ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

10 July 2019

കര്‍ക്കടകത്തിലെ ആരോഗ്യപരിരക്ഷ

കര്‍ക്കടകത്തിലെ ആരോഗ്യപരിരക്ഷ

ചൂട് കാലാവസ്ഥയില്‍ നിന്നും തണുപ്പുള്ള കാലാവസ്ഥയിലേക്കുള്ള മാറ്റം ശരീരത്തെ കൂടുതല്‍ ദുര്‍ബലപ്പെടുത്തും. ഈ അവസ്ഥയെ തരണം ചെയ്യാനാണ് കര്‍ക്കടക മാസത്തില്‍ മരുന്നുകഞ്ഞിയും ഔഷധകഞ്ഞിയും ഭക്ഷണത്തിന്റെ ഭാഗമാക്കിയത്. ശരീരത്തെ ശക്തമാക്കുന്നതിനുവേണ്ടിയാണിത്. രാവിലയോ രാത്രിയിലോ ആണ് മരുന്ന് കഞ്ഞി കഴിക്കേണ്ടത്. സാധാരണ 7 ദിവസം ആണ് മരുന്ന് കഞ്ഞി കുടിക്കേണ്ടത്. ഇത് 15 ദിവസമോ ഒരു മാസം മുഴുവനോ കഴിക്കാം.  മരുന്നുകഞ്ഞി ഉപയോഗിക്കുന്ന സമയത്ത് നമ്മള്‍ ആഹാരത്തില്‍ ചില ചിട്ടകള്‍ പാലിക്കണം. മത്സ്യമാംസാദികള്‍ പുകവലി, മദ്യപാനം ഇതൊന്നും പാടില്ല. മരുന്നുകഞ്ഞി കഴിച്ചുതുടങ്ങുന്നതിനു മുമ്പും ശേഷവും ഏതാനും ദിവസം ഈ ചിട്ടകള്‍ പാലിക്കേണ്ടതുണ്ട്.  

ഉലുവ കഞ്ഞി 

വാതം, പിത്താശയ രോഗം, ഗര്‍ഭാശയ രോഗം എന്നിവയ്ക്ക് ആയുര്‍വ്വേദം അനുശാസിക്കുന്ന ഉത്തമ ഔഷധമാണ് ഉലുവ കഞ്ഞി. രാവിലെ യാണ് ഇത് കഴിക്കേണ്ടത്. പൊടി അരി / മട്ട അരി  കാല്‍ക്കപ്പ് ഉലുവ ഒരു ടേബിള്‍ സ്പൂണ്‍ ജീരകം ഒരു ടേബിള്‍ സ്പൂണ്‍ തേങ്ങ പാല്‍/പാല്‍  1/2 കപ്പ് ഉപ്പ് ആവശ്യത്തിന് വെള്ളം ആവശ്യത്തിന് 

തയാറാക്കുന്ന വിധം 
ഉലുവ നന്നായി കുതിര്‍ക്കുക. അരി കഴുകി, ആവശ്യത്തിനു വെള്ളം ഒഴിച്ച് ഉലുവ കുതിര്‍ത്തു വെച്ചതും,ജീരകവും,ഉപ്പും ചേര്‍ത്ത് വേവിക്കുക വെന്തുകഴിഞ്ഞു തേങ്ങാപാലോ പശുവിന്‍പാലോ ചര്‍ത്ത് തിളപ്പിച്ച് വാങ്ങുക 

ഔഷധ കഞ്ഞി 

ശരീരത്തില്‍ അടിഞ്ഞു കൂടിയിട്ടുള്ള മാലിന്യങ്ങള്‍ ഒരുപരിധിവരെ നീക്കം ചെയ്യാന്‍ സാധിക്കും. അതുപോലെ തന്നെ മഴക്കാലത്ത് ഉണ്ടാകുന്ന പനിയെ തടുത്ത് ശരീരത്തിന്റെ പ്രതിരോധ ശക്തിയും വര്‍ദ്ധിപ്പിക്കുന്നു. ഔഷധകഞ്ഞി രാവിലെയാണ് കഴിക്കേണ്ടത്. ചെറുപനച്ചി അഞ്ച് ഗ്രാം (അരച്ചത്) കുടങ്ങല്‍ 20 ഗ്രാം (ചതച്ചത്) തൊട്ടാവാടി 5ഗ്രാം (അരച്ചത്) ചങ്ങലംപരണ്ട, നെയ്‌വള്ളി കിഴി കെട്ടിയത് ഉണക്കലരി ആവശ്യത്തിന് വെള്ളം ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചെറുപനച്ചി, കുടങ്ങല്‍, തൊട്ടാവാടി,  ചങ്ങലംപരണ്ട, നെയ്‌വള്ളി എന്നീ ഔഷധങ്ങള്‍ വെള്ളത്തിലിട്ടു തിളപ്പിക്കുക. വെള്ളം പകുതി വറ്റി വരുമ്പോള്‍ ഉണക്കലരി കഴുകിയതിട്ടു വേവിച്ചെടുക്കുക. 

