നൂറ്റിയെട്ടു ശിവക്ഷേത്രങ്ങൾ - 19/108
വെള്ളൂർ പെരിന്തട്ട ശിവക്ഷേത്രം
കോട്ടയം ജില്ലയിൽ വെള്ളൂർ ന്യൂസ് പ്രിൻറ് ഫാക്ടറിക്ക് അടുത്ത് പ്രകൃതിയുടെ വിവിധ ഭാവങ്ങൾ കണ്ട് രസിച്ചു കൊണ്ട് ഒരു കുന്നിൻ നെറുകയിൽ ശിവലിംഗത്തിൽ സാന്നിധ്യം കൊണ്ട് മഹാദേവൻ വിരാജിക്കുന്നു. ശിവലിംഗത്തിന് സാമാന്യ വലിപ്പമുണ്ട്. ഒരു മഹാക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് എന്തുകൊണ്ടും യോഗ്യമാണ് എന്ന് തോന്നിപ്പോകും. കിഴക്കോട്ടാണ് ദർശനം. മൂലക്ഷേത്രം മുമ്പ് അഗ്നിക്കിരയായിട്ടുണ്ടത്രേ! അക്കാലത്ത് ക്ഷേത്രത്തിൽ ഗംഭീരമായി ഉത്സവം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. മൂവാറ്റുപുഴയിലായിരുന്നു ആറാട്ട്. ഉത്സവം മുടങ്ങിയത് ക്ഷേത്രം കൊള്ളയടിക്കപ്പെട്ട് നശിച്ചപ്പോഴാണെന്നും അഭിപ്രായമുണ്ട്. ഇപ്പോൾ ശിവരാത്രി മാത്രമേ ആഘോഷിച്ചുവരുന്നുള്ളൂ. രണ്ടുനേരം പൂജയുണ്ട്. ഉപദേവനായി ശ്രീകൃഷ്ണനും അയ്യപ്പനും. പ്രതിഷ്ഠക്ക് മൂല ക്ഷേത്രത്തോളം പഴക്കം അവകാശപ്പെടാൻ കഴിയില്ല.
ക്ഷേത്രത്തെപ്പറ്റി പറഞ്ഞു കേട്ടിട്ടുള്ള ഒരു ഐതിഹ്യം ഏതാണ്ട് ഇങ്ങനെയാണ്. തെക്കുംകൂർ രാജാവിന്റെതായിരുന്നു ക്ഷേത്രം. ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, തിരുവല്ല, കോട്ടയം, എന്നീ പ്രദേശങ്ങൾ അധീനതയിലായിരുന്ന കാലത്ത് കൊച്ചിരാജാവിന്റെ സാമന്തരന്മാരായിരുന്ന അവർ തിരുവിതാംകൂറിന് എതിരായ യുദ്ധത്തിൽ പരാജയപ്പെട്ടു. ക്ഷേത്രം തിരുവിതാംകൂറിന് കൊടുക്കുന്നത് തെക്കുംകൂറിന് ഇഷ്ടമല്ലായിരുന്നു. തോൽവി ഉണ്ടാകുമെന്ന് തീർച്ചയായപ്പോൾ അതിനുമുമ്പായി ക്ഷേത്രം ചാലിയം പുറം തിരുമേനിക്ക് ദാനം ചെയ്തു. തിരുമേനി മഹാദേവനെ ഭജിച്ച് ക്ഷേത്രം പരിപാലിച്ചു പോന്നു. അപ്പോഴേക്കും മാർത്താണ്ഡവർമ്മ മഹാരാജാവ് തെക്കുംകൂർ പിടിച്ചെടുത്തു കഴിഞ്ഞിരുന്നു. ക്ഷേത്രം വിട്ടുകൊടുക്കാൻ തിരുമേനിയോട് ആവശ്യപ്പെട്ടു. തിരുമേനി വിട്ടുകൊടുത്തില്ല. അത്രയ്ക്ക് ഭക്തിയായിരുന്നു മഹാദേവനോട്. വിവരം അറിഞ്ഞു കുപിതനായ തിരുവിതാംകൂർ രാജാവ് തിരുമേനി അനുസരിപ്പിക്കാൻ ഭടൻമാരെ വിട്ടു. തിരുമേനി ക്ഷേത്രത്തിന് തീവെച്ച് ക്ഷേത്രത്തിനുള്ളിൽ ആത്മഹത്യ ചെയ്തു. ഐതിഹ്യ കഥ പൂർണമായി വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിലും കഥയിൽ സത്യത്തിന്റെ മിന്നലാട്ടം ഉണ്ടായിക്കൂടെന്നില്ല. നാട്ടുകാരുടെ കമ്മിറ്റി ക്ഷേത്രഭരണം നിർവഹിക്കുന്നു. വെള്ളൂർ ശിവക്ഷേത്രം എന്നപേരിൽ വെള്ളൂരിൽ മറ്റൊരു ശിവക്ഷേത്രമുണ്ട്. അതും 108 ശിവക്ഷേത്രങ്ങളിൽ പറയപ്പെടുന്നു.
No comments:
Post a Comment