ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

13 July 2019

കടമ്പ്‌ മരം

കടമ്പ്‌

ചതയം - കടമ്പ്‌, നക്ഷത്ര വൃക്ഷം എന്ന ആശയവും ഇതിന്റെ ഭാഗമാണ്. ഓരോരുതര്‍കും ഓരോ ജന്മ നക്ഷത്രം ഉണ്ട്, അതുമായി ബന്ധപ്പെട്ട ഒരു മരവും. ഈ മരത്തെ പരിപാലിക്കേണ്ടത്‌ ഒരാളുടെ നിയോഗമാണ്. അത് വഴി അയാള്‍ക് അഭിവൃദ്ധി ഉണ്ടാവും. ഈ വിശ്വാസം മരങ്ങളെ  ആരാധനയോട് കൂടി  നോക്കി കാണാനും സംരക്ഷിക്കാനും അത് വഴി സമതുലിതമായ ഒരു ആവാസ വ്യവസ്ഥ നില നിര്‍ത്താനും മനുഷ്യനെ സഹായിച്ചു.
എന്നാല്‍, academic വിദ്യാഭ്യാസം നല്‍കിയ ആവേശത്തില്‍, നാം ദൂരെ വലിച്ചെറിഞ്ഞ അന്ധ വിശ്വാസങ്ങളില്‍ നിഷ്കളങ്കമായ ഇത്തരം വിശ്വാസങ്ങളും പെട്ട്പോയി. പ്രകൃതിചൂഷണം ചെയ്യപ്പെടേണ്ട ഒന്നായി മാറി.

ഒരിനം ഇലപൊഴിയും മരമാണ് കടമ്പ്. കദംബ, ആറ്റുതേക്ക് എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു. ആറ്റിൻ കരയിൽ സമൃദ്ധമായി വളരുന്നതിനാലാണ് ആറ്റുതേക്ക് എന്ന് ഇതിനു പേരുണ്ടായത്. ഇന്ത്യ, ശ്രീലങ്ക, മലയ എന്നിവിടങ്ങളിൽ ഇവ വളരുന്നു.

ജലാശയങ്ങളുടെ തീരത്തും നനവാർന്ന നിത്യഹരിതവനങ്ങളിലുമാണ് ഇവ വളരുന്നത്. ഇലപൊഴിയും മരമെങ്കിലും ഈർപ്പം കൂടുതലുള്ള പ്രദേശങ്ങളിൽ ഇവ ഒരുമിച്ച് ഇല പൊഴിക്കുന്നില്ല. അണ്ഡാകൃതിയിലുള്ള ഇലകൾ സമ്മുഖമായാണ് വിന്യസിച്ചിരിക്കുന്നത്. മഴക്കാലാത്താണ് മരം പുഷ്പിക്കുന്നത്. വൃക്ഷത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളിലും പൂക്കൾ കുലകളായി ഉണ്ടാകുന്നു. പൂക്കൾക്ക് ഓറഞ്ച് നിറമാണ്. ചെറുസുഗന്ധമുള്ള പൂക്കളിൽ അഞ്ചു ദളങ്ങൾ ഉണ്ട്. 

ഒക്ടോബർ മാസത്തിലാണ് ഫലങ്ങൾ മൂപ്പെത്തുന്നത്. വേഗത്തിൽ വളരുന്ന മരത്തിന് അതിശൈത്യം ദോഷകരമാണ്. ജലത്തിലൂടെയും ജന്തുക്കളിലൂടെയും വനത്തിൽ സ്വാഭാവിക പുനരുത്ഭവം നടക്കുന്നു. തടിക്ക് കാതലും വെള്ളയും ഉണ്ടെങ്കിലും അവ തിരിച്ചറിയാൻ വിഷമമാണ്. തേക്ക് എന്നു വിളിക്കപ്പെടുന്നുണ്ടെങ്കിലും ഇതിൻറെ തടിക്ക് ഉറപ്പില്ല. തടിക്ക് ബലക്കുറവുണ്ടെങ്കിലും ഫർണിച്ചർ നിർമ്മാണത്തിനായി അപൂർവ്വമായി ഉപയോഗിക്കുന്നുണ്ട്. കൂടുതലും തീപ്പെട്ടി നിർമ്മാണത്തിനാണ് ഉപയോഗിക്കുന്നത്.

പുരാണങ്ങളിലെ കഥയുമായി ഈ മരത്തിന് ബന്ധമുണ്ട്. ഗരുഡൻ ദേവലോകത്തുനിന്ന് അമൃതുമായി വരുന്നവഴി യമുനാനദിക്കരയിൽ നിൽക്കുന്ന കടമ്പ് മരത്തിൽ വിശ്രമിക്കാനിടയായി. കുറച്ച് അമൃത് മരത്തിൽ വീണു. പിന്നീട് കാളിയന്റെ വിഷമേറ്റ് യമുനാനദിക്കരയിലെ സസ്യങ്ങളെല്ലാം കരിഞ്ഞുപോയി. എന്നാൽ, കടമ്പുമരംമാത്രം ഉണങ്ങാതെനിന്നു. അമൃത് വീണതിനാലാണ് മരം ഉണങ്ങാതിരുന്നതത്രെ.

കടമ്പിൽ കയറിയാണ് ശ്രീകൃഷ്ണൻ കാളിയമർദനത്തിനായി യമുനയിൽ ചാടിയത്. പിരിഞ്ഞുപോയ കാമുകീകാമുകന്മാരെ ഒന്നിപ്പിക്കാൻ ഈ വൃക്ഷത്തിന് കഴിവുണ്ടെന്ന് ആളുകൾ വിശ്വസിച്ചിരുന്നു. കേരളത്തിൽ വെള്ളക്കടമ്പുകളാണ് കാണപ്പെടുന്നത്. ഇതിന്റെ പൂവിന് ടെന്നിസ് ബോളിന്റെ ആകൃതിയുള്ളതിനാൽ ടെന്നിസ് ബോൾ ട്രീ എന്നും പേരുണ്ട്.