കര്‍ക്കടക മരുന്ന് കഞ്ഞി

ഞെരിഞ്ഞില്‍, രാമച്ചം, വെളുത്ത ചന്ദനം, ഓരിലവേര്, മൂവിലവേര്, ചെറുവഴുതിന വേര്, ചെറുതിപ്പലി, കാട്ടുതിപ്പലി വേര്, ചുക്ക്, മുത്തങ്ങ, ഇരുവേലി, ചവര്‍ക്കാരം, ഇന്തുപ്പ്, വിഴാലരി, ചെറുപുന്നയരി, കാര്‍കോകിലരി, കുരുമുളക്, തിപ്പലി, കുടകപ്പാലയരി, കൊത്തമ്പാലയരി, ഏലക്കായ, ജീരകം, കരിംജീരകം, പെരിംജീരകം. ഇവ ഓരോന്നും 10 ഗ്രാം വീതം എടുത്തു പൊടിക്കുക. പര്‍പ്പടകപുല്ല്, തഴുതാമയില, കാട്ടുപടവലത്തിന്റെ ഇല, മുക്കുറ്റി, വെറ്റില, പനികൂര്‍ക്കയില, കൃഷ്ണതുളസിയില ഇവ പൊടിക്കുക. 10ഗ്രാം പൊടികളും , ഇലകള്‍ പൊടിച്ചതും  ചേര്‍ത്ത്, 1 ലിറ്റര്‍വെള്ളത്തില്‍ വേവിച്ചു, 250 മില്ലി ആക്കി, ഞവരയരി, കാരെള്ള് ഇവ അഞ്ച് ഗ്രാം വീതമെടുത്ത് വേവിച്ചു, പനംകല്‍ക്കണ്ടവും ചേര്‍ത്ത്, നെയ്യില്‍ ഉഴുന്നുപരിപ്പ്, കറുത്ത മുന്തിരിങ്ങ ഇവ വറുത്തു ,അര മുറി തേങ്ങാപ്പാല്‍ ചേര്‍ത്ത് കഴിക്കുക ദശപുഷ്പം, വാതക്കൊടിയില, കരിങ്കുറിഞ്ഞി, പനിക്കൂര്‍ക്കയില, ചങ്ങലം പരണ്ട എന്നിവയാണ് മരുന്നു കഞ്ഞിയിലെ ഔഷധച്ചേരുവകള്‍. ഇത്രയും ഔഷധവസ്തുക്കള്‍ നന്നായി ചതച്ച് അവയുടെ നീര് പിഴിഞ്ഞെടുക്കണം. ഉണക്കലരി കഴുകിയെടുത്ത് ജീരകപ്പൊടി, നെയ്യ്, ഉപ്പ് എന്നിവ ചേര്‍ത്ത് അതിലേക്ക് നാളികേരം അരച്ചു ചേര്‍ക്കുക. ചേരുവകളും അരിയും കുഴച്ച് അതിലേക്ക് ഔഷധക്കൂട്ടുകളുടെ നീരൊഴിച്ച് അടുപ്പത്തു വച്ച് നന്നായി വേവിച്ചെടുക്കുന്നതോടെ മരുന്നുകഞ്ഞി തയ്യാര്‍. 

