ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

1 July 2019

നൂറ്റിയെട്ടു ശിവക്ഷേത്രങ്ങൾ - 22/108 കൈനൂർ ശിവക്ഷേത്രം

നൂറ്റിയെട്ടു ശിവക്ഷേത്രങ്ങൾ - 22/108

കൈനൂർ ശിവക്ഷേത്രം

തൃശൂരിൽ നിന്നും മന്ദാമംഗലം പുത്തൂർ ബസ്സിൽ ഏകദേശം പന്ത്രണ്ട് കിലോമീറ്റർ തെക്ക് കിഴക്ക് സഞ്ചരിച്ചാൽ കൈനൂർ ക്ഷേത്രത്തിലേക്കുള്ള വഴിയിൽ ഇറങ്ങാം. അവിടെനിന്നും ഒരു കിലോമീറ്റർ പോയാൽ ക്ഷേത്രത്തിനു മുന്നിലെത്താം. ഗ്രാമീണ ഭംഗി നിറഞ്ഞു നിൽക്കുന്ന കൈനൂർ ഗ്രാമത്തിൽ, ബ്രാഹ്മണാധിപത്യ കാലത്തെ പ്രൗഢി അയവിറക്കികൊണ്ട് മഹാദേവൻ ശോഭിക്കുന്നു.

കിരങ്ങാട്ടെ മന വകയായിരുന്നു ക്ഷേത്രം. പടിഞ്ഞാറോട്ട് ദർശനം. ധാരാളം സമ്പത്തും പ്രഭാവവും ഉണ്ടായിരുന്ന കിരങ്ങാട്ടു മന നാടിന്റെ സമ്പദ്‌വ്യവസ്ഥയിൽ പങ്കാളിയായിരുന്ന കാലത്ത് ക്ഷേത്രം കൈനൂർ ഗ്രാമത്തിന്റെ തൊടുകുറിയായി തിളങ്ങിയിരുന്നു. ഊട്ടും മുറജപവും സദ്യയും ആ ക്ഷേത്രസങ്കേതത്തെ ഉണർവുള്ളതാക്കി തീർത്തു .പട്ടിണി പാടെ മറന്ന് ഗ്രാമവാസികൾ മഹാദേവനെ വാഴ്ത്തി സ്തുതിച്ചു. അന്ന് ഉത്സവം വളരെ കേമമായി ആഘോഷിച്ചിരുന്നു. പിന്നീട് ഭൂപരിഷ്കരണ നിയമം വന്നപ്പോൾ കിരങ്ങാട്ടുമന തളർന്നു. ഭൂമിയെല്ലാം നഷ്ടപ്പെട്ടപ്പോൾ വരുമാനം കണക്കുപുസ്തകങ്ങളിൽ മാത്രമൊതുങ്ങി. നിവേദ്യത്തിനുപോലും വകയില്ലാതായി. ക്ഷേത്ര ഭരണം കയ്യാളാൻ ആളില്ലാതായി തീർന്നു. പക്ഷേ കൈനൂർ വാസികൾക്ക് ദേവനെ മറക്കാൻ കഴിയില്ല. അവർ സംഘടിച്ച് ജനപങ്കാളിത്തത്തോടെ ശിവക്ഷേത്ര സേവാ സമിതി രൂപവൽക്കരിച്ച് ക്ഷേത്ര ഭരണം ഏറ്റെടുത്തു നടത്താൻ തുടങ്ങി. ഉത്സവം പ്രതിഷ്ഠാദിനമായ മേടത്തിലെ രോഹിണിയിൽ ഒതുക്കിനിർത്തി ആഘോഷിക്കുന്നു. തന്ത്രിസ്ഥാനം പെരുമ്പടപ്പ് മലയിലേക്കാണ്. ധാരാളം ഉത്സവബലി നടത്തിയിട്ടുള്ള തിരുമേനി ശ്രീഭൂതബലിയും നവകവും നടത്തി ദേവനെ ആരാധിച്ച് തൃപ്തിപ്പെടുത്തി.

സാമാന്യം തരക്കേടില്ലാത്ത ഗോപുരവും നടപ്പുരയുമുണ്ട്. കൊടിമരം ഇല്ല. ദീപസ്തംഭം പഴയ കാല വൈഭവം ഓർമ്മിപ്പിക്കുന്നു. വലിയ ബലിക്കല്ല് ഉത്സവകാല കഥയെ ഓർമ്മിപ്പിക്കുന്നു. നമസ്കാരമണ്ഡപം ചെറുതാണ്. മണ്ഡപത്തിൽ നന്ദിയുണ്ട്. നാലമ്പലവും പ്രദക്ഷിണവഴിയും മതിൽക്കെട്ടും കുളവുമെല്ലാം ഉന്നതനിലവാരം പുലർത്തുന്നതല്ലെങ്കിലും കേരളതനിമ വെളിവാക്കുന്നതാണ്.

മനോഹരമായ ചതുര ശ്രീകോവിൽ രണ്ടുനിലയിൽ പുത്തൻ നിർമ്മാണ ശൈലിയിൽ നിർമിച്ചതാണെങ്കിലും പഴയ കാല വൈഭവം വിളിച്ചറിയിക്കുന്ന വിധത്തിലാണ്. ഗർഭഗൃഹമുണ്ട്. അതിനുചുറ്റും ഇടനാഴിയും. പീഠത്തിൽ നിന്ന് മൂന്നടി ഉയരമുള്ള ശിവലിംഗത്തിൽ ദേവൻ വാണരുളുന്നു. പാർവതിയുടെ പ്രത്യേക പ്രതിഷ്ഠയില്ല. പിൻ വിളക്ക് തെളിയിച്ച് ദേവിയുടെ സാന്നിധ്യം ശ്രീകോവിൽ ഉണ്ടെന്ന് സങ്കൽപ്പിക്കുന്നു. മതിലകത്തിന് ഏകദേശം മുക്കാൽ ഏക്കർ വിസ്തീർണ്ണമുണ്ട് ഉപദേവൻ ഗണപതി മാത്രം.

No comments:

Post a Comment