കടമ്പിന്റെ പട്ട, പൂവ്, കായ എന്നിവ ഔഷധയോഗ്യങ്ങളാണ്. മരത്തിന്റെ പട്ട ഉപയോഗിച്ചുള്ള കഷായം പനി കുറയ്ക്കാൻ നല്ലതാണ്. കായുടെ നീര് പഞ്ചസാരചേർത്ത് കഴിക്കുന്നത് ഉദരരോഗത്തിന് ശമനമുണ്ടാക്കും.കടമ്പിൻപൂക്കൾ പൂജാകർമ്മങ്ങൾക്ക് ഉപയോഗിച്ചുവരുന്നു. കടമ്പിൻ പൂമൊട്ടുകൾ സ്ത്രീകൾ സീമന്ത (ഉച്ചിയിൽ)ത്തിൽ ചൂടാറുണ്ട്. അത്തർപോലുള്ള സുഗന്ധദ്രവ്യങ്ങൾ ഉണ്ടാക്കാനും പൂക്കൾ ഉപയോഗിച്ചുവരുന്നു.

കടമ്പ് അടയാള വൃക്ഷമാക്കിയിരുന്ന ഗോത്രവർഗ്ഗക്കാരായിരുന്നു സംഘകാല കൃതികളിൽ പരാമർശിക്കപ്പെടുന്ന കദംബർ. മഹാഭാരതം അനുസരിച്ച് ഇന്ദ്രപ്രസ്ഥത്തിൽ വളർത്തിയിരുന്ന വൃക്ഷങ്ങളിൽ ഒന്നായിരുന്നു കടമ്പ്. കൂടാതെ രാമായണത്തിലും ചിലപ്പതികാരത്തിലും കടമ്പിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. കടമ്പിൻപൂക്കളിൽനിന്ന് ‘കാദംബരി’ എന്നുപേരുള്ള ഒരുതരം മദ്യം വാറ്റിയെടുത്തിരുന്നതായും പറയപ്പെടുന്നുണ്ട് എ.ഡി. 1200-ൽ രചിക്കപ്പെട്ട ജയദേവ കവിയുടെ ഗീതഗോവിന്ദത്തിലും കടമ്പ് പരാമർശിക്കപ്പെടുന്നുണ്ട്. തുളുബ്രാഹ്മണരുടെ ചരിത്രവുമായി ബന്ധപ്പെട്ട് കന്നടയിലെഴുതപ്പെട്ട ‘ഗ്രാമപദ്ധതി’ എന്ന ഗ്രന്ഥത്തിൽ ഇങ്ങനെ പരാമർശമുണ്ട്. പരശുരാമൻ തുളുനാടും ഹൈഗയും സൃഷ്ടിച്ചതിനുശേഷം ശിവനും പാർവ്വതിയും സഹ്യാദ്രിയിലേക്ക് വന്നു. അവർക്ക് ഒരു കുട്ടി പിറന്നു. കടമ്പുമരച്ചുവട്ടിൽവച്ച് പ്രസവിച്ചതിനാൽ കുട്ടിക്ക് കടമ്പൻ എന്നു പേരുവിളിച്ചു. പിന്നീട് സഹ്യാദ്രിയുടെ ഭരണച്ചുമതല കടമ്പനായിരുന്നു. ബനവാസിയായിരുന്നു കടമ്പരാജാക്കന്മാരുടെ തലസ്ഥാനം. കർണാടകയിലെ ആദ്യത്തെ രാജവംശമായി കടമ്പരാജവംശത്തെ കരുതുന്നു. ഇതിന്റെ സ്മരണയ്ക്കായി എല്ലാവർഷവും ബനവാസിയിൽ (കാർവാറിൽ നിന്ന് 23 കി.മീ. അകലെ) ‘കടമ്പോത്സവം’ എന്ന പേരിൽ രണ്ടു ദിവസത്തെ വസന്തോത്സവം നടത്തിവരുന്നുണ്ട്.

മധുരയിലെ മീനാക്ഷി സുന്ദരേശ്വര ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലം ഒരുകാലത്ത് കടമ്പു വൃക്ഷങ്ങൾ ധാരാളമായി വളർന്നിരുന്ന ഇടമായിരുന്നു. ഈ കാട്ടിലുള്ള സ്വയംഭൂലിംഗത്തെ ആരാധിക്കാൻ രാത്രികാലങ്ങളിൽ ഇന്ദ്രൻ വന്നിരുന്നുവെന്നും മധുരമീനാക്ഷി ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതിഹ്യത്തിൽ പറയുന്നുണ്ട്. സ്വയംഭൂലിംഗം ഉണ്ടായിരുന്നത് ഒരു പ്രത്യേക കടമ്പിൻ ചുവട്ടിലായിരുന്നുവത്രെ. ഈ കടമ്പുവൃക്ഷം ക്ഷേത്രത്തിന്റെ പുണ്യവൃക്ഷമായി മാറി. വർഷങ്ങൾക്കുമുമ്പ് ഉണങ്ങിപ്പോയ ഈ കടമ്പുവൃക്ഷത്തിന്റെ കട (ചുവട്) ഇപ്പോഴും ഒരു വെള്ളിത്താലംകൊണ്ട് പൊതിഞ്ഞു സംരക്ഷിച്ചിരിക്കുകയാണ്.

No comments:

Post a Comment