പൂക്കഞ്ഞി 

തഴുതാമ, പൂവാംകുരുന്നില, മുക്കൂറ്റി, ചെറുകുറുന്തോട്ടി, തൊട്ടാവാടി, ചെറൂള, നിലപ്പന, നിലപ്പുള്ളടി, കടലാടി, കൃഷ്ണക്രാന്തി, മുയല്‍ച്ചെവിയന്‍ തുടങ്ങിയ 42 തരം ചെടികളില്‍നിന്ന് ഏതെങ്കിലും 12 എണ്ണത്തിന്റെ ചതച്ചെടുത്ത നീര് എന്നിവയടങ്ങുന്നതാണ് ഒന്നാം ചേരുവ. രണ്ടാം ചേരുവയില്‍ ആശാളി, ഉലുവ, ജീരകം, ഉണക്കലരി, തേങ്ങാപ്പാല്‍. കൂട്ടത്തില്‍ കലിശത്തോല്, കുടമ്പുളി തോല്, പൂവരശു തോല്‍, തെങ്ങിന്റെ ഇളംവേര്, മാവിന്റെ തോല് എന്നീ അഞ്ചിനം മരങ്ങളുടെ തോലുകള്‍ ഉണ്ടായിരിക്കും. അമുക്കരം, ദേവതാരം, മുത്തങ്ങ, ഞെരിഞ്ഞില്‍, ചുക്ക്, തിപ്പലി,പാല്‍മുദുക്ക് എന്നീ ഉണക്കമരുന്നുകള്‍ പൊടിച്ചത് എന്നിവ ചേര്‍ത്ത് മൂന്നാം ചേരുവയുമുണ്ടാക്കുന്നു. തേങ്ങ ചിരകിയതിന്റെ ഇടപ്പാലും (രണ്ടാമത്തെ പാല്‍) (ഒന്നാമത്തെ പാല്‍ മാറ്റിവയ്ക്കുക) ഒന്നാം ചേരുവയായ 12 ഇനം പച്ചമരുന്നുകളുടെ നീരും രണ്ടാം ചേരുവയായ ആശാളി (ഒരു ടീസ്പൂണ്‍), ജീരകം(ഒരു ടീസ്പൂണ്‍), ഉലുവ(മൂന്നു ടീസ്പൂണ്‍) എന്നിവയും അഞ്ചിനം മരത്തോലുകളും മൂന്നാം ചേരുവയായ ഉണക്കമരുന്നുപൊടിയും ഒന്നിച്ചു കലര്‍ത്തി വേവിക്കുക. ഇതു നന്നായി തിളയ്ക്കുമ്പോള്‍ ഉണക്കലരി ഇടുക. അരി വെന്തുകഴിഞ്ഞ് ഒന്നാം തേങ്ങാപ്പാല്‍  കഞ്ഞിയില്‍ ഒഴിക്കുക. നന്നായിട്ട് ഇളക്കി തിളച്ചുവരുമ്പോള്‍ വാങ്ങിവച്ചു ചൂടോടെ ഉപയോഗിക്കാം.

കര്‍ക്കിടകക്കഞ്ഞി

കൊത്തമ്പാലരി, ചെറുപുന്നയരി, കുടകപ്പാലയരി, വിഴാലരി, കാര്‍ക്കോകിലരി, ഏലത്തരി, ജീരകം, ഉലുവ, ആശാളി, ചുക്ക്, കൊടുവേലി, തിപ്പലി, ചെറൂള, ദേവതാരം തുടങ്ങിയവ കഷായംവച്ച് ഇതില്‍ നവരയരി വേവിച്ചു തേങ്ങാപ്പാലും ചേര്‍ത്തുണ്ടാക്കുന്ന കഞ്ഞി കര്‍ക്കിടകത്തില്‍ ഉപയോഗിക്കാം. കക്കുംകായ, ബ്രഹ്മി, കുടങ്ങല്‍ തുടങ്ങിയ മരുന്നുകളും ഇതില്‍ ചേര്‍ക്കാം. പഥ്യത്തോടെ ഏഴു ദിവസം അത്താഴത്തിന് ഔഷധക്കഞ്ഞി കുടിക്കുക. ഉപ്പിനു പകരം ഇന്തുപ്പാണു കഞ്ഞിയില്‍ ചേര്‍ക്കേണ്ടത്. 

കഷായക്കഞ്ഞി

കീഴാര്‍നെല്ലി, നിലപ്പന, തഴുതാമ, കറുക, തിരുതാളി, തൊട്ടാവാടി തുടങ്ങിയവയുടെ ഇല ഇടിച്ചുപിഴിഞ്ഞെടുത്ത നീരില്‍ പൊടിയരിയിട്ടും കഞ്ഞിയുണ്ടാക്കാം.

No comments:

Post a Comment