ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

6 July 2019

ഹസ്തമുദ്ര

ഹസ്തമുദ്ര

ഭാരതീയ നൃത്തത്തിൽ മുഖ്യസ്ഥാനം വഹിക്കുന്ന ആംഗികാഭിനയത്തിനുള്ള മുഖ്യോപാധി ഹസ്തമുദ്രകളാണ്. ഈ ആംഗികമുദ്രകളെ ദൈവികം, വൈദികം, മാനുഷികം എന്നിങ്ങനെ മൂന്ന് തരമായി തിരിച്ചിട്ടുണ്ട്. പൂജാദികർമങ്ങൾ ചെയ്യുന്നതിൻ ഉപയോഗിക്കുന്നവയെ “ദൈവികം“ എന്നും വേദോപാധികൾക്കുള്ളവയെ “വൈദികം“ എന്നും നാട്യാദികൾക്കുള്ളവയെ “മാനുഷികം“ എന്നും പറയാം. ഈ മുദ്രകൾ വൈദികതന്ത്രികളിൽ നിന്നും ചാക്യാന്മാർക്കും അവരിൽ നിന്നും മറ്റ് കലാകാരമാർക്കും ലഭിച്ചു എന്നാണ് ഐതിഹ്യം.

അടിസ്ഥാനമുദ്രകൾ

കഥകളി തുടങ്ങിയ നൃത്യനാട്യാദികൾക്ക് സാധാരണ കേരളത്തിൽ പ്രായോഗിക രൂപത്തിൽ കാണിച്ചുവരുന്നത് "ഹസ്തലക്ഷണദീപിക" എന്ന ഗ്രന്ഥത്തിൽ നിർദ്ദേശിച്ചിട്ടുള്ള ഇരുപത്തിനാലു അടിസ്ഥാനമുദ്രകൾ ആണ്.

ഹസ്തപതാകോ മുദ്രാഖ്യ
കടകോമുഷ്ടിരിത്യപി
കർത്തരീമുഖസംജ്ഞശ്ച
ശുകതുണ്ഡകപിത്ഥക;

ഹംസപക്ഷശ്ചമുകുരോ
ഭ്രമരസൂചികാമുഖ:
പല്ലവസ്ത്രിപതാകശ്ച
മൃഗശീർഷാഹ്വയസ്തഥാ

പുന:സർവശിര:സംജ്ഞോ
വർദ്ധമാനക ഇത്യപി
അരാളഊർണനാഭശ്ച
മുകുള:കടകാമുഖ:

ഇങ്ങനെ ഇരുപത്തിനാലു അടിസ്ഥാന മുദ്രകളാകുന്നു.

വിവിധ തരം ഹസ്തമുദ്രകൾ

അടിസ്ഥാനമുദ്രകളെ സം‌യുക്തം, അസം‌യുക്തം, മിശ്രം, സമാനം, സാങ്കേതികം, വ്യഞ്ജകം, അനുകരണം എന്നിങ്ങനെ ഏഴ് വിധം ഉണ്ട്.

ഓരോ മുദ്രയുടേയും ആകൃതി നോക്കിയാണ് പേരു നൽകിയിരിക്കുന്നത്. രണ്ട് കൈകളെക്കൊണ്ട് ഒരേ മുദ്ര കാണിക്കുന്നതിന് "സം‌യുക്തം" എന്നും, ഒരു കൈകൊണ്ട് കാണിക്കുന്നതിന്‌ "അസം‌യുക്തം" എന്നും, വിഭിന്ന മുദ്രകൾ രണ്ട് കൈകളെക്കൊണ്ട് കാണിക്കുന്നതിന്‌ "മിശ്രം" എന്നും, ഒരേ മുദ്രകൊണ്ട് ഒന്നിലധികം വസ്തുക്കളെ കാണിക്കുന്നതിനെ "സമാനമുദ്ര" എന്നും പറയുന്നു. ഒരു ആശയത്തെ പ്രകടിപ്പിക്കുവാൻ ഉദ്ദേശിക്കുന്നുവോ അവയെ കാണിക്കുവാൻ ഉപയോഗിക്കുന്ന മുദ്രകളെ "വ്യഞ്ജകമുദ്ര" എന്ന് പറയുന്നു. ഏതൊരു വസ്തുവിനെ കാണിക്കുന്നുവോ അതിന്റ ആകൃതിയും പ്രകൃതിയും അനുകരിക്കുന്നതുകൊണ്ട് ഈ മുദ്രകളെ "അനുകരണ മുദ്ര" എന്ന് പറയുന്നു

മുദ്രയുടെ ചലനങ്ങളെ ഹസ്തകരണങ്ങൾ എന്ന് വിശേഷിപ്പിക്കുന്നു. നാലുതരത്തിലുള്ള ഹസ്തകരണങ്ങളാണ് നാട്യശാസ്ത്രത്തിൽ നിർദ്ദേശിച്ചിട്ടുള്ളത്.

