ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

1 July 2019

നൂറ്റിയെട്ടു ശിവക്ഷേത്രങ്ങൾ - 24/108 എറണാകുളം ശിവക്ഷേത്രം

നൂറ്റിയെട്ടു ശിവക്ഷേത്രങ്ങൾ - 24/108

എറണാകുളം ശിവക്ഷേത്രം

എറണാകുളം നഗരമധ്യത്തിൽ പടിഞ്ഞാറുഭാഗത്തുള്ള കൊച്ചി കായലിലേക്ക് ദർശനം ചെയ്ത് എറണാകുളത്തപ്പൻ സർവ്വർക്കും അനുഗ്രഹങ്ങൾ വർഷിക്കുന്നു. കായൽക്കരയിൽ റോഡിന്റെ കിഴക്കുഭാഗത്ത് ക്ഷേത്രത്തിനു മുമ്പിൽ നിർമ്മിച്ച ക്ഷേത്രകവാടം ക്ഷേത്രം തേടിവരുന്ന ഭക്തജനങ്ങൾക്ക് വഴികാട്ടിയാണ്.

ശ്രീകോവിലിനു മുകളിലുള്ള സ്വർണ്ണ താഴികക്കുടവും സ്വർണ ധ്വജവും രാജകീയ പ്രൗഢി നിലനിർത്തുന്നവയാണ്. പടിഞ്ഞാറും കിഴക്കുമുള്ള ഗോപുരങ്ങൾ സാമാന്യം വലുതാണ് .ഉദ്ദേശ്യം രണ്ട് ഏക്കറോളം വിസ്തീർണ്ണമുള്ള മണൽ വിരിച്ച മതിൽക്കകവും മതിൽക്കെട്ടും ആകർഷണമാണ്. ചുറ്റമ്പലവും വിളക്കുമാടത്തറയും ക്ഷേത്രത്തിന്റെ ആകാരഭംഗി നിലനിർത്തുന്നു. വട്ടശ്രീകോവിൽ ചെമ്പുമേഞ്ഞ് മനോഹരമാണ്. ശ്രീകോവിലിന്റെ കിഴക്കേനട തുറക്കാറില്ല. അവിടെ പാർവ്വതി സങ്കൽപമുണ്ട്. കിഴക്കേനടയിൽ വിളക്ക് വച്ചാൽ മംഗല്യസൗഭാഗ്യം ഉണ്ടാകുമെന്നാണ് വിശ്വാസം. പണ്ടെന്തോ കാരണത്താൽ ഈ നട വില്വമംഗലം സ്വാമിയാർ അടപ്പിച്ചതാണത്രെ!

ക്ഷേത്രത്തിൽ അഞ്ചു പൂജയും ശീവേലിയുമുണ്ട്. തന്ത്രിമാർ പുലിയന്നൂരും ചേന്നാസും ആകുന്നു. ഉപദേവന്മാർ ശാസ്താവ്, ഗണപതി ,നാഗരാജാവ്, എന്നിവരാകുന്നു. പണ്ട് ക്ഷേത്രം ചേരാനല്ലൂര് കർത്താക്കൻമാരുടെ വകയായിരുന്നു. കർത്താക്കന്മാരും കൊച്ചി രാജാക്കന്മാരുമാണ് ക്ഷേത്രത്തിലെ നിർമ്മാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ളത്.

ക്ഷേത്രത്തിലെ ഉത്സവം മകരമാസത്തിലാണ്. ഏഴ് ദിവസം ഗംഭീരമായി എഴുന്നള്ളിപ്പും വിവിധ കലാപരിപാടികളും ലക്ഷദീപവും ഉണ്ടായിരിക്കും. തിരുവാതിര ആറാട്ട് പ്രധാനമാണ്. പ്രധാന വഴിപാടായി ആയിരത്തൊന്ന് കുടം ജലം അഭിഷേകവും എള്ള് തുലാഭാരവുമാണ് .

ക്ഷേത്രത്തിന്റെ ആവിർഭാവത്തെക്കുറിച്ച് പ്രചാരത്തിലുള്ള ഐതിഹ്യം ഇങ്ങനെയാണ്. കുലുമുനിയുടെ പ്രിയപ്പെട്ട ശിഷ്യനാണ് ദേവലൻ. അവനെ ഒരു ഉഗ്ര സർപ്പം കടിച്ചു. ദേവലൻ സർപ്പത്തെ ബന്ധിച്ചു. നാഗം ചത്തുപോയി. കുലുമുനി ദേവലനെ ശപിച്ചു. അവൻ നാഗർഷിയായിത്തീർന്നു. നാഗർഷിക്ക് ഒരു ദിവ്യ ശിവലിംഗം ലഭിച്ചു. അവൻ ആ ശിവലിംഗം എടുത്ത് രാമേശ്വരത്ത് ചെന്ന് ഭഗവാനെ വന്ദിച്ച് വടക്കോട്ട് തിരിച്ചു. കുറെ നടന്നു തളർന്നപ്പോൾ നാഗർഷി ശിവലിംഗം കുളക്കരയിൽവെച്ചു കുളിച്ച് ശിവനെ പൂജിച്ചു. നല്ല ക്ഷീണമുള്ളതിനാൽ അന്ന് അവിടെ വിശ്രമിച്ചു. പിറ്റേന്ന് രാവിലെ നാഗർഷി ഭഗവാനെ പൂജിച്ച് യാത്രക്കൊരുങ്ങി. എന്തൊരത്ഭുതം! വിഗ്രഹം അനങ്ങുന്നില്ല .അത് കുളക്കരയിൽ ഉറച്ചിരിക്കുന്നു. ആ പുണ്യ ഭൂമിയിലാണ് ഇന്ന് ക്ഷേത്രം ഇരിക്കുന്നത്. ശാപമോക്ഷം ലഭിച്ച നാഗർഷി മോക്ഷം പ്രാപിച്ച് അപ്രത്യക്ഷനായി. പരശുരാമൻ സാന്നിധ്യമരുളി വിഗ്രഹം പ്രതിഷ്ഠിച്ചു. യഥാവിധി പൂജിച്ചു എന്നാണ് ഐതീഹ്യം.

No comments:

Post a Comment