസത്തിലേക്കു പറന്നു. ശിവന്റെ അടുത്തെത്തി പരിഭവത്തോടെ പറഞ്ഞു.

”എനിക്കീ ദാസിയെ വേണ്ട. യഥാര്‍ത്ഥ പാര്‍വതിയെ മതി. ഞാന്‍ കണ്ടുപിടിച്ചോളാം.” രാവണന്‍ വടു നിന്ന സ്ഥലത്ത് എത്തിയപ്പോള്‍ അവിടെ ആരുമില്ല. ശിവലിംഗം നിലത്തിരിക്കുന്നു. രാവണന്‍ അതിളക്കിയെടുക്കാന്‍ ശ്രമിക്കുന്തോറും ഭൂമിയിലേക്കു താണുകൊണ്ടിരുന്നു. ഒടുവില്‍ അതവിടെ വിട്ടിട്ട് പാതാളത്തിലേക്കു പാഞ്ഞു. ഇതിനകം വിഷ്ണു തന്റെ ശരീരത്തില്‍ അണിഞ്ഞിരുന്ന കളഭം ഉരുട്ടിയെടുത്ത് പാര്‍വതിയെപ്പോലൊരു സ്ത്രീയെ സൃഷ്ടിച്ചു. കണ്ടാല്‍ ലക്ഷ്മിയെപ്പോലെ. പാതാളത്തിലെത്തി മയനു പുത്രിയായി നല്‍കി. മക്കളില്ലാതിരുന്ന മയന് സന്തോഷമായി.

അവള്‍ക്ക് മണ്ഡോദരിയെന്നും പേരിട്ടു. രാവണന്‍ വന്നുചോദിച്ചാല്‍ വിവാഹം കഴിച്ചുകൊടുക്കണം എന്നും വിഷ്ണു നിര്‍ദ്ദേശിച്ചിരുന്നു. അങ്ങനെയാണ് മണ്ഡോദരി രാവണന്റെ പത്‌നിയായത്.
ശിവന്‍ കൊണ്ടുവന്ന ശിവലിംഗം ഭൂമിയിലേക്കു താണനിലയില്‍ ഇന്നും കാണാം. ഈ സ്ഥലം ഗോകര്‍ണം എന്നറിയപ്പെടുന്നു. ഈ കഥ തന്നെ മറ്റൊരുരൂപത്തിലും പറഞ്ഞുവരുന്നു. ഇതില്‍ പാര്‍വതിയെ ചോദിക്കുന്നതായി പറയുന്നില്ല. വിഷ്ണുവിനു പകരം ഗണപതിയാണ് വടു രൂപത്തില്‍ വന്ന് ശിവലിംഗം താഴെവയ്പിച്ചത്.

No comments:

Post a Comment