സീതയുടെ ജനനം
രാമായണകഥയിലെ നായികയാണ് സീത. ലോകത്തിലെ സ്‌ത്രീരത്‌നങ്ങളിൽ പ്രഥമസ്ഥാനം തന്നെ സീതയ്‌ക്കുണ്ട്. രാമനു തുല്യമോ അതിലധികമോ തിളങ്ങിനിൽക്കുന്നു സീത എന്നതിനാൽ കാവ്യത്തിന്റെ പേർ സീതായണമെന്നു മാറ്റിയാലും കുഴപ്പമില്ല എന്നാണ് ചിലരുടെ പക്ഷം.
രാമന്റെ ജനനത്തെപ്പറ്റി ഒരു കഥയേയുളളൂ- പായസക്കഥ! എന്നാൽ സീതയുടെ ജന്മത്തെ സംബന്ധിക്കുന്ന അനേകം കഥകളുണ്ട്.
രാവണന്റെയും മണ്ഡോദരിയുടെയും ആദ്യ സന്താനം പെൺകുഞ്ഞായിരുന്നു. ലങ്കയ്‌ക്ക് അവൾ നാശം ചെയ്യുമെന്ന പ്രവചനത്തെ മാനിച്ച് ആ കുഞ്ഞിനെ പെട്ടിയിലാക്കി ഭാരതത്തിൽ ഉപേക്ഷിച്ചു എന്നും അതു ജനകരാജാവിനു കിട്ടി എന്നുമാണ് ഒരു കഥ.
മഹാലക്ഷ്‌മിയുടെ അവതാരമായ വേദവതിയുമായി ബന്ധപ്പെട്ട കഥയ്‌ക്കാണ് കൂടുതൽ പ്രചാരം. അതും രാവണന്റെ പെട്ടിതളളൽ തന്നെ!
സൂര്യശാപത്താൽ ഐശ്വര്യം നഷ്‌ടപ്പെട്ട കുശധ്വജൻ എന്ന രാജാവ് പത്‌നിയോടൊപ്പം വേദമന്ത്രങ്ങൾ ഉരുവിട്ടുകൊണ്ടു പുത്രീജനനത്തിനായി പ്രാർത്ഥിച്ചുപോന്നു. അപ്പോൾ കുശധ്വജന്റെ വായിൽനിന്ന് ഒരു ശിശു ജനിച്ചു. ശിശു ലക്ഷ്‌മീദേവിയുടെ അവതാരമായിരുന്നതിനാൽ, രാജാവിനു നഷ്‌ടമായ ഐശ്വര്യമെല്ലാം അതോടെ വീണ്ടുകിട്ടി.
കുശധ്വജൻ മകൾക്കു വേദവതി എന്നു പേരിട്ടു. വേദജപങ്ങൾക്കിടയിലായിരുന്നല്ലോ ജനനം. ദേവവതിയെന്നും വിളിക്കും. അവൾ വളർന്നു സുന്ദരിയായ യുവതിയായി.
അക്കാലത്താണ് ശംഭു എന്ന അസുരൻ അതുവഴി വന്നത്. വേദവതിയെ അയാൾക്കു വിവാഹം കഴിച്ചേ പറ്റൂ. കുശധ്വജൻ സമ്മതിച്ചില്ല. കുപിതനായ അസുരൻ ഉറങ്ങിക്കിടക്കുകയായിരുന്ന കുശധ്വജനെ വെട്ടിക്കൊന്നു.
ശബ്‌ദം കേട്ട് ഓടിയെത്തിയ വേദവതി ആ ദാരുണമായ രംഗം കണ്ടു. അവൾ തീപാറുന്ന കണ്ണുകളാൽ ശംഭുവിനെ ഒന്നു നോക്കിയതേയുളളൂ. ആ അസുരൻ ഉടനെ ഭസ്‌മമായി.
വേദവതി പിന്നെ ആശ്രമത്തിൽ ഏകാന്ത തപസ്സ് അനുഷ്‌ഠിച്ചു. വിഷ്‌ണുഭഗവാനെ ഭർത്താവായി ലഭിക്കുന്നതിനു വേണ്ടിയായിരുന്നു തപസ്സ്. അവിടേയ്‌ക്ക് ഒരുദിവസം, തന്റെ ജൈത്രയാത്രയ്‌ക്കിടയിൽ രാവണൻ എത്തിച്ചേർന്നു.
