ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

1 July 2019

നൂറ്റിയെട്ടു ശിവക്ഷേത്രങ്ങൾ - 17/108 തൃക്കാരിയൂർ മഹാദേവക്ഷേത്രം

നൂറ്റിയെട്ടു ശിവക്ഷേത്രങ്ങൾ - 17/108

തൃക്കാരിയൂർ മഹാദേവക്ഷേത്രം

എറണാകുളം ജില്ലയിൽ കോതമംഗലത്തു നിന്ന് ഏകദേശം 3 കിലോമീറ്റർ വടക്കു ഭാഗത്തേക്ക് മാറി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഇതാണ് പരശുരാമന്റെ അവസാനത്തെ പ്രതിഷ്ഠയെന്ന് വിശ്വസിക്കുന്നു. ക്ഷേത്രത്തിനു മുമ്പിലുള്ള ഈശ്വരസേവാ കൊട്ടാരത്തിൽ വച്ചാണ് പരശുരാമൻ ചെയ്തത്. ഇവിടെവെച്ച് നമ്പൂതിരിമാർ ബൗദ്ധന്മാരോട് പൊരുതി ജയിക്കുന്നതിനുവേണ്ടി ശക്തി സംഭരിക്കാൻ സദ് മന്ത്രവാദ പൂജ ചെയ്തുവത്രേ ! പക്ഷേ രക്ഷാ പുരുഷനെ അവർക്ക് അവരോധിക്കാൻ കഴിഞ്ഞില്ല .ചില വൈഷ്ണവ പണ്ഡിതന്മാരുടെ സഹായത്താൽ ബൗദ്ധരെ വാദത്തിൽ തോൽപ്പിച്ചു. വിവരമറിഞ്ഞ് നേരത്തെ ബുദ്ധമതം സ്വീകരിച്ചു പോയ ബ്രാഹ്മണർ തിരിച്ചുവന്നു .അവരാണ് പിന്നീട് ചാത്തിരമാരായിത്തീർന്നത് .അവർ തൃക്കാരിയൂരപ്പന്റ ഭക്തന്മാരായി തീർന്നു. സംഘകളിയുടെ ആദ്യത്തിൽ തൃക്കാരിയൂരപ്പനെ വണങ്ങുന്ന ചടങ്ങുണ്ട്. ബൗദ്ധന്മാരെ പരാജയപ്പെടുത്താൻ വൈഷ്ണവ പണ്ഡിതന്മാർ സഹായിക്കുക കാരണം തൃക്കാരിയൂർ മഹാദേവനിൽ വൈഷ്ണവ തേജസ്സോടുകൂടി ഉണ്ടെന്ന വിശ്വാസം വളർന്നു. അക്കാരണത്താലാണ് ചിലർ മഹാദേവനെ ശങ്കരനാരായണമൂർത്തി സങ്കല്പത്തിൽ കരുതുന്നത്. യഥാർത്ഥത്തിൽ ശങ്കരൻ വൈഷ്ണവ ചൈതന്യം കൂടി ഉൾക്കൊണ്ടവനാണല്ലോ. ശിവനും വിഷ്ണുവും ഭേദമില്ലന്നല്ലേ പുരാണം ഘോഷിക്കുന്നത്.

ക്ഷേത്രത്തിലെ ശിവലിംഗം വലുതാണ്.നല്ല പൊക്കവും വണ്ണവും ഉണ്ട്. കിഴക്കോട്ട് ദർശനം ചെയ്ത് അരുളുന്നു. മഹാക്ഷേത്ര പദവിയിൽ ഇരുന്ന് തൃക്കാരിയൂരപ്പൻ സർവരെയും അനുഗ്രഹിക്കുന്നു. ഭരണകർത്താക്കൾ ക്ഷേത്രത്തിൽ ശൈവ-വൈഷ്ണവ ബന്ധം വളർത്തി അവർ തമ്മിലുള്ള വൈരം കളഞ്ഞു .ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളിൽ പോലും ഈ ബന്ധം ഊട്ടിയുറപ്പിച്ചു. ക്ഷേത്രകാര്യങ്ങളിൽ വിധികർത്താക്കളായ തന്ത്രിമാർ പോലും രണ്ടു പേരായി തീർന്നു. ഭദ്രകാളി മറ്റപ്പള്ളിയും കിടങ്ങാശ്ശേരിയും. അഞ്ചു പൂജയും മൂന്നു ശീവേലിയുമുണ്ട്. ക്ഷേത്രത്തിലെ മിക്ക അനുഷ്ഠാനങ്ങളിലും ഇരട്ട ബന്ധം കാണാം .ദേവനെ എഴുന്നുള്ളിക്കുമ്പോഴുള്ള വാദ്യങ്ങൾ ഇരട്ടയാണ്. തിമിലയും ചെണ്ടയും ശംഖും എല്ലാം ഈരണ്ടു വീതം. മുഖ്യ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ കാണുന്ന ചെറിയ ക്ഷേത്രം വനദുർഗ്ഗയുടേതാണ്. ഉപദേവതകൾ -:ഗണപതി, സപ്തമാതൃക്കൾ, അയ്യപ്പൻ, യക്ഷി എന്നിവരാകുന്നു.

മീനമാസത്തിലാണ് ഉത്സവം .മീനം ഒന്നിന് കൊടികയറി പത്താം ദിവസം ആറാട്ടായി സമാപിക്കുന്നു. തിരുനക്കരയിലും തൃക്കാരിയൂരിലും ഒപ്പമാണ് ഉത്സവം. ജനപങ്കാളിത്തത്തോടെ ഉത്സവം ഗംഭീരമായി ആഘോഷിക്കുന്നു. ചിത്തിര സംഘങ്ങളുടെ കുലദൈവമാകയാൽ ഉത്സവത്തിന് സംഘകളിയും പ്രധാനമാണ്. 28 ദിവസം ഉത്സവം ഉണ്ടായിരുന്നതായി പറയപ്പെടുന്നു.

No comments:

Post a Comment