ആവേഷ്ടിതകരണം
ചൂണ്ടുവിരൽ മുന്നിലും മറ്റുവിരലുകൾ അതിനുപിന്നിലായും അകലെനിന്ന് അടുത്തേക്ക് ചുഴറ്റി കൊണ്ടുവരുന്ന ചലനം

ഉദ്വേഷ്ടിതകരണംചൂണ്ടുവിരൽ മുന്നിലായി അടുത്തുനിന്നും അകലേക്കുകൊണ്ടുപോവുന്ന ചലനം

വ്യാവർത്തികരണംചെറുവിരൽ മുൻപും മറ്റുവിരലുകൾ പിറകേയും ആയി അടുത്തേക്ക് ചുഴറ്റുക

പരിവർത്തിതകരണംചെറുവിരൽ മുന്നിലായി അകലേക്ക് ചുഴറ്റുക

അതുകൂടാതെ ഹിന്ദു, ബുദ്ധ മതങ്ങളിൽ കൈ ഉപയോഗിച്ചു കൊണ്ടുള്ള അടയാളങ്ങളെയും മുദ്ര എന്നുതന്നെയാണ് പറയാറുള്ളത്.

യോഗയിൽ :-

ചിൻമുദ്ര, ചിന്മയമുദ്ര, ആദിമുദ്ര, ബ്രഹ്മമുദ്ര, പ്രാണമുദ്ര...

ചിൻമുദ്ര

ചിത്‌ എന്ന ധാതു മുദ്രയോടുകൂടി ചേർന്നതാണ്‌ ചിൻമുദ്ര. ചിത്‌ എന്ന്‌ പറഞ്ഞാൽ ജ്നാനം എന്നർത്ഥം. ചിൻമുദ്ര ജ്നാനമുദ്രയാണ്‌. വലതുകൈയ്യിലെ ചെറുവിരൽ, മോതിരവിരൽ, നടുവിരൽ എന്നിവ നിവർത്തിപ്പിടിച്ച്‌ ചൂണ്ടു വിരൽ തള്ളവിരലിനോട്‌ ചേർത്ത്‌ വൃത്താകാരമായി വെയ്ക്കുന്നതാണ്‌ ചിൻമുദ്ര. ദക്ഷിണാമൂർത്തി ബാലഭാവത്തിലിരുന്ന്‌ ചിൻമുദ്ര കാണിച്ച്‌ മൌനത്തിലൂടെ ആണ് വൃദ്ധരായ ശിഷ്യഗണങ്ങൾക്ക്‌ ആത്മവിദ്യ ഉപദേശിച്ചത്.

ഹൈന്ദവ ദേവീ ദേവൻമാരുടെ ഒട്ടുമിക്ക ചിത്രങ്ങളിലും ഈ മുദ്ര കാണാം. ചെറുവിരൽ, മോതിര വിരൽ, നടുവിരൽ എന്നിവ നിവർത്തിപ്പിടിച്ചിരിക്കുന്നത്‌ ഒരു മനുഷ്യൻ സാധാരണ കടന്നു പോകുന്ന മൂന്ന്‌ അവസ്ഥകളായ, ജാഗ്രത്‌, സ്വപ്നം, സുഷുപ്തി എന്നിവയെ ഉദ്ദേശിച്ചാണ്‌. ചൂണ്ടുവിരൽ തള്ളവിരലിനോട്‌ ചേർത്ത്‌ വൃത്താകാരമായി വെച്ചിരിക്കുന്നത്‌ തുരീയം എന്ന നാലാമത്തെ അവസ്ഥയെ ഉദ്ദേശിച്ചാണ്‌. വൃത്തത്തിന്‌ ആരംഭവും അവസാനവും ഇല്ല. അതുപോലെ തന്നെയാണ്‌ തുരീയവും. ഈ തുരീയം സ്വസ്വരൂപമാണെന്ന്‌ അറിയുക എന്ന്‌ ഉപദേശിക്കുന്നതിനാണ്‌ ചിൻമുദ്ര കാണിക്കുന്നത്‌.

ഹിന്ദു /ബൗദ്ധധർമ്മത്തിൽ :-

അഭയമുദ്ര, ഭൂമിസ്പർശമുദ്ര, ധ്യാനചക്രമുദ്ര, ധ്യാനമുദ്ര, വരദമുദ്ര, വജ്രമുദ്ര, വിതർകമുദ്ര,  ജ്ഞാനമുദ്ര, കരണമുദ്ര...

No comments:

Post a Comment