“അതിസുന്ദരമായ ഈ ശരീരം തപസ്സിനാൽ ഉണക്കുന്നതെന്തിന്? വിശ്വവിജയിയായ ഈ രാവണനെ ഭർത്താവായി സ്വീകരിക്കൂ.” വേദവതിയോടു രാവണൻ അപേക്ഷിച്ചു.
തികഞ്ഞ പുച്ഛത്തോടെ വേദവതി ആ അപേക്ഷ നിരസിച്ചു. രാവണൻ അതു ക്ഷമിച്ചില്ല. അവളെ കൈക്കു പിടിച്ചു വലിച്ചു.
പല്ലും നഖവും കൊണ്ട് വേദവതി രാവണനെ എതിർത്തു മാറ്റി. രാവണൻ കാൺകെ തപഃശക്തിയാൽ അഗ്നി ജ്വലിപ്പിച്ചു. ഒരു നീചാത്മാവിന്റെ കരസ്‌പർശത്താൽ അശുദ്ധമായ ഈ ശരിരംതാൻ ഉപേക്ഷിക്കുകയാണെന്നു പറഞ്ഞുകൊണ്ട് അവൾ അഗ്നിയിൽ ചാടി മരിക്കുകയും ചെയ്‌തു.
“മഹാദുഷ്‌ടനായ രാവണാ! അടുത്ത ജന്മത്തിൽ മഹാവിഷ്‌ണു എന്റെ ഭർത്താവായി വരും. നിന്നെ വധിക്കും; അതിനു ഞാൻ നിമിത്തമാകും.” എന്നു പറഞ്ഞുകൊണ്ടായിരുന്നു വേദവതിയുടെ അഗ്നിപ്രവേശം.
ആ ശാപവാക്കുകൾ രാവണന്റെ ഉളളു പൊളളിച്ചു. വേദവതി ഇതിനകം ചാരമായിക്കഴിഞ്ഞിരുന്നു. ചാരം അവിടെ കിടന്നു പുനർജനിച്ചാലോ എന്ന് ആ മൂഢാത്മാവു ഭയപ്പെട്ടു. അതെടുത്തു പെട്ടിയിലാക്കിയാൽ മരണത്തെ ഒഴിവാക്കാമെന്നും ശാപം ഫലിക്കില്ലെന്നും രാവണൻ വ്യാമോഹിച്ചു.
വേദവതിയുടെ ചാരം മുഴുവൻ തുടച്ചെടുത്ത് ഒരു സ്വർണ്ണ പേടകത്തിലാക്കിയാണു രാവണൻ ലങ്കയിൽ തിരിച്ചെത്തിയത്. അവിടെ ഒരു വിജനപ്രദേശത്തു പെട്ടി ഒളിപ്പിച്ചുവെച്ചു. ഇടയ്‌ക്കിടെ രാവണൻ രഹസ്യമായി ആ സ്ഥലം സന്ദർശിക്കും. വല്ല മാറ്റവും വരുന്നുണ്ടോ എന്ന് അറിയണമല്ലോ.
മാറ്റം ഉണ്ടായത് ലങ്കയ്‌ക്കു മുഴുവനുമാണ്! ഓരോരോ ദുർന്നിമിത്തങ്ങൾ; ദുരന്തങ്ങൾ ലങ്കയെ ഉലച്ചു. അക്കാലത്താണ് നാരദമഹർഷിയുടെ ലങ്കാ സന്ദർശനം. രാവണൻ തന്റെ ഉൽക്കണ്‌ഠകൾ നാരദനെ അറിയിച്ചപ്പോൾ അദ്ദേഹം പറഞ്ഞുഃ
“അങ്ങു സൂക്ഷിക്കുന്ന രഹസ്യപേടകമാണ് എല്ലാ ദോഷങ്ങൾക്കും കാരണം. ആ പെട്ടി ഇവിടെ ഇരുന്നാലും നശിപ്പിച്ചാലും ലങ്ക രക്ഷപ്പെടുമെന്നു തോന്നുന്നില്ല. തൽക്കാലം ഒരു കാര്യം ചെയ്യാം അതെടുത്തു ദൂരെ കടലിൽ ഒഴുക്കിവിട്ടേയ്‌ക്കൂ. എവിടെയെങ്കിലും പോയി തുലയട്ടെ!”
നാരദന്റെ ഉപദേശം രാവണനു നന്നേ ഇഷ്‌ടമായി. പൊൻപെട്ടിയെടുത്തു സമുദ്രത്തിൽ മുഴക്കി. അലമാലകൾ അതിനെ ഭാരത തീരത്തിലാണ് എത്തിച്ചത്.
ആദ്യം ആ സ്വർണ്ണപ്പെട്ടി കളളന്മാരുടെ കണ്ണിലാണു പെട്ടത്. അവർ അതുമായി പോകവേ, രാജഭടന്മാരാൽ പിടിക്കപ്പെടുമോ എന്ന ഭയത്തിലായി. ഉടനെ അവർ സ്വർണ്ണപേടകം ഭൂമിയിൽ കുഴിച്ചുമൂടി ഒരുവിധം രക്ഷപ്പെടുകയായിരുന്നു.
പിന്നീടു സൗകര്യംപോലെ വന്ന് എടുക്കാമെന്നായിരുന്നു കളളന്മാരുടെ വിചാരം. അതിനുളള അടയാളവും ഓർത്തുവെച്ചു. പക്ഷേ, കുറേക്കാലത്തേയ്‌ക്ക് അങ്ങോട്ടു ചെല്ലാൻ അവർക്കു കഴിഞ്ഞില്ല. ചെന്നപ്പോഴോ? കുഴിച്ചിട്ട സ്ഥലം കൃത്യമായി അറിയാനും സാധിച്ചില്ല!
ജനകമഹാരാജാവിന്റെ മിഥിലാ രാജ്യമായിരുന്നു അത്. അദ്ദേഹം അക്കാലത്ത് ഒരു യാഗം നടത്താൻ തീരുമാനിക്കുകയുണ്ടായി. അതിലേയ്‌ക്കു പ്രത്യേകതയുളള ഒരു യാഗത്തറ നിർമ്മിക്കണം. അതിന്നു തിരഞ്ഞെടുത്ത സ്ഥലം തെളിച്ചെടുത്ത് ഉഴുതു മറിക്കുമ്പൊഴാണു മഹാത്ഭുതം!
ഒരു സ്വർണ്ണപേടകം! അതിനകത്തെ ചാരത്തിൽ വേദവതിയുടെ ആത്മാവും ജീവനും നേരത്തേ പ്രവേശിച്ചുകഴിഞ്ഞിരുന്നു. അത് ഒരു ശിശുവിന്റെ രൂപം പ്രാപിച്ചും കഴിഞ്ഞിരുന്നു.
ജനകമഹാരാജാവ് പെട്ടിയെടുത്തു തുറന്നു നോക്കിയപ്പോൾ കണ്ടത് പൊൻപ്രഭ തൂകുന്ന ഒരു പെൺകുഞ്ഞ്! കുട്ടികളില്ലാതിരുന്ന അദ്ദേഹത്തിനുണ്ടായ സന്തോഷത്തിന് അതിരില്ല. അദ്ദേഹം അവളെ കൊട്ടാരത്തിൽ കൊണ്ടുപോയി സീത എന്നു പേർ നൽകി ഓമനയായി വളർത്തി.
അങ്ങനെ മഹാലക്ഷ്‌മിയുടെ അംശമായ വേദവതിയുടെ പുനർജ്ജന്മമായി, സീത മിഥിലയിലെ രാജകുമാരിയായി. ജനകാത്മജയെന്നും മൈഥിലിയെന്നും വൈദേഹിയെന്നുമൊക്കെ അവൾ പല പേരുകളിൽ അറിയപ്പെട്ടു. അവൾ അയോനിജയായ മഹാലക്ഷ്‌മിതന്നെയാണ്.
രാമാവതാരമെടുത്തു വരുന്ന വിഷ്‌ണുവിന്റെ ധർമ്മപത്‌നിയായി, രാവണനിഗ്രഹത്തിനു പ്രതിജ്ഞയെടുത്തു വന്ന സ്‌ത്രീരത്‌നം- സീത. വിശ്വസാഹിത്യത്തിലെ തിളക്കമാർന്ന ഈ കഥാപാത്രത്തിന്റെ ഒപ്പം നിൽക്കാൻ മറ്റൊരു കഥാപാത്രത്തിനും സാധിക്കും എന്നു തോന്നുന്നില്ല.
No comments:
Post a Comment